
ചന്ദനമരവും വനവിഭവങ്ങളും കൊണ്ട് സമ്പന്നമായ മറയൂരിൽ നിന്ന് കാട് കാക്കാൻ എത്തുകയാണ് നീതു ജോർജ് തോപ്പൻ. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയിൽ ദേശീയ തലത്തിൽ 28-റാങ്കും കേരളത്തിൽ നിന്ന് രണ്ടാം റാങ്കും നേടി അഞ്ചുനാട്ടിൽ ഐ.എഫ്.എസ് നേടുന്ന ആദ്യ പെൺകുട്ടിയാവുകയാണ് നീതു. ഡിഗ്രി കഴിഞ്ഞ് പരിശീലനത്തിനിറങ്ങിയ നീതു നാലാമത്തെ ശ്രമത്തിലാണ് മിന്നുന്ന വിജയം സ്വന്തമാക്കിയത്
അപ്രതീക്ഷിത വിജയം
ധാരാളം പ്രതിസന്ധിയിലൂടെയും അനിശ്ചിതാവസ്ഥയിലൂടെയും കടന്നുപോയ ഒരു കാലമായിരുന്നു എനിക്ക് ഈ വർഷം. അതുകൊണ്ട് തന്നെ വിജയമെന്നത് വിദൂരസ്വപ്നം മാത്രമായിരുന്നു. പക്ഷേ പഠനത്തിൽ നിന്ന് ശ്രദ്ധമാറ്റിയില്ല. അതിനിടയിലാണ് കോവിഡ് പിടിപെട്ടത്. ഒരു കണക്കിന് അതിൽ നിന്ന് രക്ഷപ്പെട്ട് വന്നപ്പോഴേക്കും സ്റ്റെപ്പിൽനിന്ന് വീണു കാര്യമായ പരിക്കുണ്ടായി. കാൽ പ്ലാസ്റ്ററിട്ടാണ് പ്രിലിംസ് പരീക്ഷ എഴുതാൻ പോയത്. എന്ത് വന്നാലും ഇത്തവണ എഴുതണമെന്നുണ്ടായിരുന്നു.
ഇത്തവണയില്ലെങ്കിൽ ഇനിയൊരിക്കലുമില്ല
2017-ലാണ് ഞാൻ ഡിഗ്രികഴിഞ്ഞിറങ്ങുന്നത്. പഠിക്കുമ്പോൾ മുതൽ ഫോറസ്റ്റ് സർവീസ് മനസിൽ കേറിയതുകൊണ്ട് പിജിക്കൊന്നും പോയില്ല. അന്നുമുതൽ നടത്തുന്ന തയ്യാറെടുപ്പ് നാലാം വർഷത്തിലേക്കെത്തുമ്പോൾ മൂന്ന് തവണയും പരാജയമാണുണ്ടായത്. പ്രിലിമിനറി പരീക്ഷയിൽ
സിവിൽ സർവീസിനേക്കാൾ കൂടുതൽ കട്ട് ഓഫ് മാർക്ക് വേണം ഫോറസ്റ്റ് സർവീസിന്. ആദ്യതവണ പ്രിലിമിനറി കടന്നില്ല. രണ്ടാം തവണയും മൂന്നാം തവണയും സിവിൽ സർവീസ് പ്രിലിമിനറി കിട്ടിയെങ്കിലും മെയിൻസ് ക്ലിയർ ചെയ്യാനായില്ല. നാലാമത്തെ ശ്രമത്തിലാണ് ഫോറസ്റ്റ് സർവീസ് പ്രിലിമിനറിയും മെയിൻസും ക്ലിയർ ചെയ്ത് അഭിമുഖത്തിനായി പോകുന്നത്. ഇത്തവണയും കിട്ടിയില്ലെങ്കിൽ ഇനി ഈ വഴിക്കില്ലെന്ന് ആദ്യമേ ഉറപ്പിച്ചിരുന്നു. ഹയർ സ്റ്റഡീസിന് പോകാനായിരുന്നും പ്ലാൻ. അതുകൊണ്ട് തന്നെ ഈ മാസം നടന്ന 2022 സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ എഴുതിയിരുന്നില്ല. ഇഷ്ടപ്പെട്ട കരിയർ ഏതായാലും ഉപേക്ഷിക്കേണ്ടി വന്നില്ല. ഫലം വന്നപ്പോൾ ഏറെ സന്തോഷം തോന്നിയതും അതോർത്തിട്ടാണ്
രണ്ട് വർഷം ഡൽഹി, പിന്നെ തിരുവനന്തപുരം
പഠനം കഴിഞ്ഞ് നേരെ പോയത് ഡൽഹിക്കാണ്. കേരളത്തിലേതിനേക്കാൾ മികച്ച കോച്ചിങ് അവിടെയാണെന്ന് കേട്ടാണ് പോയത്. പക്ഷേ ഇന്നെനിക്ക് അങ്ങനെയൊരു അഭിപ്രായമില്ല. ഇവിടെയും പരിശീലിക്കാം. രണ്ട് വർഷത്തിന് ശേഷം നാട്ടിലെത്തിയപ്പോൾ വീട്ടിലിരുന്നുള്ള പരിശീലനത്തേക്കാൾ തിരുവനന്തപുരമാണ് നല്ലതെന്ന് തോന്നി. മെറ്റീരിയലുകൾ സംഘടിപ്പിക്കാനും, സമാന രീതിയിൽ തയ്യാറെടുക്കുന്നവരുമായുള്ള നിരന്തര സമ്പർക്കത്തിനും അതാണ് നല്ലതെന്ന് തോന്നി. സിവിൽ സർവീസ് തയ്യാറെടുക്കുന്ന മറ്റ് ചിലരുമായി ചേർന്ന് വീടെടുത്ത് അവിടെ ഇരുന്നായിരുന്നു പിന്നെ പരിശീലനം. മെയിൻസ് ക്ലിയർ ചെയ്തതോടെ കുറച്ച് മോക്ക് ഇന്റർവ്യൂകളിൽ പങ്കെടുത്തു
മോക്ക് ഇന്റർവ്യൂ ആത്മവിശ്വാസം മാത്രമല്ല കാഴ്ചപ്പാടും നൽകും
മോക്ക് ഇന്റർവ്യൂകൾ കുറച്ചെണ്ണം ചെയ്തത് ആത്മവിശ്വാസത്തേക്കാൾ എനിക്ക് സഹായകമായത് കാഴ്ചപ്പാടുകൾ രൂപീകരിക്കുന്നതിനാണ്. കേരളത്തിലും ഡൽഹിയിലും ഞാൻ മോക്ക് ഇന്റർവ്യൂകൾ അറ്റൻഡ് ചെയ്തിരുന്നു. കേരളത്തിൽ അറ്റൻഡ് ചെയ്യുമ്പോൾ പ്രധാനമായുള്ള പ്രശ്നം അഭിമുഖം നടത്തുന്നയാൾക്ക് കുറച്ചുകൂടി പ്രാദേശികതലത്തിൽ വിവരങ്ങളറിയാം എന്നതാണ്. അതുകൊണ്ട് തന്നെ എവിടെ നിന്ന് വരുന്നു എന്ന ചോദ്യത്തിന് മറയൂർ എന്ന് പറഞ്ഞ് കഴിഞ്ഞാൽ സ്വാഭാവികമായും ചന്ദനത്തെക്കുറിച്ചും, അവിടുത്തെ പ്രത്യേകതകളെക്കുറിച്ചുമാണ് കൂടുതലും ചോദ്യങ്ങൾ വരിക. എന്നാൽ ഡൽഹിയിൽ അങ്ങനെയല്ല. മറയൂർ എന്നതിനേക്കാൾ അവിടുത്തെ എന്റെ ഐഡന്റിറ്റി കേരളീയനാണ് എന്നതാണ്. അതുകൊണ്ട് തന്നെ ചോദ്യങ്ങൾ കേരളം അടിസ്ഥാനമാക്കിയാണ്. സ്വാഭാവികമായും മറയൂർ എന്നതിനേക്കാൾ കേരളം എന്ന രീതിയിലേക്ക് കുറച്ചുകൂടി വിപുലവും വിശാലവുമായ രീതിയിൽ ഞാൻ തയ്യാറെടുപ്പ് നടത്തേണ്ടതുണ്ട്. അത് ഏറെ സഹായകമാവുകയും ചെയ്തു
ഹോബി മുതൽ കള്ളക്കടത്തും ആനയിറങ്ങലും വരെ ചോദ്യമായ അഭിമുഖം
ഫോറസ്ട്രി മെയിൻ വിഷയമായി പഠിച്ചതിനാൽ വിഷയവുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ പ്രതീക്ഷിച്ചിരുന്നെങ്കിലും 80 ശതമാനം ചോദ്യങ്ങളും ഹോബിയെക്കുറിച്ചായിരുന്നു. പക്ഷി നിരീക്ഷണമായിരുന്നു ഹോബിയായി നൽകിയിരുന്നത്. പക്ഷികളിലെ ആണിനെയും പെണ്ണിനെയും എങ്ങനെ തിരിച്ചറിയാം, അവയുടെ പ്രത്യേകതകൾ എന്നിവയെല്ലാം ചോദ്യങ്ങളായി. ബയോഡാറ്റയിൽ നൽകിയ വിവരങ്ങൾ ജെനുവിനാണോ എന്നറിയാനായിരിക്കണം അതുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യങ്ങൾ ചോദിച്ചത്. സ്കൂൾ കാലം മുതൽ പക്ഷിനിരീക്ഷണം ഏറെ ഇഷ്ടമായിരുന്നു. കോളേജിലെത്തിയപ്പോൾ അത് ഒന്നുകൂടി കൂടി.
ഓഫീസറാകുമ്പോൾ നേരിടേണ്ടി വരുന്ന സാഹചര്യങ്ങൾ അടിസ്ഥാനപ്പെടുത്തിയായിരുന്നു പിന്നെ ചോദ്യങ്ങൾ. നിങ്ങളൊരു ഡി.എഫ്.ഒ ആയാൽ ആ റേഞ്ചിൽ ആനയിറങ്ങിയാൽ എന്തു ചെയ്യുമെന്ന് ചോദിച്ചു. ആനയിറങ്ങുന്നത് തടയാൻ സ്വീകരിക്കുന്ന നടപടികളെകുറിച്ച് വിശദീകരിച്ചു. കാട്ടിലെ കള്ളക്കടത്ത് തടയാൻ എന്തുചെയ്യുമെന്നായിരുന്നു അടുത്ത ചോദ്യം.' Poachers to Protectors: Engaging Local Communitiesin Solutions to Illegal Wildlife Trade' എന്ന സർക്കാരിന്റെ തന്നെ പദ്ധതിയെക്കുറിച്ചാണ് ഞാൻ അവിടെ വിശദമാക്കിയത്. കള്ളക്കടത്തിൽ പിടിക്കപ്പെട്ട ആളുകളെ തന്നെ ഇത് തടയുന്നതിനായി കാടുകളിൽ നിയമിക്കുന്നതാണ് പദ്ധതി. ഓഫീസറായാൽ ഞാനും അതേ രീതിയാകും സ്വീകരിക്കുക എന്ന് പറഞ്ഞു. ഒപ്പം മറ്റ് വിഭാഗങ്ങളുമായുള്ള മികച്ച സഹകരണവും ഉറപ്പാക്കും. പിന്നെ ഫോറസ്റ്റിൽ ചെയ്ൻ സർവേ എങ്ങനെയാണ് ചെയ്യുക, കാണി ആദിവാസി വിഭാഗത്തെക്കുറിച്ച് അറിയാമോ എന്ന ചോദ്യങ്ങളും ഉണ്ടായിരുന്നു
കൂടുതൽ കരിയർ വാർത്തകൾക്കായി JOIN Whatsapp group
നാല് വർഷം കട്ടയ്ക്ക് കൂടെ നിന്ന വീട്ടുകാരാണ് ഹീറോസ്
കാന്തല്ലൂർ പെരുമല തോപ്പൻ വീട്ടിൽ ജോർജ് ജോസഫും ജെസി ജോർജുമാണ് മാതാപിതാക്കൾ. റിട്ടയേഡ് അധ്യാപകരാണ് ഇരുവരും. പഠനം കഴിഞ്ഞ് ഫോറസ്റ്റ് സർവീസാണ് ആഗ്രഹമെന്ന് പറഞ്ഞപ്പോൾ കൂടെ നിന്ന് എല്ലാ കാര്യങ്ങളും ചെയ്തു തന്നു. നാലാം തവണയാണ് എനിക്ക് പരീക്ഷ ക്ലിയർ ചെയ്യാനായത്. അതുവരെ യാതൊരു സമ്മർദവും അവരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. പ്രിലിമിനറി കടക്കാതിരുന്നപ്പോൾ പോലും പ്രോത്സാഹിപ്പിച്ചിട്ടേ ഉള്ളൂ. അതെനിക്ക് വലിയൊരു അനുഗ്രഹമാണ്. കാരണം ഓരോ തവണ തോൽക്കുമ്പോഴും നമുക്ക് വരുന്ന ടെൻഷനും പ്രഷറും വളരെ വലുതാണ്. ചുറ്റുമുള്ളവർ അത് ലഘൂകരിക്കുന്നതിന് പകരം കൂട്ടാനാണ് ശ്രമിക്കുന്നതെങ്കിൽ ഒരിക്കലും എനിക്ക് ഈ വിജയം നേടാനാവില്ല.
2021 നവംബറിലാണ് എന്റെ വിവാഹം കഴിഞ്ഞത്. ഭർത്താവ് ആശിഷ് അലക്സ് അമേരിക്കയിൽ പിഎച്ച്.ഡിക്ക് പഠിക്കുന്നു. പരീക്ഷയുടെ നിർണായകസമയത്തായിരുന്നും വിവാഹം. ആശിഷിന്റെയും കുടുംബത്തിന്റേയും പൂർണപിന്തുണ എല്ലാ സമയത്തുമുണ്ടായിരുന്നു. രണ്ട് സഹോദരങ്ങളാണുള്ളത്. അവരും നല്ല സപ്പോർട്ടായിരുന്നു. സഹോദരി ഗീതു ജോർജ് തോപ്പൻ ജർമ്മനിയിൽ പി.ജി.കോഴ്സ് പഠിക്കുന്നു. സഹോദരൻ നവീൻ ജോർജ് അയർലൻഡിൽ പഠിക്കുകയാണ്.
സ്കൂൾ വിദ്യാഭ്യാസം, പഠനം
മറയൂർ ജയ് മാതാ സ്കൂളിലാണ് എസ്.എസ്.എൽ.സിയും പാലാ ചാവറ പബ്ളിക് സ്കൂളിൽ പ്ളസ്ടുവും പഠിച്ചു. തൃശ്ശൂർ മണ്ണുത്തി കാർഷിക സർവകലാശാലയിൽ നിന്നാണ് ഫോറസ്ട്രിയിൽ ബി.എസ്സി ഓണേഴ്സ് നേടിയത്. ഐ.എഫ്.എസിന് ബോട്ടണിയും ഫോറസ്ട്രിയുമായിരുന്നു മെയിനായി എടുത്തത്. ഡിഗ്രിക്ക് ഫോറസ്ട്രി തന്നെയാണ് പഠിച്ചതും. അതുകൊണ്ട് ബോട്ടണിക്ക് കുറച്ചുകൂടി ഊന്നൽ നൽകിയായിരുന്നു പഠനം
ഇനി മസൂറിയിലേക്ക്
വോക്കിങ് ടെസ്റ്റും ഫിസിക്കൽ ടെസ്റ്റുമുണ്ട്. അതുകഴിഞ്ഞാൽ മസൂറിയിലേക്ക്. തീയതി വന്നിട്ടില്ല. കേരളത്തിൽ തന്നെ പോസ്റ്റിങ് കിട്ടണമെന്നാണ് ആഗ്രഹം. നടക്കുമോ എന്നറിയില്ല.
Content Highlights: Neethu George Thoppan, IFS rank holder, success story
Published: 29 Jun 2022, 12:42 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented