ജോയന്റ് അഡ്മിഷന്‍ ടെസ്റ്റ് ഫോര്‍ മാസ്റ്റേഴ്സ് (ജാം) 2021 ഫെബ്രവരി 14-ന് രണ്ടുസെഷനിലായി നടത്തും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) നടത്തുന്ന എം.എസ്‌സി., മാസ്റ്റേഴ്സ് ഇന്‍ ഇക്കണോമിക്‌സ് (രണ്ടുവര്‍ഷ പ്രോഗ്രാമുകള്‍), ജോയന്റ് എം.എസ്‌സി.-പിഎച്ച്.ഡി., എം.എസ്‌സി. - പിഎച്ച്.ഡി. ഡ്യുവല്‍ ഡിഗ്രി, എം.എസ്‌സി.-എം.എസ്. (റിസര്‍ച്ച്)/പിഎച്ച്.ഡി. ഡ്യുവല്‍ ഡിഗ്രി, മറ്റ് പോസ്റ്റ് ബാച്ചിലര്‍ ഡിഗ്രി പ്രോഗ്രാമുകള്‍ എന്നിവയിലെ പ്രവേശനത്തിനാണ് ജാം സ്‌കോര്‍ മുഖ്യമായി പരിഗണിക്കുന്നത്. 20 ഐ.ഐ.ടി.കളിലായാണ് ഈ പ്രോഗ്രാമുകള്‍.

To advertise here,

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്-ബെംഗളൂരു ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിനും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിങ് സയന്‍സ് ആന്‍ഡ് ടെക്നോളജി (ഷിബ്പുര്‍), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്, സന്ത് ലോംഗോവാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്നോളജി (പഞ്ചാബ്) തുടങ്ങി കേന്ദ്രസഹായത്താല്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ജാം സ്‌കോര്‍ ഉപയോഗിച്ചുവരുന്നു.

വിഷയങ്ങള്‍

ബയോടെക്നോളജി (കോഡ് ബി.ടി.), കെമിസ്ട്രി (സി.വൈ.), ജിയോളജി (ജി.ജി.), മാത്തമാറ്റിക്‌സ് (എം.എ.), മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്‌സ് (എം.എസ്.), ഫിസിക്‌സ് (പി.എച്ച്.) എന്നീ വിഷയങ്ങളിലും പുതുതായി ഉള്‍പ്പെടുത്തുന്ന ഇക്കണോമിക്‌സ് (ഇ.എന്‍.) വിഷയത്തിലും പരീക്ഷ നടത്തും. പരീക്ഷയ്ക്ക് മള്‍ട്ടിപ്പിള്‍ ചോയ്സ്, മള്‍ട്ടിപ്പിള്‍ സെലക്ട്, ന്യൂമറിക്കല്‍ ആന്‍സര്‍ ടൈപ്പ് ചോദ്യങ്ങള്‍ ഉണ്ടാകും.

വിദ്യാര്‍ഥിയുടെ യോഗ്യതാപ്രോഗ്രാം, ചേരാന്‍ ആഗ്രഹിക്കുന്ന പ്രോഗ്രാമിനുവേണ്ട യോഗ്യത, പ്രവേശനത്തിന് യോഗ്യതനേടേണ്ട ജാം പേപ്പര്‍ എന്നിവ പരിഗണിച്ചുകൊണ്ട്, ജാമില്‍ അഭിമുഖീകരിക്കേണ്ട പേപ്പര്‍ നിശ്ചയിക്കണം. ഒരാള്‍ക്ക് പരീക്ഷാസമയക്രമത്തിനുവിധേയമായി ഒന്നോ രണ്ടോ പേപ്പര്‍ അഭിമുഖീകരിക്കാം. ഫെബ്രുവരി 14-ന് രാവിലെ ബി.ടി., എം.എസ്., പി.എച്ച്. കോഡുകളുള്ള പേപ്പറുകളും ഉച്ചയ്ക്ക് സി.വൈ., ഇ.എന്‍., ജി.ജി., എം.എ. എന്നീ കോഡുകളുള്ള പേപ്പറുകളും കംപ്യൂട്ടര്‍ അധിഷ്ഠിത രീതിയില്‍ ഓണ്‍ലൈനായി നടത്തും.

അപേക്ഷ

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സാണ് 2021-ലെ ജാം സംഘാടകസ്ഥാപനം. അപേക്ഷ സെപ്റ്റംബര്‍ 10 മുതല്‍ http://jam.iisc.ac.in വഴി നല്‍കാം. അവസാനതീയതി: ഒക്ടോബര്‍ 15. ഓരോ പ്രോഗ്രാമിന്റെ പ്രവേശനത്തിനുള്ള വിശദമായ അക്കാദമിക് യോഗ്യതാവ്യവസ്ഥ ജാം സൈറ്റിലും ഇന്‍ഫര്‍മേഷന്‍ ബ്രോഷറിലും സ്ഥാപനസൈറ്റിലും ലഭിക്കും.

യോഗ്യതാപ്രോഗ്രാമില്‍ എല്ലാ വര്‍ഷങ്ങളിലുംകൂടി എല്ലാവിഷയങ്ങളിലുമായി (ഭാഷ, ഉപവിഷയങ്ങള്‍ ഉള്‍പ്പെടെ) കുറഞ്ഞത് 55 ശതമാനം മാര്‍ക്ക്/5.5 സി.ജി.പി.എ. (പട്ടിക, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 50 ശതമാനം /5.0) വേണം.

Content Highlights: JAM 2021 will be conducted on 4 February; Economics will be the new paper