എന്‍ജിനിയറിങ് പഠനത്തിന് ശേഷം മികച്ച കമ്പനികളില്‍ ജോലി ലഭിച്ചപ്പോഴും ആദര്‍ശിന്റെ മനസ് കാട്ടിലേക്കുള്ള യാത്രയിലും ഫോട്ടോഗ്രാഫിയിലും ഉടക്കി നിന്നു. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് എന്ന ലക്ഷ്യത്തിലേക്ക് മലപ്പുറം സ്വദേശി ആദര്‍ശിനെ കൈപിടിച്ചുയര്‍ത്തിയത് ഈ പാഷനാണ്. പിന്നീട് ഒരു നിമിഷം പോലും പാഴാകാതെ ജോലിയോടൊപ്പം പഠനം ആരംഭിച്ചു. ആദ്യ മൂന്ന് തവണയും കാലിടറി വീണ ആദര്‍ശ് നാലാം തവണ സര്‍വ്വശക്തിയുമെടുത്ത് കുതിച്ചു, ലഭിച്ചതാവട്ടെ അഖിലേന്ത്യ തലത്തില്‍ 8ാം റാങ്കും

To advertise here,

നാലാം തവണ കൈപിടിയിലാക്കിയ റാങ്ക്

ഇതെന്റെ നാലാമത്തെ ശ്രമമാണ്. ആദ്യത്തെ രണ്ട് തവണയും പ്രിലിംസ് പോലും കടന്നില്ല. മൂന്നാമത്തെ തവണ മെയിന്‍സ് കടന്നില്ല. നാലാം തവണയാണ് വിജയത്തിലേക്ക് എത്തുന്നത്. ഈ തവണ സിവില്‍ സര്‍വീസ് അഭിമുഖത്തിന് പങ്കെടുത്തെങ്കിലും 12 മാര്‍ക്ക് വ്യത്യാസത്തില്‍ പരാജയപ്പെട്ടു. ഇത്തവണ ഫോറസ്റ്റ് സര്‍വീസ് ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു

എന്‍ജിനീയറങ്ങില്‍ നിന്ന് ഐഎഫ്എസിലേക്ക്

ടി.കെ.എം കൊല്ലം കോളേജില്‍ നിന്നും ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിരുദം നേടിയതിന് ശേഷമാണ് ഈ രംഗത്തേക്ക് തിരിയുന്നത്. എന്‍ജിനീയറിങ്ങ് ഫീല്‍ഡാണെങ്കിലും പ്രകൃതിയെ തൊട്ടറിഞ്ഞു കൊണ്ടുള്ള യാത്രകളും ഫോട്ടോഗ്രാഫിയമായിരുന്നു എന്റെ പാഷന്‍. അത്തരത്തില്‍ പ്രകൃതിയുമായി ഇണങ്ങുന്ന ഒരു ജോലി എന്ന ചിന്തയാണ് ഫോറസ്റ്റ് സര്‍വീസിലേക്ക് എത്തിച്ചത്. എന്റെ കൂടെയുള്ള നിരവധി സുഹൃത്തുകള്‍ സിവില്‍ സര്‍വീസ്, ഫോറസ്റ്റ് സര്‍വീസ് എന്നിവയ്ക്കായി പരിശ്രമിക്കുന്നണ്ടായിരുന്നു. അവര്‍ വഴി പരീക്ഷയെ പറ്റിയും സിലബസ്സിനെ കുറിച്ചും വ്യക്തമായ ധാരണയുണ്ടാക്കി. അത്രയും നല്ല ഫോക്കസ്ഡായ കൂട്ടുകാര്‍ എന്റെ ആഗ്രഹത്തിന് മൂര്‍ച്ചകൂട്ടിയെന്ന് വേണം പറയാന്‍

ഒറ്റയ്ക്കാണ് പഠനം

ടെസ്റ്റ് സീരിസിനും ഓപ്ഷണല്‍ കോഴ്‌സിനും മാത്രമാണ് കോച്ചിങ്ങ് ക്ലാസുകളെ ആശ്രയിച്ചത്. ബാക്കിയെല്ലാം ഒറ്റയ്ക്കാണ് പഠിച്ചത്. എന്റെ അഭിപ്രായത്തില്‍ കോച്ചിങ് സെന്ററുകള്‍ ഗൈഡന്‍സാണ് നല്‍കുന്നത്. എനിക്കെന്റെ സുഹൃത്തുകള്‍ കൃത്യമായ ഗൈഡന്‍സ് തന്നിരുന്നു

ജോലിയും പഠനവും ഒരുമിച്ച്

എന്‍ജിനീയറിങ് കഴിഞ്ഞ ഉടന്‍ തന്നെ ടിസിഎസില്‍ ജോലി ലഭിച്ചിരുന്നു. ഇപ്പോള്‍ ഇന്‍ഫോസിസിലാണ് ജോലി. ജോലിയുപേക്ഷിച്ച് പൂര്‍ണ്ണമായും പരീക്ഷയ്ക്ക് പഠിക്കുന്നത് എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടായിരുന്നു. മാത്രമല്ല അങ്ങനെ ചെയ്താല്‍ അനിശ്ചിതത്ത്വം സ്വയം തോന്നുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ആ സമ്മര്‍ദ്ദം എനിക്ക് താങ്ങാനാവില്ല പഠനത്തെയും ബാധിക്കും. കിട്ടിയ സാഹചര്യത്തെ എങ്ങനെ വിനിയോഗിച്ച് പഠനം മുന്നോട്ട് കൊണ്ടുപോവാം എന്നാണ് ചിന്തിച്ചത്.

കൊറോണ കാലം സത്യത്തില്‍ എന്റെ പഠനത്തെ ഒരുപാട് സഹായിച്ചിരുന്നു. ജിവിതത്തെ കൃത്യമായി പ്ലാന്‍ ചെയ്തായിരുന്നു പഠനം. തൊഴില്‍ സമയത്ത് കൃത്യമായി വേഗത്തില്‍ ജോലി തീര്‍ക്കുക. ജോലി സമയത്തിന് ശേഷം ജോലികള്‍ ബാക്കിയാവാതിരിക്കാന്‍ കൃത്യമായി ശ്രദ്ധിച്ചു. ജോലിക്കിടയിലെ ലഞ്ച് ബ്രേക്കെല്ലാം പഠനത്തിനായി മാറ്റിവെച്ചു. രാത്രി 7 മണി മുതല്‍ പിറ്റേന്ന് 11 മണി വരെ എനിക്ക് സമയമുണ്ടായിരുന്നു. കൃത്യമായി ഈ സമയം പഠനത്തിനായി വിനിയോഗിച്ചു. ഉറക്കത്തിനായും സമയം മാറ്റിവെച്ചു. 

എന്റെ കൂട്ടുകാരെല്ലാം തന്നെ ഈ ഫീല്‍ഡില്‍ പഠിക്കുന്നവരായത് കൊണ്ട് ഒഴിവ് സമയങ്ങളെല്ലാം ഞങ്ങള്‍ പഠനത്തിനായി മാറ്റിവെച്ചു. എല്ലാത്തിനും സമയം കണ്ടെത്തി വളരെ പ്ലാന്‍ ചെയ്തായിരുന്നു ജീവിതം. അതില്‍ നിന്നും മാറാതെ പിടിച്ച് നില്‍ക്കാന്‍ കുടുംബവും സഹായിച്ചു. 

പഠനരീതി

ഒരോ വിഷയങ്ങള്‍ക്ക് അനുസരിച്ചായിരുന്നു പഠനരീതി. ആദ്യത്തെ രണ്ട് വര്‍ഷം സബ്ജക്‌റ്റെല്ലാം ആഴത്തില്‍ പഠിച്ചായിരുന്നു പഠനം. സിലബസ്സ് പൂര്‍ണ്ണമായും വായിച്ചു തീര്‍ത്തിരുന്നു. സ്വാഭാവികമായും പിന്നീട് വന്ന പരീക്ഷയില്‍ ഇതിന്റെ ആവശ്യം വന്നില്ല. ടെസ്റ്റ് സീരിസുകളില്‍ പങ്കെടുത്ത് കണ്ടന്റ് ഉണ്ടാക്കി പഠിക്കുകയായിരുന്നു. പരമാവധി മോക്ക് ടെസ്റ്റുകളില്‍ പങ്കെടുത്തിരുന്നു. മുന്‍കാല ചോദ്യപ്പേപ്പറുകളെ വളരെയധികം ആശ്രയിച്ചിരുന്നു. പഠനത്തില്‍ റിവിഷന്‌ വലിയ പ്രാധാന്യം നല്‍കിയിരുന്നു.പരാജയപ്പെട്ട പരീക്ഷകളിലെ പാളിച്ചകള്‍ മനസിലാക്കി കൊണ്ടായിരുന്നു പഠനം.

കുറച്ചു കൂട്ടുകാര്‍ ഒരുമിച്ചിരുന്നു എഴുതി പഠിക്കുമായിരുന്നു. എന്‍ജിനിയറിങായത് കൊണ്ട് തന്നെ ആദ്യത്തെ തവണ ജിയോളജിയെല്ലാം വളരെ ബുദ്ധിമുട്ടായിരുന്നു. ആദ്യത്തെ തവണ മെയിന്‍സ് എഴുതിയപ്പോള്‍ കിട്ടിയ ഐഡിയ വെച്ചായിരുന്നു രണ്ടാമത്തെ പരീക്ഷ എഴുതിയത്‌. തോറ്റു തോറ്റു തളരാതെ പഠിച്ചുവെന്ന് വേണം. എന്റെ കഴിഞ്ഞ പരാജയങ്ങളാണ് ഈ വിജയത്തിലേക്ക് നയിച്ചത്, പരാജയങ്ങളായിരുന്നു പാഠം. 

മടുപ്പ് തോന്നിയ നിമിഷങ്ങള്‍
ജോലിയും പഠനവും മാത്രമായിരുന്നു എന്റെ ലോകം.  24 വയസ് മുതല്‍ ആരംഭിച്ചതാണ് ഈയൊരു ജീവിത ശൈലി. മറ്റൊന്നിനും എനിക്ക് സമയമുണ്ടായിരുന്നില്ല. തുടരെ തുടരെ തോല്‍വിയുണ്ടാവുമ്പോഴും ഇതിനെല്ലാം പറ്റുമോ എന്ന ചിന്ത വന്നിരുന്നു. പക്ഷേ എല്ലാം വിട്ടുപോരാന്‍ സാധിച്ചില്ല. എത്ര മടുത്താലും ആത്മാര്‍ത്ഥമായി നമ്മള്‍ ഇതിലേക്ക് ഇറങ്ങിയാല്‍ തിരിച്ച കയറാന്‍ പറ്റില്ല. എല്ലാത്തിനും പിന്തുണ നല്‍കുന്ന കുടുംബമാണ് എന്റെ അത്താണി. അവര്‍ എന്റെ കൈപിടിച്ച് കൂടെ തന്നെയുണ്ടായിരുന്നു. അച്ഛന്‍ ഗണേശന്‍ ആര്യ വൈദ്യശാലയില്‍ നിന്ന് വിരമിച്ചു. അമ്മ സുജാത കോട്ടയ്ക്കല്‍ തന്നെയുള്ള വിദ്യാലയത്തില്‍ അധ്യാപികയാണ്. അനിയത്തി വിഷണുപ്രിയ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു

പാഷന്‍ പ്രൊഫഷനാവുന്ന നിമിഷം

കാടിനെ കുറിച്ച് കൂടുതല്‍ അറിയാനും, ഇന്ത്യയിലെ കാടുകളെ കാണാനും അറിയാനും സാധിക്കുമെന്നറിഞ്ഞു. അതെനിക്ക് വല്ലാത്ത സന്തോഷം നല്‍കുന്നുണ്ട്. ട്രെയനിങ്ങിന്റെ ഭാഗമായി ഇന്ത്യന്‍ കാടുകള്‍ കാണാന്‍ സാധിക്കുമെന്നറിഞ്ഞു, മറ്റുള്ളവര്‍ക്കെത്താന്‍ സാധ്യമല്ലാത്ത കാടിന്റെ ഇടങ്ങളിലേക്ക് സഞ്ചരിക്കാനാവുമെന്നും അറിഞ്ഞു. സത്യത്തില്‍ ഞാന്‍ സന്തോഷത്തിന്റെ ഉച്ചകോടിയിലാണ്
.