നിര്‍മിതബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ.) അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യ സമസ്തമേഖലയിലും വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ്. ഇന്നത്തെ തൊഴില്‍, സംരംഭകത്വ വിപണിയില്‍ മത്സരക്ഷമതയോടെ നിലനില്‍ക്കണമെങ്കില്‍ എ.ഐ., എം.എല്‍. (മെഷീന്‍ ലേണിങ്) സാങ്കേതികവിദ്യകളില്‍ ശക്തമായ അടിത്തറയും നൈപുണ്യവും അനിവാര്യമായി മാറിയിരിക്കുന്നു. യോഗ്യതയുള്ള എല്ലാവരിലേക്കും ഈ സാങ്കേതികവിദ്യാ പരിശീലനം എത്തിക്കാന്‍ അസാപ് കേരള പോലുള്ള ഏജന്‍സികള്‍ വിവിധ കോഴ്‌സുകളും നല്‍കുന്നുണ്ട്. സംസ്ഥാനത്തിന്റെ പുതിയ വ്യവസായ നയത്തില്‍ മുന്‍ഗണനാ മേഖലയിലുള്‍പ്പെടുത്തപ്പെട്ടതോടെ നിര്‍മിത ബുദ്ധി, റോബോട്ടിക്‌സ് സാങ്കേതിക വിദ്യകളുമായി ബന്ധപ്പെട്ട പുതിയ സംരംഭകത്വ അവസരങ്ങളും കേരളത്തില്‍ തുറന്നുവരികയാണ്. ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുള്ള കേരളത്തില്‍ സംരംഭകത്വ മേഖലയില്‍ ഈ സാങ്കേതിക വിദ്യയുടെ സാധ്യതകളെ കുറിച്ചറിയാം

To advertise here,

എ.ഐ. സംരംഭങ്ങളുടെ വളര്‍ച്ചയ്ക്ക് കേരള സ്റ്റാര്‍ട്ടപ്പ്മിഷന്റെ പിന്തുണ

അടിസ്ഥാനപരമായി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ് അടിസ്ഥാനമാക്കിയുള്ള നൂതനാശയങ്ങള്‍ വികസിപ്പിക്കാന്‍ ആവശ്യമായ പ്രധാന ഘടകം ഡേറ്റയാണ്. നമ്മുടെ കയ്യില്‍ ക്ലീന്‍, ക്യൂറേറ്റഡ് ആയ ഡേറ്റ സെറ്റുകള്‍ ഉണ്ടായിരിക്കണം. ഇവ ഉപയോഗിച്ചാണ് എ.ഐ., എം.എല്‍. മോഡലുകള്‍ ഉണ്ടാക്കാനും അതുപയോഗിക്കാനും കഴിയൂ. സ്റ്റാര്‍ട്ടപ്പ് മിഷന്‍ എ.ഐ., എം.എല്‍. പദ്ധതികളുടെ ഭാഗമായി കമ്പനികള്‍ക്ക് ക്ലൗഡ് അടിസ്ഥാനമാക്കിയുള്ള ജി.പി.യു. സ്‌പേസ് ആണ്. ഇതുവഴി കമ്പനികള്‍ക്ക് ഡേറ്റാ സെറ്റ് ഉണ്ടാക്കാന്‍ ആവശ്യമായ മികച്ച അടിസ്ഥാന സൗകര്യം ലഭിക്കുന്നു. ഇതുപയോഗിച്ച് അവര്‍ക്ക് എ.ഐ., എം.എല്‍. മോഡലുകള്‍ വികസിപ്പിക്കാന്‍ കഴിയും. 

ഇക്കോസിസ്റ്റം പങ്കാളികള്‍ എന്ന നിലയില്‍ നാസ്‌കോമിന്റെ ഡീപ് ടെക്ക് ക്ലബ് പോലുള്ള കമ്യൂണിറ്റികളുമായും സ്റ്റാര്‍ട്ടപ്പ് മിഷന്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. ഇന്ത്യയിലെ എല്ലാ എ.ഐ., എം.എല്‍. കമ്പനികളും ഉള്‍പ്പെടുന്ന ഒരു കമ്യൂണിറ്റിയാണിത്.  സ്റ്റാര്‍ട്ടപ്പ് മിഷന്‌ നാസ്‌കോം ഡീപ് ടെക്ക് ക്ലബുമായി ദൃഢമായ ബന്ധമുണ്ട്. ഇതുവഴി കേരളത്തിലെ കമ്പനികള്‍ക്ക് ഈ ക്ലബില്‍ അംഗത്വം സ്വന്തമാക്കാം. അംഗത്വം ലഭിച്ചാല്‍ കമ്പനികള്‍ക്ക് ഈ രംഗത്തെ മികച്ച മെന്റര്‍ഷിപ്പും മാര്‍ഗ-നിര്‍ദേശങ്ങളും ലഭിക്കും. ഇതാണ് പ്രധാനമായും എ.ഐ., എം.എലിന്റെ കാര്യത്തില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ചെയ്യുന്നത്. 

ഓപണ്‍ ഡേറ്റ ഹബ്

അടുത്തപടിയായി ഒരു ഓപണ്‍ ഡേറ്റ ഹബ് സ്ഥാപിക്കുകയാണു ലക്ഷ്യം. ഡേറ്റ ഹബ് സ്ഥാപിച്ച് ഇത് വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും എ.പി.ഐ. ആയി തുറന്നു നല്‍കുകയും ഇതുവഴി ലഭിക്കുന്ന ബഹുവിധ ഡേറ്റ സെറ്റുകള്‍ ഉപയോഗിച്ച് എ.ഐ., എം.എല്‍. മോഡലുകള്‍ വികസിപ്പിക്കാന്‍ അവര്‍ക്ക് സാഹചര്യമൊരുക്കുയും ചെയ്യുകയാണ് ലക്ഷ്യം. എ.ഐ., എം.എല്‍. കമ്പനികള്‍ നിര്‍മ്മിക്കുന്ന മോഡലുകള്‍ യഥാര്‍ത്ഥത്തില്‍ ഉപയോഗിക്കാനോ പരീക്ഷിക്കാനോ കഴിയാതിരിക്കുന്ന സാഹചര്യത്തില്‍ അത്തരം താല്പര്യങ്ങള്‍ ഉള്ള കോര്‍പറേറ്റുകളുമായോ വ്യവസായ പങ്കാളികളുമായോ ബന്ധം സ്ഥാപിക്കുന്നതിന് സ്റ്റാര്‍ട്ടപ്പ് മിഷന്‍ സഹായിക്കുകയും ശ്രമിക്കുകയും ചെയ്യും. 2017-ലെ സ്റ്റാര്‍ട്ടപ്പ് നയം പരിഷ്‌കരിച്ച് ഏപ്രിലില്‍ നിലവില്‍ വരും. പുതിയ നയത്തില്‍ എ.ഐ., എം.എല്‍. അടക്കമുള്ള ഡീപ് ടെക് സംവിധാനത്തിന് പ്രാമുഖ്യം നല്‍കികൊണ്ടുള്ള ഒരു സമീപനമായിരിക്കും സ്വീകരിക്കുക.

എ.ഐ., എം.എല്‍. സ്റ്റാര്‍ട്ട് അവസരങ്ങള്‍ 

ഗണിതമാണ് എ.ഐ., എം.എല്‍. സാങ്കേതിക വിദ്യയുടെ അടിസ്ഥാനം. നമ്മുടെ നാട്ടില്‍ അത്തരം പ്രതിഭകള്‍ക്ക് യാതൊരു കുറവും ഇല്ല. ഇവിടെ നേരിടുന്ന പരിമിതി കൃത്യമായി ക്യൂറേറ്റ് ചെയ്ത ഡേറ്റാ സെറ്റുകളുടെ അഭാവമാണ്. തുടര്‍ച്ചയായി പ്രവര്‍ത്തിക്കാനും അതില്‍നിന്ന് മോഡലുകള്‍ സൃഷ്ടിക്കാനും വേണ്ട കമ്പ്യൂട്ടിംഗ് പവറിന്റെ അഭാവവും ഉണ്ട്. ഇത് രണ്ടും പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍ നടത്തിവരുന്നത്. 

പ്രതിഭകളുടെ ലഭ്യത, നൈപുണ്യ വികസനം 

കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, എന്‍ജിനീയറിങ് ബിരുദധാരികള്‍ക്കാണ് ഈ മേഖലയില്‍ സാധ്യതകള്‍ ഉള്ളത്. സാധാരണ സയന്‍സ് ബിരുദധാരികള്‍ക്കും ധാരാളം അവസരങ്ങള്‍ ഉണ്ട്. ഏതൊരു ബിരുദധാരിക്കും നൈപുണ്യ വികസന കോഴ്സുകളിലൂടെ എ.ഐ., എം.എല്‍. പഠിക്കാം. നിലവില്‍ ഇത്തരം കോഴ്സുകള്‍ പഠിക്കുന്നതിന് വലിയ ചെലവ് വരുന്നുണ്ട്. പാലക്കാട് ഐ.ഐ.ടിയുമായി സഹകരിച്ച്സംസ്ഥാന സര്‍ക്കാരിന്റെ അസാപ് കേരള ചുരുങ്ങിയ ചെലവില്‍ എ.ഐ., എം.എല്‍. പഠിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. വലിയ സാധ്യതകള്‍ ഉള്ള ഈ സാങ്കേതിക മേഖലയില്‍ ധാരാളം തൊഴിലവസരങ്ങളും സമീപഭാവിയില്‍ ഉണ്ടാകുമെന്ന് തീര്‍ച്ചയാണ്.