ആർമിയിൽ സെലക്ഷൻ കിട്ടുന്നതിനായി പാതിരായ്ക്ക് ദിവസവും ജോലികഴിഞ്ഞ് ഓടുന്ന പ്രദീപ് മെഹ്‌റയെന്ന ചെറുപ്പക്കാരനെ ഓർക്കുന്നുണ്ടോ? ജോലി കഴിഞ്ഞ് പരിശീലനത്തിന് സമയമില്ലാത്തതിനാൽ വീട്ടിലേക്കുള്ള ദൂരമത്രയും ഓടിത്തീർക്കുന്ന പ്രദീപ് ഇന്ത്യൻ പട്ടാളത്തിൽ ജോലി ലഭിക്കാൻ കഠിനാധ്വാനം ചെയ്യുന്ന യുവാക്കളുടെ പ്രതിനിധിയാണ്. പഠനത്തിൽ എക്സ്ട്രാ ബ്രില്യന്റല്ലാത്ത യുവാക്കളുടെ സുരക്ഷിതമായാ ജോബ് ചോയ്‌സാണ് ആർമി റിക്രൂട്ട്‌മെന്റ്. അതുകൊണ്ട് തന്നെയാണ് അഗ്നിപഥ് എന്ന പുതിയ ആർമി റിക്രൂട്ട്‌മെന്റ് സ്‌കീമിനെതിരെ പ്രതിഷേധങ്ങൾ ആളിക്കത്തുന്നതും. 

To advertise here,

ഇന്ത്യൻ സൈന്യത്തെ ചെറുപ്പമാക്കാൻ കേന്ദ്രസർക്കാർ നടപ്പിലാക്കിയ പദ്ധതി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ പ്രതിഷേധങ്ങളും തലപൊക്കിയിരുന്നു. പെൻഷനടക്കമുള്ള ആനുകൂല്യങ്ങളൊന്നും നൽകാതെ നാല് വർഷത്തിന് ശേഷം സലാം പറഞ്ഞ് തിരിച്ച് വീട്ടിൽ പോകണമെന്ന് കേൾക്കുമ്പോൾ സ്വാഭാവികമായി വന്ന ധാർമ്മികരോഷമായിരിക്കാം ഉദ്യോഗാർഥികൾക്കിടയിൽ ഇത്രയധികം പ്രതിഷേധങ്ങൾക്ക് വഴിവച്ചത്.

എന്താണ് അഗ്നിപഥ്? പ്രതിവർഷം 46000 അവസരങ്ങളുള്ള പദ്ധതി എന്തുകൊണ്ട് ഇത്രയധികം വിമർശിക്കപ്പെടുന്നു? വിമർശനങ്ങൾക്ക് എന്താണ് സർക്കാർ മറുപടി?

അഗ്നിപഥ്

കര, നാവിക, വ്യോമസേനകളിലേക്ക് പ്രതിവർഷം 46,000 യുവാക്കളെ നാല് വർഷത്തേക്ക് വിന്യസിക്കുന്നതിനുള്ള പദ്ധതിയാണിത്. 17.5 വയസ്സു മുതൽ 21 വയസ്സുവരെയുള്ളവർക്കാണ് അവസരം. ഇങ്ങനെ വിന്യസിക്കപ്പെടുന്ന സൈനികരെ അഗ്നിവീരന്മാർ എന്നാണ് പറയുക. സേനാംഗങ്ങളായി പെൺകുട്ടികൾക്കും നിയമനം ലഭിക്കും. യൂണിഫോം സേനകളിൽ താത്പര്യമുള്ള, എന്നാൽ അധിക കാലം ജോലി ചെയ്യാൻ താത്പര്യമില്ലാത്ത യുവാക്കൾക്കായാണ് ഈ പദ്ധതി. 

പത്താം ക്ലാസോ പന്ത്രണ്ടാം ക്ലാസോ പാസായവർക്കാണ് അവസരം. വൈദ്യ പരിശോധന, ശാരീരിക ക്ഷമത നിർദിഷ്ട യോഗ്യതകളെല്ലാം സേനകളിലേക്ക് നിലവിൽ സ്വീകരിക്കുന്ന മാനദണ്ഡങ്ങളനുസരിച്ചായിരിക്കും. സൈനികാഭ്യാസങ്ങളടക്കമുള്ള ഇന്ത്യൻ സായുധ സേനയ്ക്ക് നൽകുന്ന അതേ പരിശീലനം അഗ്‌നിവീരന്മാർക്കും നൽകുമെന്നുമാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. ആറ് മാസമാണ് പരിശീലന കാലാവധി. വിവിധമേഖലകളിൽ നിയമിതരാവുന്ന ഇവരിൽ മികവ് പുലർത്തുന്ന 25 ശതമാനം പേരെ 15 വർഷത്തേക്ക് നിയമിക്കും. ബാക്കി 75% പേർക്ക് 11.71 ലക്ഷം രൂപ എക്സിറ്റ് പാക്കേജ് നൽകും. ഇവർക്ക് പിരിഞ്ഞുപോയി സാധാരണജോലികളിൽ പ്രവേശിക്കാം. പദ്ധതി വിജയിക്കുകയാണെങ്കിൽ വാർഷിക പ്രതിരോധ ബജറ്റിൽ നിന്ന് 5.2 കോടി രൂപ മിച്ചമായി ലഭിക്കുമെന്നാണ് പ്രതിരോധമന്ത്രാലയം കണക്കുകൂട്ടുന്നത്. 

ശമ്പളം

തുടക്കത്തിൽ വാർഷിക പാക്കേജ് 4.76 ലക്ഷം രൂപയായിരിക്കും, ഇത് സേവനം അവസാനിക്കുമ്പോൾ 6.92 ലക്ഷമായി ഉയരും. അതായത് 30000- 40000 രൂപ മാസശമ്പളം. ഒപ്പം അലവൻസുകളും നോൺ-കോൺട്രിബ്യൂട്ടറി ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. പക്ഷേ ഗ്രാറ്റുവിറ്റി, പെൻഷൻ എന്നീ ആനുകൂല്യങ്ങൾക്ക് ഇവർ അർഹരായിരിക്കില്ല. നാല് വർഷത്തിനുശേഷം പിരിയുമ്പോൾ പി.എഫിന് സമാനമായ 'സേവാനിധി' പാക്കേജ്' എന്ന പേരിൽ സാമൂഹിക സുരക്ഷാ പദ്ധതിയായി 11.7 ലക്ഷം രൂപ നൽകും. ഇതിന് ആദായനികുതി അടയ്ക്കേണ്ടതില്ല. 

ഇൻഷുറൻസ്, നഷ്ടപരിഹാരം

സേവനത്തിനിടെ സൈനികൻ മരിച്ചാൽ 48 ലക്ഷം രൂപയുടെ ഇൻഷുറൻസ് സഹായം കുടുംബാംഗങ്ങൾക്ക് ലഭിക്കും. ഇതിന് പ്രീമിയം ഈടാക്കില്ല. സർവീസുമായി ബന്ധപ്പെട്ട് 44 ലക്ഷം രൂപകൂടി കുടുംബത്തിന് ലഭിക്കും. സേവാനിധിയിലെ ആനുകൂല്യങ്ങൾ ഉൾപ്പെടെ ഒരു കോടിയിലേറെ രൂപ കുടുംബാംഗങ്ങൾക്ക് ലഭിക്കും. ഇതോടൊപ്പം സേവനം നടത്താൻ കഴിയാതെപോയ കാലയളവിലെ മുഴുവൻ ശമ്പളവും നൽകും. സേവനത്തിനിടയിൽ അത്യാഹിതമുണ്ടായി ശാരീരിക പ്രശ്‌നങ്ങളുണ്ടായാൽ മെഡിക്കൽ അധികൃതരുടെ ശുപാർശ പ്രകാരം ശാരീരിക പ്രശ്‌നങ്ങളുടെ തോതനുസരിച്ച് നഷ്ടപരിഹാരം നൽകും. 50 ശതമാനം ശാരീരിക പ്രശ്‌നങ്ങൾക്ക് 15 ലക്ഷം രൂപ, 75 ശതമാനത്തിന് 25 ലക്ഷം രൂപ, 100 ശതമാനം ശാരീരിക പ്രശ്‌നങ്ങൾക്ക് 44 ലക്ഷം രൂപ എന്നിങ്ങനെയാണ് നഷ്ടപരിഹാരം. 

വിമർശനങ്ങൾ

പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യവ്യാപക പ്രതിഷേധമാണ് ഉണ്ടായത്. ബിഹാറിൽ ആരംഭിച്ച പ്രതിഷേധം നിമിഷങ്ങൾക്കകമാണ് രാജ്യമാകെ ആളിക്കത്തിയത്. രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ റിക്രൂട്ട്‌മെന്റിനെതിരേ രംഗത്ത് വരികയും ചെയ്തു. പെൻഷനടക്കമുള്ള ആനുകൂല്യമില്ലാത്തതും താരതമ്യേന കുറഞ്ഞ ശമ്പളവും അഗ്നിവീരന്മാരുടെ ഭാവിയും ചൂണ്ടിക്കാണിച്ചാണ് പ്രതിഷേധമിരമ്പുന്നത്. അഗ്നിപഥ് പദ്ധതി പൂർണമായി പിൻവലിക്കുകയോ നേരത്തേയുണ്ടായിരുന്ന റിക്രൂട്ട്‌മെന്റ് റാലികൾ പുനഃസ്ഥാപിച്ച് സ്ഥിരനിയമനം ഉറപ്പാക്കുകയോ ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം

അഗ്നിവീരന്മാരുടെ ഭാവി 

പദ്ധതിപ്രകാരം 46000-വരുന്ന സൈനികരിൽ 25 ശതമാനം പേർക്കാണ് സ്ഥിരനിയമനം. അതായത് 11500 പേർക്ക്. ബാക്കി വരുന്ന 34500 പേർ പുറത്താണ്. ജീവിതത്തിലെ ഏറ്റവും ക്രിയാത്മകമായ, സൃഷ്ടിപരമായ കാലമാണ് അഗ്നിവീരന്മാർ രാജ്യത്തിനായി ചെലവഴിക്കുന്നത്. ജീവൻ പോലും പണയം വെച്ച് രാജ്യസുരക്ഷയ്ക്കായി ഇവർ ഇറങ്ങിത്തിരിക്കുന്നത് സ്വന്തം ഭാവി സുരക്ഷിതമാക്കാൻ കൂടിയാണ്.

എന്നാൽ ഹ്രസ്വകാലാടിസ്ഥാനത്തിൽ ജോലിക്ക് കയറി നാല് വർഷത്തിന് ശേഷം തിരികെയെത്തേണ്ടി വരുമ്പോൾ വെറും 11.7 ലക്ഷത്തിൽ ജീവിതമാരംഭിക്കാൻ മിക്കവർക്കും കഴിഞ്ഞെന്ന് വരില്ല. ബിരുദമോ ബിരുദാനന്തരബിരുദമോ അല്ലെങ്കിൽ ഏതെങ്കിലും പ്രഫഷണൽ കോഴ്‌സോ പഠിച്ച് ജീവിതം സുരക്ഷിതമാക്കേണ്ട കാലം അവർ തിരികെയെത്തുമ്പോൾ ഏതാണ്ട് കഴിഞ്ഞിരിക്കും. ആ സാഹചര്യത്തിൽ വലിയൊരു ചതിയായി വേണം ഈ റിക്രൂട്ട്‌മെന്റിനെ കാണാനെന്നാണ് വിമർശനമുന്നയിക്കുന്ന മിക്കവരും പറയുന്നത്.  

പ്രായം

അഗ്നിപഥിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നവരുടെ പ്രായമാണ് പ്രതിഷേധത്തിലേക്കെത്തിച്ച മറ്റൊരു പ്രധാന പോയിന്റ്. പതിനേഴര വയസിനും 21 വയസിനും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. നമ്മുടെ നാട്ടിലാണെങ്കിൽ പ്ലസ് ടു കഴിഞ്ഞിറങ്ങുന്ന സമയം. 21 ആണെങ്കിൽ ഡിഗ്രി കഴിഞ്ഞിറങ്ങുന്ന കാലം. സ്വാഭാവികമായും ഏതെങ്കിലുമൊരു കരിയർ തിരഞ്ഞെടുക്കപ്പെടേണ്ട, സ്‌പെഷലൈസ്ഡ് കോഴ്‌സുകൾ പഠിക്കേണ്ട കാലം സൈന്യത്തിൽ ചേരുകയും നാല് വർഷത്തിന് ശേഷം തിരികെയെത്തുമ്പോൾ ഏറ്റവും ക്രിയാത്മകമായിരിക്കേണ്ട പഠനകാലമാണ് ഇല്ലാതാവുന്നതെന്നുമാണ് വിമർശനങ്ങൾ. 

പരിശീലനകാലം

ആറുമാസമാണ് ഈ സൈനികർക്കുള്ള പരിശീലനകാലം. ഇക്കാലയളവിനുള്ളിൽ ഇവർ സേനാപാടവം ആർജിക്കുമോ എന്നതാണ് മറ്റൊരു പ്രധാനവിമർശനം. അങ്ങനെയെങ്കിൽ രണ്ടും മൂന്നും വർഷം മറ്റ് സൈനികർക്ക് പരിശീലനം നൽകുന്നുവെന്നും വിമർശകർ ചോദിക്കുന്നു.

അവസരങ്ങൾ കുറയും 

ഇന്ത്യയിലെ വലിയൊരു വിഭാഗം യുവത സൈന്യത്തിൽ മികച്ച ജോലി സ്വപ്‌നം കാണുന്നവരാണ്. സായുധ സേനകളിലേക്ക് അഗ്‌നിവീരന്മാരെ കൂടുതലായി റിക്രൂട്ട് ചെയ്യുമ്പോൾ മറ്റ് പോസ്റ്റുകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് കുറയുമെന്നും ഇത് യുവാക്കൾക്ക് അവസരം നഷ്ടപ്പെടുത്തുമെന്നും വിമർശകർ ഉന്നയിക്കുന്നു. 

അഗ്നിവീർ ആർമി

സൈനികസേവനം കഴിഞ്ഞ് പുറത്തിറങ്ങുന്ന അഗ്നിവീരന്മാർ ആയോധന പരിശീലനമടക്കം കഴിഞ്ഞവരാണ്. ഇത് ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്നും വിമർശനമുയരുന്നു. മാത്രമല്ല, മറ്റ് ജോലികൾ കിട്ടാത്തതിൽ പ്രതിഷേധിച്ചോ സാമൂഹിക അരക്ഷിതാവസ്ഥ കൊണ്ടോ നാളെ ഇവരെല്ലാം ചേർന്ന്  ഒരു സമാന്തര സായുധസേന വരെ ഉണ്ടാക്കിയേക്കാമെന്നും വിമർശകർ പറയുന്നു. 

ആത്മാർഥത 

ഷോർട്ട് ടേം ആർമി റിക്രൂട്ട്‌മെന്റ് സേനയോടുള്ള സൈനികന്റെ ആത്മാർഥത ഇല്ലാതാക്കുമെന്നാണ് മറ്റൊരു വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി സൈന്യത്തിലെ തന്നെ ഒരു വിഭാഗം ഉദ്യോഗസ്ഥർ അന്നേ പദ്ധതിക്ക് എതിർപ്പറിയിച്ചിരുന്നു. രാജ്യസുരക്ഷയെ ഇത് ബാധിക്കുമെന്നും ഇവർ ആശങ്കപ്പെടുന്നു.

സംഘപരിവാർ അജണ്ട

മുൻ സംയുക്തസൈനിക മേധാവി ബിപിൻ റാവത്താണ് ഇത്തരമൊരു ഹ്രസ്വകാല റിക്രൂട്ട്‌മെന്റ് പദ്ധതി ആദ്യമായി അവതരിപ്പിക്കുന്നത്. അവതരിപ്പിച്ചത് ബിപിൻ റാവത്ത് ആയതുകൊണ്ട് തന്നെ ഇതിന് പിന്നിൽ സംഘപരിവാർ അജണ്ടയുണ്ടെന്നും ആരോപണമുയർന്നിരുന്നു. വർഷാവർഷം സേവനം കഴിഞ്ഞ് പുറത്തിറങ്ങുന്ന അഗ്നിവീരന്മാർ നാളെ സംഘപരിവാർ പ്രവർത്തകരായി പരിണമിക്കുമെന്നും സംഘടനയിൽ ആളെക്കൂട്ടാനാണ് റിക്രൂട്ട്‌മെന്റെന്നും ഇടതുപാർട്ടികൾ ആരോപണം ഉന്നയിച്ചുകഴിഞ്ഞു.

കേന്ദ്രസർക്കാരിന്റെ മറുപടി

അഗ്‌നിപഥ് പദ്ധതിക്കെതിരേ വ്യാപക പ്രതിഷേധങ്ങൾ ഉയർന്നതോടെയാണ് പദ്ധതിയെക്കുറിച്ചുള്ള എല്ലാ ആശങ്കകളും അഭിസംബോധന ചെയ്യുന്ന 'മിത്ത്സ് ആന്റ് ഫാക്ട്സ്' റിപ്പോർട്ട് കേന്ദ്രം അനൗദ്യോഗികമായി പുറത്തിറക്കിയത്. പ്രധാനവിമർശനങ്ങൾക്കെല്ലാം സർക്കാർ ഇതിലൂടെ മറുപടി നൽകി 

അഗ്‌നിവീരന്മാരുടെ ഭാവി

സേവന കാലാവധിക്കു ശേഷം കേന്ദ്ര - സംസ്ഥാന പോലീസ് സേനകളിൽ ജോലി ചെയ്യാൻ അഗ്‌നിവീരന്മാർക്ക് മുൻഗണന നൽകും. സി.ആർ.പി.എഫ്., ബി.എസ്.എഫ്., സി.ഐ.എസ്.എഫ്., എസ്.എസ്.ബി, ഐ.ടി.ബി.പി., എൻ.എസ്.ജി. എന്നിങ്ങനെ ഏഴുവിഭാഗങ്ങളിലും അസം റൈഫിൾസിലും ഇവർക്ക് മുൻഗണന നൽകും. 

പത്താംക്ലാസ് കഴിഞ്ഞ് പോകുന്നവർക്കായി പ്ലസ്ടു തുല്യതാ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ നാഷണൽ ഓപ്പൺ സ്‌കൂളിങിന് കീഴിൽ തുടങ്ങുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സൈനിക സേവനത്തിനുശേഷം സംരംഭങ്ങൾ തുടങ്ങാനാഗ്രഹിക്കുന്നവർക്ക് പ്രത്യേക സാമ്പത്തിക സഹായങ്ങളും പാക്കേജുകൾ, തുടർ പഠനത്തിനു താത്പര്യമുള്ളവർക്ക് ബ്രിഡ്ജിങ് കോഴ്സുകൾ എന്നിവയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

അഗ്‌നിവീരന്മാർക്ക് തുടർ വിദ്യാഭ്യാസത്തിനുതകും വിധം ഡിപ്ലോമയോ ക്രെഡിറ്റോ നൽകാനും തീരുമാനമായിട്ടുണ്ട്. അഗ്നിപഥ് പദ്ധതിയിൽ നാലുവർഷസേവനം പൂർത്തിയാക്കുന്നവർക്കായി മൂന്നുവർഷ കാലയളവിലുള്ള നൈപുണ്യ ബിരുദ കോഴ്‌സുകളാണ് ഇഗ്നോ രൂപകൽപന ചെയ്തിരിക്കുന്നത്. ഈ കോഴ്‌സിനുശേഷം രാജ്യത്തും വിദേശത്തും മറ്റ് സാധാരണ ജോലികൾ തേടാൻ സാധിക്കും. സേനയിലെ പരിശീലനം കോഴ്‌സിന്റെ 50 ശതമാനം ക്രെഡിറ്റിനായി കണക്കാക്കും. ബാക്കിയുള്ള ക്രെഡിറ്റ് ഓരോ കോഴ്‌സിന്റെയും സ്വഭാവത്തെ ആസ്പദമാക്കിയായിരിക്കും നിശ്ചയിക്കുക. സാമ്പത്തികശാസ്ത്രം, ചരിത്രം, പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, ഭാഷാ വിഷയങ്ങൾ, സോഷ്യോളജി, ഗണിതം, വിദ്യാഭ്യാസം, വാണിജ്യം, ടൂറിസം, തൊഴിലധിഷ്ഠിതപഠനം, കൃഷി, ജ്യോതിഷം തുടങ്ങിയ വിഷയങ്ങളിലാണ് കോഴ്‌സുകൾ നൽകുക. 

പുതിയ ജോലി കണ്ടെത്താൻ സൈന്യത്തിന്റെ ഭാഗത്തുനിന്ന് സഹായമുണ്ടാകും. പരിശീലനം ലഭിച്ച ഇവരുടെ സേവനം പ്രയോജനപ്പെടുത്താൻ കോർപ്പറേറ്റ് സ്ഥാപനങ്ങൾ ഇതിനകംതന്നെ താത്പര്യം പ്രകടിപ്പിച്ചതായി നേരത്തെ കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. 

പരിശീലനം ലഭിച്ചവർ സമൂഹത്തിന് ഭീഷണിയാവും

ഈ വിമർശനം ഇന്ത്യൻ സായുധസേനയെ അപമാനിക്കുന്നതിനു തുല്യമാണ്. ഇപ്പോഴും ഓരോ വർഷവും ആയിരക്കണക്കിനു പേർ സൈന്യത്തിൽനിന്നും വിരമിക്കുന്നുണ്ട്. ഇവരിൽ ആരുംതന്നെ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരല്ല. നാലുവർഷത്തെ സേവനത്തിലേർപ്പെടുന്നവർ പിന്നീടുള്ള ജീവിതകാലം മുഴുവൻ രാജ്യത്തിനുവേണ്ടി പ്രവർത്തിക്കുന്നവരാകും. 

യുവാക്കൾക്കുള്ള അവസരം കുറയും

സായുധ സേനകളിലേക്ക് അഗ്‌നിവീരന്മാരെ കൂടുതലായി റിക്രൂട്ട് ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഇനിയുണ്ടാവുക. വരും വർഷങ്ങളിൽ ഇപ്പോഴുള്ളതിന്റെ പല മടങ്ങ് അവസരങ്ങൾ അവർക്ക് ലഭിക്കും.

21 വയസുമാത്രം പ്രായമുള്ളവർക്ക് സായുധസേനയിൽ പ്രവർത്തിക്കാനുള്ള പക്വതക്കുറവ്

ലോകത്തെ ഏതാണ്ട് എല്ലാ സേനകളും യുവാക്കൾക്കാണ് പ്രാധാന്യം നൽകുന്നത്. അഗ്‌നിപഥ് പദ്ധതി നടപ്പാകുമ്പോൾ പരിചയ സമ്പന്നരായവരുടെയും യുവാക്കളുടെയും 50:50 അനുപാതമായിരിക്കും വരിക. ഇത് സൈന്യത്തെ കൂടുതൽ മികച്ചതാക്കും. സേനയിൽ അനുഭവപരിചയമുള്ളവരേക്കാൾ കൂടുതൽ യുവാക്കൾ ഒരു ഘട്ടത്തിലും ഉണ്ടാവില്ല. നാല് വർഷം സേനയിൽ പ്രവർത്തിക്കുന്ന യുവാക്കൾ അവരുടെ ജീവിതകാലം മുഴുവൻ രാജ്യത്തോട് പ്രതിജ്ഞാബദ്ധരായിരിക്കും. ഇപ്പോൾ പോലും ആയിരക്കണക്കിന് ആളുകൾ സായുധ സേനയിൽ നിന്ന് വൈദഗ്ധ്യത്തോടെ വിരമിക്കുന്നു, എന്നാൽ അവർ രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ചേരുന്ന സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കുന്നു. 

കുറഞ്ഞകാലത്തേക്കുള്ള സേവനം സൈന്യത്തിന്റെ കാര്യക്ഷമതയെ ബാധിക്കും

സൈന്യത്തെ ഊർജസ്വലമാക്കി നിർത്താൻ ലോകത്തെ പല രാജ്യങ്ങളിലും നടപ്പാക്കിവരുന്ന പദ്ധതിയാണിത്. ആദ്യ വർഷം റിക്രൂട്ട് ചെയ്യപ്പെടുന്ന അഗ്‌നിവീരന്മാരുടെ എണ്ണം സായുധസേനയുടെ മൂന്ന് ശതമാനം മാത്രമേ വരൂ. മാത്രമല്ല, സേവന കാലാവധി പൂർത്തിയാകുന്ന ഘട്ടത്തിൽ ഏറ്റവും മികച്ച 25 ശതമാനം പേരെ സേനയിൽ നിലനിർത്തുകയും ചെയ്യും. 

മുൻ സൈനികരുമായി കൂടിയാലോചിച്ചില്ല

കഴിഞ്ഞ രണ്ടുവർഷമായി രാജ്യത്തെ മുതിർന്ന സൈനികരുമായും ഉദ്യോഗസ്ഥരുമായും സർക്കാർ നിരന്തരമായി സംവദിച്ചിട്ടുണ്ട്. സൈനികോദ്യോഗസ്ഥർക്കായി പ്രത്യേക വകുപ്പും ആരംഭിച്ചിട്ടുണ്ട്. നിരവധി മുൻ സൈനികോദ്യോഗസ്ഥർ നേട്ടങ്ങൾ മനസിലാക്കി പദ്ധതിയെ സ്വാഗതം ചെയ്തിട്ടുണ്ട്.

ഈ വർഷത്തെ റിക്രൂട്ട്മെന്റ് റാലി അടുത്ത 90 ദിവസത്തിനകം നടത്താനാണ് തീരുമാനം. എതിർപ്പുകൾ മാനിച്ചും രണ്ട് വർഷമായി ആർമിറിക്രൂട്ട്‌മെന്റ് റാലികൾ ഇല്ലാത്തതിനാലും ഇത്തവണത്തെ പ്രായപരിധി 21 ൽനിന്ന് 23 ആക്കിയിട്ടുണ്ട് സർക്കാർ. നാല് വർഷത്തെ സൈനിക സേവനം കഴിഞ്ഞ് പുറത്തിറങ്ങുന്ന സൈനികന് ഉറപ്പാക്കേണ്ട ചില ഉത്തരവാദിത്തങ്ങൾ സർക്കാരിനുണ്ട്. അതിലൊന്ന് അഗ്നിവീരന്മാരുടെ തുടർപഠനമാണ്. സർക്കാർ പ്രഖ്യാപിച്ചകോഴ്‌സുകളെല്ലാം ബിരുദ കോഴ്‌സുകളാണ്.

പതിനെട്ട് വയസിൽ പെൻഷൻ കാലം വരെ രാജ്യ സേവനം നടത്തു തിരിച്ചിറങ്ങുംപോലെ അല്ല നാല് വർഷം കഴിഞ്ഞിറങ്ങുന്നത്. അതുകൊണ്ട് തന്നെ പുറത്തിറങ്ങുന്ന അഗ്നിവീരന്മാർക്ക് ഉന്നതപഠന സാധ്യതകൾ സർക്കാർ ഉറപ്പാക്കണം. തൊഴിലധിഷ്ഠിത കോഴ്‌സുകൾ ഇവർക്കായി നടപ്പാക്കേണ്ടതുണ്ട്. അല്ലെങ്കിൽ സേവനകാലാവധി കഴിഞ്ഞ് തിരികെപ്പോരുമ്പോൾ നൽകുന്ന എക്‌സിറ്റ് പാക്കേജ് വിപുലപ്പെടുത്തേണ്ടതുണ്ട്. കാരണം,  ജോലിയില്ലാതെ പുറത്തേക്കിറങ്ങുന്ന 75 ശതമാനം പേർക്കും അവരുടെഭാവിജീവിതം അഭിമാനപൂർവം ജീവിക്കാനുള്ള അവകാശമുണ്ട്. അത് നാളെയുടെ ചോദ്യചിഹ്നമായി മാറേണ്ടതല്ല.