മലയാളത്തിന്റെ ആഖ്യാന പാരമ്പര്യം, മലയാളിയുടെ ജീവിതമെന്നതു പോലെ തൊണ്ണൂറുകള്‍ മുതല്‍ ഉപരിപ്ലവമായ ഒരാലസ്യത്തിലേക്ക് പ്രവേശിക്കുന്നുണ്ട്. സാമ്പത്തിക രാഷ്ട്രീയ കാരണങ്ങളാല്‍ കേരളീയ ജീവിതം സമൃദ്ധിയിലേക്കും ധൂര്‍ത്തിലേക്കും പരിണമിക്കുന്നതും ഇക്കാലത്തു തന്നെ. പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള പ്രവാസം കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കാന്‍ തുടങ്ങുന്നതും ഇക്കാലത്താണ്, മറ്റേതു കാലത്തേക്കാള്‍ മലയാളികള്‍ ബഹുഭൂരിപക്ഷവും മധ്യവര്‍ഗ്ഗവും ഉപരിമധ്യവര്‍ഗ്ഗവുമായി മാറിയതും, അഭിരുചികളില്‍ അത് വര്‍ദ്ധിച്ച തോതില്‍ പ്രകടമാവുന്നതും അവിടം മുതലാണ്. ഈ പരിണാമങ്ങളുടെ ആകത്തുക സാഹിത്യാവിഷ്‌ക്കാരങ്ങളില്‍ ഒരു മധ്യവര്‍ഗ്ഗ ആലസ്യമായിട്ടാണ്  സന്നിഹിതമാവുന്നത്. 

To advertise here,

മലയാളത്തിലെ ഗദ്യകഥാഖ്യാനം അതിന്റെ പക്വതയിലെത്തിയ സ്വാതന്ത്ര്യപൂര്‍വ്വ കാലത്തും സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യദശകത്തിലും യഥാതഥമായ ഭൗതിക ജീവിതാവിഷ്‌ക്കാരങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു. ദുരിത ജീവിതങ്ങളോടൊപ്പം പ്രത്യാശയും പോരാട്ടവീര്യവും ഈ ദശകങ്ങളെ ചുവപ്പണിയിക്കുന്നുണ്ട്. ഭൗതിക ജീവിതത്തിന്റെ ആഴങ്ങളില്‍ മുങ്ങിയ അവര്‍ ഭൗതികവും അതോടൊപ്പം കാല്പനികവുമായ ഒരു ജീവിത ദര്‍ശനം ഉയര്‍ത്തിയെടുക്കുന്നുണ്ട്. 

അറുപതുകളില്‍, പ്രത്യേകിച്ച് മറുനാടന്‍ മലയാളികളുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഈ ജീവിത ദര്‍ശനം ചോദ്യം ചെയ്യപ്പെടുന്നുണ്ട്. മുന്‍തലമുറയുടെ കാല്പനികമായ പ്രതീക്ഷകള്‍ തകര്‍ന്നു പോവുകയും അസ്തിത്വവാദപരമായ ജീവിത ദര്‍ശനത്തിലേക്ക് അവര്‍ ആകൃഷ്ടരാവുകയും ചെയ്തു. ആധുനികത എന്ന് വിളിപ്പെട്ട ഈ പ്രവണത ആഖ്യാനരൂപങ്ങളില്‍ ലാവണ്യശാസ്ത്രപരമായ പരീക്ഷണങ്ങള്‍ക്കും ഒരുമ്പെട്ടു. കേവല ഭൗതികതക്കപ്പുറത്തേക്ക് നീളുന്ന തങ്ങളുടെ ഉല്‍ക്കണ്ഠകള്‍ ആവിഷ്‌കരിക്കാന്‍ അത് അനിവാര്യമായിരുന്നു താനും, 'അതിഭൗതികമായ ഉദ്വിഗ്‌നത 'എന്ന് കെ.പി. അപ്പന്‍ ഇതിനെ വിശേഷിപ്പിച്ചിട്ടുള്ളതായി ഓര്‍ക്കുന്നു. എഴുപതുകളില്‍ ചില പുതിയ രാഷ്ട്രീയ വെളിപാടുകള്‍ ആധുനികതയെ ഒരു പടികൂടി മുന്നോട്ടു നയിക്കുകയുണ്ടായി, ആധുനികതയുടെ ചുവന്ന വാല്‍ എന്ന് അത് അപഹസിക്കപ്പെട്ടെങ്കിലും. 

ഈ ഘട്ടങ്ങളിലെല്ലാം, വ്യത്യസ്തങ്ങളെങ്കിലും ജീവിതത്തെക്കുറിച്ച് ആഴത്തിലുള്ള ചിന്തയും കാഴ്ചപ്പാടും ആഖ്യാനത്തെ സത്യസന്ധമാക്കുന്നുണ്ട്. എന്നാല്‍ തൊണ്ണൂറുകളില്‍ സുരക്ഷിതമായ ഒരു ഉപരിപ്ലവതയിലേക്ക് മലയാള കഥാഖ്യാനം വഴിമാറി നടക്കുന്നതു കാണാം. നേരത്തെ സൂചിപ്പിച്ച പോലെ ഒരു മധ്യവര്‍ഗ്ഗ ആലസ്യം ആഴത്തിലുള്ള ജീവിത ദര്‍ശനത്തില്‍ നിന്നും മാധ്യമത്തോടും തന്നോടു തന്നെയുമുള്ള സത്യസന്ധതയില്‍ നിന്നും ബുദ്ധിപൂര്‍വ്വം ഒഴിഞ്ഞു നില്‍ക്കാന്‍ ആഖ്യാതാക്കളെ പ്രലോഭിക്കുന്നതായി തോന്നും. സൗന്ദര്യാത്മകമായ പരീക്ഷണങ്ങളോടും ഈ വിമുഖത പ്രകടമാണ്. സുഗമവും ലളിതവുമായ ആഖ്യാന രീതിയിലുള്ള കൈമിടുക്ക് വായനക്കാരെ കയ്യിലെടുക്കാന്‍ അവരെ സഹായിക്കുന്നുണ്ട്. സര്‍ഗ്ഗാത്മകതയേക്കാള്‍ സാമര്‍ത്ഥ്യമാണ് അവരെ പ്രിയങ്കരരാക്കുന്നത്. ജീവിതത്തില്‍ ഒരു പ്രയോജനവാദി ആയിരിക്കേത്തന്നെ ഫിക്ഷനില്‍ ഒരു കാല്പനികനായി അയാള്‍ അഭിനയിക്കും. ജീവിതത്തില്‍ ഒരു പാര്‍ട്ടി പക്ഷപാതിയായിരുന്നു കൊണ്ടു തന്നെ നിഷ്പക്ഷ നിരീക്ഷകനായി അയാള്‍ കഥാഖ്യാനം നടത്തും. ആഖ്യാനത്തിലെ കയ്യടക്കം അനുഭവത്തിന്റെ ഉള്‍ച്ചൂടിന്റെ അഭാവത്തില്‍ ചിലപ്പോഴെങ്കിലും വായനക്കാരെ ചെടുപ്പിക്കും. തൊണ്ണൂറുകള്‍ക്കുശേഷം മലയാളികളുടെ വായനാഭിരുചി ഫിക്ഷനില്‍ നിന്ന് അനുഭവ കഥകളിലേക്ക് വഴിമാറിയതിന്റെ ഒരു കാരണം ഈ സത്യസന്ധതയില്ലായ്മയാണ്. 

രണ്ടു തരത്തില്‍ ഈ ആലസ്യത്തെ മറികടക്കാന്‍ ശ്രമങ്ങളുണ്ടായിട്ടുണ്ട്. പ്രമേയങ്ങളെ തീര്‍ത്തും അപരിചിതവും അപൂര്‍വ്വവുമാക്കി വായനക്കാരെ അമ്പരപ്പിക്കുന്നതാണ് അതിലൊന്ന്. ട്രാന്‍സ്ജന്‍ഡറുകളുടെ അധോലോകങ്ങളിലെ ജീവിതാവസ്ഥകളെ യഥാതഥമായി അവതരിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന അമ്പരപ്പ് , പക്ഷേ ആഴത്തിലുള്ള ആസ്വാദന തലങ്ങളിലേക്ക് കടക്കുന്നില്ല. ആടുജീവിതം പോലൊരു നോവല്‍ ചൂടപ്പം പോലെ വിറ്റഴിയുമ്പോഴും ഈ അമ്പരപ്പു തന്നെയാണ് വാണിജ്യവിജയം നേടുന്നത്. വിഷയത്തെ അക്കാദമിക് താല്പര്യത്തോടെ സമീപിക്കുകയും വിശദമായി പഠിച്ച് അവതരിപ്പിക്കുകയും ചെയ്യുന്ന രീതിയും ചിലര്‍ സ്വീകരിക്കുന്നുണ്ട് , രചനയില്‍ കൊണ്ടുവരുന്ന ഈ പ്രൊഫഷനലിസം അത്ഭുതാദരവുകള്‍ നേടാറുണ്ട്. എന്നാല്‍ ഇത്തരം രചനാതന്ത്രങ്ങള്‍ ആസ്വാദകപക്ഷത്ത് ഉണര്‍ത്തുന്ന താല്പര്യം സാഹിത്യ ബാഹ്യമായ ഭാവുകത്വത്തിന്റേതാണ്.

കഴിഞ്ഞ രണ്ടോ മൂന്നോ പതിറ്റാണ്ടുകളായി തുടരുന്ന മലയാള ആഖ്യാന പാരമ്പര്യത്തിലെ ഈ മധ്യവര്‍ഗ്ഗ ആലസ്യത്തെ ഒരര്‍ഥത്തില്‍ മറികടക്കുന്നു വി.ജി.തമ്പിയുടെ 'ഇദം പാരമിതം' എന്ന നോവല്‍. അലസവായന ഇവിടെ അസാധ്യമാണ്. അമ്പരപ്പിക്കുന്ന അക്കാദമിക് പ്രൊഫഷണലിസമില്ല. അപൂര്‍വ്വവും അപരിചിതരുമായ കഥാപാത്രങ്ങളുമില്ല. മുന്നൂറ്റമ്പതോളം പേജ് വരുന്ന ഒരു ദീര്‍ഘ കാവ്യത്തിന്റെ ഘടനയുള്ള ഈ നോവല്‍ അപരിമിതമായ മൈത്രിയുടെ ഉന്മാദത്തെ ഒരു ജീവിത ദര്‍ശനമായി അവതരിപ്പിക്കുന്നു. പൂജ എന്ന കഥാപാത്രത്തിന്റെ വാക്കുകള്‍ ഇത് പ്രത്യക്ഷീകരിക്കുന്നുണ്ട്. 'യുക്തിക്കിപ്പുറത്തുള്ള മനസ്സാണ് ഭ്രാന്ത്. എന്നാല്‍ യുക്തിക്കപ്പുറത്തുള്ള മനസ്സോ? അതിനെയാണ് ഉന്മാദമെന്നു പറയുന്നത്. ആ ഉന്മാദത്തിലാണ് ലോകം അതിന്റെ ആന്തരിക പ്രത്യക്ഷങ്ങള്‍ അനുഭവിപ്പിക്കുന്നത്.' ശരിതെറ്റുകളോ പാപപുണ്യങ്ങളോ വിലങ്ങാത്ത ഒരതീത ജീവിതമാണ് ഈ നോവലിലെ ലെവില്‍ അടക്കമുള്ള മിക്ക കഥാപാത്രങ്ങളും നയിക്കുന്നത്. അതിനാല്‍ തന്നെ പ്രതിനായകന്മാരോ/നായികമാരോ ഭൗതിക സാഹചര്യങ്ങളുടെ വിലക്കുകളോ ഇതില്‍ പ്രത്യക്ഷപ്പെടുന്നില്ല. അത്തരം ഒരതീത ജീവിതത്തിലേക്ക് ക്രമേണ പരിണമിക്കുകയല്ല , ഇവിടെ ഈ നിവിഷം സാക്ഷാത്ക്കരിക്കുകയാണ് ചെയ്യുന്നത്. ഇദം പാരമിതം (now, Beyondness) എന്ന നോവല്‍ ശീര്‍ഷകം തന്നെ അത് ദ്യോതിപ്പിക്കുന്നുണ്ട്. 

ബുദ്ധനും ദലൈ ലാമയും യേശുവും രമണ മഹര്‍ഷിയും നിത്യ ചൈതന്യ യതിയും ഓഷോയും അഘോരികളും മറ്റനവധി സിദ്ധരും സന്യാസിമാരും കഥാപാത്രങ്ങളായോ അദൃശ്യ സാന്നിദ്ധ്യമായോ ഈ നോവലില്‍ ഉടനീളം ഇടപെടുന്നുണ്ട്. ഭൗതികാതീതമായ ഒരു മിസ്റ്റിക് അന്തരീക്ഷം ആദ്യന്തം ഈ നോവലിന്റെ ഇതിവൃത്തത്തെ പൊതിഞ്ഞു നില്‍ക്കുന്നു. എന്നാല്‍ ഏതെങ്കിലും ആത്മീയ സിദ്ധാന്തത്തേയോ ദര്‍ശനത്തേയോ പിന്തുടരുന്നുമില്ല. ആദ്യാവസാനം ഈ നോവല്‍ പിന്തുടരുന്ന കാവ്യാത്മക ഭാഷ ഒരു ആധ്യാത്മിക അന്തരീക്ഷം കൊണ്ട് ആഖ്യാന ശരീരത്തെ നിറക്കുന്നുണ്ട്. കഥാഖ്യാനത്തിലെ ലാവണ്യാത്മകമായ ഒരു വിച്ഛേദമായി ഈ ഭാഷാ പരീക്ഷണത്തെ വിശേഷിപ്പിക്കാം. 

അവസാന പേജ് വായിച്ച് പുസ്തകമടച്ചു വച്ചാലും ഈ നോവലിന്റെ വായന അവസാനിക്കുന്നില്ല. പുസ്തകത്തെ കവിഞ്ഞൊഴുകുന്ന വായന അപൂര്‍വ്വമായൊരു അനുഭവമാണ്. പേജുകള്‍ക്കപ്പുറം കാഴ്ചയായോ കാഴ്ചപ്പാടായോ അത് നമ്മെ പിന്തുടരുന്നു. കണ്ടുമുട്ടുന്ന ചരാചരങ്ങളെല്ലാം കഥാപാത്രങ്ങളാവുകയും നോവലിന്റെ തുടര്‍ച്ചയായി മാറുകയും ചെയ്യുന്നു. ഒരതീത ലോകത്തിലെ പൗരന്മാരായി കുറെ നേരത്തേക്കെങ്കിലും നാം മാറിപ്പോകുന്നു. 

തേച്ചുമിനുക്കിയെടുത്ത ഒരു പ്രത്യയശാസ്ത്രത്തെ മുന്‍ നിര്‍ത്തിയല്ല ഇവിടെ ജീവിത ദര്‍ശനം ആവിഷ്‌ക്കരിക്കപ്പെടുന്നത്. മറിച്ച് പ്രത്യയ ശാസ്ത്രങ്ങളുടെ ബുദ്ധിപരതക്കപ്പുറത്തുള്ള വൈകാരിക തലത്തിലാണത് സാക്ഷാത്കരിക്കപ്പെടുന്നത്. തലച്ചോറില്‍ നിന്നും ഹൃദയത്തിലേക്കുള്ള വഴിയാണ് ഏറ്റവും ദൂരമുള്ളത് എന്ന് അരുണാചലത്തില്‍ വച്ച് കണ്ടുമുട്ടുന്ന മൂക്കുപൊടി സ്വാമി പറയുന്നതിന്റെ പൊരുള്‍ നമുക്കു തെളിഞ്ഞു കിട്ടുക പ്രത്യയ ശാസ്ത്രങ്ങളെ മറികടക്കുമ്പോഴാണ്. ചരാചരങ്ങളും ദൈവങ്ങളുമൊന്നും നിന്റെ വിമോചന സ്വപ്നങ്ങളിലില്ലല്ലോ എന്ന് ലെവിന്റെ അമ്മ അയൂബിന്റെ വിപ്ലവ പ്രവര്‍ത്തനത്തോട് കലഹിക്കുന്നുമുണ്ട്. 

ഒരു പ്രശ്‌നം ഉന്നയിക്കുകയോ പരിഹാരം നിര്‍ദ്ദേശിക്കുകയോ ഈ നോവലിന്റെ മാര്‍ഗ്ഗമോ ലക്ഷ്യമോ അല്ല. അവക്കെല്ലാമപ്പുറത്തുള്ള ജീവിതത്തിന്റെ ഒരു അടര് ഇവിടെ ഈ നിമിഷം സാധ്യമാണ് എന്നൊരു ദര്‍ശനത്തിലേക്ക് ക്ഷണിക്കുക മാത്രമാണ് ഈ നോവല്‍ ചെയ്യുന്നത്. ഒരു പക്ഷേ, നമുക്കത് സ്വീകാര്യമല്ലാതെ വരും. പക്ഷേ, പുതിയൊരു കാഴ്ചയിലേക്കും ഉള്‍ക്കാഴ്ചയിലേക്കും അത് നമ്മുടെ മധ്യവര്‍ഗ്ഗ ആലസ്യത്തെ കുടഞ്ഞുണര്‍ത്തുന്നു എന്നതാണ് ഈ നോവലിനെ സാധൂകരിക്കുന്നത്.