
സ്വന്തം കഥകള്‍കൊണ്ട് കാലത്തെ നെടുകെപ്പിളര്‍ന്ന് ഹൃദയം പരിശോധിക്കുകയാണ് വി.സുരേഷ്‌കുമാര്‍.
'മാതൃഭൂമി ബുക്‌സ്' പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ 'ഇ.എം.എസ്സിന്റെ പ്രസംഗങ്ങള്‍' എന്ന ചെറുകഥാസമാഹാരത്തിലെ ഏഴുകഥകള്‍. വിഷയങ്ങളുടെ വ്യതിരിക്തതകൊണ്ടും പുതിയ കാലത്തിന്റെ പുനര്‍വായനകൊണ്ടും വായനക്കാരുടെ നിയന്ത്രിതബോധങ്ങളെ കൃത്യമായി കുലുക്കിയുണര്‍ത്തുന്നു.
കഥകളുടെ വിഷയഭൂമികയുടെ വ്യാപ്തി ഒരു പരിമിതപ്രദേശത്തിന്റെ അതിരുകള്‍ ഭേദിച്ച് ലോകത്തോളം പടര്‍ന്നുകയറുന്നുണ്ട്. ആഗോളീകരണം, മറുനാടന്‍തൊഴിലാളികളുടെ കുടിയേറ്റം, പൗരോഹിത്യവും 'പൗരത്വ'വും, സാംസ്‌കാരിക അധിനിവേശവും ജാതിചൂഷണവും പ്രച്ഛന്നതലത്തില്‍ പൊള്ളുന്ന ചര്‍ച്ചയാവുന്നുണ്ട് കഥകളില്‍. ജാതിസമവാക്യങ്ങളും മൂലധനാധിപത്യവും അവര്‍ണസവര്‍ണാന്തരങ്ങളും അതിനെ ചുറ്റിപ്പറ്റിയുള്ള മുതലാളിത്ത സംസ്‌കാരാധിനിവേശവും ഒക്കെ നമുക്ക് കൃത്യമായി വായിക്കാം.

കഥകള്‍ ഭാഷകളുടെ പരിമിതിയിലല്ല ഭാഷാനന്തരമായ ഒരു ലോകമാണ് സൃഷ്ടിക്കുന്നത്. ആഫ്രിക്കയിലും അമേരിക്കയിലും ജര്‍മനിയിലും ബംഗ്‌ളാദേശിലും ഭാഷയുടെയും ദേശങ്ങളുടെയും അതിര്‍വരമ്പിനപ്പുറം നിന്നുകൊണ്ട് വ്യതിരിക്ത പശ്ചാത്തലങ്ങളില്‍ ഒരേപോലെ വായിച്ചെടുക്കാം. അതുണ്ടാക്കുന്ന വികാരങ്ങളും അതിന്റെ അനുരണനങ്ങളും ഒന്നുതന്നെയായിരിക്കും തീര്‍ച്ച. അലങ്കാരനും മരത്തനും ഗ്രിഗറിയും വിേവക്നമ്പ്യാറും ജലാലുദ്ദീനും വിനോദും എന്തിനേറെ നമ്പ്യാര്‍മാങ്ങയും എല്ലാം ആഫ്രിക്കയിലും അമേരിക്കയിലും ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും ഭാഷാദേശ നിറഭേദങ്ങളോടെ വായിക്കാം.
ആഗോളീകരണത്തിന്റെ കോടിജാലകങ്ങള്‍ തുറന്നുവിട്ട മഹാപ്രളയത്തിന്റെ കുത്തൊഴുക്കില്‍ തോണിയും കപ്പലും ഓട്ടി കരപിടിക്കാന്‍ ശ്രമിക്കുന്ന മനുഷ്യന്റെ ആക്രമവും പരാക്രമവുമാണ് അതൊക്കെ. മരത്തനും ഗ്രിഗറിയും പുഴുക്കളെപ്പോലെ ജീവിക്കുകയും അവനിലെ ജനിതക വിജയങ്ങള്‍ വേര്‍തിരിച്ചെടുത്തു വിജയിക്കുന്ന സാമ്രാജ്യത്വം മഹാമേരുക്കളാവുകയും ചെയ്യുന്നു.
ലോകത്തിലെ ഇന്നുള്ള സപ്താത്ഭുതങ്ങളുടെ സൃഷ്ടികള്‍ക്കുപിറകില്‍ എല്ലാം ഇത്തരം കഥാപാത്രങ്ങളുടെ രക്താര്‍പ്പണമുണ്ട്. പക്ഷേ പുതിയകാലം അതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. അതൊക്കെ സാമ്രാജ്യത്വത്തിന്റെ മഹാസഞ്ചാര(ടൂറിസം) വേദികളാണ് എന്ന് നമ്മള്‍ ചിന്തിക്കുന്നുമില്ല. കാരണം കാലം ഗ്രിഗറിയുടെയും മരത്തിന്റെയും ജീവിതത്തിന് മുകളില്‍ കണ്ണു കെട്ടിക്കളഞ്ഞു. സുരേഷിന്റെ കഥാപാത്രങ്ങള്‍ പലതും കാലത്തോട് അതിന്റെ മോശം തുടര്‍ച്ചയെക്കുറിച്ച് തര്‍ക്കിക്കുകയാണ്.
'അലങ്കാരനെ രണ്ടാമതും മൂന്നാമതും കൊന്നവിധം' എന്ന കഥ വടക്കന്‍ കേരളത്തിലെ തെയ്യങ്ങളുടെ കഥയും പുരാവൃത്തവും അവതരിപ്പിക്കുന്നു. പൊട്ടന്‍തെയ്യത്തെയെന്നപോലെ ഓരോ തെയ്യത്തിന്റെയും പുരാവൃത്തത്തിനുപിന്നില്‍ സവര്‍ണാധിപത്യത്തിന്റെയോ ഫ്യൂഡലിസത്തിന്റെയോ ജാതിമേധാവിത്വത്തിന്റെയോ ഒരു അപമൃത്യുവിന്റെ ചോരമണമുണ്ട്.
ജീവിച്ചിരിക്കെ പ്രതിഷേധിക്കാനോ പ്രതിരോധിക്കാനോ കഴിയാത്ത അത്തരം പാര്‍ശ്വവത്കരിക്കപ്പെട്ട മനുഷ്യര്‍ ദൈവക്കരുവാക്കി മാറ്റി ഒരു തലമുറ സന്തോഷിക്കുന്നു. പക്ഷേ അവരറിയുന്നില്ല പുരാവൃത്തങ്ങളില്‍ മാത്രമല്ല ആ കൊല നടക്കുന്നത്. ചരിത്രവും കാലവും അലങ്കാരനെപ്പോലുള്ളവരെ കൊന്നുകൊണ്ടേയിരിക്കുന്നു. ജാതിശ്രേണികളുടെ വിത്തുകള്‍ അവരില്‍ തന്നെയെറിഞ്ഞു ക്രമഭംഗം പോലെയോ ഊനഭംഗം പോലെയോ വിഭജിച്ചു വിഭജിച്ച് സൃഷ്ടിക്കുകയാണ്.
കഥയുടെ ബ്ലാക്ക്മാജിക്
'നമ്പ്യാര്‍സ് ബ്ലാക്ക്മാജിക്' എന്ന കഥ വായിക്കുക. നമ്പ്യാര്‍മാങ്ങ എന്ന മാര്‍ക്കറ്റ് ബ്രാന്റില്‍നിന്ന് അത് മൂലധനാധിപത്യത്തിലേക്കും മുതലാളിത്ത ചൂഷണത്തിന്റെ ഗണിതസമവാക്യത്തിലേക്കും എളുപ്പം മാറുന്നത് കാണാം. 'ഇന്ത്യന്‍ ഇയര്‍ബുക്ക്' എന്ന കഥയ്ക്ക് പറയാനുള്ളത് പാര്‍ശ്വവത്കരിക്കപ്പെട്ട മനുഷ്യര്‍ക്കിടയില്‍പോലും ജാതിയും സവര്‍ണത്വവും അതിന്റെ ജോലി കൃത്യമായി നടപ്പാക്കുന്നുണ്ട് എന്നാണ്. മറുനാട്ടില്‍നിന്ന് ഒരേലക്ഷ്യത്തില്‍ കേരളത്തിലെത്തുന്ന ദൈന്യദ്വന്ദമാണ് ജലാലുദ്ദീനും സന്തോഷ് പൂജാരിയും. പക്ഷേ അവരുടെ ദൈന്യത്തിനുമുകളില്‍ ജാതി അഴകും അഴുക്കും ഒരേസമയം വേര്‍തിരിച്ചു വിതരണം ചെയ്യുന്നു. വിക്കിനെ മറികടന്ന് ഇ.എം.എസ്. ലോകം കീഴടക്കുമ്പോള്‍ പ്രകാശന്റെ വിക്ക് അവന്റെ സ്വയം കിഴടങ്ങലിന് പാത്രമാവുന്നു.
സുരേഷ്‌കുമാറിന്റെ മറ്റു കഥകളും നമ്മോട് ഇങ്ങനെത്തന്നെയാണ് സംസാരിക്കുന്നത്.

അതിജീവനങ്ങള്‍ക്കിടയില്‍ വന്നുപെടുന്ന സ്വകാര്യതകള്‍ സാമൂഹികവും രാഷ്ട്രീയവുമായ മാനങ്ങളില്‍ ഈ കഥകളില്‍ പുനഃസൃഷ്ടിക്കപ്പെടുന്നെന്ന് എഴുത്തുകാരനായ എന്‍.ശശിധരന്‍ ഈ കഥകളെക്കുറിച്ച് പറയുമ്പോള്‍ മുഖ്യധാരകളുടെ പ്രകാശമാനമായ ഇടങ്ങളില്‍നിന്ന് നിരന്തരം ബഹിഷ്‌കൃതരാകുന്നവന്റെ പ്രാണഭയവും ജീവിതാസക്തിയുമാണ് ഈ കഥകളുടെ സ്പന്ദനങ്ങളാവുന്നതെന്ന് എഴുത്തുകാരി ഡോ. ജിസ ജോസും പറയുന്നതില്‍ കൃത്യതയുണ്ട്.
'ഇ.എം.എസ്സിന്റെ പ്രസംഗങ്ങള്‍' എന്ന പുസ്തകത്തിനുപുറമെ എഴുത്തുകാരന്റെ കപ്പല്‍യാത്ര എന്ന മറ്റൊരു കഥാസമാഹാരം കൂടെ സുരേഷ്‌കുമാറിന്റെതായിട്ടുണ്ട്.
Content Highlights: V Suresh Kumar Malayalam book review
Published: 12 Mar 2020, 04:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented