നിസ്സഹായത എന്ന മൂടുപടം സ്വയം ധരിക്കുന്നവരാണ് അധികപങ്കും. മൗനത്തിന്റെ മുരടിപ്പില്‍ അനിവാര്യമായ അന്ധതയെ പുല്‍കാന്‍ നാം നിര്‍ബന്ധിതരാകുന്നു. എന്നാല്‍ നിസ്സഹായതയെ അലങ്കാരമാക്കാന്‍ എഴുത്തുകാര്‍ക്ക് സാധിക്കില്ല. ഏതുകാലത്തും അവര്‍ മുഖംമൂടികള്‍ ചീന്തിയെറിയുന്നു. വ്യവസ്ഥിതിയുടെ ഭാഗമായി ജീര്‍ണ്ണിക്കാന്‍ അവര്‍ക്ക് സാദ്ധ്യമല്ല. അതുകൊണ്ടുതന്നെ സത്യം വിളിച്ചുപറയാന്‍ അവര്‍ ബാദ്ധ്യസ്ഥരാകുന്നു. സത്യസന്ധമായി ഈ സാമൂഹ്യബാദ്ധ്യത ഏറ്റെടുക്കുന്ന നോവലാണ് യു.കെ കുമാരന്റെ 'കണ്ടുകണ്ടിരിക്കെ'. വര്‍ത്തമാനതയുടെ സ്പന്ദനങ്ങളെ ഒപ്പിയെടുത്ത് അതിന്റെ നിശ്ശബ്ദമായ നിലവിളികളിലേക്ക് ഈ നോവല്‍ നമ്മെ കൂട്ടിക്കൊണ്ടിപോകുന്നു.

To advertise here,

നവലിബറല്‍കാലഘട്ടം വ്യക്തിയുടെ സ്വാതന്ത്ര്യബോധത്തെ പ്രോജ്വലപ്പിച്ചു. ഉത്തരാധുനികസമൂഹത്തിന്റെ അഭിരുചികള്‍ നിഷേധവും മുല്യനിരാസവുമായി വ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഇത്തരം വെല്ലുവിളികളെ നിഷ്പ്രഭമാക്കി സമൂഹത്തില്‍ അധിനിവേശമുറപ്പിച്ച ചില തിന്മകളുണ്ട്. മതജാതിചിന്തകളും അധികാരരാഷ്ട്രീയവുമാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയുള്ളത്. പ്രാചീന സമൂഹത്തെ നിയന്ത്രിച്ചിരുന്ന ചാട്ടവാര്‍ ഉത്തരാധുനികസമൂഹത്തിലും മതാധികാരികളുടെ കയ്യില്‍ ഭദ്രമാണ്. ജനാധിപത്യയുഗത്തിലും ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ക്ക് വളക്കൂറുണ്ടെന്ന് നമുക്ക് ബോധ്യമായി. അധികാരലഭ്യത എന്ന അജണ്ടയില്‍ എല്ലാ രാഷ്ട്രീയ പ്രത്യയശാസത്രങ്ങളും പ്രയോഗതലത്തില്‍ പങ്കുവെക്കുന്നത് ഒരേ മനസ്സും ശരീരവുമാണ്.  

അധികാരവര്‍ഗ്ഗത്തെ പിന്‍പറ്റിയും പ്രീണിപ്പിച്ചും വേട്ടക്കാര്‍ സംരക്ഷിതരാകുന്നു. ഇരകള്‍ക്ക് സ്വാഭാവികനീതി നിഷേധിക്കപ്പെടുകയും ചെയ്യുന്നു. ജീര്‍ണ്ണതയുടെ ഈ ദുര്‍ഗന്ധമാണ് നമുക്കിടയിലുള്ളത്. നിസ്സഹായമായ സമൂഹം നിതിനിരാസത്തിന്റെ ദുര്‍ഗന്ധം പേറിനടക്കുമ്പോള്‍ നീതിയുടെ സുഗന്ധവുമായി എത്തുന്നത് നോവലിലെ  മുഖ്യകഥാപാത്രമായ പത്രപ്രവര്‍ത്തകനാണ്. അയാളോടൊപ്പം ദേവദാസ്. ജെയിംസ്, അസീസ്, ശ്രീദേവി, ശിവരാമന്‍, ചിത്രലേഖ, ഡെയ്‌സി, നിര്‍മല എന്നിങ്ങനെ ശക്തരായ മറ്റു കഥാപാത്രങ്ങളുമുണ്ട്. നീതിക്കുവേണ്ടി പോരാടുന്ന അവരെല്ലാം പക്ഷേ പരാജയപ്പെടുന്നു. അത്രമേല്‍ പ്രബലമാണ് നമുക്കിടയിലെ തിന്മയുടെ ശക്തികള്‍. എന്നിരിക്കിലും സഹൃദയരുടെ കണ്ണുതുറപ്പിക്കാന്‍ കെല്‍പ്പുള്ള കഥാപാത്രങ്ങളാണ് അവരെല്ലാം. 

തിന്മയുടെ പരിസരത്തുനിന്ന് നന്മയുടെ പക്ഷത്തേക്ക് കഥാപാത്രങ്ങളെ നയിക്കുന്ന രചനാരീതിയാണ് എടുത്തുപറയേണ്ട സവിശേഷത. അക്കൂട്ടത്തില്‍ വായനക്കാരെ സ്വധീനിക്കുന്ന കഥാപാത്രമാണ് ജെയിംസ് എന്ന എഴുത്തുകാരന്‍. സ്വകാര്യജീവിതം പരാജയപ്പെടുമ്പോഴും സാമൂഹ്യലക്ഷ്യത്തിനായി അയാള്‍ പ്രവര്‍ത്തിക്കുന്നു. പത്രപ്രവര്‍ത്തനം സാമൂഹ്യസേവനത്തിനുള്ള ഉപാധിയാണെന്ന് തെളിയിക്കുന്ന ഒട്ടേറെ കഥാപരിസരങ്ങള്‍ നോവലിലുണ്ട്.  സാധാരണക്കാരുടെ പക്ഷത്തുനിന്ന് അനീതിക്കെതിരെ പോരാടുവാന്‍ നിഷ്പ്രയാസം സാധിക്കുമെന്ന് കേന്ദ്രകഥാപാത്രമായ പത്രപ്രവര്‍ത്തകന്‍ വിശ്വസിക്കുന്നു. 'ഞാന്‍' എന്ന കഥാപാത്രമാണത്. നൈരാശ്യങ്ങളുടെ ലോകത്ത് ഒറ്റപ്പെട്ടുപോകുന്നവരെ വിജയപഥത്തിലെത്തിക്കുവാന്‍ പാടുപെടുന്ന പത്രപ്രവര്‍ത്തകന്‍ മാതൃകാപരമായ ഉത്തരവാദിത്തമാണ് നിറവേറ്റുന്നത്. ദന്തഗോപുരവാസിയാകാതെ സമൂഹത്തോടൊപ്പം അദ്ദേഹം ജീവിക്കുന്നു.

സമകാലജീവിതത്തിന്റെ ധര്‍മ്മസങ്കടങ്ങളെ പ്രമേയപരിസരത്ത് സജീവമായി നിര്‍ത്തുന്ന നോവലില്‍ സാമൂഹികമായ ഒട്ടേറെ സംഗതികള്‍ ചര്‍ച്ചചെയ്യുന്നുണ്ട്.  സാമൂഹ്യജീവിതത്തെ ബാധിക്കുന്ന പൗരത്വനിയമം, വെല്ലുവിളിയുയര്‍ത്തുന്ന വൈറസ്ഭീതി എന്നിവയോടൊപ്പം ഒട്ടേറെ സാമൂഹ്യവിപത്തുകളും ചര്‍ച്ചചെയ്യപ്പെടുന്നു. രോഗഭീതിയാല്‍ സങ്കുചിതനും സ്വാര്‍ത്ഥനുമാകുന്ന മനുഷ്യന്റെ അപചയങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.  രാഷ്ട്രീയകിടമത്സരങ്ങളുടെ ജീര്‍ണ്ണതയെ മുഖംനോക്കാതെ എതിര്‍ക്കുന്നു. പീഡിപ്പിക്കപ്പെടുന്ന പെണ്‍ജീവിതങ്ങളെകുറിച്ച് ആശങ്കയോടെയാണ് സമൂഹം നോക്കിക്കാണുന്നത്. കുടുംബത്തില്‍പോലും സുരക്ഷിതരല്ലാത്ത പെണ്‍കുട്ടികള്‍. എന്നാല്‍ ഇത്തരം കേസുകളില്‍പോലും വേട്ടക്കാര്‍ സംരക്ഷക്കപ്പെടുന്ന ദുരവസ്ഥ നമ്മുടെ നാട്ടിലുണ്ട്. അതിനെതിരെ തൂലിക ചലിപ്പിക്കേണ്ട ഉത്തരവാദിത്വമാണ് പത്രപ്രവര്‍ത്തകര്‍ക്കുള്ളതെന്ന് ഓര്‍മ്മിപ്പിക്കപ്പെടുന്നു. പാരിസ്ഥിതികപ്രശ്‌നങ്ങളിലും സോദ്ദേശ്യ പത്രപ്രവര്‍ത്തനത്തിന്റെ ഇടപെടല്‍ അനിവാര്യമാണെന്ന് വാദിക്കുന്ന സന്ദര്‍ഭങ്ങളുണ്ട്. 

കണ്‍മുന്നില്‍ കാണുന്ന എല്ലാ നെറികേടുകളേയും കഥാനായകന്‍ എതിര്‍ക്കുന്നു. രാഷ്ട്രീയ-ഉദ്യോഗസ്ഥ മണ്ഡലങ്ങളെ  മാത്രമല്ല, പോലീസ്-നീതിന്യായ സംവിധാനത്തിലെ അഴിമതികളെയും തുറന്നെതിര്‍ക്കുന്നു. എഴുത്തുകാര്‍ക്കിടയിലെ സങ്കുചിതവും അനാരോഗ്യകരവുമായ നിലപാടുകളെ അനാവരണം ചെയ്യുന്നതോടൊപ്പം സ്വന്തം മേഖലയിലെ അപചയങ്ങളെയും ചൂണ്ടിക്കാട്ടുന്നുണ്ട്. സാമൂഹ്യപ്രശ്‌നങ്ങളില്‍ ഇടപെടുന്നതിനുപുറമെ സുഹൃത്തുക്കളുടേയും അവരുടെ ബന്ധുക്കളുടേയും  ജീവിതപ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ട് അവരെ സഹായിക്കുന്ന നല്ല സുഹൃത്തുമാണ് ഈ കഥാപാത്രം. അവരുടെ പ്രണയത്തിലും പ്രണയഭംഗത്തിലും അയാള്‍ സാക്ഷിയാകുന്നു. തികച്ചും ലളിതമായ  ആഖ്യാനരീതി വായനയെ പ്രചേദിപ്പിക്കുന്നതാണ്. തീക്ഷ്ണമായ എതിര്‍പ്പിനുപകരം ആരോഗ്യകരമായ സാമൂഹ്യവിമര്‍ശനമാണ് ഉയര്‍ത്തിക്കൊണ്ടുവരുന്നത്.

placeholder
പുസ്തകം വാങ്ങാം

ജീവിതത്തില്‍ മാത്രമല്ല മരണത്തിലും വിലങ്ങുതടിയാകുന്ന ജാതിമതബോധങ്ങളുടെ പരിഹാസ്യതയെ നോവലിസ്റ്റ് വിചാരണചെയ്യുന്നു. ജെയിംസ് എന്ന കഥാപാത്രത്തിന്റെ ദുരന്തം അത്തരത്തിലുള്ളതാണ്. മരണാനന്തരവും മനുഷ്യനെ വേട്ടയാടുന്ന ക്രൂരമായ ജാത്യാനുഷ്ഠാനപരിഹാസ്യതയെ ഓര്‍മ്മപ്പെടുത്തുന്നതാണ് നോവലിന്റെ തുടക്കവും ഒടുക്കവും.

യു.കെ കുമാരന്റെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: UK Kumaran New Malayalam novel Book Review