ആത്മഹത്യ ചെയ്ത കലാപ്രവര്‍ത്തകരുടെ ഒരു പട്ടിക തയ്യാറാക്കുകയാണെങ്കില്‍ അതില്‍ ഏറിയ പങ്കും നാടക പ്രവര്‍ത്തകരാണ് എന്നുകാണാം . അലറിക്കുതിച്ചുവരുന്ന തീവണ്ടിക്ക് മുമ്പില്‍ കൈകൂപ്പി നിന്നുകൊണ്ട് , അപൂര്‍വമായ പൂര്ണതാപ്രതീതിയുള്ള ഒരു നാടകീയദൃശ്യം എന്ന പോലെ, തന്റെ മറ്റൊരു രംഗപ്രയോഗം എന്ന പോലെ, ജീവിതം അവസാനിപ്പിച്ച ഒരു മലയാളനാടകകലാകാരനെയും നമുക്കറിയാം.

കേരളത്തിന്റെ പ്രകൃതിയുടെ ഭാഗം തന്നെയാണ് നാടകം എന്ന് തോന്നാറുണ്ട്. നാടകസാന്ദ്രത ഇത്രയേറെ ഉള്ള ദേശങ്ങൾ പൊതുവേ കുറവാണ് എന്നുവരാം. തെയ്യം, പടയണി എന്നിവയെ വിശാലനാടകങ്ങളായി കാണാൻ ശീലിക്കാവുന്നതാണ്.
നാടകത്തിലൂടെ മാത്രം വെളിപ്പെട്ട ദേശയാഥാർത്ഥ്യങ്ങൾ ഇവിടെ ഉണ്ട്. നാടകത്തിലൂടെ മാത്രം നിറവേറിയ വിനിമയത്തിന്റെ സവിശേഷമായ രൂപങ്ങളും കേരളത്തിൽ ഉണ്ട്. ആത്മഹത്യ ചെയ്ത കലാപ്രവർത്തകരുടെ ഒരു പട്ടിക തയ്യാറാക്കുകയാണെങ്കിൽ അതിൽ ഏറിയ പങ്കും നാടക പ്രവർത്തകരാണ് എന്നുകാണാം . അലറിക്കുതിച്ചുവരുന്ന തീവണ്ടിക്ക് മുമ്പിൽ കൈകൂപ്പി നിന്നുകൊണ്ട് , അപൂർവമായ പൂർണതാപ്രതീതിയുള്ള ഒരു നാടകീയദൃശ്യം എന്ന പോലെ, തന്റെ മറ്റൊരു രംഗപ്രയോഗം എന്ന പോലെ, ജീവിതം അവസാനിപ്പിച്ച ഒരു മലയാളനാടകകലാകാരനെയും നമുക്കറിയാം.
കേരള സാഹിത്യ അക്കാദമിയുടെ ഒരേ വിഭാഗത്തിലുള്ള അവാർഡുകൾ തുടർച്ചയായി കിട്ടിയത് ഒരു നാടകകൃത്തിനാണ് . 1959ലും 60ലും. മുടിയനായ പുത്രൻ, പുതിയ ആകാശം പുതിയ ഭൂമി എന്നിവയുടെ രചയിതാവായ തോപ്പിൽ ഭാസിയ്ക്ക്.
ഇങ്ങനെ ഒരാൾക്ക് തന്നെ ഒരു വിഭാഗത്തിലുള്ള അവാർഡ് ഒന്നിലേറെ തവണ കൊടുക്കേണ്ടതില്ല എന്ന് ആ സന്ദർഭത്തിൽ അക്കാദമിയുടെ ആൾക്കാർ തീരുമാനിക്കുകയായിരുന്നു. ഇത് ഒരു നല്ല ഉദാഹരണം ആവണമെന്നില്ല. പെട്ടെന്ന് ഓർമ്മ വന്ന ഒരു കാര്യം പറഞ്ഞു വെന്നേയുള്ളൂ.
ആവർത്തിക്കട്ടെ: കേരളത്തിന്റെ പ്രകൃതിയുടെയും, കേരളത്തിന്റെ ആന്തരപ്രകൃതിയുടെയും ഭാഗം പോലെ തന്നെയാണ് നാടകം. കിഴക്കൻ മലനിരകൾ ഉയർത്തിക്കെട്ടിയ ഒരു സ്റ്റേജ് ആണ് എന്നും അതിനു കീഴെ കാണികളായ കേരളീയർ കുടിയിരിക്കുന്നു എന്നുമുള്ള ഒരു വിപുലസ്ഥലഭാവന സാധ്യമാണ്. ഇങ്ങനെ പല പല കാര്യങ്ങൾ പറയാം.
അതിനാൽ നാടകത്തെ വിഷയമാക്കി കൊണ്ടുള്ള നോവലുകളും കഥകളും ഉണ്ടാകുന്നത് ഒരർത്ഥത്തിൽ സ്വാഭാവികമാണ്. കെ ടി മുഹമ്മദിന്റെ സൃഷ്ടി പോലുള്ള ചില നാടകങ്ങൾക്ക് നാടകം തന്നെയാണ് വിഷയമായിരിക്കുന്നത്. നാടകത്തെ കുറിച്ചുള്ള നാടകങ്ങളാണ് അവ. അഷ്ടമൂർത്തിയുടെ 'റിഹേഴ്സൽ ക്യാമ്പ്' പോലുള്ള നല്ല നോവൽ ഓർമ്മ വരുന്നു. ഇ.വി .ശ്രീധരൻ എഴുതിയ 'നാലുമണിപ്പൂക്കൾ' അടക്കമുള്ള ചില ചെറുകഥകൾ പരിചയപ്പെടുത്തിക്കൊണ്ട് അരണാട്ടുകരയിലെ സ്കൂൾ ഓഫ് ഡ്രാമയിൽ മുമ്പ് ഒരു ചെറിയ പ്രസംഗം ചെയ്തതും ഓർമ്മ വരുന്നുണ്ട്.
സാറാ ജോസഫ് പുതിയ വിഷയങ്ങളും സമീപനങ്ങളുമായി ആഖ്യാനത്തിന്റെ അരങ്ങുകളിൽ പ്രത്യക്ഷപ്പെടുന്ന ഒരാളാണ്. അവരുടെ പ്രധാനപ്പെട്ട കൃതികളുടെ ഒക്കെ വരവ് നാടകീയമായിരുന്നു. 'ആലാഹയുടെ പെൺമക്കൾ' അനിവാര്യമായ ഒന്നാണെങ്കിലും പ്രതീക്ഷിതമായ കൃതിയല്ല. വേറിട്ട ആഖ്യാനമാതൃക അവതരിപ്പിക്കാൻ 'ആലാഹയുടെ പെൺമക്കൾ'ക്ക് കഴിഞ്ഞു
'ബുധിനി'യും 'കറ'യും അങ്ങനെതന്നെയാണ്. അവയുടെയൊക്കെ വരവ് ഇളക്കമുണ്ടാക്കിക്കൊണ്ടുള്ള സാംസ്കാരിക ചേഷ്ടകളായിരുന്നു. പുരുഷാധിപത്യം പൊതുബോധത്തിൽ സ്വാഭാവികവും സാധാരണവും പ്രതീക്ഷിതവും ആണെന്നിരിക്കെ ആധിപത്യത്തെ വിമർശിക്കുകയും വിശകലനം ചെയ്യുകയും അതിന്റെ മൂലസ്വരൂപത്തെ മറിച്ചിടാൻ നോക്കുകയും ചെയ്യുന്ന കൃതികൾ ഏതെങ്കിലും അളവിൽ നാടകീയമായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ല. ശരിയായ അർത്ഥത്തിൽ തന്നെ അവ ആക്ഷൻ എന്ന കാര്യത്തിന്റെ ഭാഗമാണ്.
സാറ ജോസഫ് കുട്ടികൾക്ക് വേണ്ടി എഴുതിയ നാടകങ്ങൾ എണ്ണത്തിൽ അധികം ഇല്ലെങ്കിലും 'കാസിമിന്റെ ചെരുപ്പ്' പോലുള്ള ഒരു രചന കേരളത്തിലെ നാടക ബോധത്തെ തന്നെ സ്വാധീനിക്കാൻ കെൽപ്പുകാട്ടിയ ഒന്നാണ്. കുട്ടികളുടെ പല തലമുറകളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പാഠമാണ്, പാരമ്പര്യത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള എതിരറിവായ ആ നാടകം. വിപുലമായി അരങ്ങേറിയ കൃതി കൂടിയാണ് 'കാസിമിന്റെ ചെരുപ്പ് ' എന്നും പറയേണ്ടതുണ്ട്.
ഏറെ പ്രാഥമികമായ ഇങ്ങനെയുള്ള കാര്യങ്ങൾ വെച്ച് നോക്കിയാൽ തന്നെ സാറാ ജോസഫിന്റെ ഒരു നോവലിന് തന്നെ നാടകം വിഷയമായി വരുന്നത് ഒരു തരത്തിൽ സാധാരണമാണ്. അത് അനിവാര്യമാണ് എന്ന് തന്നെ നാടക പക്ഷത്തുനിന്ന് പറയാൻ തോന്നുന്നു.
അത് സംഭവിച്ചിരിക്കുകയാണ്. കേരളമാണ് ഈ നോവലിന്റെ സാംസ്കാരികദേശം. ഇതിന്റെ തുടക്കത്തിൽ ഒരു സ്ത്രീയും ഒരു പുരുഷനും ഉണ്ട്. പുരുഷൻ ഒരു അഭിമുഖകാരനാണ്. അയാൾ പ്രശസ്തയായ ഒരു നാടക പ്രവർത്തകയോട് സംസാരിക്കുന്നു. ഇങ്ങനെയാണ് ഈ നോവലിന്റെ തുടക്കം. നാടകത്തിന്റെ ജീവിതവും നാടകത്തിലെ ജീവിതങ്ങളും തീർപ്പായ വിഷയങ്ങളും തീർപ്പാവാൻ ബുദ്ധിമുട്ടായ പ്രശ്നങ്ങളും നോവലിൽ അപൂർവമായ നവീനതയോടെ പ്രത്യക്ഷപ്പെടുകയാണ്. നാടകത്തിലെ ക്രിയാംശവും നോവലിന്റെ ക്രിയാംശവും അന്യോന്യം നോക്കുകയും പ്രതിപ്രവർത്തിക്കുകയും ചെയ്യുന്നത് നോവലിനെ സവിശേഷമായ അർത്ഥത്തിൽ തുടരെ സജീവമാക്കുന്നു.
രജിന മോളിയേ എന്ന് പേരായ നോവലിലെ പ്രധാന വ്യക്തിത്വം എഴുതിയ 'പ്രൊജക്റ്റ് തീന്മേശ' എന്ന നാടകത്തിന്റെ രചിതപാഠവും ഇവിടെ ഉണ്ട്. രണ്ടും ചേർന്നതാണ് ഈ നോവൽ. നമുക്കെല്ലാം അറിയാവുന്ന കാര്യമാണ് ലോകസാഹിത്യത്തിൽ ഏറ്റവും കൂടുതൽ ആഖ്യാനപരീക്ഷണങ്ങൾ നടക്കുന്നത് നോവലിന്റെ മണ്ഡലത്തിലാണ് എന്ന്. ആശയചർച്ചകളും വൈകാരിക പോരാട്ടങ്ങളും ദൃശ്യക്കൂത്തുകളും മൂർത്തമായതും അല്ലാത്തതുമായ ഭാവങ്ങളും ചേർന്ന് സാറാ ജോസഫിന്റെ ഈ നോവലും സജീവമായ ഒരു രംഗഭൂമിയായി പ്രവർത്തിക്കുകയാണ്. നാടകത്തെ കൊണ്ട് ജീവിതവും ജീവിതത്തെക്കൊണ്ട് നാടകവും കാണുക എന്ന ഒരുപക്ഷേ എക്കാലത്തെയും വഴക്കത്തെ വേറിട്ട ഊർജ്ജത്തോടെയും തീരുമാനങ്ങളോടെയും നിറവേറ്റുന്ന കൃതിയാണ് ഓപ്പറ ബോക്സ് എന്ന ഈ ആഖ്യായിക. സമകാലികജീവിതത്തിന്റെ ഒരുപാട് ചിത്രങ്ങളും ചിഹ്നങ്ങളും ഇതിൽ ഉണ്ട് . നാടകചരിത്രം ഇതിൽ ഒരു അന്തർധാര പോലെ നിലനിൽക്കുന്നു. ഭവഭൂതിയുടെ ഉത്തരാമചരിതത്തിലെ ഛായാങ്കം പോലുള്ള റഫറൻസുകൾ ഈ നാടകനോവലിൽ അല്ലെങ്കിൽ ഈ നോവൽനാടകത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട് .
മലയാള വായനാലോകം ഒരുപക്ഷെ, പലപ്പോഴും സജീവമായിത്തീരുന്നത് ചെറുകഥകളുടെയും നോവലുകളുടെയും അരങ്ങേറ്റങ്ങളിലൂടെയാണ് . സാറാ ജോസഫിന്റെ ഈ നോവലും അങ്ങനെയൊരു അരങ്ങേറ്റം ആണെന്ന് വിചാരിക്കാവുന്നതാണ്. നാടകമാധ്യമ ബോധം കൂടി നിർണായകപദവി നേടിയിട്ടുള്ള ഈ നോവൽ നാടകപ്രവർത്തകരടക്കമുള്ള വായനസമൂഹത്തിന്റെ കാര്യമായ ശ്രദ്ധ നേടും എന്ന് ഞാൻ വിശ്വസിക്കുന്നു.
Published: 18 Aug 2026, 12:19 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented