ധര്‍മ്മസൂര്യന്‍ എന്നാണ് അക്കിത്തം തന്റെ ഗാന്ധി കാവ്യത്തിനു നല്‍കിയ പേര്. ആ പേരിനെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലാണ് സുഭാഷ്ചന്ദ്രന്‍ എഴുതിയ ജ്ഞാനസ്നാനം എന്ന ചെറുകഥയുടെ തുടക്കം. തൊണ്ണൂറ്റിമൂന്നരവര്‍ഷങ്ങള്‍ പിന്നിട്ട ദണ്ഡിയാത്ര ചരിത്രമാകുമ്പോള്‍ ചരിത്രപുരുഷനെ കഥാപാത്രമാക്കുകയാണ് കഥാകൃത്ത്. കഥാവശേഷനായെങ്കിലും ഗാന്ധിജിയില്‍ കഥകള്‍ അവസാനിക്കുന്നില്ല. ദണ്ഡിയാത്രയുടെ പ്രാരംഭം മുതല്‍ ഗാന്ധിയുടെ സഞ്ചാരമാര്‍ഗ്ഗങ്ങളെ അനുയാത്രചെയ്ത വിത്തല്‍ ലീലാധര്‍ എന്ന പതിനാറുകാരന്‍ പിന്തുടരുകയും അടയാളപ്പെടുത്തുകയും ചെയ്യുകയാണ്. വിത്തല്‍ ലീലാധറിന്റെ നോട്ടങ്ങളിലൂടെയുള്ള ഗാന്ധിജിയുടെ ദണ്ഡിയാത്രയുടെ കഥ മറുകഥയാക്കുകയാണ് സുഭാഷ്ചന്ദ്രന്‍. ഗാന്ധിയുടെ പഥത്തില്‍ തന്റെ പാദംവച്ചുള്ള നോക്കിക്കാണല്‍. ഒപ്പം അത് വിത്തല്‍ ലീലാധറിന്റെ കഥ കൂടിയാവുന്നു. അനുയാത്രചെയ്ത അനുയായിയുടെ കഥ.

To advertise here,

ഏഴ് ഖണ്ഡങ്ങളിലായിട്ടാണ് കഥ. സപ്തസാരമായി ഓരോ മുഹൂര്‍ത്തങ്ങളെയും ആഖ്യാനം ചെയ്യുന്നു. സബര്‍മതിയില്‍ നിന്ന് ദണ്ഡിയിലേക്കുള്ള 25 ദിവസത്തെ സമരയാത്രയ്ക്കപ്പുറം ഗാന്ധിയിലെ മാനവികാവാദിയേയും നയതന്ത്രജ്ഞനേയും കണ്ടെടുക്കുന്നുമുണ്ട് കഥ. ലീലാധറിന്റെ ദിനസരിപ്പുസ്തകത്തില്‍ നാന്ദിയായും ഭരതവാക്യമായും യാത്രയുടെ ഉജ്ജ്വലമുഹൂര്‍ത്തങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്. 'പെട്രോളിന്റെ പ്രലോഭനത്തില്‍ പദയാത്രികന്റെ കാലിടറില്ല.'

ലീലാധറിന്റെ യാത്ര പുസ്തകം വായിക്കുന്ന, പിന്നിട്ട പഥങ്ങളെ സംഘാംഗം നോക്കിക്കണ്ട കാഴ്ചകളെക്കുറിച്ചും മുഹൂര്‍ത്തങ്ങളെകുറിച്ചും ഗാന്ധിജി വായിക്കുന്നതും തിരുത്തുന്നതുമാണ് കഥയുടെ കാതല്‍. മഹാത്മാവിനെ അനുധാവനം ചെയ്ത ഈ ശിഷ്യന്‍ ഗാന്ധിയെ പകര്‍ത്തി എഴുതുകയായിരുന്നു. ഓരോ ദിനത്താളിലും വ്യത്യസ്ത ഗാന്ധിമാര്‍. ഈ എഴുത്തു പുസ്തകത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. വിത്തല്‍ ലീലാധര്‍ അതു പകര്‍ത്തിവെച്ചില്ലെങ്കില്‍, സഞ്ചാരിയുടെ സൂക്ഷ്മതയോടെ യാത്രാ സാരസംഗ്രഹം നിര്‍വചനസമാനമായി രേഖപ്പെടുത്തിയില്ലെങ്കില്‍ 'ജ്ഞാനസ്നാന'ത്തിന്റെ കഥ ബലഭദ്രമാകുമായിരുന്നില്ല. യാത്രയാണ് ഒരു മനുഷ്യനെ നിരീക്ഷിക്കാനും പഠിക്കാനുമുള്ള പാഠപുസ്തകം. ലീലാധര്‍ കുറിച്ച ദിനങ്ങളത്രയും മഹാത്മാഗാന്ധിയുടെ സ്വാതന്ത്ര്യാന്വേഷണ പരീക്ഷണങ്ങളുടെ കഥയിലെ ഉജ്ജ്വല അധ്യായങ്ങളാവുന്നു.

ജ്ഞാനസ്നാനത്തിന്റെ കഥാസംഗ്രഹം എങ്ങനെ അവതരിപ്പിയ്ക്കാം? ഗാന്ധിജിയുടെ ദണ്ഡിയാത്രസംഘത്തിലെ ഏറ്റവും ഇളയവനായ പതിനാറുകാരന്‍ മഹാത്മാവിനെ ആദിമധ്യാന്തം പിന്തുടര്‍ന്ന് ഗാന്ധിജിയെ രേഖപ്പെടുത്തിയ കഥ. സുഭാഷ് ചന്ദ്രന്‍ ദണ്ഡിയാത്ര എന്ന ചരിത്രത്തോടൊപ്പം നടന്ന് തന്റെ ഗാന്ധിജിയെ കണ്ടെടുത്ത കഥ എന്നും രത്നച്ചുരുക്കം പറയാം! ചരിത്രവും കൃത്യവും സത്യവും അനുഭവങ്ങളും അനുഭൂതികളും എഴുത്തുകാരന്റെ കല്പന എന്നും സുഭാഷ് ചന്ദ്രന്‍ പറയുന്നുണ്ട്. ഗാന്ധി എന്ന അനൂഭൂതിയെ പ്രസിദ്ധമായ ദണ്ഡിയാത്ര അനുഭവവുമായി ചേര്‍ത്തുവച്ച് എഴുതുകയാണ് സുഭാഷിലെ കഥാകൃത്ത്. ഒരര്‍ത്ഥത്തില്‍ 'വിത്തല്‍ ലീലാധര്‍ താക്കര്‍' സുഭാഷ് ചന്ദ്രന്‍ തന്നെയാണ്. ദണ്ഡിയാത്ര നടന്ന് നാലു പതിറ്റാണ്ടിനുശേഷം ജനിച്ച കഥാകൃത്ത് അമ്പതാം വയസ്സില്‍ എഴുതുന്ന കഥ. വിത്തല്‍ താക്കറുടെ യാത്രാപുസ്തകം എഴുതുന്നത് കഥാകൃത്ത് തന്നെയാണ്. ഗാന്ധിയുടെ വിചിാരധാരകളിലും വര്‍ത്തമാനത്തിലും കഥാകൃത്ത് വരുന്നുണ്ട്. ഒരു തരം പകര്‍ന്നാട്ടം. കഥാകൃത്ത് വിത്തലിലും മഹാത്മാവിലും അവസരോചിതമായി പകര്‍ന്നാടി യാത്രയെ കഥകളി അരങ്ങാക്കുന്നു. ദണ്ഡിയാത്രാ ചരിത്രം ആട്ടക്കഥ എഴുതിചിട്ടപ്പെടുത്തി ഒരു കഥാപാത്രമായി പകര്‍ന്നാടി ഏകവേഷക്കാരനായി കഥാകൃത്ത് അരങ്ങിലുണ്ട്.

ചിത്രകാരന്റെ മകനെ അവതരിപ്പിക്കുന്ന തുടക്കത്തില്‍ പ്രകൃതി ചിത്രമാണ് കഥാകൃത്ത് ഒരുക്കുന്നത്. തിരിയുന്ന ചര്‍ക്കയുടെ മുഖചക്രം പോലെ വെളിപ്പട്ടുതുടങ്ങുന്ന സൂര്യന്‍ എന്ന കല്പന. നരച്ച ആകാശത്തില്‍ വെണ്‍മേഘത്തിന്റെ പരുത്തിക്കഷ്ണങ്ങള്‍. വള്ളത്തോളും ഇതേ കാഴ്ചകണ്ടിട്ടുണ്ട്. അവ തന്റെ ചര്‍ക്കയില്‍ പിണച്ച് വെളിച്ചത്തിന്റെ നൂല്‍നൂല്‍ക്കല്‍. ഗാന്ധിജി കേന്ദ്രമായ കഥ ധര്‍മ്മസൂര്യകഥ- ഈയൊരു ദൃശ്യത്തില്‍ നിന്നു തുടങ്ങുന്നു. ഗാന്ധിജിയുടെ ദണ്ഡിയാത്രാ ജീവിതം നൂറ്റെടുക്കുന്ന ചര്‍ക്കയായി വിത്തല്‍ ലീലാധര്‍ മാറുകയാണ്. സബര്‍മതിയുടെ ഇളംചൂടില്‍ മുങ്ങിനിവര്‍ന്ന് സൂര്യനിലേക്ക് മുഖമുയര്‍ത്തുകയാണ് ലീലാധര്‍. മുങ്ങിനിവരല്‍ മറ്റൊരു ജ്ഞാനസ്നാനമാണ്. ജ്ഞാനത്തിലേക്കുള്ള സ്നാനം എന്ന് ആവാം. ഗാന്ധിസത്തിന്റെ രശ്മികള്‍ പ്രസരിപ്പിക്കലുമാണത്. പണ്ഡിത്യം ഖരേ ആലപിച്ച രാംധുന്‍ - അതിന്റെ ഒലിക്കലും ഒഴുകലും പുഴയൊഴുക്കിനൊപ്പം സംഗീതത്തിന്റെ ഒലി - സബര്‍മതിയുടെ മധുരമണലില്‍ നിന്ന് ദണ്ഡിയിലെ ലവണ രുചിയിലേക്കുള്ള യാത്ര. രണ്ടു ധ്രുവങ്ങള്‍ ഷഷ്ഠിപൂര്‍ത്തിയാവുന്ന ബാപ്പു മുതല്‍ പതിനാറുകാരനായ ലീലാധര്‍ വരെ എഴുപത്തിയൊന്‍പതു പേര്‍. ഒരര്‍ത്ഥത്തില്‍, ഈ ഇളയ പാദങ്ങളാണ് ആ 'വലിയ പാദങ്ങളെ' അക്ഷരാര്‍ത്ഥത്തില്‍ പിന്തുടരുന്നത്. ഈ പിന്‍തുടര്‍ച്ചയുടെ കഥ കൂടിയാണ് ജ്ഞാനസ്നാനം. സംഗീത ഗുരുവായ ഖരേയും യാത്രയ്ക്ക് ശ്രുതിചേര്‍ക്കാന്‍ ഒപ്പം ഉണ്ട്. ഇരുപത്തിനാല് ദിവസം കൊണ്ട് ഇരുനൂറ്റിനാല്‍പ്പത്തിയൊന്ന് മൈലുകള്‍ നടന്നു തീര്‍ക്കാന്‍ എഴുപത്തിയൊന്‍പത് ജോഡി കാല്‍മുട്ടുകള്‍. 

മരങ്ങള്‍ നിഴലായും സുഗന്ധമായും അറിഞ്ഞുള്ള യാത്ര. മരഗദ പോലുള്ള തംബുരു ആണ് ഈ യാത്രയിലെ ചര്‍ക്ക കഴിഞ്ഞാലുള്ള സംഗീത ഉപകരണം. ചര്‍ക്കയും ഗാന്ധിജിക്ക് സമാധാനത്തിന് ശ്രുതി ചേര്‍ക്കാനുള്ള സംഗീത ഉപകരണമാണ്. സംബോധനകളിലും ഈണം എന്നത് സംഗീത ഗുരുവിന്റെ സ്വത്വമാണ്. ഗണ്‍ എന്ന ചുരുക്കപ്പേര് അപശബ്ദമായി പൊട്ടുന്ന ആശ്രമത്തിനന്യമായ ഉപകരണത്തിന്റെ പേരാണ് മറ്റൊരു ഗോഡ്സെ. ഈ ഗണ്‍ ബാപ്പുവിന് നേരെ പ്രയോഗിച്ചത് മറ്റൊരു ചരിത്രം. ചേരാത്തതിനെ ചേര്‍ക്കുക, ഗാന്ധിജിയുടെ തന്ത്രമായിരുന്നു. പുഴവക്കില്‍, അലക്കിന്റെ അവതാളങ്ങള്‍ എന്നും ജയാരവത്തിന്റെ ഒറ്റ വായ്ത്താരിയെന്ന് കഥാകൃത്ത് എഴുതുന്നുണ്ട്. വായ്ത്താരിയും താളവും ചേര്‍ന്നതാണ് ദണ്ഡിയാത്ര. തീവണ്ടിപാളം പോലെ രണ്ടു വരിയായി പദയാത്രികരെ നിര്‍ത്തുകയാണ്. ഇത് മേള സംഘത്തെ ഓര്‍മിപ്പിക്കുന്നു. എല്ലാവരും ഒറ്റവായ്ത്താരി കൊട്ടുന്ന മനുഷ്യമേളം പോലെയാണത്. മേളപ്രമാണിയുടെ പ്രാമാണ്യത്തിലേക്ക് കാന്തത്തിലേക്ക് ഇരുമ്പെന്ന പോല്‍ ആകര്‍ഷിക്കുന്ന സഹവാദകരെ പോലെയാണ് ഇവിടെ ബാപ്പുവിന്റെ നില. തത്തകളെ ആക്രമിക്കുന്ന കുരങ്ങന്‍മാരുടെ പ്രവൃത്തിയെ ചെറുതിനോടുള്ള വലിയവന്റെ പരാക്രമമായി ബാപ്പു കാണുന്നു. ബാപ്പുവിന്റെ പ്രാര്‍ത്ഥന ദൈവത്തോടുള്ള അപേക്ഷയല്ല, അഭിമുഖമാണ്. ബാപ്പുവിന്റെ പാദത്തിളക്കം നെയ്യിന്റെതോ മെഴുക്കിന്റെതോ ആയിരുന്നില്ല. 

ദൃഢനിശ്ചയത്തിന്റെതായിരുന്നു. പദയാത്രക്കുള്ള പാദത്തിളക്കം മങ്ങാതെ കാത്തുപോന്നത് ഈ ദൃഢനിശ്ചയം വഴിയാണ്. ആശ്രമത്തെ തീവണ്ടിയാപ്പീസായി കല്‍പ്പിച്ച കഥാകൃത്ത് യാത്രാ തീവണ്ടിയുടെ എഞ്ചിനായി ബാപ്പുവിനെ പ്രതിഷ്ഠിക്കുന്നു. ലീലാധര്‍ ഗാന്ധിജിയുടെ നിര്‍ദേശപ്രകാരം എഴുതിയ ആദ്യ വാക്യത്തില്‍ ദൃഢനിശ്ചയത്തെ കല്‍ക്കരി ജ്വാലയായി കല്‍പ്പിച്ചിട്ടുണ്ട്.

രാജ്യത്തെ ഒരു തീവണ്ടിയായി ചിത്രീകരിച്ച് സ്വാതന്ത്ര്യത്തിന്റെ സ്റ്റേഷനിലേക്ക് കൂകിപായിക്കുന്ന എഞ്ചിന്‍ ഡ്രൈവറായി വിഭാവന ചെയ്തിരിക്കുന്നു. ചളുങ്ങിയ ചെമ്പ് തകിടുപോലെ പ്രഭാതവെട്ടത്തില്‍ തിളങ്ങിയ മണല്‍പരപ്പ്, ചക്രത്തില്‍ കുടുങ്ങിയ മൂന്നിരിട്ടി വലിപ്പമുള്ള സ്വന്തം നിഴലിനെ കീറത്തുണിപോലെ വലിച്ചിഴച്ചു നീങ്ങുന്ന, ഉണങ്ങിയ പനയോല കൊണ്ട് റകാരം പോലെ മേലാപ്പു പിടിപ്പിച്ച കാളവണ്ടി, തുടങ്ങിയ കല്‍പനകള്‍ കഥാവായനയെ സമ്പന്നമാക്കുന്നുണ്ട്. മഹാത്മാവിന്റെ സഞ്ചാരവേഗവും വിശദീകരിക്കുന്നുണ്ട്. കാളവണ്ടിയില്‍, ബാപ്പുവിന്റെ സഞ്ചരിക്കുന്ന ആപ്പീസു വണ്ടിയില്‍ ഒരു തംബുരുവും മുറിവേറ്റ തത്ത കുഞ്ഞും ഉണ്ടായിരുന്നു. മൊഴിയാത്ത തത്ത. എഴുത്തച്ഛന്റെ ശാരിക പൈതല്‍ പോലെ അത് ബാപ്പുവിനൊപ്പം സഞ്ചരിച്ചു. 

കഥയുടെ മൂന്നാം ഭാഗത്ത്, യാത്രയിലെ ആദ്യരാത്രിയില്‍ ലീലാധര്‍ കാണുന്ന സ്വപ്നത്തില്‍ അച്ഛന്‍ കടന്നുവരുന്നു. അതില്‍ വെടിയൊച്ചയുണ്ട്. നേരത്തെക്കണ്ട ഗണ്ണിന്റെ മുരള്‍ച്ച. ബാപ്പുവിനെ അറസ്റ്റുചെയ്ത് നാടുകടത്താന്‍ പ്രത്യേക തീവണ്ടി, പദയാത്രികരെ ആക്രമിക്കാന്‍ യന്ത്രത്തോക്ക്, തുടങ്ങി ഒന്നും രണ്ടും ഭാഗങ്ങളില്‍ വിവരിച്ച തോക്കും തീവണ്ടിയും ദുഃസ്വപ്നത്തില്‍ കടന്നുവരികയാണ്. ഹരഖ്ജിയുടെ കഴുകിയാലും പോകുന്ന അസ്പ്രശ്യതയുടെ അസ്വസ്ഥത ഈ കഥയില്‍ കടന്നുവരുന്നുണ്ട്. വിശ്രമ പന്തലില്‍ നിന്ന് കേള്‍ക്കുന്ന തംബുരു ശ്രുതിയാല്‍ വിഷ്ണു ഭജന്‍സ് രാത്രികളെ സംഗീത സമ്പന്നമാക്കി. വിനോദയാത്രയല്ല, ഉപ്പു സമരമെന്ന ബാപ്പുവിന്റെ ശാസനയും ശ്രദ്ധേയമാകുന്നു. അടുപ്പവും അകലവും വഹിച്ച യാത്ര. കേരങ്ങളുടെ നാടുകൂടിയായ കേരളത്തില്‍ നിന്ന് വന്ന ദീര്‍ഘസമാനമായ വെന്ത വെളിച്ചെണ്ണ ഈ കഥയില്‍ മലയാളത്തിന്റെ മണം പരത്തുന്നുണ്ട്. കൃഷ്ണന്‍, രാഘവന്‍, ശങ്കരന്‍, ടൈറ്റസ് എന്നിവര്‍ ഈ കഥയെ അല്‍പ്പ സമയം കേരളീയമാക്കുന്നു. അവരും തീവണ്ടി കേറിയാണ് വരുന്നത്. പ്രഭാത വെയില്‍ പോലുള്ള വെളിച്ചെണ്ണയുടെ ലേപനമാണ് അവരുടെ യാത്രാ നേരങ്ങളെ എപ്പോഴും പ്രഭാത സദൃശ്യമാക്കുന്നത്.

 ഉപ്പുയാത്രയിലെ വിവിധ ദേശങ്ങളില്‍ നാലു കേരളീയര്‍ക്കൊപ്പം ദ്രാവിഡ സുഗന്ധിയായ വെളിച്ചെണ്ണയും കേരളത്തെ പ്രതിനിധീകരിക്കുന്നു. വെയിലിന്റെ തീയാട്ട് എന്നാണ് മാര്‍ച്ച് മാസത്തിലെ ചൂടിനെ കുറിച്ച് കഥാകൃത്തിന്റെ കാവ്യകല്പന. ഭജനുകളും കീര്‍ത്തനങ്ങളും ദേശഭക്തി ഗാനങ്ങളും ഫാല്‍ഗുന മാസത്തിന്റെ തീവ്രതാപത്തെ നിലാവാക്കി മാറ്റുന്നു. കനകപുരിയിലെ വര്‍ത്തകപ്രമാണിയുടെ ഇന്ധനപ്രലോഭനം ബാപ്പുവിനെ വശംവദനാക്കിയില്ല. സംഗീതജ്ഞനൊപ്പം കൊലകുറ്റത്തിന് ജയില്‍ശിക്ഷ ലഭിച്ചയാളും യാത്രയില്‍ ചേരുന്നു. വലതുകാലിന്റെ മൂത്തവിരലില്‍ മുറിവു പറ്റിയ ബാപ്പുവിനെ ഒരു ഭിഷക് ഒരിറ്റു വിയര്‍പ്പിലെ ഉപ്പു കൊണ്ട് ചികിത്സിക്കുന്ന രംഗം ഉപ്പു സത്യാഗ്രഹവുമായും ദണ്ഡിയാത്രയുമായും യോജിപ്പിച്ച് വായിക്കാം. ബാപ്പുവിന്റെ മൗനപദത്തെ ഓംകാരമായി ഭഞ്ജിച്ച ആ ചികിത്സാനുഭവം ആദ്യത്തെ മഴത്തുള്ളി തപസ്സുചെയ്യുന്ന പാര്‍വതിയുടെ അവയവങ്ങളിലൂടെ സഞ്ചരിച്ച വിധം കാളിദാസന്‍ കുമാരസംഭവത്തില്‍ ദൃശ്യമാക്കിയതിനെ ഓര്‍മിപ്പിക്കുന്നു. ഈ വിവരം ഏറ്റവും വലിയ ഔഷധമായി ഉപ്പു മാറുകയാണ്. വിയര്‍പ്പുതുള്ളിയിലെ ഉപ്പ് കുറുക്കി മുറിവേറ്റ പാദമുറിവിന് ഔഷധമാവുന്നു. വെയിലില്‍, സൂര്യനെന്നപോലെ കടലില്‍ ഉപ്പ് എന്ന് ഒരു പ്രകൃതി തത്വം ബാപ്പുജി പറയുന്നു. കടലും വാനവും തമ്മിലുള്ള അതിര്‍ത്തി രേഖ അരഞ്ഞാണം പോലെ തെളിയുന്നു എന്നാണ് കല്‍പ്പനാ ചതുരനായ കഥാകൃത്തിന്റെ കാഴ്ച. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരെ ഉപ്പ് സമരായുധമാക്കുന്നത് എന്തിനെന്ന ചോദ്യത്തിന് ഗാന്ധിജി ഉത്തരം നല്‍കുന്നുണ്ട്. ജീവികളില്‍ നിന്നല്ലാതെ കിട്ടുന്ന ഒരേയൊരു വസ്തു. ജീവോ ദിവസ ജീവാനിയ്ക്ക് ഒരു തിരുത്ത്. മനുഷ്യ ജീവിതത്തില്‍ നിന്ന് സത്യം കുറുക്കിയെടുക്കുകയാണ് സത്യാന്വേഷണ പരീക്ഷണങ്ങളുടെ ആത്മകഥാകാരന്‍. ഉപ്പിലേക്ക് മനുഷ്യത്വത്തിന്റെ അനുപേക്ഷണീയത കൊണ്ടുവരുന്നു.

ഏഴാം ഖണ്ഡത്തില്‍ ലീലാധറിന്റെ സ്വപ്നത്തില്‍ അച്ഛന്‍ വീണ്ടും കടന്നുവരുന്നു. രൂപാന്തരം വന്ന ബാപ്പുവായി അച്ഛനെ കാണുന്നു. കൂനകളായി കണ്ട ഉപ്പു സ്തൂപികളെ സഹസ്രസ്തനിയായ കടലമ്മയുടെ മുലപ്പാല്‍പ്പൊടി എന്നാണ് ബാപ്പു പറഞ്ഞിരിക്കുന്നത്. അങ്ങനെ ഉപ്പ് മാതൃത്വത്തിന്റെ പ്രതീകമാവുന്നു.
ഏഴാം ഖണ്ഡത്തില്‍ തന്റെയാത്രാ പുസ്തകം പരിശോധിക്കുന്ന ബാപ്പുവിനെ ലീലാധര്‍ ഫാന്റസി പോലെ ഓര്‍ക്കുന്നു. അമോദ് ഗ്രാമത്തില്‍ വെച്ചുണ്ടായ ചികിത്സയെ പ്രതിപാദിക്കുന്ന ഭാഗത്ത് ഭിഷക്കിന്റെ പേരെഴുതാന്‍ വിട്ടുപോയതും സമുദായ പേരെഴുതിയതും ആശ്രമ നിയമലംഘനമായി ലീലാധര്‍ കുറ്റബോധത്തോടെ ഓര്‍ക്കുന്നു.

ഭയപദങ്ങള്‍ക്ക് മുന്നില്‍ അകാരം ചേര്‍ത്ത്, അഭയ പദങ്ങള്‍ സൃഷ്ടിച്ച ബാപ്പു അമോദില്‍ വെച്ച് ഉപ്പുകൊണ്ട് തന്റെ മുറിവുണക്കിയ ഭിഷഗ്വരനെ അമോദി എന്ന് വിശേഷിപ്പിച്ച് എഴുതുന്നത് ലീലാധര്‍ സ്വപ്നം കാണുന്നതോടെ കഥ അവസാനിക്കുന്നു. ദണ്ഡിയാത്രയിലെ ഏറ്റവും ഇളയവന്റെ കണ്ണിലൂടെയുള്ള ഗാന്ധിയുടെ സമരതീര്‍ത്ഥാടനത്തിന്റെ കഥയായി ജ്ഞാനസ്നാനം മാറുന്നു. ദേശം, കാലം, കുലം, സമുദായം, മനം എന്നീ വിഭജനമില്ലാതെ ഭാരതീയമായ ഒരു മാനവികതയിലേക്കുള്ള യാത്ര കൂടിയായിരുന്നു നിയമലംഘനമെന്ന സമരമുറ കൂടിയായ ഈ യാത്ര. കലാപ മുഖരിതമായ വിഭജനങ്ങളുടെ ഈ കാലത്ത് മുറിവേറ്റ തത്തയെ പ്രതീകമാക്കി ഗാന്ധിയെ കേന്ദ്രമാക്കി, എഴുതിയ ഈ കഥ മാനവികതയുടെ തീര്‍ത്ഥജലത്തില്‍ സ്നാനം ചെയ്ത് പുതിയ മനുഷ്യനായി മുങ്ങി നിവരേണ്ടതിന്റെ സമകാലികത ഓര്‍പ്പിക്കുന്നു. ഹിംസാത്മകമായ ഒരു കാലത്തെ ആകാരം ചേര്‍ത്ത് ഒരു സമരമുറയാക്കിയ ഒരു മഹാത്മാവിന്റെ മറ്റൊരു സമരമുറയുടെ ജൈവിക ചിത്രമാണ് സമരഗാഥയും സമരജാഥയും ഈ കഥയുടെ പ്രമേയം. സുഭാഷ് ചന്ദ്രന്‍ എഴുതിയ മനുഷ്യ കഥാനുഗായികളായ മറ്റു കഥകളില്‍ നിന്ന് അമാനുഷ കഥാനുഗായിയായ കഥയായി ജ്ഞാനസ്നാനം വേറിട്ടുനില്‍ക്കുന്നു. അമാനുഷനായ മഹാത്മാവിന്റെ കഥയാണിത്. ചരിത്രത്തിലെ ഒരു ഏടിനെ ഒരു അധ്യായമാക്കുകയാണ്. മഹാത്മാവിന് ഒരു ആമുഖം തന്നെ. ഗാന്ധിമാര്‍ഗത്തിലൂടെ നടന്നവര്‍ക്കൊപ്പം കഥാകൃത്തും നടന്നുനീങ്ങുന്നു. അഭയപദങ്ങളുടെ പഥത്തിലൂടെ പ്രയാണം ചെയ്തവരുടെ കഥയെ പുതിയ കാലത്തിലേക്ക് സുഭാഷ് ചന്ദ്രന്‍ പരാവര്‍ത്തനം ചെയ്യുന്നു.