അരുണ്‍ ബാബു ആന്റോയുടെ 'ഉദാപ്ലുതസത്വങ്ങള്‍' എന്ന നോവലിനെക്കുറിച്ച്;
കടലാഴങ്ങളിലെ കീഴടങ്ങലും കീഴടക്കലും അതിജീവനവും കടലോളമാഴമുള്ള മനുഷ്യരുടെ ഉള്ളുരുക്കങ്ങളും എക്കാലത്തും സാഹിത്യത്തിന്റെ ഇഷ്ടവിഷയമാണ്. 'മോബിഡി'ക്കും 'കിഴവനും കടലും'പോലെ മലയാള സാഹിത്യഭൂമികയില്‍ കടല്‍പോരാട്ടത്തിന്റെ കഥ പറയുന്ന നോവലാണ് അരുണ്‍ ബാബു ആന്റോയുടെ 'ഉദാപ്ലുതസത്വങ്ങള്‍'. പൂര്വമാതൃകകളിലേക്ക് വഴുതി വീഴാത്ത മൗലികത ഈ രചനയ്ക്ക് അവകാശപ്പെടാം. ഇരുള് പൊതിയുമ്പോള്‍ മുഖം മാറുന്ന വാവക്കാട് പൊഴിയുടെയും അവിടുത്തെ മീന്മണമുള്ള ജീവിതങ്ങളുടെയും അന്തര്സ്ഥലികളുടെ ആഴങ്ങളിലേക്കാണ് എഴുത്തുകാരന് തന്റെ നോവലിലൂടെ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. നോവലിന്റെ പേര് മുതല്‍ ആരംഭിക്കുന്ന നിഗൂഢതയാണ് ഈ സൃഷ്ടിയുടെ ജീവന്.
പുന്നപ്ര വിയാനി കടല്‍ മേഖലയുമായി സാമ്യമുള്ള വാവക്കാട് എന്ന സാങ്കല്പിക തീരപ്രദേശഗ്രാമത്തെ തന്റെ ഭാവനാലോകത്തില്‍ സൃഷ്ടിക്കുന്ന കഥാകാരന്, അതില്‍ തന്റെ നാടിനെയും നാട്ടുകാരെയും കേട്ടറിഞ്ഞ കഥകളെയും ചേര്ത്തൊട്ടിക്കുന്നു. തനിക്ക് പരിചിതമായ ഭൂമികയില്‍, അവിടത്തെ മനുഷ്യരെയും സംസ്കാരത്തെയും ചരിത്രത്തെയും മറ്റൊരു അനുപാതത്തിലേക്ക് ഭാവനയിലൂടെ മാറ്റി എഴുതുകയാണ് എഴുത്തുകാരന്. അവ സ്മരണകളിലൂടെയും ഭാഷണങ്ങളിലൂടെയും ചുരുളഴിക്കുന്ന ആഖ്യാനവിശേഷം, മനുഷ്യമനസ്സിന്റെ പ്രക്ഷുപ്തതകളുടെ സ്പന്ദമാപിനിയാകുന്നു. നിഗൂഢവല്ക്കരണത്തിന്റെ വന്യമായ തലങ്ങളിലേക്ക് എഴുത്തുകാരന് കഥഗതിയെ, കടലോര ഭാഷയുടെ ജൈവികമായ ചൈതന്യത്തോടെ തന്നെ വ്യത്യസ്തമായി അടുക്കിവയ്ക്കുകയാണ്.
മനുഷ്യബന്ധങ്ങളുടെയും സഹവര്‍ത്തിത്വത്തിന്റെയും ജാതി-മത മതിലുകളുടെ അതിര്‍ത്തികള്‍ തീര്‍ക്കാത്ത മാനവികതയുടെയും പൂര്‍വകാല സ്മൃതികള്കൊണ്ടുള്ള ദേശനിര്‍മിതി. ആ തീരദേശഭൂഭാവനയില് രൂപംകൊണ്ട ഈ നോവല്‍ പ്രാദേശിക മിത്തുകളുടെ അപരലോകങ്ങള്‍ തുറന്നിടുന്നുണ്ട്. വയറ്റാട്ടിക്കിണറും മൂണിക്കുന്നും ഇരുട്ട് കനക്കുമ്പോള്‍ പൊഴിയില്‍ കുളിക്കാന്‍ വരുന്ന മറുതയും മാടനും അവിടെ പൊന്തുന്ന, കുന്തപ്പോരില് ചത്തവരുടെ പ്രേതങ്ങളുമുള്ള തീരഭൂമി. നാടിനെ പൊതിഞ്ഞു നില്ക്കുന്ന ഇത്തരം മിത്തുകളും ഫാന്റസികളും ഇടകലര്‍ന്ന്, കഥകളില്‍ മുങ്ങി കിടക്കുന്ന കഥകളാണ് 'ഉദാപ്ലുതസത്വങ്ങ'ളുടെ പ്രത്യേകത.
പതിഞ്ഞ വേഗത്തില്‍ കഥ തുടങ്ങുകയും അധികം വൈകാതെ നമ്മെ വാവക്കാട്ടേക്ക് വലിച്ചു കയറ്റുകയും ചെയ്യുന്ന നോവലിസ്റ്റ്, കഥയുടെ ക്രമരാഹിത്യത്താല് തിരസ്കൃതമാകുന്ന ആഖ്യാനത്തിന്റെ രേഖീയതയും അധ്യായങ്ങള്‍ തോറുമുള്ള കഥാപാത്രബാഹുല്യവും ഉദ്വേഗം ജനിപ്പിക്കുന്ന സംഭവബഹുലതയും കൊണ്ട് വായനക്കാരില്‍ ഗൗരവമുണര്ത്തുന്നു. തന്റെ കുടുംബത്തിന്റെ ഐശ്വര്യം, 'കറുമ്പച്ചന്' എന്ന കടലിനടിയിലെ ഭീകരസത്വം പൊഴിച്ചിടുന്ന ഗ്ലാത്തിയാണെന്ന് വിശ്വസിച്ച് അത് സൂക്ഷിച്ചുവെക്കുന്ന മര്ക്കിലി, എന്നാല്‍ അവരുടെ മകനായ അനിക്ലേത്തിനാകട്ടെ കടലില്‍ പോയ തന്റെ പ്രിയപ്പെട്ടവരെ കൊന്ന കറുമ്പച്ചന്മാരോട് അടങ്ങാത്ത പകയാണ്. നേരിന്റെ കടല്‍വഴികളിലൂടെ മകന്റെ മരണത്തിന്റെ സത്യത്തെ തേടിയുള്ള അവസാനിക്കാത്ത സമരമാണ് അനിക്ലേത്തിന്റേത്.
ഇത്തരം വ്യഥയും പകയും പേറുന്ന വൈവിധ്യവും വൈരുധ്യവും വ്യത്യസ്തവുമാര്‍ന്ന പല കഥാപാത്രങ്ങള്‍ നോവല്‍ വായനക്കിപ്പുറവും നമുക്കൊപ്പമിരിക്കുന്നു. ബെസേലിയും മര്ക്കിലിയും അമ്മിണിയും ലീലാമ്മയും ബെഞ്ചമിനും ലൂസിയും പൊടിവാവയും നമ്മുടെ ആരൊക്കെയോ ആയി മാറുന്നു. പകയും പ്രതികാരവും പരിദേവനകളുമായി അവിടുത്തെ മനുഷ്യരുടെ അതിസങ്കീര്‍ണമായ ജീവിതസത്യങ്ങള്‍, തീരത്തടിയുന്ന ഇറച്ചിപ്പൊറ്റകള് പോലെ നമ്മെ അസ്വസ്ഥതപ്പെടുത്തുന്നു. അവസാനമടുക്കുംതോറും നോവല്‍, വായനക്കാരെ കിടിലംകൊള്ളിക്കുന്ന ഭാവമണിയുന്നു. 'ജലം പകയില്‍ പ്രകമ്പനം കൊള്ളുന്നു'.
'ഈ പൊഴിയുടേയും കടലിന്റേയും ആഴമളക്കാന്‍ ശ്രമിക്കുന്നവന് ഭൂലോക പോഴനാണെന്ന്! കാരണം, അന്തമുള്ളതിന്റെയേ ആഴമളക്കാന്‍ പറ്റത്തൊള്ളൂ, ഇവിടെ ഒന്നിനും ഒടുക്കല്ലടാ... എല്ലാം തൊടക്കമാണ്, പിഴച്ചുപോണ തൊടക്കം!'
കറുമ്പച്ചന്റെ ഗ്ലാത്തിപോലെ കാലങ്ങള്‍ തിളങ്ങാന്‍ പോകുന്ന ഒരു പുസ്തകത്തെ ഇവിടെ അടയാളപ്പെടുത്തുകയാണ്. ഈ എഴുത്തുകാരന്, ഈ ഇരുപത്തിയാറുകാരന് നിങ്ങളെ അത്ഭുതപ്പെടുത്തും, തീര്‍ച്ച.
Content Highlights: Book review of novel 'Udhapluthasathwangal'
Published: 24 Sept 2024, 02:24 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented