ഇദം പാരമിതമെന്ന നോവല്‍ വായിച്ചുതീരുമ്പോള്‍ കനത്ത ഒരു വിഷാദം വന്നുനിറഞ്ഞു. പക്ഷേ ഏറെ വൈകും മുന്‍പ് വെളിച്ചത്തിന്റെ ഒരുറവ ഗംഗയുടെ സ്പര്‍ശനീയതപോലെയോ സരസ്വതിയുടെ അദൃശ്യതപോലെയോ ആരംഭിച്ചതായാണ് അനുഭവം. കുട്ടിക്കാലത്ത് ആരണ്യകവും ആരോഗ്യനികേതനവും പോലുളള നോവലുകള്‍ വായിച്ച് ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. ആത്മാന്വേഷണത്തിന്റെതായ കിടയുറ്റ ഒരു തേടലാണ് ഈ കൃതി. കാവ്യാത്മക ഗദ്യത്തിന്റെ അനുസ്യൂതിയും ഗഹനതയും ഈ നോവലിന്റെ ഉടല്‍വായനയില്‍ തെളിഞ്ഞുനില്‍ക്കും. മിന്നാമിനുങ്ങുകളുടെ കാടുകളാണ് ഈ നോവലിന്റെ വെളിച്ചം. ബാഹ്യത്തില്‍ ആര്‍ഭാടങ്ങളേതുമില്ലാതെ അത് ജ്വലിപ്പിക്കുന്നത് ആന്തരചോദനകളുടെ, ആഴങ്ങളുടെ പ്രപഞ്ച വെളിച്ചങ്ങളെയാണ്.

To advertise here,

കഥാപാത്രങ്ങളും സംഭവങ്ങളും പ്രമാവാസിരാത്രിയില്‍ ഒരു ചതുപ്പുനിലത്തില്‍ അകപ്പെട്ടതുപോലെ എന്നെ പതിയെ താഴ്ത്തിക്കൊണ്ടുപോകുന്നു. അതേസമയം പ്രതീക്ഷകളുടെ നക്ഷത്രവെളിച്ചം നോവലിലുടനീളം ഉയര്‍ന്നുവരികയും ചെയ്യും. ഓരോ മുറിവും ഒരു നക്ഷത്രസഞ്ചയമായി പരിണമിക്കുന്ന അത്ഭുതമാണ് ഈ കൃതി. ലെവിനും സമരിയയും 'അമ്മ ഒരു കൃയാപദമാണ്' എന്ന് നോവലില്‍ പറയുന്നതുപോലെ സക്രിയ ചരങ്ങളാണ്. ശരീരം ചലിക്കുന്നതിനെക്കാള്‍ അനാദിയായ ചലനം മനസ്സിനാണുണ്ടാകേണ്ടത് എന്ന് പരിണമിച്ചുകൊണ്ടേയിരിക്കുന്ന രണ്ടാളുകളാണ് അവര്‍. ഇതിലെ കഥാപാത്രങ്ങളെല്ലാം സാന്ദ്രമായ തുടര്‍ച്ചകളാണ്. 

നോവലിന്റെ ആദ്യ കേള്‍വി ആകെ ഉലച്ചുകളഞ്ഞു. ഇത്രനാളും നോവലിസ്റ്റ് ഉള്ളില്‍ തിളപ്പിച്ച അന്നം കണ്ണുനിറയാതെ എങ്ങനെ പുറത്തുവരാന്‍! വാക്കുകളില്‍ ഏങ്ങലടികള്‍ കലര്‍ന്നു. ഒരുപക്ഷേ താനാണ് ലെവിനെങ്കിലോ എന്ന് സന്ദേഹിക്കുംപോലെ. പെരിയാറിന്റെ തീരത്ത് അരണ്ട മഞ്ഞവെളിച്ചത്തില്‍ ഒരു രാത്രിയും പകലും ധന്യമായി നിറഞ്ഞു. ലെവിനും നോവലിസ്റ്റും ഒന്നാകുന്ന നിമിഷങ്ങള്‍ക്ക് സാക്ഷിയാകാനുള്ള എന്റെ ഭാഗ്യം. സമരിയ മറ്റൊരു ലെവിനെ നല്‍കിക്കൊണ്ട് മണ്‍മറയുന്ന ആ ദിവസം വായനക്കാര്‍ക്ക് താങ്ങാവുന്നതിനും അപ്പുറമായിരിക്കും. എന്തിന് അവള്‍ മരിച്ചുവെന്ന് നോവലിസ്റ്റിനും ഉത്തരം കിട്ടാത്തതുപോലുള്ള സ്വന്തമായൊരുപരിണിതിയും ഒഴുക്കും ഈ നോവലിനുണ്ട്. 

മുഖ്യകഥാപാത്രങ്ങള്‍, മാതാപിതാക്കള്‍, ജീവിതസംഭവങ്ങള്‍ എന്നിവ ആഴത്തിലുള്ളതും ഇണക്കമുള്ളതുമായി അനുഭവപ്പെട്ടു. സംഭവങ്ങളുടെ രേഖീയത നിലനില്‍ക്കുമ്പോള്‍തന്നെ അതീതമായ എന്തോ എപ്പോഴും ചൂഴ്ന്ന് നില്‍ക്കുന്നുണ്ട്. അപരിചിതമായ ഇന്ത്യയിലൂടെയുള്ള ഒരു തീര്‍ത്ഥാടനവുമാണ് എനിക്കീ നോവല്‍. അത്രയധികം ആത്മസഞ്ചാരങ്ങള്‍ നടത്തിയ ഒരാള്‍ക്ക് മാത്രം കഴിയുന്നതാണ് ഇതിലെ യാത്രാനുഭവങ്ങളും സൂക്ഷ്മാനുഭവങ്ങളും. 
ലെവിന്‍ ഇറങ്ങിപ്പോന്ന ജീവിതവും ചെന്നുകയറിയ ജീവിതങ്ങളുമാണ് ഈ നോവലിന്റെ ഇതിവൃത്തരേഖയെന്ന് പറയാം. അതേസമയം ലെവിനെ പലപ്പോഴും മറികടന്നുനില്‍ക്കുന്ന കഥാപാത്രങ്ങളും നോവലിലുണ്ട്. യതിയുടെ പ്രണയവും അവരുടെ അവസാന കാലവും മനസ്സില്‍ ഒരു വിങ്ങലായി തുടരുകതന്നെചെയ്യും. ഒരു പൂവ് സന്ധ്യയ്ക്ക് വീണുപോകുംപോലെ നിശ്ശബ്ദമായ മരണങ്ങള്‍ സുനാമിത്തിരികളാണ് അനുഭവലോകത്ത് സൃഷ്ടിക്കുന്നത്.

ആഘോഷങ്ങളുടെ പകലുകള്‍ക്കപ്പുറം ഒന്നും ബാക്കിനില്‍ക്കാത്ത ഒരു കാലത്ത് ഈ നോവല്‍ ഉള്ളില്‍ തറച്ചുകയറുന്നു; തിരിച്ചെടുക്കാനാവാത്ത ഒരു മുള്ളുപോലെ! ലെവിനുംകൂടി താമസിച്ച ഒരിടമാണ് ഫേണ്‍ഹില്ലെന്ന് എനിക്കിനി ഓര്‍ക്കേണ്ടതുണ്ട്. നമ്മള്‍ മാത്രമല്ല, നമ്മുടെ തോന്നലുകള്‍കൂടി ചേര്‍ന്നതാണ് ഓരോ ഇടവും. ഒരു വീല്‍ചെയറില്‍ ഫേണ്‍ഹില്‍ കുന്നുകളിലൂടെ ഇപ്പോള്‍ യാത്ര ചെയ്യുകയാണെന്ന് തോന്നും. ശീതക്കാറ്റ് ആഞ്ഞുവീശുന്നുണ്ട്. തേയിലത്തോട്ടങ്ങളും അസ്തമയശോഭയുംതീര്‍ന്നുള്ള അരണ്ട വെളിച്ചത്തില്‍ നിഴല്‍സാക്ഷ്യമാകുന്നു. ആ തണുപ്പ് ഇപ്പോള്‍ അരിച്ചുകയറുന്നു. മരണങ്ങളുടെ എല്ലുകോച്ചിക്കുന്ന തണുപ്പാണതെന്ന് ഞാനിപ്പോള്‍ തിരിച്ചറിയുന്നു. വായനയുടെ ഭൗതിക ഇടങ്ങളില്‍നിന്ന് സഞ്ചാരസാദ്ധ്യതകളുടെ അപാരവല്‍ക്കങ്ങളിലേയ്ക്ക് ഈ നോവല്‍ വായനക്കാരെ എടുത്തെറിയും.

ലെവിന്‍ സഞ്ചരിച്ചുവന്ന വഴികള്‍ അപാരമാണ്. പരമ്പരാഗതമായ എല്ലാ വെളിച്ചങ്ങളില്‍നിന്നും പ്രഭാവങ്ങളില്‍നിന്നും ബഹിഷ്‌കൃതനായ ഒരാള്‍ക്ക് ഇങ്ങനെയല്ലാതെ മറ്റെന്താവാന്‍ സാധിക്കും! എന്നിട്ടും ഇതുപോലുള്ള കഥാപാത്രങ്ങള്‍ക്കൊന്നും സാധാരണ ഇതിവൃത്തങ്ങളില്‍ കാണുന്ന പരിണാമമോ അന്ത്യമോ അല്ല ഈ നോവലിലുള്ളത്. അയാള്‍ ഒരു പ്രതീക്ഷയുടെ നറുവെളിച്ചത്തിലേയ്ക്ക് ഉയര്‍ന്നുയര്‍ന്ന് അപാരവെളിച്ചത്തിന്റെ പരമകാഷ്ഠയിലെത്തുകയാണ് ചെയ്യുന്നത്. ലെവിന്റെ രണ്ടാനച്ഛന്‍ നിന്ദ്യമായ ഒരു അവസാനകാലവും മരണവും അര്‍ഹിക്കുന്നയാളാണെന്ന് സാധാരണ വായനക്കാര്‍ക്ക് തോന്നാമെങ്കിലും ലെവിന്‍ നിര്‍മ്മമമായ സ്ഥൈര്യമാണ് ഈ സന്ദര്‍ഭങ്ങളിലെല്ലാം പുലര്‍ത്തുന്നത്. അതുകൊണ്ടുതന്നെ ഈ നോവല്‍ എനിക്ക് നോവുകളില്‍നിന്ന് പ്രതീക്ഷകളിലേയ്ക്ക് ഉയരാനുള്ള ആഹ്വാനമാണ്. 

ഇനിയും ഒരുപാട് എഴുതാനുണ്ടെങ്കിലും വശംവദരാകാത്ത വാക്കുകള്‍ക്ക് മഹാജീവിതങ്ങളെ ഇപ്പോള്‍ കുറിച്ചിടാനാകുന്നില്ല. ഒരുപക്ഷേ പതിറ്റാണ്ടുകള്‍ കഴിഞ്ഞാവണം ആ വാക്കുകള്‍ എന്നില്‍ വന്നുനിറയുക. അന്നൊരു പക്ഷേ എഴുത്തുവഴങ്ങാത്ത ഒരാളായി ഞാന്‍ മാറിയിക്കുമോ! അറിയില്ല. 
വലിയ ഔന്നത്യമുള്ള സ്ത്രീകളാണ് ഈ നോവലിലുടനീളം പ്രകാശം പരത്തിക്കൊണ്ടു നില്‍ക്കുന്നത്. നദി ഹിമാലയത്തിലെ ചെറിയ അരുവികളില്‍നിന്ന് ആരംഭിക്കുന്നതുമുതല്‍ കടലില്‍ വന്നുചേരുംവരെയാണ് ലെവിന്റെ ജീവിതം. നോവലവസാനിക്കുമ്പോഴും നോവവസാനിക്കുന്നില്ല. ഒരുപക്ഷേ നോവലിസ്റ്റിനും എത്തിച്ചേരാനാകാതെപോകുന്ന വിശ്രാന്തി ലെവിനുമാത്രമാകും ലഭിച്ചിരിക്കുക.

നോവല്‍ അവസാനിക്കുമ്പോള്‍ അയാള്‍ ആദിമ കടല്‍നിവാസികളുടെ അജ്ഞാതമായൊരു തീരത്ത് അസ്തമയം കാണുകയാണ്. അയാളുടെ മലമുകളില്‍നിന്നുള്ള ആരംഭം, വലിച്ചെറിയപ്പെടലുകള്‍, എല്ലാമുണ്ടായിട്ടും വിശന്നിരിക്കേണ്ടിവന്ന കാലങ്ങള്‍, കണ്ടുമുട്ടിയ സന്യാസികള്‍, അറിവുകള്‍, ഓര്‍മ്മകള്‍, ക്ഷോഭങ്ങളുടെ, നഷ്ടപ്പെടലുകളുടെ പ്രളയങ്ങള്‍... അങ്ങനെ എല്ലാമൊടുവില്‍ ആ നദി കടലില്‍ അലിയുകയാണ്. കടലോളം താഴ്ന്നാല്‍പിന്നെ ഭൂഗര്‍ഭനദിയായ സരസ്വതിയാവുകതന്നെ! 

ഒരേസമയം ബാഹ്യചിത്രങ്ങള്‍കൊണ്ടും ആന്തരികചിത്രങ്ങള്‍കൊണ്ടും സമ്പന്നമാണ് ഈ നോവല്‍. ഗംഗയുടെ ഒഴുക്കുമാത്രമല്ല അദൃശ്യനദിയായ സരസ്വതിയുടെ ഒഴുക്കുമാണ് ഈ നോവല്‍. ഇരുനദികളും ഒരുമിച്ച് കലര്‍ന്നൊഴുകുന്നതുകൊണ്ട് ബാഹ്യജീവിത സംഘര്‍ഷങ്ങളാണോ അതോ ആന്തരജീവിത സംഘര്‍ഷങ്ങളാണോ നമ്മെ കൂടുതല്‍ ഉലയ്ക്കുന്നതെന്ന് വ്യക്തമായി തിരിച്ചറിയാനാവില്ല. നോവലെന്നത് ബാഹ്യാക്ഷരങ്ങളുടെ സംഘാതമല്ല എന്ന് തെളിയിക്കുകകൂടിയാണ് ഈ കൃതി ചെയ്യുന്നത്. 

അഘോരിദ്വീപും രാത്രിനദിയില്‍ കയ്യിലുടക്കിയ മലര്‍ന്ന ശവശരീരവും ഉള്‍പ്പെടെ വല്ലാതെ വന്നുടക്കിയ അനേകം ഭാഗങ്ങള്‍ ഈ നോവലിലുണ്ട്. പാന്‍ ഇന്ത്യന്‍ നോവലെന്ന് സംശയലേശമന്യേ വിളിക്കാവുന്ന കൃതിയാണിത്. വി. ജി. തമ്പിയുടെ ഇതുവരെയുള്ള; ഒരുപക്ഷേ വരാനിരിക്കുന്ന ജീവിതത്തെക്കൂടി വാറ്റിയെടുത്തതാണ് ഈ നോവല്‍. ഇതുപോലെയൊന്ന് ഇനിയെഴുതാന്‍ അദ്ദേഹത്തിനാകുമോ എന്ന് വായിക്കുന്നവരെല്ലാം ന്യായമായും സന്ദേഹിക്കും. ഒരുതരത്തില്‍ നോവലിസ്റ്റിന്റെ ഭാഗികസൂക്ഷ്മമായ ആത്മകഥയാണ് പലയിടത്തും എനിക്ക് അനുഭവിക്കാനായത്. ഈ നദിയിപ്പോള്‍ എല്ലാവരുടേതുമാണ്. നിഴലുകളില്‍നിന്നകന്ന് ഈ നദി മലയാള നോവല്‍സാഹിത്യചരിത്രത്തിന്റെ പരപ്പുകളില്‍ ഒഴുകട്ടെ.