ബാബു അബ്രഹാം എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'കമ്പിളികണ്ടത്തെ കല്‍ഭരണികള്‍' എന്ന പുസ്തകത്തെ കുറിച്ചുള്ള കുറിപ്പ് വായിക്കാം...
'നമുക്ക് ഈ ലോകത്തിലാരുമില്ല മക്കളേ. എന്റെ മക്കളെ വളര്‍ത്താന്‍ അമ്മയ്ക്ക് വയ്യ. അതുകൊണ്ട് നമുക്ക് മരിക്കാം'
എന്തോ വലിയൊരു കാര്യം അമ്മ പറയുന്നുവെന്നേ ഞാന്‍ കരുതിയുള്ളൂ. ജെസ്സിക്ക് എല്ലാം നേരത്തെ അറിയാമായിരുന്നതുകൊണ്ടോ പ്രായം പത്തായതുകൊണ്ടോ, അമ്മ പറഞ്ഞത് അവള്‍ക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. മരണത്തെക്കുറിച്ച് രാത്രി വൈകിയുള്ള ഒരു യാത്രപോകല്‍ പോലെയാണ് എനിക്കന്ന് തോന്നിയത്.
'നമ്മള്‍ ഇവിടന്നു കല്ലാര്‍കുട്ടി ഡാം വരെ നടക്കും. അവിടെച്ചെന്ന് പാലത്തില്‍നിന്ന് അമ്മ വെള്ളത്തിലേക്ക് എടുത്ത് ചാടും. അമ്മ ചാടിക്കഴിയുമ്പോള്‍ മക്കള്‍ ഓരോരുത്തരായി ചാടിയാല്‍ മതി' അമ്മ അത് പറഞ്ഞു പൊട്ടിക്കരഞ്ഞു.
ആ കരച്ചില്‍ അവരുടെ ഉള്ളിലെ വേദനയുടെ ഒരു ചെറിയ അംശം മാത്രമേ പേറിയുള്ളൂ.
'പൊന്നമ്മച്ചീ, എനിക്ക് വെള്ളത്തിലേക്ക് ചാടാന്‍ പേടിയാ' ജെസ്സി അമ്മയോട് കരഞ്ഞുകൊണ്ടുതന്നെ പറഞ്ഞു.
അമ്മ മറുപടി പറഞ്ഞില്ല.
'ഡാമിലേക്ക് ചാടാന്‍ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല. പൊന്നമ്മച്ചി ഞങ്ങളെ ഓരോരുത്തരെയും എടുത്ത് ഡാമിലേക്ക് ഇട്ടിട്ട് പൊന്നമ്മച്ചി ചാടിയാല്‍ മതി' ഒന്ന് നിര്‍ത്തിയിട്ട് ജെസ്സി തുടര്‍ന്നു. 'അല്ലേല്‍ ഞങ്ങളാരേലും പേടിച്ച് ചാടാതിരുന്നാല്‍ അമ്മയില്ലാതെ ഞങ്ങള്‍ എന്താ ചെയ്ക?' ജെസ്സി തേങ്ങിക്കരഞ്ഞുകൊണ്ടിരുന്നു. അമ്മ ഒന്നും മിണ്ടാതെ കുറെ നേരം കൂടി തള്ളിവിട്ടു. നനഞ്ഞ മുഖംകൊണ്ട് അമ്മ ഞങ്ങളെ ഉമ്മവച്ചുകൊണ്ടേയിരുന്നു. 'അമ്മയ്ക്ക് ഡാമിലേക്ക് മക്കളെ എടുത്തിടാനാവില്ല. അമ്മ ചാടിക്കഴിയുമ്പോള്‍ മക്കള്‍ ചാടിയാല്‍ മതി'.

അതു പറഞ്ഞ് അമ്മ എഴുന്നേറ്റു. ബിന്ദുവിനെ തോളിലേക്കിട്ടു. കുര്യാക്കോച്ചേട്ടന്റെ വീടും കടന്ന് ആ മെറ്റല്‍ പാകിയ വഴിയിലൂടെ അമ്മയുടെ പിറകെ ഞങ്ങള്‍ നടന്നു. കമ്പിളികണ്ടത്ത് എത്തുന്നതിനു മുമ്പ് വഴിയുടെ താഴെയായി ഒരു പെന്തിക്കോസ്ത് പള്ളിയുണ്ട്. ആ പ്രദേശത്തിന് ആ പ്രദേശത്തിന് അക്കാലത്ത് പെന്തക്കോസ്ത് വളവ് എന്നാണ് വിളിപ്പേര് ഇട്ടിരുന്നത്.
'അമ്മ ഒന്നു നിന്നേ'.
അവിടെത്തിയപ്പോള്‍ ജെസ്സി അമ്മയെ വിളിച്ചു. വെളുക്കുംമുമ്പേ ആറ് കിലോമീറ്റര്‍ നടന്ന്, കല്ലാര്‍കുട്ടി ഡാമില്‍ എത്തേണ്ട ആ മരണയാത്രയ്ക്ക് ഒരു ഇടവേളയായി.
'അമ്മേ കമ്പിളികണ്ടത്തിലും തെള്ളിത്തോട്ടിലുമൊക്കെയുള്ള ആളുകളല്ലേ നമ്മളെ അറിയത്തുള്ളൂ. നമുക്ക് എല്ലാ ദിവസവും ചിന്നാര്‍ കടന്ന് അപ്പുറം പോയി ഭിക്ഷ തെണ്ടിയാലോ? നമുക്ക് കഞ്ഞികുടിക്കാന്‍ വക കിട്ടില്ലേ? പൊന്നമ്മച്ചീ, അപ്പോ നമുക്ക് മരിക്കേണ്ടല്ലോ'.
ഒരു പത്തുവയസ്സുകാരിയുടെ മരണത്തോടുള്ള ഭയമായിരുന്നോ, അതോ നിറമറ്റുപോയ ജീവിതത്തെ തോല്‍പ്പിക്കാനുള്ള തീവ്രമായ ആശയായിരുന്നോ ആ വാക്കുകളിലെന്ന് എനിക്കറിയില്ല. അമ്മ ബിന്ദുവിനെ താഴെ നിര്‍ത്തി. ജെസ്സിയെ അമ്മ വാരിയെടുത്തുയര്‍ത്തി, തെരുതെരെ ഉമ്മവച്ചു. മരിക്കാനും തോറ്റുകൊടുക്കാനും കുറച്ചു സമയത്തേക്കെങ്കിലും ഉണ്ടായ ഒരു തോന്നലിനെ മറികടക്കാനുള്ള ഒരമ്മയുടെ, ഒരു സ്ത്രീയുടെ അടങ്ങാത്ത ആര്‍ത്തി ആ ഉമ്മകള്‍ വിളിച്ചുപറഞ്ഞു.
അമ്മ ഞങ്ങളെ നാലു പേരെയും ചേര്‍ത്തുപിടിച്ച് തിരിച്ചു നടന്നു. അടിച്ചു താഴ്ത്താന്‍ വെമ്പല്‍കൊണ്ട ഒരു ലോകത്തിനു മേലേയുള്ള താണ്ഡവമായിരുന്നു ആ നടപ്പ്. തോടു കടന്ന് വീട്ടിലേക്ക് വേഗത്തില്‍ നടക്കുമ്പോള്‍ മരിക്കാന്‍ തോന്നിയ തന്റെ പൊട്ടബുദ്ധിയെ ആ അമ്മ പഴിച്ചിരുന്നോ? അറിയില്ലെനിക്ക്.'
ആഞ്ഞു കൊത്തുന്ന അനുഭവങ്ങളുടെ ഈ പുസ്തകം വായിക്കുമ്പോള്‍ മുപ്പത്തിരണ്ടാം പേജില്‍ എന്റെ ആത്മാവിനെ വല്ലാതെ കൊളുത്തി വലിച്ച ഈ ഭാഗം വായിച്ചിട്ട് അല്പസമയം പുസ്തകം അടച്ചിരുന്നു. കണ്ണുകള്‍ നിറഞ്ഞൊഴുകി. പിന്നെ കുറെ നേരത്തേക്ക് വായിക്കാന്‍ കഴിയാതെയായി. ആഞ്ഞു കൊത്തുന്ന അനുഭവം എന്നൊക്കെ പറയുമ്പോള്‍ ഇങ്ങനെയുമുണ്ടോ. ഇതൊരു സിനിമാ കഥയല്ല, നാടകവുമല്ല. ജീവിതമാണ്, ജീവിതം.
അപ്പന്‍ ഉപേക്ഷിച്ചു പോയ നാലു കുഞ്ഞുങ്ങളുടെ അമ്മയുടെ അതിജീവനത്തിന്റെ കഥയാണ് ഈ പുസ്തകം. ഒത്തിരി സദാചാര പാപ്പരാസികളുടെ കണ്ണുകളെ നോട്ടത്തിനിടയില്‍, കുറച്ചു നന്മമനുഷ്യര്‍ ചേര്‍ത്തുപിടിച്ച ജീവിതം. രൂപയും രൂപതയും പലപ്പോഴും ഏറ്റുമുട്ടി. ഇതൊക്കെ കണ്ടു ക്രിസ്തു കുരിശില്‍ അങ്ങനെ കണ്ണിലൂടെ ചോരയൊലിപ്പിച്ചു കിടക്കും.
.ഈ പുസ്തകം ഞാന്‍ വായിക്കുകയായിരുന്നില്ല, അനുഭവിക്കുകയായിരുന്നു. ഇപ്പോഴും ഞാനാ പെന്തക്കോസ്ത് വളവില്‍ നില്‍ക്കുകയാണ്. ഒന്നേകാല്‍ വര്‍ഷം ആ കുട്ടി ജീവിച്ച അനാഥാലയത്തില്‍ നില്‍ക്കുകയാണ്. രാജുവണ്ണനൊപ്പം മലം കോരുന്ന ആ കുട്ടിയെ കാണുകയായിരുന്നു. അവിടത്തെ കുഞ്ഞുങ്ങളെ ലൈംഗികമായി ഉപയോഗിക്കുന്ന നരാധമന്മാരോടുള്ള അമര്‍ഷത്താല്‍ പല്ല് ഞെരിക്കുകയായിരുന്നു.
ഒടുവില്‍ ആ കുട്ടി ജീവിതം കരയിലടുപ്പിക്കുമ്പോഴും ആ ഗവേഷണ പ്രബന്ധത്തിനു തടയിട്ട അധ്യാപഹയനെ ആര് മനുഷ്യത്വം പഠിപ്പിക്കും എന്നോര്‍ക്കുകയായിരുന്നു. ഇതിനിടയില്‍ കല്‍ക്കണ്ടം പോലെ നന്മയുള്ള, കരുണയുള്ള അപൂര്‍വം മനുഷ്യരെയോര്‍ത്ത് അഭിമാനിക്കുകയായിരുന്നു.
ജീവിതമേ ചിലര്‍ക്ക് ഇത് എന്തൊരു വെല്ലുവിളിയാണ്?
"അമ്മപ്പൈങ്കിളീ
ചൊല്ലൂ നീ ചൊല്ലൂ
ചെല്ലക്കുഞ്ഞുങ്ങള്‍
എങ്ങു പോയിനി
അവരൊന്നു ചേരില്ലേ?"
Content Highlights: Book review of 'Kambilikandathe kalbharanikal'
Published: 28 Jun 2025, 12:19 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented