അസാധാരണമായൊരു മനുഷ്യന്റെ ആത്മകഥയാണ് നിയാസ് കരീം തയ്യാറാക്കി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച  മരണക്കൂട്ട്: ഒരു ശവംവാരിയുടെ ആത്മകഥ
ആലുവക്കാരനായ വിനു തന്റെ പതിനഞ്ചാം വയസ്സിലാണ് അഴുകിയ മൃതദേഹങ്ങള്‍ എടുക്കാന്‍ തുടങ്ങിയത്. നാട്ടുകാരും വീട്ടുകാരും പതിച്ചുനല്‍കിയ ശവംവാരി എന്ന പേരുമായി വിനു മൃതദേഹങ്ങളെ ഈ നിമിഷവും നെഞ്ചോടു ചേര്‍ക്കുന്നു. മരണക്കൂട്ട് വായിച്ച അധ്യാപകന്‍ സതീഷ് തോട്ടത്തില്‍ എഴുതുന്നു. 

To advertise here,

''ഞാന്‍ ഒരു വിശ്വാസിയാണ്.
ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും വലിയ സത്യത്തിലാണ് എന്റെ വിശ്വാസം.
അത് മരണമല്ലാതെ മറ്റൊന്നുമല്ല.''

 (മരണക്കൂട്ട്, വിനു പി.)

രോരും അറിയാതെ പുറമ്പോക്കുകളില്‍ ജീവിക്കുന്ന ഒരുപാട് മനുഷ്യരുണ്ട്. അവരുടെ തൊഴിലുകള്‍ കാരണമാകും ഇവര്‍ പാര്‍ശ്വവല്‍ക്കപ്പെട്ടിരിക്കുക.  പലരാലും അവമതിക്കപ്പെട്ടവരാവുമിവര്‍. അവരുടെ അര്‍പ്പണമനോഭാവത്തെ അംഗീകരിക്കാന്‍ സമൂഹത്തിലെ മഹാഭൂരിപക്ഷവും ഒരുക്കമായിരിക്കില്ല.
അവര്‍ നിശ്ചലരായാല്‍ നിമിഷങ്ങള്‍ക്കകം സമൂഹം ചീഞ്ഞ്‌നാറി തുടങ്ങും ഇവര്‍ക്ക് സമൂഹം മുദ്രചാര്‍ത്തിക്കൊടുത്ത പല വിളിപേരുകളുമുണ്ടാകും. 
ഇവര്‍ ഈ തൊഴിലുകള്‍ ഉപേക്ഷിച്ചാല്‍പോലും സമൂഹം ചാര്‍ത്തികൊടുത്ത വിളിപേരുകള്‍ ഇവരില്‍നിന്നും വിട്ടുപോകില്ല.

കേരളം കണ്ട ഒരു വന്‍ദുരന്തത്തിന്റെ  നടുക്കത്തിലും വേദനയിലും തന്നെയാണ് നമ്മളിപ്പോഴും. മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ആരുടെ മൃതദേഹമെന്നറിയാതെപോലും ചിന്നിചിതറിപോയിട്ടുണ്ട് പലതും. അജ്ഞാത മൃതദേഹങ്ങള്‍ സമൂഹത്തിന്റെ ആദരവാല്‍തന്നെ സംസ്‌കരിക്കപ്പെട്ടു.

എല്ലാ തിരച്ചിലുകള്‍ കഴിഞ്ഞാലും മണ്ണോട് ലയിച്ചുചേര്‍ന്ന മനുഷ്യശരീരങ്ങള്‍ ഇനിയും ബാക്കിയായേക്കും. സമൂഹത്തില്‍ നിന്നും നിരന്തരം നിഷ്‌കാസിതനായവന്റെ ആത്മകഥയായ മരണക്കൂട്ടാണ് ഈ പുസ്തകം. മാദ്ധ്യമപ്രവര്‍ത്തകനായ നിയാസ് കരീമാണ് ഈ പുസ്തകം തയ്യാറാക്കിയത്.
മാതൃഭൂമിയാണ് പ്രസാധകര്‍. ഇരുപത്തിമൂന്നു വര്‍ഷത്തെ തൊഴില്‍ജീവിതത്തിന്റെ തുറന്നുപറച്ചിലാണ് ഈ പുസ്തകം. അപമൃത്യുവിനിരയായവരുടെ മൃതദേഹങ്ങള്‍ എടുക്കുന്നതാണ് തൊഴില്‍. അതിനാല്‍ സമൂഹം ഇരുട്ടില്‍ത്തള്ളിയ പച്ചയായ ഒരു മനുഷ്യന്റെ ജീവിതംകൂടിയാണ് ഈ ആത്മകഥ.

ആയിരത്തിയഞ്ഞൂറിലധികം മൃതദേഹങ്ങള്‍ കണ്ടതിന്റെ നേര്‍സാക്ഷ്യങ്ങള്‍കൂടിയാണിത്. ഇതില്‍ എഴുന്നൂറിലധികംപേരും അനാഥരായിരുന്നു. സമൂഹത്തിന്റെ ഒറ്റപ്പെടുത്തലും അപരവല്‍ക്കരണവും നേരിടേണ്ടിവരുന്നത്  താന്‍ ചെയ്യുന്ന തൊഴിലുകൊണ്ടാണെന്ന് തിരിച്ചറിഞ്ഞിട്ടും ആ തൊഴിലിനെപോലും സര്‍ഗ്ഗാത്മക സേവനമായി കാണുകയാണ് ഈ മനുഷ്യന്‍.

ഈ കാലങ്ങളിലെല്ലാം മൃതദേഹങ്ങളോട് സമൂഹം കാട്ടുന്ന കപടതകളും അനാദരവും ഇദ്ദേഹം കണ്ടു. ഹൃദയം തുറന്നു സംസാരിക്കാന്‍ പറ്റിയ സുഹൃത്തുക്കള്‍ മരിച്ചവരെപ്പോലെ മറ്റാരുമില്ലന്നയാള്‍ തിരിച്ചറിയുകയാണ്. ആരാണ് ഞാന്‍, എന്തിനാണ് ഞാന്‍  എന്ന ചോദ്യത്തിന് ഒരു ചെറിയ ജീവിതംകൊണ്ട് ഉത്തരം കൊടുക്കുകയായിരുന്നു വിനു.

വിനു ആത്യന്തികമായി വിശ്വസിക്കുന്ന സത്യം മരണമാണ്. മൃത്യുവാണ് വിനുവിന്റെ മതം.

ജീവിച്ചിരിക്കുന്നവരേക്കാള്‍ മരിച്ചവരെ ബഹുമാനിക്കണം എന്നതാണ് വിനുവിന്റെ തത്വചിന്ത. ശവംവാരി എന്ന വിളിപ്പേരാണ് സമൂഹം വിനുവിന് ചാര്‍ത്തിക്കൊടുത്തത്. അതിലദ്ദേഹത്തിന് സങ്കടമില്ല എന്നാല്‍ വേണ്ടപ്പെട്ടവര്‍പോലും ആ വിളിയില്‍ ഒറ്റപ്പെടുത്തുമ്പോള്‍ വിനുവിനത് സഹിക്കാനാവുന്നില്ല.
ഹോട്ടലുകളില്‍ വിനുവിന് പ്രവേശനമില്ല. ബന്ധുക്കള്‍ പേരിനുപോലും അടുക്കുന്നില്ല. കല്യാണവീടുകളില്‍ അടുപ്പിക്കില്ല. നാട്ടില്‍ നാലാള്‍ കൂടുന്നയിടങ്ങളിലെല്ലാം വിനുവിന് ഊരുവിലക്കായിരുന്നു.

അതുകൊണ്ട്തന്നെ പകലിനേക്കാള്‍ രാത്രിയോടായിരുന്നു ഈ മനുഷ്യന്റെ പ്രണയം. ഭര്‍ത്താവ് ഒരു ശവംവാരിയാണെന്ന് അറിയുന്നതോടെ ഭാര്യയും ഉപേക്ഷിച്ചുപോവുകയാണ്.

'ഒന്നുകില്‍ എന്റെ കൂടെ ജീവിക്കുക, അല്ലെങ്കില്‍ ശവംവാരണ പണി ചെയ്യുക' ഇതായിരുന്നൂ ഭാര്യയുടെ അന്ത്യശാസനം. വേറെ ഒരു ജോലിയിലും താന്‍ സംതൃപ്തനല്ലെന്ന് ഒടുവില്‍ വിനുവും തീരുമാനിക്കുകയാണ്. വിനുവിനെ അംഗീകരിക്കുന്ന നല്ല മനുഷ്യരും സമൂഹത്തിലുണ്ടായിരുന്നു. അതില്‍ മുന്‍പന്തിയില്‍ പോലീസുകാരായിരുന്നു. താനെന്ന ശവംവാരിയെ അറപ്പോടെ കണ്ട സമൂഹത്തിനു മുന്നില്‍ പരസ്യമായി ചേര്‍ത്തുപിടിച്ച ഒറ്റ വിഭാഗത്തിനെയേ വിനു കണ്ടുള്ളു. അത് കേരളപോലീസായിരുന്നു.

പോലീസ് സ്റ്റേഷന്‍ വിനുവിന് സ്വന്തം വീടുപോലെയാണ്. പോലീസിനോട് സംസാരിക്കാന്‍ മാത്രമായിരുന്നു പേടിയില്ലാതിരുന്നത്. അവര്‍ക്കെന്നെ അറിയാമായിരുന്നു. തന്റെ സങ്കടങ്ങളെല്ലാം തുറന്നു പറഞ്ഞിരുന്നത് പോലീസുകാരോടായിരുന്നു. ആത്മഹത്യചെയ്ത പല പോലീസുകാരുടേയും മൃതദേഹങ്ങള്‍ എടുത്തതും വിനുതതന്നെ.

സാഹിത്യവുമായി  ബന്ധപ്പെട്ട വാര്‍ത്തകളും  ആര്‍ട്ടിക്കിളുകളും വായിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ

വിനുവിന്റെ ഗുരു ഈ തൊഴില്‍ ചെയ്തുപോന്നിരുന്ന ആശാന്‍മാരായിരുന്നു. ഈ തൊഴിലിനാല്‍ തിരസ്‌കൃതരായവരിലൂടെയാണ് വിനുവും ഈ കര്‍മ്മത്തിലേക്ക് പ്രവേശിക്കുന്നത്. ഈ തൊഴിലുകള്‍ കാരണം കുടുംബവും സമൂഹവും ഒറ്റപ്പെടുത്തിയവരായിരുന്നൂ ഈ ആശാന്‍മാര്‍. പാലത്തിന്റെ അടിയിലോ റെയില്‍വേ ട്രാക്കിന്റെ ഓരത്തോ ആണ് ഇവരുടെ വീട്. ഭക്ഷണവും മദ്യവുമെല്ലാം ഇവര്‍ വീതിച്ചെടുത്തു. ഹോട്ടലുകളൊന്നും ഇവര്‍ക്ക് ഇരുന്ന് കഴിക്കാന്‍ അനുവാദം കൊടുത്തില്ല. 

തങ്ങളെ വേണ്ടാത്ത സമൂഹത്തിനെ ഇവരും തിരസ്‌കരിച്ചിരുന്നു. എല്ലാ ആശാന്‍മാരും മരിച്ചത് ചോരചര്‍ദ്ദിച്ചിട്ടാണ്. ശവത്തില്‍ നിന്നുള്ള പുഴുക്കള്‍ ഇവരുടെ ശരീരത്തേയും തളര്‍ത്തിയിരുന്നു. പലരും റോട്ടില്‍ കിടന്നാണ് മരിച്ചത്. അവരുടെ ശവമെടുത്തതും വിനുതന്നെ. പതിനഞ്ചാം വയസ്സുമുതല്‍  ആശാന്‍മാരെ ആശ്രയിച്ചായിരുന്നു ജീവിതം. പിന്നെ ഒറ്റക്കായി ഈ തൊഴില്‍.

മൃതദേഹങ്ങള്‍ കണ്ട് കണ്ട് ശീലമായതിനാല്‍ മൃതദേഹത്തിന്റെ പ്രായവും പഴക്കവുമെല്ലാം ഒരു ലാബ് ടെസ്റ്റിന്റേയും ആവശ്യമില്ലാതെതന്നെ വിനുവിന് തിരിച്ചറിയാം. മൃതദേഹം ചീഞ്ഞതിന്റെ മണംവെച്ചായിരുന്നൂ അതിന്റെ പഴക്കമറിഞ്ഞത്.

കാലിനും കൈക്കും കണ്ണിനും തലച്ചോറിനും കുടലിനുമെല്ലാം ചീഞ്ഞാല്‍ വെവ്വേറെ മണങ്ങളാണെന്ന് വിനുവനറിയാം. പ്രകൃതി തനിക്കു തന്ന ഏറ്റവും വലിയ കഴിവ് മണംപിടിക്കാനുള്ളതായിരുന്നു എന്നാണ് വിനുവിന്റെ വിശ്വാസം.

നിയമപരമായി മറ്റാര്‍ക്കും കൈവശം വെക്കാന്‍ പാടില്ലാത്ത ഒരായുധവും വിനുവിന് കോടതി കൊടുത്തിട്ടുണ്ട്. സര്‍ജിക്കല്‍ ഇന്‍ക്വസ്റ്റ് ബ്ലെയ്ഡാണത്.
വിനുവിന്റെ പോക്കറ്റില്‍എപ്പോഴും ഇതുണ്ടാവും. പോലീസുകാരാണ് വിനുവിന് ഇത് ലഭിക്കാനുള്ള കോര്‍ട്ട്ഓര്‍ഡര്‍ വാങ്ങികൊടുത്തത്. കോവിഡ് കാലത്തും മാസ്‌ക് ധരിക്കാതിരിക്കാനുള്ള ഉത്തരവും വിനുവിന് കോടതി കൊടുത്തിട്ടുണ്ട്.

മൃതദേഹങ്ങളുടെ മണം കിട്ടാനായിരുന്നിത്. ഇതുവരെ എഴുനൂറ്റിയമ്പതിലേറെ അജ്ഞാത മൃതദേഹങ്ങള്‍ വിനു അടക്കം ചെയ്തിട്ടുണ്ട്. ഇതില്‍ രണ്ടുപേരുടെ ബന്ധുക്കള്‍ മാത്രമേ മൃതദേഹം ആവശ്യപ്പെട്ട് പിന്നീട് വന്നുള്ളു.

അജ്ഞാത മൃതദേഹങ്ങള്‍ അടക്കം ചെയ്യുമ്പോഴും ചില നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. മാംസം പെട്ടെന്ന് ദ്രവിക്കാന്‍ കുമ്മായവും ബ്ലീച്ചിങ്ങ് പൗഡറും മൃതദേഹത്തോടൊപ്പം ഇടണം. അഞ്ചുമാസത്തിനുള്ളില്‍ മൃതദേഹം പൂര്‍ണ്ണമായും ദ്രവിക്കും. കേസ് നമ്പര്‍ എഴുതി പ്ലാസ്റ്റിക്ക് കുപ്പിയിലിട്ട് അതും മൃതദേഹത്തോടൊപ്പം അടക്കം ചെയ്യണം. അതൊരിക്കലും ദ്രവിക്കില്ല. പിന്നീട് മിസ്സിങ്ങ് കേസില്‍ അന്വേഷണം വന്നാല്‍ കേസ് നമ്പര്‍ വെച്ചിട്ടാണ് മൃതദേഹം തിരിച്ചറിയുക. 

അടഞ്ഞുകിടക്കുന്ന വീടുകളില്‍ നിന്നും കോവിഡ് കാലത്ത് പതിനാറ് മൃതദേഹങ്ങള്‍ വിനു എടുത്തിട്ടുണ്ട്. എല്ലാ മൃതദേഹങ്ങളോടും ഈ മനുഷ്യന്‍ ആദരവ് കാണിച്ചു. കെട്ടിതൂങ്ങിയ ആളുടെ മൃതദേഹം മറ്റുള്ളവര്‍ ചെയ്യുംപോലെ കെട്ടിയിറക്കുകയായിരുന്നില്ല. അതിനെ ചേര്‍ത്തുപിടിച്ച് തോളത്തിട്ട് ഇറക്കുകയായിരുന്നു. മരിച്ചുപോയ ആളോട് അനാദരവ് കാട്ടരുതെന്ന നിര്‍ബന്ധം കൊണ്ടായിരുന്നത്.

എല്ലാവരും വെറുത്തപ്പോള്‍ സംസാരിക്കാന്‍പോലും ആരും തയ്യാറാകാഞ്ഞപ്പോള്‍ മൃതദേഹങ്ങളോട് സംസാരിച്ചാണ് സങ്കടങ്ങള്‍ തീര്‍ത്തത്. ശ്മശാനത്തിലെ ഏകാന്തതയിലിരുന്ന്  പൊട്ടിക്കരഞ്ഞു. അവിടെതന്നെ കിടന്നുറങ്ങി. അവിടെനിന്നും ആട്ടിപ്പുറത്താക്കാന്‍ ആരും വന്നില്ല. ശ്മശാനം  അച്ഛനും അമ്മയും കൂടപ്പിറപ്പും കൂട്ടുകാരനുമൊക്കെയായി.

വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചപ്പോഴെല്ലാം അത് മുടക്കാന്‍ ആളുകള്‍ ഐക്യത്തിലായി. ശവംവാരിക്ക് പെണ്ണുകൊടുക്കരുതെന്ന് ആളുകള്‍ പറഞ്ഞുകൊണ്ടിരുന്നു.

ഫ്‌ളവേഴ്‌സ് ചാനലില്‍ ഒരിക്കല്‍ വന്നതോടെയാണ് വിനുവിനെ ലോകം അറിഞ്ഞുതുടങ്ങിയത്. പലരും സഹായങ്ങള്‍ വാഗ്ദാനം ചെയ്‌തെങ്കിലും പലതും തിരസ്‌കരിച്ചു. ഈ വാര്‍ത്തയറിഞ്ഞ് ക്യാനഡയില്‍ താമസിക്കുന്ന സ്ത്രീയാണ് ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ വാങ്ങികൊടുത്തതും. പോലീസുകാരും കണ്ടറിഞ്ഞുതന്നെ സഹായിച്ചു. ജീവന്‍ വേര്‍പെടുന്ന നിമിഷം മുതല്‍ ഒരാള്‍ വെറും ശവമായി മാറുകയാണ്. സാറിനെ എടുത്തോ എന്നല്ല ആരും ചോദിക്കുക. ശവം എടുത്തോ എന്നാണ്.

എത്ര വലിയവന്റേയും സംസ്‌കാരം ശവമടക്ക് മാത്രമാണ്. 2018-ലെ പ്രളയകാലത്ത് ഒലിച്ചുപോയ മൃഗങ്ങളെ തേടിയുള്ള തിരച്ചിലിലായിരുന്നു.
ഇന്ന് വിനുവിന്റെ ജീവിതത്തിലും മാറ്റങ്ങള്‍ വന്നു. വിനുവിനെ മനസ്സിലാക്കി ഒരു പെണ്‍കുട്ടിയും ജീവിതത്തിലേക്കുവന്നു. ഒരു കുഞ്ഞും പിറന്നു.
സ്വന്തമായൊരു വീടിനേക്കാള്‍ വിനു സ്വപ്നം കാണുന്നത്. സ്വന്തമായൊരു ശ്മശാനമാണ്. മനുഷ്യനോ മൃഗത്തിനോ ആര്‍ക്കും മൃതദേഹവുമായി അവിടേക്ക് വരാം. കാലാകാലം വിശ്രമിക്കാം.