1990കളിലെ സിനിമകളുടെ ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി പ്രവർത്തിച്ചതിന്റെ ഓർമകൾ പങ്കുവെക്കുന്ന മധുപാലിന്റെ ഏറ്റവും പുതിയ പുസ്തകമാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ‘മായാസഞ്ചാരം’. പ്രസ്തുത കൃതിയെക്കുറിച്ചുള്ള കുറിപ്പ് വായിക്കാം.

To advertise here,

'A film is a petrified fountain of thought.'- Jean Cocteau
ജീവിതത്തിന്റെ അനിശ്ചിതത്വങ്ങളെ സിനിമ തൊട്ടറിയുന്നതും നമ്മുടെ മുൻപിൽ കാവ്യാനുഭവമാക്കി മാറ്റുന്നതുമെങ്ങനെയെന്ന് സിനിമാറ്റിക്കായി വിശദീകരിക്കുന്ന ഒരു ഓർമക്കുറിപ്പാണ് ‘മായാസഞ്ചാരം’. പ്രശസ്ത നടനും തിരക്കഥാകൃത്തും സംവിധായകനുമായ മധുപാലിന്റെ ജീവിതത്തിലേക്ക് സിനിമയെത്തിയതും അദ്ദേഹം സിനിമയുടെ ഭാഗമായത് എങ്ങനെയെന്നുമുള്ള ആദ്യകാലാനുഭവങ്ങളാണ് മായാസഞ്ചാരത്തിലെ പ്രമേയമായി വരുന്നത്.

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൽ ഇന്ത്യൻ സിനിമയിലെ തന്നെ മഹാത്ഭുതങ്ങളായ പ്രതിഭകളോടൊപ്പം സിനിമയെ അറിയാനും ആസ്വദിക്കാനും സിനിമയുടെ ഭാഗമാകാനും സാധിച്ച അനുഭവങ്ങളാണ് മധുപാൽ പത്ത് അധ്യായങ്ങളിലൂടെ അവതരിപ്പിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട നിരവധി പേരുടെ ആത്മാനുഭവങ്ങൾ വായിച്ചിട്ടുണ്ടെങ്കിലും സിനിമയുടെ അണിയറജീവിതം പ്രമേയമായി വരുന്ന ഇത്തരം കൃതികൾ അപൂർവമാണ്.
'എന്ത് ചെയ്യുമ്പോഴും അത് മുഴുവനായി പഠിക്കാനായില്ലെങ്കിൽ നമ്മൾ എവിടെയും എത്തില്ല. അറിയില്ലെങ്കിൽ അത് അറിയുന്നവരോട് ചോദിച്ചു മനസ്സിലാക്കണം' എന്ന ആദ്യ പാഠത്തിലൂടെ, ഭരത് ഗോപി എന്ന പ്രതിഭാസത്തിലൂടെയാണ് മധുപാലിന്റെ ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. അതും അദ്ദേഹത്തിന്റെ ആദ്യ കുഞ്ഞിനോടൊപ്പമാണ് ആദ്യ സിനിമയുടെ പിറവിയുമുണ്ടാകുന്നത്.
സിനിമയെ യാദൃച്ഛികതകളുടെ കൂമ്പാരമായും, അത്ഭുതങ്ങളുടെ പ്രഹേളികയായും സ്വയം സങ്കല്പിക്കുന്നൊരാൾ, അമിതമായി ആഗ്രഹിക്കുന്നതിനെല്ലാം പ്രകൃതി കൂട്ടുനിൽക്കുമെന്ന് കരുതുന്നൊരാൾ, ഉരയ്ക്കുവാനൊരു കല്ലുണ്ടെങ്കിൽ മാത്രമേ സ്വർണത്തിന്റെ മാറ്ററിയൂ എന്ന് ചിന്തിക്കുന്നൊരാൾ സിനിമയിലേക്ക് പിച്ചവെക്കുന്നതും സിനിമയുടെ ഭാഗമാകുന്നതും വേറിട്ട ഒരനുഭവമാണ്. പരാജയങ്ങളെയും തിരസ്‌കാരങ്ങളെയും സംയമനത്തോടെ കാണാൻ കഴിയുന്ന ഒരാളുടെ അനുഭവങ്ങളെന്ന നിലയിൽ ഈ വായന ഒരു മോട്ടിവേഷണൽ ഇഫക്ട് നൽകുന്നുണ്ട്.

സിനിമയോടൊപ്പം കാണുന്ന വാഹനങ്ങൾക്കുകൂടി ചില കഥകളുണ്ടെന്ന് അത്ഭുതത്തോടെയാണ് നമ്മൾ തിരിച്ചറിയുന്നത്. സിനിമയുടെ കാണാപ്പുറങ്ങളിലേക്കുള്ള തിരനോട്ടമായ ഈ രചന രചയിതാവിന്റെ തന്നെ വാക്കുകൾ കടമെടുത്താൽ, ശാന്തമായൊഴുകുന്ന ഒരു കടലിലെ കപ്പൽയാത്രയല്ല സിനിമ എന്ന് അനുവാചകനെ ബോധ്യപ്പെടുത്തുന്നു. തിരശ്ശീലയിലെ പെർഫക്ട് കട്ട് വേർഷനപ്പുറം സിനിമ കടന്നുപോകുന്ന നൂറുകണക്കിനു മനുഷ്യരുടെ ചിന്തകളും പ്രയത്നവും സന്തോഷവും പലപ്പോഴും നിരാശകളും കൂടി മായാസഞ്ചാരം പറഞ്ഞുവെക്കുന്നുണ്ട്. രജനികാന്ത്, മോഹൻലാൽ പോലുള്ള സിനിമാത്ഭുതങ്ങളെ വിസ്മയത്തോടെയാണ് ഈ പുസ്തകം അവതരിപ്പിക്കുന്നത്.

യമനം, ശരറാന്തൽ, ഗുരു, ബട്ടർഫ്ലൈസ്, കാശ്മീരം, പാഥേയം തുടങ്ങി മലയാളികൾ എന്നും ഓർക്കുന്ന ഏതാനും ചില ചിത്രങ്ങൾ മാത്രമാണ് ഇതിൽ പരാമർശിച്ചിട്ടുള്ളത്. തങ്കക്കൊലുസ്, ആസ്ട്രേലിയ എന്നിങ്ങനെ ചിത്രീകരണത്തിൽ മാത്രമൊതുങ്ങിയ സിനിമകളെക്കുറിച്ചും പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.
'സിനിമ എന്നത് പൂർണമായ ഒരു കൃതിയാവണം' എന്ന് പഠിച്ച അടിമുടി സിനിമാക്കാരനായ ഒരാളുടെ സിനിമയെഴുത്ത് തീർച്ചയായും ദൃശ്യാനുഭവത്തിന്റെ പ്രതീതി ജനിപ്പിക്കുന്നതാവുമല്ലോ? കാഴ്ചക്കാരോടെന്ന പോലെ വായനക്കാരോടും നീതിപുലർത്തുന്ന ഒരനുഭവമാണ് മായാസഞ്ചാരം എന്ന പേരിൽ വായനക്ഷമതയോടെ രേഖപ്പെടുത്തിയിരിക്കുന്നത്.

അസിസ്റ്റന്റ് ഡയറക്ടറായും അഭിനേതാവായും സിനിമയുടെയും സീരിയലിന്റെയും ഭാഗമായ ആദ്യകാലങ്ങളാണ് ഈ രചനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തീർച്ചയായും ആ സിനിമകളുടെ കാഴ്ചയനുഭവങ്ങളുടെ വീണ്ടെടുപ്പ് കൂടിയായി വാനക്കാർക്ക് അനുഭവപ്പെടുന്ന പുസ്തകം തുടർച്ച കൂടി ആവശ്യപ്പെടുന്നുണ്ട്.