മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച സന്ധ്യാമേരിയുടെ നോവല്‍ 'മരിയ വെറും മരിയ' ജോജോ ആന്റണിയുടെ വായനയില്‍...
മലയാള സാഹിത്യത്തില്‍ ഇതിനു മുമ്പ് ഒരുപക്ഷെ ബഷീറില്‍ മാത്രം കണ്ടിട്ടുള്ള പ്രസാദാത്മകത്വം, വി.കെ.എന്നിന്റേതുപോലെയുള്ള ഹിംസാത്മകമായ നര്‍മ്മമല്ലാത്ത തെളിവുള്ള ഒരുതരം നര്‍മ്മബോധം, സത്യമേത്, മിഥ്യയേത്, ചിന്തയേത്, ചിരിയേത് എന്ന് തിരിച്ചറിയണമെന്ന് നിര്‍ബന്ധബുദ്ധിയില്ലാത്ത ആഖ്യാനം, സ്വന്തം അനുഭവങ്ങളെ അവനവനില്‍ നിന്നുതന്നെ മൂന്നുവട്ടം മാറിനിന്ന് കണ്ടാസ്വദിക്കുന്ന രീതി. സന്ധ്യാമേരിയുടെ 'മരിയ വെറും മരിയ' എന്ന നോവലിനെക്കുറിച്ചാണ് വിവക്ഷ.
ഒരു കുടുംബപരമ്പരയിലെ പല തലമുറകളിലെ മനുഷ്യര്‍ തമ്മില്‍തമ്മില്‍, യഥാര്‍ത്ഥമെന്നോ അയഥാര്‍ത്ഥമെന്നോ തിരിച്ചറിവില്ലാത്ത ഒരു ഭൂപ്രകൃതിയില്‍, പരസ്പരം ഇടപെടുമ്പോള്‍ തെറിക്കുന്ന സ്ഫുലിംഗങ്ങളാണ് ഈ നോവലിന്റെ ഇരുന്നൂറോളം പേജുകള്‍ നിറയെ. അവിടെ വിശ്വാസികളോട് നിരന്തരം വിനിമയത്തില്‍ ഏര്‍പ്പെടുന്ന ഒരു പുണ്യവാളനുണ്ട്, പല തലമുറകളുടെ പ്രതിനിധികളായി കുറെ തോന്ന്യവാസികളായ മനുഷ്യരുണ്ട്, അവരുടെ കുട്ടികളുണ്ട്, കുട്ടികളുടെ കുട്ടികളുണ്ട്, വികാരവും പ്രവൃത്തിയും തമ്മില്‍ തിരിച്ചറിവില്ലാത്ത നാട്ടുകാരുണ്ട്, 'ഭയങ്കര പവറുകാരി' പെണ്‍കുട്ടികളുടെ പാവാട കടിച്ചു വലിക്കുന്ന ചാണ്ടിപ്പട്ടിയുണ്ട്, വല്യപ്പച്ചനെ 'അതേന്നേ' എന്ന് വിളിക്കുന്ന അമ്മിണിതത്തയുണ്ട്, അവരുടെയിടയില്‍, സ്വന്തം ചിന്തകളെ വഴിയിലെവിടെയും മറന്നുവച്ചു പോകുന്ന ഒരു വെറും മരിയയും.
വായിക്കണം സകലരുമീ പുസ്തകം. കാരണം, ഇതിലെ വാക്കുകള്‍, ആ വാക്കുകള്‍ കൊണ്ടുണ്ടാക്കപ്പെട്ട ലോകം, ഒരു നല്ല വായനയാണ്.
മലയാളിജീവിതത്തിന്റെ, പ്രത്യേകിച്ച് നസ്രാണിജീവിതത്തിന്റെ, രസക്കൂട്ടുകള്‍ മണക്കുമ്പോഴും, ഒരു സാര്‍വലൗകീകത ഈ കൃതിയുടെ നന്മകളിലൊന്നാണ്. മരിയ അംപാരോ എസ്‌ക്കാന്‍ഡോണിന്റെ 'എസ്പരാന്‍സയുടെ ഒരു പെട്ടി പുണ്യവാളന്‍മാര്‍' (Esparanza's Box of Saints) എന്ന കൃതിയില്‍ നമ്മള്‍ കണ്ട ഇഹലോകവും പരലോകവും തമ്മിലുള്ള നിലയ്ക്കാത്ത സംവാദം ഇവിടെയും കാണാം. രണ്ടു പുസ്തകങ്ങളും തമ്മില്‍ ബന്ധമുണ്ട് എന്നല്ല ഉദ്ദേശം, രണ്ടിലും നിര്‍വ്യാജമായ ഒരു തരം മതബോധമുണ്ട് എന്നതുകൊണ്ട് മെക്‌സിക്കോയില്‍ നിന്ന് വന്ന പുസ്തകം ഓര്‍ത്തുപോയി എന്നു മാത്രം.
ഘടനാപരമായ, രചനാപരമായ, വൈകാരികമായ ഒരു സ്വാതന്ത്ര്യപ്രഖ്യാപനമാണ് ഈ നോവല്‍. കഥാകാരി കഥ പറഞ്ഞുപറഞ്ഞു പോകുകയാണോ, അതോ കഥ, അതുപോകുന്നിടത്തെല്ലാം കഥാകാരിയെ വലിച്ചുകൊണ്ടു പോകുകയാണോ എന്നൊരു സന്ദേഹം തെളിയൂറി നില്‍ക്കുന്നുണ്ട്, വായനയിലുടനീളം, വായന കഴിഞ്ഞും. അത്രമാത്രം നിര്‍വിഘ്‌നമാണ് കഥാഗതി. എന്നാല്‍ കഥ മാത്രമല്ല ഈ കഥ. അതിനേക്കാള്‍, നര്‍മ്മത്തിന്റെ നേര്‍ത്ത ഒരാവരണമിട്ട കഥപറച്ചിലാണ്. അതുതന്നെയാണ് ഈ കൃതിയെ നല്ല സാഹിത്യമാക്കുന്നതും.
'മീശ'യോടൊപ്പം, 2018-ല്‍ പുറത്തിറങ്ങിയ നല്ല നോവലുകളില്‍ ഒന്നാണിത്. ചരിത്രം തിരിമറി കാട്ടിയില്ലെങ്കില്‍, മലയാളനോവല്‍സാഹിത്യത്തിന്റെ പാതയോരത്ത് തെളിമയോടെ കാണപ്പെടേണ്ട രചനകളിലൊന്ന്. സാഹിത്യമേന്മയുടെ കണക്കെടുപ്പില്‍ ശരാശരിയില്‍ താഴെ മാത്രം വരുന്ന കൃതികള്‍ ആഘോഷിക്കപ്പെടുകയും ബഹുമതികള്‍ പങ്കിട്ടെടുക്കുകയും ചെയ്യുന്നത് നമ്മുടെ ഇന്നത്തെ അനുഭവമാണ്. ആധുനിക വായന ആവശ്യപ്പെടുന്ന വിപണനതന്ത്രങ്ങള്‍ കൃത്യമായി ഉപയോഗിക്കുവാന്‍ ആ കൃതികളുടെ കര്‍ത്താക്കള്‍ക്ക് കഴിയുന്നതു കൊണ്ടാവാം അങ്ങനെ. അത്തരം രീതികള്‍ക്ക് പുറംതിരിഞ്ഞാണ് ഈ കഥാകാരിയുടെ നില്‍പ്പ് എന്ന് തോന്നുന്നു. അതുകൊണ്ടു് തന്നെ ഒരു പക്ഷെ ഈ കൃതി തമസ്‌ക്കരിക്കപ്പെട്ടു പോയേക്കാം. അങ്ങനെ വന്നാല്‍ നഷ്ടം മലയാളസാഹിത്യത്തിന്റേതാണ്.
Content Highlights: jojo antony reviews sandhya mary novel mariya verum mariya mathrubhumi books
Published: 09 Nov 2024, 09:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented