'പിറുപിറുക്കുന്ന വീടുകള്‍' എന്നത്, എം.ടിയുടെ സാഹിത്യലോകത്തിലേക്കുള്ള താക്കോല്‍ വാചകമാണെന്നു കേള്‍ക്കുമ്പോള്‍, അത്ഭുതവും ആനന്ദവും തോന്നുന്നില്ലേ? മുസഫര്‍ അഹമ്മദിന്റെ, 'ബഷീറും എം.ടിയും പാമുക്കും മലബാറിലെ പന്തയക്കുതിരകളും' എന്ന പുസ്തകത്തിലെ ആദ്യവാചകം ഇങ്ങനെയാണ്: ''ചിരി. പിന്നെ നിശ്ശബ്ദത. ഒരാള്‍ എന്തോ പിറുപിറുത്തു. പടരുന്ന ചില പിറുപിറുപ്പുകള്‍. അവയ്ക്കു വിവര്‍ത്തനമില്ല (എം.ടിയുടെ യാത്രകള്‍, പേജ് 190). പിറുപിറുപ്പിന് വിവര്‍ത്തനം അസാധ്യം, പക്ഷെ 'ഒറിജിനല്‍ സാധ്യം' എന്നാണ് ആ വാചകത്തിന്റെ ഒരര്‍ഥം.'' (P-9).
എം.ടിയുടെ കഥാപാത്രങ്ങള്‍ ദേഷ്യത്തേയും സങ്കടത്തേയും പ്രതിഷേധത്തേയും പ്രതിരോധത്തേയുമൊക്കെ പിറുപിറുക്കലിന്റെ ഭാഷയില്‍ ആവിഷ്‌ക്കരിക്കുന്നവരാണ്; അധികാരത്തോടു കലഹിക്കാന്‍ മറ്റു വഴികള്‍ കണ്ടെത്താനാവാത്തവര്‍. ഒറ്റയൊറ്റ വ്യക്തികളുടെ വികാരപ്രകടനം എന്നതിലുപരി, വീടിന്റെ പൊതുവായ വികാരാവിഷ്‌ക്കാരമായിട്ടാണ്, എം.ടിയില്‍ 'പിറുപിറുപ്പ്' പ്രത്യക്ഷപ്പെടുന്നത്. വീടിനെക്കുറിച്ചുള്ള തന്റെ സങ്കല്‍പ്പം, നിത്യചൈതന്യയതിയെ ഉദ്ധരിച്ചുകൊണ്ട് എം.ടി. തന്നെ വിശദീകരിച്ചിട്ടുമുണ്ട്: 'വീട് കുറച്ചു മനുഷ്യജീവികളുടെ ഒരു പാര്‍പ്പിടം മാത്രമല്ല, ഒരു ചിന്താരീതിയാണ്, ഒരു തത്വശാസ്ത്രമാണ്, ഒരു ദര്‍ശനമാണ് (ജീവിതത്തിലേക്കുള്ള ജാലകം/കിളി വാതിലിലൂടെ പേജ് 100)''. അപ്പോള്‍, പിറുപിറുക്കുന്ന വീടുകള്‍ എന്നത്, മനുഷ്യവികാരങ്ങളെ ശക്തമായി പ്രതിനിധീകരിക്കുന്നൊരു അചേതന മനസ്സാന്നെന്ന് നമുക്ക് വെളിപാടുണ്ടാകുന്നു.
എം.ടിയെക്കുറിച്ച് പറയുമ്പോള്‍ സമാന്തരമായി സ്പര്‍ശിക്കുന്ന രണ്ടുപേര്‍ വി.സി. ഹാരിസും ടി.കെ.സി. വടുതലയുമാണ്. ''ഇന്ദുലേഖയില്‍നിന്നു നാലുകെട്ടില്‍ എത്തുമ്പോള്‍ മലയാളിയുടെ കുടുംബത്തെപ്പറ്റിയും തറവാടിനെപ്പറ്റിയും ഒരുപാടു സങ്കല്‍പ്പങ്ങള്‍ തകിടംമറിയുന്നതായി നമുക്ക് കാണാം. (ഡോ. വി.സി. ഹാരിസ് /ലിറ്റററി സെന്‍സിബിലിറ്റിയുടെ ബാരോമീറ്റര്‍/എം.ടി. അനുഭവങ്ങളുടെ പുസ്തകം/പേജ് 52). എന്ന ഹാരിസിന്റെ നിരീക്ഷണത്തെ മുന്‍നിര്‍ത്തി, 'കേരളത്തിലെ കുടുംബങ്ങളും തറവാടുകളും എങ്ങനെയെല്ലാം മാറി മറിഞ്ഞു, നാലുകെട്ടുകള്‍ എന്തുകൊണ്ടു പൊളിച്ചുമാറ്റപ്പെട്ടു, പിന്നീട് വന്ന വീടുകളിലെ മനുഷ്യര്‍ എങ്ങിനെ ജീവിച്ചു?'' എന്നിങ്ങനെ നിരവധി ചോദ്യങ്ങളിലേക്ക് നയിക്കുന്നുണ്ട്, മുസഫര്‍ അഹമ്മദ്. വി.സി. ഹാരിസിന്റെ ഈ നിരീക്ഷണത്തോളം തന്നെ പ്രാധാന്യമുണ്ട്, ബര്‍ണാഡ് മാലെ മൂഡിന്റെ കുടികിടപ്പുകാര്‍ എന്ന നോവലിനെപ്പറ്റി പറഞ്ഞുകൊണ്ട് മുസഫര്‍ അഹമ്മദ് എത്തിച്ചേരുന്ന നിരീക്ഷണങ്ങള്‍ക്കും: ''വീടുകളും എടുപ്പുകളും നിലനിര്‍ത്തണോ കാലം ആവശ്യപ്പെടുന്നതിനനുസരിച്ച് പൊളിക്കണോ എന്ന ചോദ്യത്തോട് എം.ടി. തന്റെ ഒരു സാഹിത്യ നിരീക്ഷണ ലേഖനത്തില്‍ എഴുതി: 'ജീര്‍ണ്ണിച്ച ആ സൗധം എന്തുകൊണ്ട് ലെസ്സര്‍ വിട്ടുപോകുന്നില്ല? പഴയ സൗധം ആധുനിക യാന്ത്രികയുഗത്തിന്റെ പ്രലോഭനങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന ശില്‍പ്പം തന്നെയാണ്. മുതലാളിയുടെ വ്യാപാരസൗധത്തിനു വേണ്ടി ബുള്‍ഡോസറുകള്‍ നിരപ്പാക്കുന്നത് ചെറുത്തുനില്‍ക്കുകയാണ് ലെസ്സര്‍. ഇത് നമുക്കെല്ലാവര്‍ക്കും വേണ്ടിയാണ്' (കിളിവാതിലിലൂടെ/ പേജ് 218).'
എടുപ്പുകളും വീടുകളും സൗധങ്ങളും നിലനിര്‍ത്തണോ പൊളിക്കണോ എന്ന ചോദ്യത്തെ എം.ടി. എങ്ങനെയെല്ലാം അഭിമുഖീകരിച്ചു എന്നതിനുള്ള ഉത്തരങ്ങളിലൊന്നാണ് ഈ പരമാര്‍ശം. ഇവിടെ പഴയ കെട്ടിടം പൊളിക്കുന്നതിനെ പ്രതിരോധിക്കുന്ന ലെസ്സര്‍ എന്ന കഥാപാത്രത്തെ നമുക്ക് അപ്പുണ്ണിയോട് ചേര്‍ത്ത് ചിന്തിക്കാം. അപ്പുണ്ണി പൊളിയ്ക്കാന്‍ ആഗ്രഹിക്കുന്നത് പഴയ എടുപ്പിനേയല്ല, ആ എടുപ്പിലൂടെ സാധ്യമാക്കിയ ചിന്താരീതിയെയാണ് എന്നും അനിവാര്യമായ, ഒഴിച്ചുകൂടാന്‍ പറ്റാത്ത മാറ്റങ്ങള്‍ക്കൊപ്പമുള്ള പൊളിച്ചുപണിയലുകളാണ് എം.ടി. സാഹിത്യം മുന്നോട്ടുവെക്കുന്നത് എന്നും ഉള്ള നിരീക്ഷണങ്ങള്‍ മനുഷ്യപുരോഗമനത്തില്‍, നിലനിര്‍ത്തേണ്ടതിനെ നിലനിര്‍ത്തുക, അല്ലാത്തത് പൊളിച്ചുമാറ്റുക എന്ന പ്രായോഗിക നിലപാടായിരുന്നു എം.ടിയുടേത് എന്ന തിരിച്ചറിവിലേയ്ക്കാണ് നമ്മളെ നയിക്കുന്നത്.
ഷെര്‍ലക്കിന്റെ നഖങ്ങളെക്കുറിച്ചെഴുതിയ മറ്റൊരു ലേഖനത്തില്‍ ഈ കാഴ്ച്ചയുടെ തുടര്‍ച്ചയുണ്ട്: എം.ടിയുടെ കഥകളിലും നോവലുകളിലും പ്രത്യക്ഷപ്പെടുന്ന, തകര്‍ന്ന നായര്‍ തറവാട്ടിന്റെ ഇരുട്ടില്‍ത്തന്നെ കഴിയുന്ന സ്ത്രീകളേയും 'വളര്‍ന്ന് വലുതാകണം' എന്ന പ്രഖ്യാപനത്തോടെ തറവാട് വിട്ടുപോകുന്നവരേയും മുന്‍നിര്‍ത്തി അദ്ദേഹം എഴുതുന്നു: ''തൊഴില്‍ പ്രവാസം എന്ന യാഥാര്‍ത്ഥ്യമാണ് നായര്‍ മേധാവിത്തം തകര്‍ന്നപ്പോള്‍ അത്തരം തറവാടുകളിലെ അംഗങ്ങളെ അതിജീവിക്കാന്‍ സഹായിച്ചത്''. ഈ പ്രസ്താവനയെ സാധൂകരിക്കാന്‍ അദ്ദേഹം നല്കുന്ന വിശദീകരണം വളരെ പ്രസക്തമാണ്: ''ലോകമെങ്ങുമുള്ള മലയാളി ഡയസ്‌പോറയെക്കുറിച്ച് പഠിച്ചാല്‍ ഇക്കാര്യം മനസ്സിലാക്കാന്‍ കഴിയും.'' എം.ടിയുടെ ഫിക്ഷനുകളെ അദ്ദേഹത്തിന്റെ നോണ്‍ ഫിക്ഷന്‍ രചനകളുടെ പശ്ചാത്തലത്തില്‍ പരിശോധിക്കുകയാണ് ഇവിടെയെല്ലാം ഗ്രന്ഥകാരന്‍ ചെയ്യുന്നത്. എന്തുകൊണ്ട് നാലുകെട്ടുകള്‍ പൊളിഞ്ഞു എന്നതിന്റെ എക്സ്റ്റന്‍ഷന്‍ എന്ന നിലയില്‍ ആലോചിക്കുമ്പോള്‍ രസകരമായ ഒരു ചിത്രം കൂടി മനസ്സില്‍ വരുന്നു: പൊളിഞ്ഞുപോയ നാലുകെട്ടുകള്‍ നാലായിരം സ്‌ക്വയര്‍ ഫീറ്റില്‍ നടുമുറ്റവും പടിപ്പുരയുമുള്ള വീടുകളായി ഇപ്പോഴും കേരളത്തില്‍ സുലഭമാണ്- മലയാളിയുടെ നാലുകെട്ടു സിന്‍ഡ്രോം എന്നാണ് ഇതിനെ വിളിക്കാന്‍ തോന്നാറുള്ളത്: അപ്പുണ്ണിയില്‍ പ്രവര്‍ത്തിച്ച പുതിയ ചിന്താരീതി കേരളീയ സമൂഹത്തില്‍ പ്രവര്‍ത്തിച്ചില്ല എന്നര്‍ത്ഥം.
മുസഫര്‍ അഹമ്മദിന് കാണാതിരിക്കാന്‍ കഴിയാത്ത മറ്റൊരു വിഭാഗം ദളിതരാണ്. തറവാടുകളുടെ തകര്‍ച്ചയും അതിന്നിടയില്‍ ഞെരുങ്ങിപ്പോയ നായര്‍ സമുദായത്തെയും ചിത്രീകരിക്കുമ്പോള്‍ എം.ടി. കാണാതെപോയ വിഭാഗമാണവര്‍. ഇതേ തറവാടുകളില്‍ അടിമപ്പണി ചെയ്തിരുന്ന ദളിതര്‍. 'പൊതുജീവിത'ത്തില്‍ ഒരിക്കലും ഇടം കിട്ടാത്തവര്‍. ഈ മനുഷ്യരെക്കുറിച്ച് അക്കാലത്ത് കഥകളെഴുതിയ ടി.കെ.സി. വടുതലയെ ഗ്രന്ഥകാരന്‍ അടയാളപ്പെടുത്തുന്നതു ശ്രദ്ധിക്കുക: ''എം.ടിയുടെ വിഖ്യാതമായ ചില കഥകള്‍ വരുന്ന കാലത്തു തന്നെയാണ് ടി.കെ.സിയുടെ കഥകളും വന്നത്. എം.ടി. ആവിഷ്‌ക്കരിക്കാത്ത നാലുകെട്ടിലെ പുറംതൊടിയിലും തളങ്ങളിലും അടിമവേലയെടുത്തു ജീവിച്ച ദളിതരുടെ ശബ്ദമാണ് ടി.കെ.സിയുടെ കഥകളില്‍ നാം കേട്ടുകൊണ്ടിരിക്കുന്നത്. അതൊരു പൂരണശ്രമമല്ല, ചരിത്രമില്ലാത്തവരുടെ ശബ്ദംതന്നെയായിരുന്നു.'' (P-38,39)
ടി.കെ.സിയെ കുറിച്ച് വായിച്ചപ്പോള്‍ രാജലക്ഷ്മിയെക്കൂടി ഓര്‍ത്തു. ഇതേവിധത്തില്‍ തകര്‍ന്നു തുടങ്ങിയ നായര്‍ തറവാടുകളിലെ പല തരം സ്ത്രീകളെക്കുറിച്ച് എഴുതാനാണ് അവര്‍ ശ്രമിച്ചത്, പക്ഷേ, മുന്നോട്ടു പോകാനായില്ല. പലരും പറഞ്ഞിട്ടുള്ള പോലെ, പുരുഷനായിരുന്നുവെങ്കില്‍ രാജലക്ഷ്മിയ്ക്ക് ആത്മഹത്യ ചെയ്യേണ്ടി വരില്ലായിരുന്നു എന്ന തോന്നലുണ്ടാക്കുന്ന സങ്കടം ചെറുതല്ല.
ഇതിന്റെ തുടര്‍ച്ചയായിത്തന്നെ, 'ചിത്രത്തെരുവുകള്‍' എന്ന പുസ്തകത്തില്‍ ആഖ്യാനം ചെയ്യപ്പെടുന്ന എം.ടിയുടെ ഹോട്ടല്‍ ജീവിതവുമുണ്ട്: ''ഹോട്ടല്‍ മുറികളിലൂടെയുള്ള ഈ യാത്രയെ എം.ടി. വിശേഷിപ്പിക്കുന്നത് 'എഴുത്തുമേശ ഇടാനുള്ള സ്ഥലം തേടി നടത്തിയ യാത്രകള്‍' എന്നാണ്. വീടുകള്‍ എഴുതാന്‍ സഹായിക്കാത്ത പാര്‍പ്പ് പുരകളാണെന്ന ഒരു സങ്കല്‍പ്പം, അതായത് വീടുകള്‍ സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് പറ്റിയ ഇടങ്ങളല്ല എന്ന ഒരു വിമര്‍ശനം നേരിട്ടല്ലാതെ എം.ടി. ഈ പ്രയോഗത്തിലൂടെ പറയുന്നുണ്ട്. മലയാളി വീടുകള്‍ക്കു നേരെയുള്ളതു തന്നെയാണ് ആ വിമര്‍ശനം -'' (P-18). ഇക്കാലത്ത്, സ്ത്രീകള്‍ തിരക്കഥാരംഗത്ത് അപൂര്‍വമല്ല എന്ന് എഴുത്തുകാരന്‍ പറയുന്നുണ്ടെങ്കിലും എഴുത്തുമേശയിടാന്‍ ഹോട്ടല്‍ മുറികളെ ആശ്രയിക്കാവുന്ന സ്ഥിതിയില്‍ മലയാളി എഴുത്തുകാരികള്‍ മാറിയിട്ടുണ്ടോ എന്ന സന്ദേഹവും ഇതു വായിച്ചപ്പോഴുണ്ടായി.
'എം.ടി.യുടെ യാത്രകള്‍' എന്ന പുസ്തകത്തെ മുന്‍നിര്‍ത്തി ഈ കൃതി ആരംഭിക്കുന്നുവെന്നത് യാദൃച്ഛികമല്ല. എല്ലാവരിലും ഒരു സഞ്ചാരിയെ തിരയുന്ന എഴുത്തുകാരനാണ് മുസഫര്‍ അഹമ്മദ്. ബഷീറിനെക്കുറിച്ചു പറയുമ്പോള്‍, അദ്ദേഹം 'ഒരു ട്രാവല്‍ ഫിക്ഷന്‍ എഴുത്തുകാരനാണ്' എന്നു പറയാന്‍ കഴിയുന്നത് അതുകൊണ്ടാണ്. മലയാളത്തില്‍ എഴുതിയ വിശ്വസാഹിത്യകാരന്‍ എന്ന നിലയില്‍ ബഷീറിനെ കണ്ടെടുക്കാനും 'ബഷീറിന്റെ ഭാവി' എന്നത് മലയാള സാഹിത്യത്തിന്റെ തന്നെ ഭാവിയാണ് എന്ന് തിരിച്ചറിയാനും ഗ്രന്ഥകാരന് സാധിക്കുന്നുണ്ട്. പലരും കാണാത്ത ബഷീറിനെ അടയാളപ്പെടുത്തുന്ന ചില സന്ദര്‍ഭങ്ങള്‍ ശ്രദ്ധിക്കൂ.
ഒന്ന്: ''കുഴിയാനയെ പിടിച്ചിട്ട് അടച്ച തീപ്പെട്ടിക്കൂടുമായി ആഷറെ കാത്തിരുന്ന ബഷീറിനെ ഞാനന്നേരം ഓര്‍ത്തു. ആഷറിന് കുഴിയാന എന്ന ജീവിയെ മനസ്സിലായില്ല. കത്തിടപാടുകളിലൂടെ ബഷീര്‍ അതിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. Antlion എന്ന പദം ചിലപ്പോള്‍ ആഷര്‍ക്ക് പിടിച്ചിരിക്കില്ല. എന്തായാലും ബഷീര്‍ തന്റെ വിവര്‍ത്തകന് പിഴയ്ക്കരുത് എന്ന് കരുതി കുഴിയാനയുമായി ആഷറെ കാത്തിരുന്നു. വിവര്‍ത്തനത്തില്‍ തന്റെ എഴുത്തിനുള്ള ഭാവിയല്ലാതെ മറ്റെന്തായിരിക്കും കുഴിയാനയുമായുള്ള കാത്തിരിപ്പിന് ബഷീറിനെ പ്രേരിപ്പിച്ചിരിക്കുക?'' (P-47 )
രണ്ട്: മതിലുകളിലെ, 'തടവറയെ വീടാക്കുന്ന' ബഷീറിനെ കാണിച്ചു തന്നിട്ട് അദ്ദേഹമെഴുതുന്നു: ''അയാളവിടെ പൂന്തോട്ടമുണ്ടാക്കുകയാണ്. ആരുടേയും നിര്‍ബന്ധം കൊണ്ടല്ല ആ പൂന്തോട്ടമുണ്ടാകുന്നത്. തന്റെ ആവാസസ്ഥലത്ത് ഒരു പൂന്തോട്ടം വേണമെന്ന ഒരു തടവുകാരന്റെ തിരിച്ചറിവാണ് അവിടെ പ്രവര്‍ത്തിക്കുന്നത്. വീട് തടവാകുന്ന പല സന്ദര്‍ഭങ്ങള്‍ ബഷീര്‍ അവതരിപ്പിച്ചിട്ടുണ്ട്. പാത്തുമ്മയുടെ ആട് തന്നെ ഏറ്റവും മുന്തിയ ഉദാഹരണം. എന്നാല്‍ തടവ്തന്നെ മതിലുകളില്‍ വീടാവുകയാണ്.''
2021-ലെ ഇന്റര്‍നാഷണല്‍ ബുക്കര്‍ പ്രൈസ് ലഭിച്ച ഫ്രഞ്ച്-സെനഗളീസ് എഴുത്തുകാരന്‍ ഡേവിഡ് ദിയോപിന്റെ, 'നോവല്‍ അറ്റ് നൈറ്റ് ആള്‍ ബ്ലഡ് ഈസ് ബ്ലാക്ക്' എന്ന പുസ്തകത്തെ ബഷീറിന്റെ 'ശബ്ദങ്ങള്‍ (1947) എന്ന കൃതിയുമായി താരതമ്യപ്പെടുത്തിയുള്ള ആലോചന ഏറെ പ്രസക്തമാണ്: ''ദിയോപിന്റെ നോവലില്‍ ഒന്നാം ലോകയുദ്ധത്തില്‍ ഫ്രഞ്ച് സൈനികനായി പ്രവര്‍ത്തിച്ച സെനഗളീസ് യുവാവിന്റെ ആത്മവിലാപങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കിടങ്ങ് യുദ്ധത്തിന്റെ (ട്രഞ്ച് വാര്‍) കണ്ണാടി പ്രതിരൂപമാണ് ഈ രചന. ഒന്നാം ലോകയുദ്ധത്തിന് നൂറു വയസ്സാകുമ്പോഴാണ് ദിയോപിന്റെ നോവല്‍ പുറത്തുവരികയും ബുക്കര്‍ നേടുകയും ചെയ്തത്. 1939-1945 കാലത്ത് നടന്ന രണ്ടാം ലോകയുദ്ധത്തിലെ സൈനികന്റെ കഥ ബഷീര്‍ 'ശബ്ദങ്ങളി'ലൂടെ അവതരിപ്പിക്കുന്നത് 1947-ലാണ്. യുദ്ധം കഴിഞ്ഞയുടനെ. 'ശബ്ദങ്ങള്‍' ഇറങ്ങിയ കാലത്തും ബഷീര്‍ മരിക്കുന്നതുവരേയും ആ നോവല്‍ മലയാളത്തിലെ പ്രാമാണികരായ നിരൂപകര്‍ക്കും അതിനേക്കാള്‍ പ്രാമാണികരായ വായനക്കാര്‍ക്കും ഒരു അശ്ലീലകൃതി മാത്രമായിരുന്നു. കാരണം അതില്‍ ഹോമോ സെക്ഷാലിറ്റി ഉണ്ട്.-''
എന്നു മാത്രമല്ല, ''നിര്‍ഭാഗ്യവശാല്‍, ശബ്ദങ്ങള്‍ക്ക്, വി. അബ്ദുള്ള ചെയ്ത വിവര്‍ത്തനം (വോയിസസ്) ആ രചനയെ ലോകത്തിന്റെ അരങ്ങില്‍ അവതരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു'' (P-41) എന്നും അദ്ദേഹം എഴുതുന്നു.
നിലവില്‍ ഒരു വിവര്‍ത്തനം ഉണ്ട് എന്നതോ വിവര്‍ത്തനീയമല്ല എന്നതോ ബഷീര്‍ കൃതികളെ വീണ്ടും വീണ്ടും വിവര്‍ത്തനം ചെയ്യുന്നതിന് തടസ്സമാകരുതെന്നും ബഷീറിന് ഇനിയും വിവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്നും അതിലൂടെ അദ്ദേഹത്തിന്റെ സമകാലികത, വിശ്വവിഖ്യാതമാകണമെന്നും ഉള്ള ആവശ്യം ഗ്രന്ഥകാരന്‍ മുന്നോട്ടു വെക്കുന്നു. മാത്രമല്ല, ഇന്നും സാഹിത്യത്തിലെ പ്രധാന പ്രമേയങ്ങളിലൊന്നായ കൊളോണിയല്‍/ പോസ്റ്റ് കൊളോണിയല്‍ ചിന്തകളുടെ പശ്ചാത്തലത്തിലും അദ്ദേഹം ബഷീറിനെ വിലയിരുത്തുന്നുണ്ട്: ''പട്ടാളക്കാരന് മനുഷ്യരക്തം കുടിക്കേണ്ടിവന്ന, മനുഷ്യക്കണ്ണ് വീണുകിടക്കുന്നത് കാണേണ്ടിവന്ന കോളനിക്കാലത്തെ, ബഷീറിനെപ്പോലെ ആവിഷ്‌ക്കരിച്ച മറ്റ് എത്ര ഇന്ത്യന്‍ എഴുത്തുകാര്‍ ഉണ്ട്? അവിടെയാണ് മതിലുകളും ടൈഗറും ശബ്ദങ്ങളും ചേര്‍ന്ന ഒരു പുതിയ 'എസന്‍ഷ്യല്‍ ബഷീര്‍' ഇംഗ്ലീഷ് പരിഭാഷയില്‍ അനിവാര്യമാകുന്നത്. സത്യത്തില്‍ മലയാള സാഹിത്യം ഇന്നാവശ്യപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട 'ലിറ്റററി ആക്ടിവിസം' ഇതാണെന്നുതന്നെ തോന്നുന്നു. കാരണം ബഷീറിനോളം 'പൊളിറ്റിക്കലി കറക്ടാ'യിരുന്ന, പ്രവചനശക്തിയുള്ള, അതിജീവന ബലമുള്ള എഴുത്തുകാരനെ ഇന്ന് നാം ഇങ്ങനയല്ലാതെ മറ്റേത് തരത്തില്‍ ആദരിക്കും? ബഷീര്‍ സാഹിത്യം മാത്രമല്ല, മലയാളം എന്ന ഭാഷ തന്നെ ആദരിക്കപ്പെടുന്ന ഒരു പ്രവൃത്തിയായിരിക്കുമത് -'' (P. 52)
ഗ്രന്ഥകാരന്റെ പോസ്റ്റ് കൊളോണിയല്‍ ചിന്തകളുടെ മൗലികതയെ കുറിച്ചു കൂടി പറയേണ്ടതുണ്ട്. ബഷീറിനെക്കുറിച്ചുള്ള ലേഖനങ്ങള്‍ക്ക് പുറമെ, 'മലബാര്‍ ഒരു പന്തയക്കുതിര', '27 മലബാര്‍ സമരപോരാളികളെ കുതിരവട്ടം മെന്റല്‍ അസൈലത്തില്‍ ബ്രിട്ടീഷുകാര്‍ അടച്ചത് എന്തുകൊണ്ട്?' എന്നിവയിലും കോളനിയനന്തര ചിന്തയുടെ സ്ഫുലിംഗങ്ങള്‍ കാണാം. പോള്‍ എന്ന കുട്ടിയിലൂടെ വികസിക്കുന്ന ഡി.എച്ച്. ലോറന്‍സിന്റെ 'ദ റോക്കിംഗ് ഹോഴ്‌സ് വിന്നര്‍' ആട്ടക്കുതിരയിലെ (മരക്കുതിര) വിജയി എന്ന കഥയെപ്പറ്റി അദ്ദേഹം എഴുതുന്നു: ''ഈ കഥ പ്രസിദ്ധീകരിക്കപ്പെടുമ്പോള്‍ ബ്രിട്ടീഷ് കോളനി ഭരണം യഥാര്‍ത്ഥ മലബാറില്‍ നിന്നും ഊറ്റിയെടുക്കാവുന്ന സമ്പത്ത് ഏതു വിധേയനേയും തട്ടിയെടുക്കുന്നതിന്റെ തിരക്കിലായിരുന്നു. മലബാര്‍ കലാപം അടിച്ചൊതുക്കി നാലു വര്‍ഷം കഴിയുമ്പോഴാണ് കഥ പുറത്തു വരുന്നത്. അതായത് ലോറന്‍സിനെപ്പോലെ വിഖ്യാതനായ ഒരെഴുത്തുകാരനും മലബാര്‍ ഒരു പന്തയക്കുതിരയായിരുന്നു. ഭാഗ്യനിര്‍ഭാഗ്യങ്ങളില്‍ ഒരേപോലെ വാതുവെക്കാവുന്ന പന്തയക്കുതിര. തന്റെ രാജ്യത്തിന്റെ കോളനിയായി മാറിയ പ്രദേശം ബ്രിട്ടീഷുകാരനായിരുന്ന ലോറന്‍സിന് ഒരു പന്തയക്കുതിരയുടെ പേരായി മാറി എന്നത് ഒരിക്കലല്ല യാദൃച്ഛികമായിരുന്നുവെന്ന് കരുതാന്‍ വയ്യ. അത് കോളനി ബോധത്തിന്റെ ഉല്‍പ്പന്നം തന്നെയായിരുന്നുവെന്ന് കരുതുന്നതില്‍ യുക്തിയുണ്ട്.'' (P-69,70)
ഇതേ ലേഖനത്തില്‍ത്തന്നെ, മുസഫര്‍ അഹമ്മദ് ഉന്നയിക്കുന്ന മൗലികമായ മറ്റൊരു പ്രശ്‌നത്തിലേക്കും ശ്രദ്ധ ക്ഷണിക്കുന്നു: ഫ്രഞ്ച് മഹാകവി ബോദ്ലെയര്‍ എഴുതിയ 'എ യുന്‍ മലബാറിസെ' (മലബാര്‍ പെണ്‍കുട്ടിയോട്) എന്ന കവിത പരിഭാഷപ്പെടുത്തിയപ്പോള്‍ ആറ്റൂര്‍ രവിവര്‍മ, അതിന്റെ ശീര്‍ഷകം 'മലയാളി പെണ്‍കിടാവിനോട്' എന്നാക്കി. ''പരിഭാഷയുടെ അടിക്കുറിപ്പില്‍ ബോദ്ലയര്‍ മാഹി സന്ദര്‍ശിക്കുകയും അപ്പോള്‍ കണ്ട പെണ്‍കിടാവിനെക്കുറിച്ചായിരിക്കാം ഈ കവിതയെന്നും ആറ്റൂര്‍ രവിവര്‍മ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, കൊല്‍ക്കത്ത ലക്ഷ്യമാക്കി ഫ്രാന്‍സില്‍നിന്നു യാത്ര പുറപ്പെട്ട ബോദ്ലയര്‍ സഞ്ചരിച്ച കപ്പല്‍ കാറ്റിലും കോളിലും പെട്ട് മൗറീഷ്യസില്‍ എത്തുകയും അവിടെ വെച്ച് ഒരു ഫ്രഞ്ചുകാരന്റെ തോട്ടത്തില്‍ പണിയെടുത്തിരുന്ന മലബാര്‍ പെണ്‍കുട്ടിയെ കാണുകയും (ബോദ്ലേര്‍ മൗറീഷ്യസിലെത്തിയതിനെക്കുറിച്ച് സാര്‍ത്ര് എഴുതിയ ബോദ്ലേര്‍ എന്ന വിഖ്യാത ഗ്രന്ഥത്തില്‍ സൂചനയുണ്ട്) അവരെക്കുറിച്ചെഴുതിയ കവിതയാണ് ഇതെന്നും ചില ലേഖനങ്ങളില്‍ കാണുന്നു.
ആ പെണ്‍കുട്ടി മൗറീഷ്യസിലേക്ക് കൊണ്ടു പോയ ഒരു അടിമ സ്ത്രീയുടെ മകളായിരുന്നുവെന്നും (മലബാറില്‍ നിലനിന്ന അടിമക്കച്ചവടത്തിലേക്ക് ഇക്കാര്യം ശക്തമായി വിരല്‍ ചൂണ്ടുന്നു) ഈ ലേഖനങ്ങള്‍ വിശദീകരിക്കുന്നു. ഇപ്പറയുന്ന കാര്യമാണ് ശരിയെങ്കില്‍, അല്ലെങ്കില്‍ വിവര്‍ത്തകന്‍ എന്ന നിലയില്‍ ആറ്റൂര്‍ ഇത്തരമൊരു കാര്യത്തിനാണ് ഊന്നല്‍ നല്‍കിയിരുന്നതെങ്കില്‍ മലബാര്‍ എന്നത് മലയാളി എന്നാകുമായിരുന്നോ എന്നാലോചിക്കുമ്പോള്‍ മിക്കവാറും ആകുമായിരുന്നില്ല എന്ന ഉത്തരമാണ് ലഭിക്കുക. ആറ്റൂരിന്റെ ഊന്നലുകളെക്കുറിച്ച് അറിയാവുന്നവര്‍ക്ക് പ്രത്യേകിച്ചും. മലബാര്‍ എന്ന യൂറോപ്യന്‍ കോളനിയില്‍ നിന്നു (അത് ബ്രിട്ടനോ, ഫ്രാന്‍സോ ആകാം) കൊണ്ടുപോയ അടിമസ്ത്രീയുടെ മകള്‍ മലബാറുകാരിയോ അതോ മലയാളിയോ? ബോദ്ലേറുടെ പ്രയോഗമായിരുന്നോ വിവര്‍ത്തനത്തില്‍ ആറ്റൂര്‍ വരുത്തിയ മാറ്റമായിരുന്നോ ശരി എന്നത് പോസ്റ്റ് കൊളോണിയല്‍ പണ്ഡിതര്‍ തീര്‍ച്ചയായും ആലോചിക്കേണ്ട കാര്യമാണിതെന്നുതന്നെ തോന്നുന്നു.''
കോവിഡ്, ആറ്റൂര്‍, കാഫ്ക, പലസ്തീന്‍, പ്ലേഗ് തുടങ്ങി പല വിഷയങ്ങളും വ്യത്യസ്തമായ രീതിയില്‍ കൈകാര്യം ചെയ്യുന്ന ഈ പുസ്തകത്തെപ്പറ്റി ഇനിയും ധാരാളമുണ്ട് പറയാന്‍. എം.ടിയുടെ സാഹിത്യലോകത്തിലേക്കുള്ള താക്കോല്‍ വാക്യത്തെ പറ്റി പറഞ്ഞു കൊണ്ടാണല്ലോ തുടങ്ങിയത്. അത് ആറ്റൂരിലേക്ക് നീട്ടി ഉപസംഗ്രഹിക്കാം: ആറ്റൂരിന് എഴുത്തച്ഛന്‍ പുരസ്‌ക്കാരം കിട്ടിയപ്പോള്‍ അഭിനന്ദനമറിയിക്കാന്‍ ഗ്രന്ഥകാരന്‍ വിളിച്ചിരുന്നു. പ്രതികരണം ഇങ്ങനെ: ''മന്ത്രിയും പരിവാരങ്ങളുമൊക്കെ വന്നു, എന്റെ വീട്ടിലേക്കുള്ള വീതികുറഞ്ഞ വഴി ആകെ ബ്ലോക്കായി. വഴി ബ്ലോക്കായത് ഞാന്‍ കാരണമെന്നായി. അയല്‍ക്കാര്‍ക്ക് നീരസമായി.' സംസ്ഥാനത്തെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരം തന്റെ അയല്‍ക്കാര്‍ക്കു പോലും ബുദ്ധിമുട്ടുണ്ടാക്കി എന്ന് പറഞ്ഞ് അദ്ദേഹം ഞെട്ടിച്ചു കളഞ്ഞു.'' ആറ്റൂര്‍ കവിതകളെ പുതിയ മട്ടില്‍ വായിക്കാനുള്ള ഒരു താക്കോലാണിത് എന്ന് ചുരുക്കുന്നു.
'ഹൈലി റീഡബിള്‍' എന്ന് നിസ്സംശയം പറയാവുന്ന കൃതിയാണ്, 'ബഷീറും എം ടിയും പാമുക്കും മലബാറിലെ പന്തയക്കുതിരകളും'. ബഷീറിനെക്കുറിച്ചുള്ള ആലോചനകള്‍ക്കിടയില്‍, 'ഇവോള്‍വിങ്ങ് ടെക്സ്റ്റ്'(രൂപപ്പെട്ടുകൊണ്ടേയിരിക്കുന്ന പാഠം) എന്ന ആശയത്തെ ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നുണ്ട്. രണ്ടു തരത്തിലാണ് ഇത് സംഭവിക്കുന്നത്. ഒന്ന് സാഹിത്യ നിരൂപണത്തിലൂടെയും മറ്റൊന്ന് വിവര്‍ത്തന പാഠത്തിലൂടെയും. ''അതിജീവിച്ച് മുന്നോട്ടുപോയ എല്ലാ സാഹിത്യകൃതികളും അവസാനിക്കാത്ത പാഠം (Never ending text) എന്ന ആശയത്താലാണ് കാലത്തെ മറികടന്നുപോയിട്ടുള്ളത്. ലോകസാഹിത്യത്തിലെ അതിജീവിച്ച ഏത് കൃതിയെടുത്താലും ഈ പ്രതിഭാസം കാണാം. മലയാളത്തില്‍ ബഷീര്‍ കൃതികളാണ് ഇത്തരത്തില്‍ എടുത്തുപറയാന്‍ കഴിയുന്നതില്‍ മുന്‍നിരയില്‍ നില്‍ക്കുന്നത് -'' (P-48) അത്തരത്തില്‍, തന്റെ വായനയിലെത്തുന്ന ഏതു കൃതിക്കും ഒരു ഇവോള്‍വിംഗ് ടെക്സ്റ്റ് കണ്ടെത്താനുള്ള മുസഫര്‍ അഹമ്മദിന്റെ ഈ ശ്രമം വിജയിച്ചിരിക്കുന്നു.
Content Highlights: em suraja book review v musafar ahammed
Published: 14 Jul 2025, 02:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented