
ജനിമൃതികള്‍ക്കിടയിലുള്ള വളരെ കുറച്ച് സമയമെന്ന് മാത്രം പരിഗണിക്കപ്പെടേണ്ട ഒന്നാണ് ജീവിതമെന്ന് തത്വചിന്താപരമായി പറയാമെങ്കിലും അതിന്റെ സങ്കീര്‍ണ്ണതകളില്‍ ആടിയുലയാതെ ആര്‍ക്കും മുന്നോട്ടു പോകാനാവില്ല. വളരെ ശാന്തമായൊഴുകുന്ന നദി എന്നൊക്കെ പുറമേക്ക് തോന്നിപ്പിക്കുമെങ്കിലും ഓരോ ജീവിതവും അഗാധഗര്‍ത്തങ്ങളുടെ നിഗൂഢതകളൊളിപ്പിച്ചാണ് സമുദ്രങ്ങളോട് സാജാത്യം പ്രകടിപ്പിക്കുന്നത്. ജീവിതത്തില്‍ നിന്നുള്ള ഒരേടായി നമ്മള്‍ സാഹിത്യത്തെ പരിഗണിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഭാവനയ്ക്കും ആഖ്യാനതന്ത്രങ്ങള്‍ക്കുമപ്പുറമായി, ആവിഷ്‌കാരത്തിന്റെയും വായനയുടെയുടെയുമായ ഉര്‍വരമായ ആനന്ദത്തിനുവേണ്ടി ജീവിതത്തെ സൂക്ഷ്മമായി രേഖപ്പെടുത്തുന്ന ഒരിടമായി സാഹിത്യം പരിഗണിക്കപ്പെടുന്ന കാലത്തിന്റെ പ്രതിനിധികളിലൊരാളാണ് അജിജേഷ് പച്ചാട്ട്.
വാക്കുകളിലേക്ക് വിഷമൂര്‍ച്ഛയും മൃത്യുഞ്ജയശക്തിയും ഒരേ പോലെ ആവാഹിക്കുന്ന രചനാതന്ത്രമാണ് കൂവ എന്ന ഏറ്റവും പുതിയ കഥാസമാഹരത്തിലെ കഥകളില്‍ അജിജേഷ് പരീക്ഷിച്ചിട്ടുള്ളത്. സാധാരണക്കാരുടെ ജീവിതങ്ങളിലേക്ക് ആകസ്മികമായി കടന്നുവരുന്ന അസാധാരണസന്ദര്‍ഭങ്ങളും അതുമൂലം ജീവിതഗതിയിലുണ്ടാകുന്ന അവിചാരിത വഴിത്തിരിവുകളുമാണ് കൂവയിലെ എട്ട് കഥകളുടെയും ഏകതാനത. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ സമാഹാരത്തിലെ എല്ലാ കഥകളും മുമ്പ് ആഴ്ചപ്പതിപ്പുകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതും സജീവമായി ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ളതുമാണ്.
ദഹിപ്പിക്കുന്നതിന് തൊട്ടുമുമ്പാണ് കുപ്പനച്ചന്റെ മൃതദേഹം മാറിപ്പോയതായി എല്ലാവരും മനസ്സിലാക്കുന്നത്. അതന്വേഷിച്ചുള്ള യാത്രയും അതിനെ തുടര്‍ന്നുണ്ടാക്കുന്ന സംഭവവികാസങ്ങളുമാണ് കഥയെ വിപ്ലവഛായയുള്ളതാക്കുന്നത്. പക്ഷേ കൂവപ്പൂവിന്റെ ചൊങ്ക്ള്ള കക്കാനിറങ്ങിയ ചച്ചിരി മൊബൈല്‍ഫോണിലൂടെ പപ്പിനിയുമായി നടത്തുന്ന സംഭാഷണത്തില്‍ തുടങ്ങി, കൂവക്കണ്ടത്തില്‍ നിന്നിറങ്ങി നടക്കുന്ന വിജിഗീഷുവായ ചച്ചിരിയിലവസാനിക്കുന്ന കഥയുടെ ആദിമധ്യാന്ത പൊരുത്തത്തിലാണ് രചയിതാവിന്റെ ക്രാഫ്റ്റ് വെളിപ്പെടുന്നത്. കഥപറച്ചിലിനെക്കാളുപരി ഭാവിയും ഭൂതവുമാവേശിക്കാത്ത വര്‍ത്തമാനകാലത്തിന്റെ ചരിത്രത്തിലേക്കാണ് അജിജേഷ് വായനക്കാരെ വഴി നടത്തുന്നത്. സ്വന്തംജോലി, സ്വന്തം വരുമാനം, സ്വന്തംകുടുംബം എന്നിവയ്ക്ക്തുല്യം, സ്വന്തം സന്തോഷം എന്ന സമവാക്യത്തില്‍ മാത്രം ജീവിക്കുന്നവരുടെ ഏകദിശാ നോട്ടത്തിനുമുന്നിലേക്ക് വിവിധ സാഹചര്യങ്ങളിലുള്ള ഒട്ടനേകം കഥാപാത്രങ്ങള്‍, അവരുടെ ജന്മരഹസ്യങ്ങള്‍, ജീവിതമാര്‍ഗങ്ങള്‍, അവരനുഭവിക്കേണ്ടിവന്ന അപമാനങ്ങള്‍, പ്രതികാരം, പക, നെഞ്ചുവിരിക്കല്‍ തുടങ്ങിയ കാഴ്ചകളുടെ ചിത്രങ്ങള്‍ കുടഞ്ഞിട്ടുകയാണ് അജിജേഷ്.
ആണ്‍പെണ്‍ഭേദമില്ലാതെ മനുഷ്യവേദനകളാണ് ഈ കഥകള്‍ക്ക് ജീവന്‍ പകരുന്നത്. ഡാനിമോര്‍ക്കലിന്റെ ജീവിതം പറയുന്ന ഇറച്ചിക്കലപ്പ ആഖ്യാനത്തിലും പ്രമേയത്തിലും പുതുമയുള്ളതാകുന്നു. വിശ്വാസ കലഹങ്ങളും അതിര്‍ത്തിയുദ്ധങ്ങളും തമ്മിലുള്ള സൂക്ഷ്മസാദൃശ്യങ്ങള്‍ ഒരു രാജേഷ് മേശരി നിര്‍മ്മിതിയെ ഉദാത്തമാക്കുമ്പോള്‍ കൊലപാതകങ്ങളുടെ ചുരുള്‍ നിവര്‍ത്തുകയാണ് ഒന്നാം പ്രേതലഹള ചെയ്യുന്നത്. കഥയിലേതുപോലെ തന്നെ അവിചാരിതമായൊരനുഭവമാണ് പാരലാക്‌സ് എന്ന കഥ അനുഭവിപ്പിക്കുന്നത്. അമ്മേന്റെ ആണ്‍കുട്ടി എന്ന കഥ മനോവിശ്ലേഷണസിദ്ധാന്തമനുസരിച്ച് അപനിര്‍മിക്കപ്പെടുന്ന സ്വാഭാവികജീവിതപ്രതിസന്ധിയാണ്. മീന്‍തേറ്റ പൊളിറ്റിക്കല്‍ സറ്റയറാണെന്ന് പറയാം.

പുനര്‍നിര്‍മ്മിക്കപ്പെടുന്ന സിലബസുകളുടെ രഹസ്യ അജണ്ട വേളിക്കുന്ന് ടാസ്‌കിനെ വ്യത്യസ്തമാക്കുന്നു. എട്ട് കഥകളും തികച്ചും വ്യത്യസ്തമായ എട്ടു സാഹചര്യങ്ങള്‍, എട്ടു പ്രമേയങ്ങള്‍ എന്നിവ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യുന്നു. അവ ചര്‍ച്ചചെയ്യുന്ന രാഷ്ട്രീയസാഹചര്യങ്ങള്‍ നമ്മുടെ ജനാധിപത്യ സങ്കല്പവുമായി ബന്ധപ്പെട്ട സക്രിയമായ ഇടപെടലുകളാണ്. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കു പിന്നിലെ സ്വാര്‍ത്ഥതകളും ചരടിനറ്റത്തെ പാവകളെ പോലെ ചലിക്കുന്ന അണികളും പ്രത്യക്ഷപ്പെടുന്ന കഥാസന്ദര്‍ഭങ്ങളിലെ സത്യസന്ധത സമകാലികരാഷ്ട്രീയ പ്രത്യയശാസ്ത്രപൊയ്മുഖങ്ങളെ വലിച്ചു കീറുന്ന ധീരമായ മുന്നേറ്റമാണ്.
തങ്ങള്‍ പരിശീലിച്ച വൃത്തത്തിനുപുറത്തുള്ള ജീവിതത്തിന്റെ പലമയിലേക്ക് ഈ കഥകള്‍ വായനക്കാരെ നയിക്കുന്നു. വിശദീകരണങ്ങളാവശ്യമില്ലാത്ത പ്രാദേശികഭാഷയുടെ താളം കഥകളെ പിന്തുടരുന്നുണ്ട്. വിസര്‍ജനവും വിസര്‍ജ്യവും സംസ്‌കാരനിര്‍മിതിയുടെ പ്രാകൃത സങ്കല്പത്തില്‍ നിന്ന് വര്‍ത്തമാന കാലരചനാസങ്കേതങ്ങളിലെ പുതിയ വിരേചനതന്ത്രമായി പരിണമിക്കുന്നതിന്റെ ചിത്രങ്ങളാണ് ഈ കഥകളിലുടനീളം കാണുന്നത്.
മനുഷ്യാഭിമുഖ്യവും, തിരിച്ചറിവും, ധീരതയും കൊടിയടയാളങ്ങളാക്കുന്ന ഈ കഥകളിലെ യുദ്ധകാഹളങ്ങള്‍ വാക്കുകളുടെ കലമ്പലിനപ്പുറം നാം പരിചയിച്ചിട്ടില്ലാത്ത മൗനത്തിന്റെ അനന്തസാധ്യതകളിലേക്കു വിരല്‍ ചൂണ്ടുന്നു. അനിഷേധ്യമായ ഒരു ബുദ്ധസാമീപ്യത്തിന്റെ പ്രത്യാശകള്‍ അവശേഷിപ്പിക്കുന്നു.
Content Highlights: dr swapna c komboth reviews the book koova by ajijesh pachat
Published: 18 Apr 2022, 02:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented