ലഫ്. കേണല്‍(റിട്ട)ഡോ. സോണിയ ചെറിയാന്‍ എഴുതിയ ഇന്ത്യന്‍ റെയിന്‍ബോ എന്ന പുസ്തകത്തെക്കുറിച്ച് സരിത സുനില്‍ എഴുതുന്നു.              

To advertise here,

കുറച്ചു നാള്‍ മുന്‍പ് കൂടെക്കൂടിയ വേദനയുടെ ഭാഗമായി ECHS-ന്റെ ഡെന്റല്‍ സെക്ഷനുമുന്നില്‍ ഊഴം കാത്തിരിക്കവേയാണ് ആ പേര് കണ്ണിലുടക്കിയത് ഡോ. സോണിയ ചെറിയാന്‍. നീലാകാശവും മഴവില്ലും മഞ്ഞുമലയും നിറഞ്ഞ ബാക്ഗ്രൗണ്ടില്‍ കോംബാറ്റ് യൂണിഫോമില്‍ ചിരിച്ചു നില്‍ക്കുന്നൊരു മുഖം മനസ്സില്‍ തെളിഞ്ഞു. എന്റെ വേദന കാണിക്കുക എന്നതിനേക്കാള്‍, പുസ്തകമെഴുതിയ ആള്‍ തന്നെയാണോ അകത്ത് എന്നറിയാനുള്ള ആകാംക്ഷയായിരുന്നു. ഊഴമെത്തി അകത്തേക്കു കയറിയപ്പോള്‍ ഡോക്ടറോടു മടിച്ചുമടിച്ചാണ് ചോദിച്ചത്,'ഇന്ത്യന്‍ റെയിന്‍ബോ' എഴുതിയ ഡോക്ടറല്ലേന്ന്. അവിടുന്ന്, ഹൃദയം കൊണ്ടുള്ള ചിരിയും ആര്‍ദ്രതയുള്ള ചേര്‍ത്തുപിടിക്കലുമായി എത്ര വേഗമാണ് ഡോക്ടര്‍ മനസ്സിലിടം പിടിച്ചത്.

മാതൃഭൂമി പത്രത്തിന്റെ വാരാന്തപ്പതിപ്പില്‍ ഡോക്ടര്‍ എഴുതിയിരുന്ന ഓര്‍മ്മക്കുറിപ്പുകളാണ് ഇന്ത്യന്‍ റെയിന്‍ബോ എന്ന പുസ്തകമായി പട്ടാള ജീവിതത്തിന്റെ കാണാക്കാഴ്ചകളായി രൂപാന്തരപ്പെട്ടത്.

കാറ്റിന്റെ ചിറകുകളില്‍, അപ്പൂപ്പന്‍ താടിയെപ്പോലെ പറന്നു നടക്കാന്‍ മോഹിച്ച പെണ്‍കുട്ടിയില്‍ നിന്ന് Lt.col. Dr. Sonia Cherian നിലേക്കുള്ള ദൂരമാണ് പുസ്തകത്തിന്റെ ആദ്യ രണ്ട് അധ്യായങ്ങളില്‍ കാണാന്‍ കഴിയുക. ഡോക്ടര്‍ എഴുതിയതുപോലെ വിന്‍ഡോ സീറ്റിലിരുന്ന് കണ്ണിമ ചിമ്മാതെ  ആസ്വദിച്ച മഴവില്ല്. അതായിരുന്നു ഇന്ത്യന്‍ റെയിന്‍ബോ.

ആദ്യ നിയമനം തന്നെ അതിര്‍ത്തിയോടു ചേര്‍ന്ന ഫീല്‍ഡ് ഹോസ്പിറ്റലിലേക്ക്, ഡോക്ടറോടൊപ്പം വായനക്കാരും യാത്ര തുടങ്ങുകയായി.ഒരു ചലച്ചിത്രത്തിലെന്ന പോലെ ഓരോ ദൃശ്യവും മുന്നിലേക്കെത്തുന്നത്ര മിഴിവായിരുന്നു ഇതിലെ അക്ഷരങ്ങള്‍ക്ക്.

ഒപ്പം ജോലി ചെയ്ത പട്ടാളക്കാര്‍, അവരുടെ കുടുംബങ്ങള്‍, പട്ടാള ജീവിതത്തില്‍ രാജ്യസ്‌നേഹത്തോടൊപ്പം പരസ്പരമുള്ള സ്‌നേഹവും സാഹോദര്യവും, അവരുടെ അപാരമായ ധൈര്യം, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വിവിധതരം വേഷവിധാനങ്ങള്‍, ആചാരങ്ങള്‍, ഭക്ഷണരുചികള്‍, പലതരം പക്ഷികള്‍, മൃഗങ്ങള്‍, മലനിരകള്‍ മുതലായവയ്‌ക്കൊപ്പം ആസ്വാദനത്തിന്റെ വാതായനങ്ങള്‍ നമുക്കു മുമ്പില്‍ തുറന്നിടുന്നു ഈ പുസ്തകം. ഒപ്പം ഡോക്ടറുടെ സ്വന്തം സ്‌കെച്ചു ചിത്രങ്ങളും, പുസ്തകത്തിന്റെ അവസാനമുള്ള ചിത്രങ്ങളും വായനയുടെ ആസ്വാദ്യത ഏറ്റുന്നവയാണ്.

കൂടാര രാത്രികള്‍ എന്ന അദ്ധ്യായത്തില്‍ മരുഭൂമിയിലെ പട്ടാള ജീവിതത്തെക്കുറിച്ചുള്ള എഴുത്തിനോടൊപ്പം കുഞ്ഞിനുനല്‍കേണ്ട മുലപ്പാല്‍ വാഷ്‌റൂം ടെന്റിന്റെ ടാര്‍പോളിനിലേക്ക് ചീറ്റിത്തെറിപ്പിച്ചു കളയേണ്ടി വന്ന അമ്മമനം നെഞ്ചില്‍ സങ്കടമിറ്റിച്ച നോവായി. വീട്ടില്‍ ഹൃദയം സൂക്ഷിച്ചുവച്ചിട്ട് യുദ്ധം ചെയ്യാന്‍ വന്ന പട്ടാളക്കാരുടെ മനസ്സ് അക്ഷരങ്ങളാല്‍ എഴുതി ചേര്‍ക്കപ്പെട്ടപ്പോള്‍, കഴിഞ്ഞ ഇരുപത്തിനാലു വര്‍ഷം (ഇപ്പോള്‍ റിട്ടയറായി) പട്ടാളം നിശ്വാസമായൊരാളിന്റെ ഭാര്യയാണ് ഞാനെന്നതിനാലാവാം എനിക്കു വല്ലാതെ വേദനിച്ചത്.

വേനലിലെ പഴമരങ്ങള്‍ എന്ന അദ്ധ്യായത്തില്‍ ഡോക്ടര്‍ വരച്ച രാജസ്ഥാനി പെണ്‍കുട്ടി ഗുഡിയയുടെ സ്‌കെച്ചിനൊപ്പം സങ്കടപ്പെടുത്തിയൊരു ജീവിതമുണ്ട്. കുഞ്ഞുപ്രായത്തിലേ വിവാഹിതയായി, അമ്മയാകാന്‍ തയ്യാറെടുക്കുന്ന ഗുഡിയ. അക്ഷരങ്ങള്‍ എഴുതി പഠിക്കാന്‍ ഡോക്ടര്‍ നീട്ടിയ നോട്ട് പാഡുകള്‍, ഗുഡിയയുടെ അമ്മായിയച്ഛന്‍ പറഞ്ഞ വാക്കുകളില്‍ പൊള്ളിയിട്ടുണ്ടാവും. ഡാബയില്‍ ഇഷ്ടം പോലെ പണികളുള്ളപ്പോള്‍ മരുമകള്‍ പഠിക്കേണ്ട ആവശ്യമില്ലായ്മ കണ്ടെത്തലിലും അവളുടെ മകന്‍ പഠിക്കട്ടെയെന്ന് പറഞ്ഞത് വായിച്ചപ്പോള്‍, പിറന്നുവീണത് ആണ്‍കുഞ്ഞായിരിക്കുമെങ്കില്‍, ആ കുഞ്ഞിനെങ്കിലും പഠിക്കാന്‍ സാധിച്ചിട്ടുണ്ടാകുമെന്ന് ആശ്വസിച്ചു.

സ്ത്രീകള്‍ക്കു പഠിത്തം നിഷേധിക്കാത്ത നല്ലൊരു നാട്ടില്‍ ജനിച്ചതിന്റെ പ്രിവിലേജിനെ കുറിച്ച്, നമ്മുടെ സ്വന്തം നാടിന്റെ നന്മകളെ കുറിച്ച് ഡോക്ടറുടെ വരികള്‍ അര്‍ത്ഥവത്തായവയാണ്.

അകറ്റി നട്ട മരങ്ങളെന്ന അധ്യായത്തില്‍ സുന്ദരികളായ ഗോത്രവര്‍ഗ്ഗ പെണ്‍കുട്ടികളെ കാണാം. ഒപ്പം ബാര്‍ട്ടര്‍ സിസ്റ്റം ഇന്നും നിലനില്‍ക്കുന്ന, പെണ്ണുങ്ങളും കൈമാറ്റ വസ്തുക്കളാകുന്ന കാഴ്ചകളും സങ്കടപ്പെടുത്തും. അങ്ങനെ എത്രയെത്ര ജീവിതങ്ങളാണ് ഡോക്ടര്‍ ഈ പുസ്തകത്തില്‍ അക്ഷരങ്ങളിലൂടെ വരച്ചുകാട്ടുന്നത്.

മരിച്ചിട്ടും അതിരു കാക്കുന്നുവെന്നു പട്ടാളം വിശ്വസിക്കുന്ന ജസ്വന്ത് ബാബയെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. ശിഖകളില്‍ ശിഖരങ്ങള്‍ പടര്‍ത്തുന്നവര്‍ എന്ന അദ്ധ്യായത്തില്‍. മഞ്ഞിന്റെ ദംശനം കാരണം മൂക്കിന്റെ തുമ്പും ചെവിയുടെ അറ്റവും നഷ്ടപ്പെട്ടവരുടെ വേദനയെക്കുറിച്ച് സങ്കല്‍പ്പിക്കാനാകുമോ നമുക്ക്?

മലയുടെ ഉച്ചിയിലുള്ള ബുദ്ധശ്മശാനത്തില്‍ ഉറങ്ങുന്നൊരു കുഞ്ഞ്. പട്ടാളക്കാരന്‍ പാണിയുടെ കുഞ്ഞ്. വയറ്റില്‍ വച്ചു മരിച്ചുപോയ ആ കുഞ്ഞിനെ വിളിച്ച്, അദ്ദേഹത്തിന്റെ ഭാര്യ ദേബ് ജാനി ഉച്ചത്തില്‍ നിലവിളിച്ചതു വായിച്ചതിനേക്കാളേറെ ശബ്ദമില്ലാതെ ഞാന്‍ കരഞ്ഞത്, ഒരിക്കല്‍ കുഴിച്ചിട്ട കുഞ്ഞുശരീരം, നായ്ക്കള്‍ മാന്തിയെടുക്കുമോ എന്ന ഭീതിയില്‍ ഇരുട്ടത്ത് വീണ്ടും മലകയറി ആഴത്തില്‍ കുഴിയെടുത്ത് വീണ്ടും അദ്ദേഹം ആ കുഞ്ഞുശരീരം കുഴിച്ചിട്ടത് വായിച്ചപ്പോഴാണ്. അന്ന് ദേബ് ജാനിക്ക് കെട്ടിപ്പിടിച്ചു പതം പറഞ്ഞ് കരയാനായി കൂട്ടിരുന്ന ഡോക്ടറെ ഞാന്‍ മനസ്സാ നമിച്ചു. പദവിയേക്കാള്‍ സ്ഥാനമാനങ്ങളേക്കാള്‍ മനുഷ്യത്വമാണ് വലുതെന്ന കരുതലായിരുന്നുവല്ലോ അത്.

ചന്ദ്രോത്സവങ്ങളിലെ കറുത്ത പക്ഷത്തില്‍, ഉത്തരേന്ത്യയില്‍ വിവാഹിതരായ സ്ത്രീകള്‍ ആഘോഷിക്കുന്ന 'കര്‍വ്വാചൗത്ത് എന്ന ആഘോഷത്തിന്റെ വിവരണത്തോടൊപ്പം അദിതിയുടെ ജീവിതത്തിലെ വര്‍ണ്ണപ്പൊലിമയുടേയും തൊട്ടടുത്ത നിമിഷം അവള്‍ക്ക് അനുഭവിക്കേണ്ടിവന്ന വൈധവ്യത്തേയും വായിച്ച് നെഞ്ചുപിടഞ്ഞു.

'എല്ലാ പട്ടാളക്കാരുടേയും ഭാര്യമാര്‍ എന്നും ചങ്കില്‍ കൊണ്ടുനടക്കുന്ന ഭീതിയുടെ ആ കനല്‍ക്കൂമ്പാരം എരിഞ്ഞാളിക്കത്തിയുയരുന്ന 'ആളല്‍' എന്ന് ഡോക്ടര്‍ എഴുതിയത് അക്ഷരം പ്രതി ശരിയായിരുന്നല്ലോ എന്നോര്‍ക്കവേ.. വിളിച്ചാല്‍ കിട്ടാത്ത, അല്ലെങ്കില്‍ അറ്റന്‍ഡു ചെയ്യാന്‍ സാധിക്കാതെ പോയ എത്രയെത്ര ഫോണ്‍ വിളികളാണ് ചങ്കില്‍ ആധിയുടെ തീതിന്ന് കടന്നുപോയതെന്ന ഉരുകലിലായിരുന്നു ആ വേള ഞാനും.

ഒരധ്യായത്തില്‍ ഫാല്‍സിപ്പാരം മലേറിയ ബാധിച്ച് അവശയായിപ്പോയ ഡോക്ടറേക്കുറിച്ച് ആധിയോടെയാണ് വായിച്ചത്. മരണത്തില്‍ നിന്ന് തിരികെ വന്നതിനേക്കുറിച്ചെഴുതിയ 'കൈവിട്ടു താഴെപ്പോയിട്ടും പൊട്ടാതെ പിടിച്ചെടുത്ത പളുങ്കുപാത്രം പോലെ ജീവിതം' എന്ന വരിക്ക് എന്തൊരു മനോഹാരിതയാണ്!

ഓഫീസര്‍ ട്രെയിനിങ് ക്യാമ്പിലെ പരിശീലനത്തെക്കുറിച്ച്, മരണാനന്തര ബഹുമതി കിട്ടിയ പട്ടാളക്കാരെക്കുറിച്ച്, പഹാഡി, ഗോത്രവര്‍ഗ്ഗ ജീവിതങ്ങള്‍, ബുദ്ധ സന്യാസിമാരുടെ ജീവിതരീതികള്‍ അങ്ങനെ അങ്ങനെ എഴുതിയാലും തീരാത്ത ഒരുപാട് വസ്തുതകള്‍ ഈ പുസ്തകത്തിലുണ്ട്. അത് വായിച്ചുതന്നെ അറിയുക.

ഐഡികാര്‍ഡിലെ ഫോട്ടോ ഇളക്കി മാറ്റി, കത്രിക കൊണ്ടു ചെറിയ കഷ്ണങ്ങളാക്കി പിന്നെയതു കത്തിച്ചതു വായിച്ചപ്പോള്‍ നിറഞ്ഞുപോയ കണ്ണു തുടച്ച് ഞാനോര്‍ത്തത് 'ഇന്നെന്റെ ഐഡി കാര്‍ഡ് കത്തിച്ചു' വെന്ന് ഇടറിയ ശബ്ദത്തില്‍ ഞാന്‍ കേട്ടൊരു ഫോണ്‍കോളിനെക്കുറിച്ചും കൂടെയായിരുന്നു.

പതിനാലു വര്‍ഷം അണിഞ്ഞ യൂണിഫാം ഊരി വച്ച്, ബഷീറിയന്‍ വരികള്‍ ഓര്‍ത്തെടുത്ത്, കരഞ്ഞാലും ചിരിപ്പിക്കുമെന്നു പറഞ്ഞ്, ജീവിതത്തിലെ സുന്ദരസുരഭിലമായ പതിനാലു വര്‍ഷങ്ങള്‍ നീ എന്തു ചെയ്തുവെന്ന് ബഷീര്‍ സാറാമ്മയോടു ചോദിച്ചതിന്റെ മറുപടി പോലെ..

'ഞാനോ ഞാന്‍ പട്ടാളത്തില്‍ ചേര്‍ന്നുവെന്ന്' ഡോക്ടര്‍ എഴുതി നിര്‍ത്തുമ്പോള്‍... 

ഡോക്ടര്‍ക്ക് അക്ഷരങ്ങള്‍കൊണ്ട്, ഹൃദയം കൊണ്ടൊരു സല്യൂട്ട് നല്‍കി ഞാന്‍ വായന അവസാനിപ്പിച്ചെങ്കിലും പിന്നെയും പിന്നെയും ആ കാണാക്കാഴ്ച്ചകള്‍ എന്റെ മുന്നിലിങ്ങനെ നിരനിരയായി വന്നുകൊണ്ടേയിരുന്നു.