ടിം പീക് എഴുതിയ Ask an Astronaut ( Penguine,2017) എന്ന പുസ്തകത്തിന്റെ വായനാനുഭവം സി.എസ് മീനാക്ഷി പങ്കുവെക്കുന്നു.
മന്ത്രചൈതന്യ മഞ്ജുതൂലിക മന്ദമായുഴിഞ്ഞങ്ങനെ
ഇന്ദ്രഭാവന അംഗരാഗത്തില്‍ ചന്തമായ് ചൊരിഞ്ഞങ്ങനെ
ചന്ദ്രസൂര്യകരങ്ങള്‍ നിന്നിലെ മന്ത്രതംബുരു മീട്ടവെ
ദേവതേ നീയുണര്‍ന്നു പാടിയീ ജീവിതാനന്ദഗീതകം
(വി മധുസൂദനന്‍ നായര്‍)
ഭൂമി എന്ന ഗ്രഹം അനുഗ്രഹീതമാകുന്നതെങ്ങനെയാണ്? ഈ ഗ്രഹത്തില്‍ ജീവിതാനന്ദഗീതകം മുഴങ്ങാന്‍ തുടങ്ങിയതെന്നു മുതലാണ്? ഇവിടെ നാം ശ്വസിക്കുന്നു, തിന്നുന്നു, ഓടുന്നു, ചാടുന്നു, മരങ്ങള്‍ വളരുന്നു, മഞ്ഞ് പൊഴിയുന്നു, പൂ കൊഴിയുന്നു. പൊഴിയുന്നവ ഭൂമിയില്‍ത്തന്നെ പതിക്കുന്നു. ജൈവവ്യവസ്ഥ നിലനില്‍ക്കുന്നതിനുള്ള അന്തരീക്ഷം, വെള്ളം, മണ്ണ് എന്നിവയോടൊപ്പം ഭൂഗുരുത്വാകര്‍ഷണം എന്ന ഭൗതികപ്രതിഭാസത്തിനു കൂടി ചേര്‍ന്ന വിധം പാകപ്പെട്ടതാണ് നമ്മുടെ ശരീരവം മനസ്സും അവയുടെ ചലനങ്ങളും. മനുഷ്യനുള്‍പ്പെടെയുള്ള ജന്തുക്കളുടെ ശ്വസന, ദഹന, ചംക്രമണ വ്യവസ്ഥകള്‍ രൂപം കൊണ്ടിരിക്കുന്നത് ഭൂമിയുടെ അന്തരീക്ഷസ്ഥിതിക്കും ഭൂഗുരുത്വാകര്‍ഷണത്തിന് അനുസൃതമായുമാണ്. നമ്മുടെ ജീവകോശങ്ങളുടെ ഘടന ഇവിടുത്തെ സ്വാഭാവികരാസപ്രക്രിയകളുടെ പരിണാമഫലമാണ്. അഞ്ചു മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഒരു നൃത്തം വേദിയിലവതരിപ്പിക്കുന്നതിനുമുന്‍പ് മാസങ്ങളുടെ പരിശീലനവും വേഷഭൂഷാദികളുടെ തിരഞ്ഞെടുപ്പും പലതിന്റെയും പരീക്ഷിച്ചുനോക്കലും വേണ്ടെന്നു വെയ്ക്കലും എല്ലാം നടക്കുന്നതു പോലെ, പുനരുജ്ജീവനസ്വഭാവമുള്ള ജീവകോശം എന്ന സങ്കീര്‍ണ്ണ പ്രോട്ടീന്‍ തന്മാത്ര ഉടലെടുക്കുന്നതിനു മുന്‍പ് പ്രകൃതി ഒരുപാട് ഒരുക്കൂട്ടലുകളും ഒരുക്കങ്ങളും പരീക്ഷണങ്ങളും തിരസ്‌കാരങ്ങളും നടത്തിയിട്ടുണ്ട്. മനുഷ്യന്‍ എന്ന 'തന്നെക്കുറിച്ചാലോചിക്കാന്‍ കഴിവുള്ള ദ്രവ്യരൂപ' ( Man is matter that contemplates itself - Carl Sagan) ത്തിലേക്കെത്താന്‍ പിന്നെയും വേണ്ടി വന്നു ദശലക്ഷക്കണക്കിന് വര്‍ഷങ്ങളുടെ രാസപരീക്ഷണ റിഹേഴ്‌സലുകള്‍.
ഇന്നത്തെ മനുഷ്യന്‍ ജൈവികവും സാമൂഹ്യവുമായ ഒരുപാട് പരിണാമങ്ങള്‍ക്കപ്പുറം വേദിയിലെത്തിയ ഒരു നൃത്തരൂപമാണ്. ഞാന്‍ ജനിക്കുമ്പോള്‍ ഇതൊക്കെ ഇങ്ങനെയൊക്കെ ആയിരിക്കുന്നതു കൊണ്ട് ഇതെല്ലാം എന്നു ഇങ്ങനെയൊക്കെത്തന്നെയായിരുന്നു എന്ന് നിനച്ചുപോകാനുള്ള ഒരു പ്രവണത നമുക്കെല്ലാമുണ്ട്, ഇംഗ്ലീഷില്‍ taken for granted എന്ന് പറയുന്ന ഒരവസ്ഥ. lap top- ന്റെ മടിയില്‍ പിറന്നുവീഴുന്ന ഒരു കുഞ്ഞ് തന്റെ തൊട്ടുമുന്‍പുള്ള തലമുറ കമ്പ്യൂട്ടറേ ഇല്ലാതെയാണ് ജീവിച്ചിരുന്നത് എന്ന് അത്ഭുതത്തോടെ മാത്രം കാണുന്നതുപോലെയാണത്. ജീവന്റെ നിലനില്‍പ്പിനാധാരമായ അളവില്‍ സൂര്യതാപം പതിക്കുന്ന അകലത്തില്‍ സ്ഥിതി ചെയ്യുന്ന ഒരേയൊരു ഗ്രഹമാണ് ഭൂമി എന്നതും അതിന്റെ ഭ്രമണവേഗവും അച്ചുതണ്ടിന്റെ ചരിവും ദിനരാത്രങ്ങള്‍ക്കും ഋതുഭേദങ്ങള്‍ക്കും കാരണമായി ഭവിച്ചു എന്നതും കോടിക്കണക്കിന് വര്‍ഷങ്ങളെടുത്ത് രൂപപ്പെട്ടു വന്ന ജൈവാവസ്ഥയും ഭൂമിയെ സൗരയൂഥത്തിലെ അപൂര്‍വ്വതയും മനോഹാരിതയും ജീവസുഗന്ധവും ചേര്‍ന്ന കല്യാണസൗഗന്ധികമാക്കി.
വ്യോമഗംഗയിലായിരം കോടി താരകങ്ങള്‍ വിളിക്കിലും
ശ്യാമമോഹിനി പോവുകില്ല ഞാന്‍ ( വി മധുസൂദനന്‍ നായര്‍) എന്ന് ഭൂമി പറയുന്നതും അതുകൊണ്ട് തന്നെ. ഇതൊക്കെ എന്റെ മനസ്സില്‍ വന്നത് ഒരു പുസ്തകം വായിച്ചപ്പോഴാണ്. TIM PEAKE എന്ന ബഹിരാകാശസഞ്ചാരി എഴുതിയ Ask an Astronaut എന്ന പുസ്തകം. അത് വായിച്ചു കൊണ്ടിരുന്ന രണ്ടാഴ്ചക്കാലം ഞാനീ ഭൂമിയെ വിട്ട് ബഹിരാകാശത്തില്‍ ഒഴുകിനടക്കുകയായിരുന്നു- 400 കിലോമീറ്റര്‍ മുകളില്‍ microgravtiy-യില്‍ ഭൂമിയെ ചുറ്റുന്ന ISS എന്ന International Station-ല്‍. കസാക്കിസ്ഥാനിലെ ബൈകൊനൂര്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് 2015 ഡിസംബര്‍ 15-ാം തിയ്യതി ലോഞ്ച് ചെയ്തതുമുതല്‍ തിരിച്ച് കസാക്കിസ്ഥാനിലെത്തന്നെ സ്റ്റെപ്പി പുല്‍പ്പരപ്പില്‍ 2016 ജൂണ്‍ 18 ന് തിരിച്ച് ലാന്റ് ചെയ്യുന്നതിനിടയ്ക്കുള്ള 186 ദിവസത്തെ ബഹിരാകാശജീവിതത്തെക്കുറിച്ചുള്ളതാണീ പുസ്തകം. യാത്രയ്ക്ക് മുന്‍പുള്ള ഒരുക്കങ്ങളും, എത്തിക്കഴിഞ്ഞുള്ള കാര്യങ്ങളും ഇതില്‍ ചുരുക്കി പ്രതിപാദിക്കുന്നുണ്ട്. ഫേസ് ബുക്ക്, ട്വിറ്റര്‍ എന്നീ സാമൂഹികമാധ്യമങ്ങളില്‍ #Ask an Astronaut എന്ന ഹാഷ്ടാഗ് പ്രചരണത്തിന്റെ ഫലമായി ഉയര്‍ന്നുവന്ന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും എന്ന ഫോര്‍മാറ്റിലാണീ പുസ്തകം സംവിധാനം ചെയ്തിരിക്കുന്നത്.

Launch, Training, Life and work on the ISS, Spacwalking, Earth and Space, Return to Earth, Afterword:Looking to the future എന്നിവയാണ് അധ്യായങ്ങള്‍.
2015 ഡിസംബര്‍ 15-ന് 300 ടണ്‍ ഭാരം വരുന്ന സോയൂസ് റോക്കറ്റ് ഉപയോഗിച്ചാണ് Tim Kopra, Yuri Malenchenko, Tim Peake ( ഈ പുസ്തകത്തിന്റെ രചയിതാവ്) എന്നിവരടങ്ങുന്ന സംഘം ISS എന്ന അന്താരാഷ്ട്ര ഉപഗ്രഹകേന്ദ്രത്തിലെത്തുന്നത്. കാനഡ, ജപ്പാന്‍, റഷ്യന്‍ ഫെഡെറേഷന്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക, ബെല്‍ജിയം, ഡെന്മാര്‍ക്, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, നെതര്‍ലന്റ്‌സ്, നോര്‍വേ, സ്‌പെയ്ന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്റ്, യു.കെ എന്നിങ്ങനെ 11 രാഷ്ട്രങ്ങളുടെ രാഷ്ട്രീയവും, സാമ്പത്തികവും നിയമപരവുമായ സങ്കീര്‍ണ്ണമായ വ്യവസ്ഥകളടങ്ങിയ ഉടമ്പടിയുടെ ഫലമാണ് ISS.
Launch
സോയൂസ് റോക്കറ്റിനെ കത്തിച്ചുവിടുന്നതു മുതല്‍ അതിനെ ഐഎസ്എസ്സുമായി ഘടിപ്പിക്കുന്നതു വരെയുള്ള കാര്യങ്ങളാണ് ഈ അദ്ധ്യായത്തില്‍ പ്രതിപാദിക്കുന്നത്. റോക്കറ്റ് അന്തരീക്ഷത്തിലൂടേ കടന്നുപോകുമ്പോള്‍ വരുന്ന ത്വരണമാറ്റങ്ങള്‍, താപ- മര്‍ദ്ദ വ്യതിയാനങ്ങള്‍, ആ ഘട്ടത്തില്‍ സംഭവിക്കാവുന്ന പാകപ്പിഴകള്‍, അത് ബഹിരാകാശ ഭ്രമണപഥത്തിലെത്തി ചംക്രമണം നടത്തുന്നത്, സഞ്ചാരികളുടെ മൊഡ്യൂള്‍ ഐഎസ്എസ്സുമായി ബന്ധിപ്പിക്കുന്നത് തുടങ്ങിയ സാങ്കേതിക കാര്യങ്ങള്‍ക്കു പുറമെ വീട്ടുകാരേയും ഭൂമിയെത്തന്നെയും വിട്ടുപോകുന്ന- ഒരു പക്ഷെ എന്നന്നേക്കുമായി - നിമിഷങ്ങളുടെ തീവ്രതയും ഇതില്‍ വിവരിക്കുന്നുണ്ട്. പേടകത്തില്‍ കയറും മുന്‍പ് വാതിലില്‍ ഒപ്പിടുക, ടയറില്‍ മൂത്രമൊഴിക്കുക തുടങ്ങിയ കീഴ്‌വഴക്കമായി മാറിയ അന്ധവിശ്വാസങ്ങളും, പരിശീലനകാലത്തെ രോഗപ്രതിരോധത്തിനായുള്ള ഒറ്റപ്പെട്ട (Quarantine) ജീവിതവും സ്‌പേസിലെത്തിയിട്ട് പേടകജാലകത്തിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ കണ്ട കുറ്റാക്കൂരിരുട്ടും വിശദമായിത്തന്നെ നമുക്ക് വായിച്ചറിയാന്‍ കഴിയും.
Training
ഒരു വ്യക്തി ആസ്ട്രനോട്ട് ആകണം എന്നു തീരുമാനമെടുക്കുന്നതു മുതല്‍ അതായിത്തീരുന്നതുവരെ കടന്നുപോകേണ്ട ശാരീരികവും മാനസികവുമായ പരിശീലനങ്ങളെപ്പറ്റിയാണ് ഈ അദ്ധ്യായം. പട്ടാളത്തിനുവേണ്ടിയും അല്ലാതെയും പലതരം വിമാനങ്ങളോടിച്ചുള്ള പരിചയം, ഏകോപനസിദ്ധി, സ്ഥലവ്യാപ്തിബോധം, സമയബന്ധിതമായി നിര്‍ണ്ണായകങ്ങളായ തീരുമാനങ്ങളെടുക്കുവാനുള്ള കഴിവ് എന്നിവയ്ക്കു പുറമെ ബഹിരാകാശകേന്ദ്രത്തില്‍ വെച്ച് നടത്തുന്ന പലതരം ശാസ്ത്ര-വൈദ്യ പരീക്ഷണങ്ങളെ കുറിച്ചുള്ള അറിവ്, സ്ഥിരോത്സാഹം, സംഘമായി ജോലി ചെയ്യാനുള്ള വ്യക്തിത്വവിശേഷങ്ങള്‍, സര്‍വ്വോപരി ബഹിരാകാശസഞ്ചാരിയാകുവാനുള്ള ആത്മാര്‍ത്ഥമായ ആഗ്രഹം എന്നിവയൊക്കെയാണ് ഒരു ബഹിരാകാശസഞ്ചാരിയ്ക്കുണ്ടാകേണ്ട അവശ്യകാര്യങ്ങള്‍. ഒരു ബഹിരാകാശപേടകത്തിന്റെ വിദൂരവും അടഞ്ഞതും പരിമിതവുമായ സ്ഥലത്ത് മാസങ്ങളോളം ജീവിക്കുക എന്നത് ഉയര്‍ന്ന ശാരീരിക, മാനസിക ക്ഷമത ആവശ്യപ്പെടുന്ന ഒന്നാണ്. അത് വളര്‍ത്തിയെടുക്കുവാന്‍ ചിട്ടയോടെയുള്ള ശാസ്ത്രീയവും കഠിനവുമായ പരിശീലനം സഞ്ചാരികള്‍ക്ക് കൊടുക്കുന്നു. കറങ്ങുന്ന ചക്രത്തില്‍ അതിവേഗം കറക്കുക, ഭാരമില്ലായ്മ അനുഭവപ്പെടുന്ന പേടകങ്ങളില്‍ ഫ്‌ലോട്ട് ചെയ്യുക, ജലാശയങ്ങള്‍ക്കടിയില്‍ അന്തര്‍വാഹിനികളില്‍ ജീവിക്കുക തുടങ്ങി ഗുരുത്വാകര്‍ഷണം കുറഞ്ഞ, അന്തരീക്ഷമില്ലാത്ത ബഹിരാകാശത്ത് ജീവിക്കുന്നതിന് സമാനമായ അവസ്ഥകള്‍ ഭൂമിയില്‍ സൃഷ്ടിക്കുകയും അത്തരം അവസ്ഥകളിലൂടെ കടന്നുപോയിക്കൊണ്ട് ബഹിരാകാശ സഞ്ചാരത്തിനാവശ്യമായ നൈപുണ്യവും സഹനശേഷിയും വൈദഗ്ദ്ധ്യവും നേടിയെടുക്കുകയും ചെയ്യുന്നു. വളവും തിരിവും കയറ്റിറക്കങ്ങളും നിറഞ്ഞ ഗുഹകളില്‍ ജീവിച്ച് അതിനുള്ളിലെ ജൈവസാമ്പിളുകള്‍ ശേഖരിക്കുക, ഫോട്ടോ എടുക്കുക, ടീമായി പ്രവര്‍ത്തിക്കുന്നതിനുള്ള കഴിവ് നേടുക എന്നതും പരിശീലത്തിന്റെ ഭാഗമാണ്.
Life and work on the ISS
സ്‌പേസ് സ്റ്റേഷനിലെ ജീവിതമെങ്ങിനെയാണ്? ഭൂമിയില്‍ നാം ഇതൊക്കെ എപ്പോഴുമുള്ളത് (taken for granted) എന്ന് കരുതി കാര്യമായി വില കല്‍പ്പിക്കാത്ത വായു, വെള്ളം എല്ലാം ലഭ്യമാക്കുന്ന സങ്കീര്‍ണ്ണമായ സംവിധാനങ്ങള്‍ ബഹിരാകാശപേടകത്തില്‍ എപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. ഭൂമിക്ക് സമാനമായ അന്തരീക്ഷം സൃഷ്ടിക്കുവാനും വിവിധ യന്ത്രഭാഗങ്ങളുടെ നിയന്ത്രണത്തിനും ഭൂമിയിലുള്ളവരുമായുള്ള വാര്‍ത്താവിനിമയത്തിനും പലതരം ശാസ്ത്രപരീക്ഷണങ്ങള്‍ക്കുമായുള്ള കമ്പ്യൂട്ടറുകളുള്‍പ്പെടെയുള്ള നിരവധി സംവിധാനങ്ങള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കും. ഒരു ബഹിരാകാശപേടകത്തിലെ വയറിങ്ങിന്റെ നീളം 12 കിലോമീറ്ററിലധികം വരും! സ്‌പേസിലായിരിക്കുന്ന കാലം മുഴുവനും ഒരു സഞ്ചാരിയുടെ വീടും ഓഫീസും ലാബും ജിമ്മും എല്ലാം ആ അടഞ്ഞ പേടകം തന്നെ. അയാള്‍ ഉണ്ണുന്നതും ഉറങ്ങുന്നതും ശൗചം ചെയ്യുന്നതും വ്യായാമം ചെയ്യുന്നതും പരീക്ഷണങ്ങള്‍ ചെയ്യുന്നതുമെല്ലാം മൈക്രോഗ്രാവിറ്റി - ഗുരുത്വാകര്‍ഷണം തീരെ കുറഞ്ഞ അവസ്ഥ - യിലാണ്. പേടകത്തിനുള്ളില്‍ ഘടിപ്പിച്ച കൊളുത്തുകളും ബാറുകളും ശരീരത്തില്‍ ബന്ധിപ്പിച്ച നീളമുള്ള കയറുകളും എല്ലാമുപയോഗിച്ച് സഞ്ചാരിക്ക് സുരക്ഷിതമായി ഫ്‌ലോട്ട് ചെയ്യാനും മറ്റ് പ്രവൃത്തികള്‍ ചെയ്യാനും കഴിയുന്നു.
'ഭൂമിയുണ്ടായതു മുതല്‍ സ്ഥിരമായി നില്‍ക്കുന്ന ഒന്നാണ് ഭൂഗുരുത്വാകര്‍ഷണം. അതിന്റെ അളവില്‍ മാറ്റമുള്ള ഭാരമില്ലായ്മ എന്ന അവസ്ഥയില്‍ ജീവികള്‍ക്കും ഭൗതികരാസിക പ്രതിഭാസങ്ങള്‍ക്കും വരുന്ന മാറ്റങ്ങള്‍ പരീക്ഷിച്ച് കണ്ടുപിടിക്കുന്നതിനുള്ള അത്യന്താധുനിക ലാബൊറട്ടറിയായി ISS പ്രവര്‍ത്തിക്കുന്നു. ISS-ലെ ശാസ്ത്രഗവേഷണപരീക്ഷണഫലങ്ങളെ ആസ്പദമാക്കി 1200-ലധികം ശാസ്ത്രലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത്തരം പരീക്ഷണങ്ങള്‍ നമ്മുടെ വിജ്ഞാനം വര്‍ദ്ധിക്കാനും, സാങ്കേതികവിദ്യയെ അങ്ങേയറ്റം വികസിപ്പിക്കാനും ആരോഗ്യരംഗത്ത് പുരോഗതി ഉണ്ടാക്കാനും പരിസ്ഥിതിയെ സമ്പുഷ്ടമാക്കാനും സഹായിക്കുന്നുണ്ട്.' (പുറം 86) ISS- ലെ ആധുനികശാസ്ത്രസാങ്കേതികപരീക്ഷണങ്ങളെക്കുറിച്ച് പ്രതിപാദിക്കുമ്പോലെത്തന്നെ ഒരു മനുഷ്യന്റെ ചായ കുടിക്കുക, ഭക്ഷണം കഴിക്കുക, ഉറങ്ങുക, കക്കൂസില്‍ പോവുക തുടങ്ങീ ദിനചര്യകള്‍ ഭാരമില്ലാ അവസ്ഥയില്‍ എങ്ങിനെ നിര്‍വ്വഹിക്കപ്പെടുന്നു എന്ന് ടിം വിശദമായും സരസമായും വിവരിക്കുന്നുണ്ട്. മനുഷ്യമൂത്രം ശുദ്ധീകരിച്ച് പുന:ചംക്രമണം ചെയ്ത് കുടിവെള്ളമായി ഉപയോഗിക്കുന്നു എന്നത് നമ്മെയൊക്കെ അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ബഹിരാകാശത്തില്‍ അത്രയും ദുര്‍ല്ലഭവും വിലപ്പെട്ടതുമാണ് കുടിവെള്ളം ഭൂമിയില്‍ നാം ഒരു അര്‍ദ്ധഗോളത്തില്‍നിന്നും മറ്റൊരര്‍ദ്ധഗോളത്തിലേക്ക് വിമാനത്തില്‍ സഞ്ചരിക്കുമ്പോള്‍ത്തന്നെ നമ്മുടെ ജൈവതാളം (circadian rhythm) തെറ്റും. അപ്പോള്‍ 400 കി.മീ ഉയരത്തില്‍, ദിനംപ്രതി 16 സൂര്യോദയങ്ങള്‍ അനുഭവപ്പെടുന്ന ബഹിരാകാശത്തിലെത്തിപ്പെടുന്ന പാവം മനുഷ്യശരീരത്തെപ്പറ്റി ഒന്നാലോചിച്ചു നോക്കൂ! മാത്രമല്ല, ഒന്നുറങ്ങേണ്ട സമയത്ത് ജനലിലൂടെ നോക്കുമ്പോള്‍ തിളങ്ങുന്ന സൂര്യവെളിച്ചമായിരിക്കും. സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികളുടെ പ്രഭാവത്താല്‍ നമ്മുടെ ശരീരം ഉറക്കത്തെ ഉത്തേജിപ്പിക്കുന്ന മെലാറ്റോനിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാതാവുകയും അങ്ങിനെ ജൈവതാളം തെറ്റി ഉറക്കം നഷ്ടപ്പെടുകയും ചെയ്യുന്നു. ഉറക്കസഞ്ചി ഒഴുകിനടക്കുമ്പോഴോ പേടകഭിത്തിയുമായി ബന്ധിപ്പിച്ചോ അസ്‌ടോനട്ടുകള്‍ക്ക് ഉറങ്ങാം.
ISS-ല്‍ നടത്തുന്ന ചില ജീവശാസ്ത്രപരീക്ഷണങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.
1. പലതരത്തിലുള്ള ആയിരക്കണക്കിന് മാംസ്യ (protein) തന്മാത്രകളുണ്ട് മനുഷ്യശരീരത്തില്‍. ജീവന്‍ നിലനിറുത്തുന്നതില്‍ ഇവ പ്രധാന പങ്ക് വഹിക്കുന്നു. ഈ മാംസ്യതന്മാത്രകള്‍ ചിലപ്പോള്‍ രൂപഭാവങ്ങള്‍ മാറി അല്‍ഷിമേഴ്‌സ്, പാര്‍കിന്‍സണ്‍സ് തുടങ്ങിയ രോഗങ്ങളുടെ ഹേതുവായി മാറാം. ഇത്തരം രോഗങ്ങള്‍ മാറാന്‍ ഉപയോഗിക്കുന്ന മരുന്നുകളുടെ ക്രിസ്റ്റലൈന്‍ രാസഘടന കൃത്യമാക്കാന്‍ സ്‌പേസിലെ ഭാരമില്ലാത്ത അവസ്ഥ സഹായിക്കുന്നു.
2. ബഹിരാകാശത്തിലെ മൈക്രോഗ്രാവിറ്റി അവസ്ഥ പകര്‍ച്ചവ്യാധികള്‍ക്കുള്ള പ്രതിരോധമരുന്നുകള്‍ വികസിപ്പിച്ചെടുക്കാന്‍ അനുകൂലമാണ്.
3. എല്ല്‌തേയ്മാനം, ഹൃദയപേശിയുടെ ദ്രവിക്കല്‍, ത്വക്കിന് സംഭവിക്കുന്ന മാറ്റങ്ങള്‍, ശരീരത്തിന്റെ ചലന-പ്രതിരോധ വ്യവസ്ഥകളുടെ ശക്തി കുറയല്‍
തുടങ്ങി വാര്‍ദ്ധക്യസഹജമായ ശരീരമാറ്റങ്ങളെക്കുറിച്ച് പഠിക്കാനും ഉചിതമാണ് മൈക്രോഗ്രാവിറ്റി അവസ്ഥ.
4. നല്ല ശക്തിയും ഗുണവിശേഷവുമുള്ള ലോഹക്കൂട്ടുകള്‍ ഉണ്ടാക്കാന്‍ മൈക്രോഗ്രാവിറ്റി അവസ്ഥ സഹായിക്കുന്നു.
5. കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കുള്ള പ്ലാസ്മചികിത്സ, microencapsulation തുടങ്ങിയ ചികിത്സാരീതികള്‍ സ്‌പേസ് ഗവേഷണം വഴി വികസിപ്പിച്ചെടുത്തതാണ്.
Space Walking
ISS എന്ന പേടകത്തിനു പുറത്തിറങ്ങി ബഹിരാകാശത്ത് നടക്കുന്നതെങ്ങിനെ എന്നതിനെക്കുറിച്ചാണ് ഈ അദ്ധ്യായം. ഒരു ചെറിയ തുള വഴിയാണ് അകത്തേക്കും പുറത്തേക്കും കടക്കുക. പേടകത്തിന്റെ പുറമെ ഘടിപ്പിച്ചിരിക്കുന്ന ഉപകരണങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കാനാണ് മിക്കപ്പോഴും അസ്‌ട്രോനട്ടുകള്‍ക്ക് ബഹിരാകാശത്തേക്കിറങ്ങേണ്ടിവരിക. കയ്യിലുള്ള ഉപകരണങ്ങളെല്ലാം ചരട് വഴി സ്‌പേസ് സ്യൂട്ടുമായി ബന്ധിപ്പിക്കും. സഞ്ചാരിയുടെ ദേഹം നീണ്ട ചരട് വഴി ഐഎസ്എസ്സുമായി ബന്ധിപ്പിച്ചിരിക്കും. കയ്യില്‍ നിന്നെന്തെങ്കിലും വീണുപോയാല്‍ പിന്നെ നോക്കണ്ട, അത് പറന്ന് അനന്തതയിലേക്ക് പോകും. spacewalk -ന്റെ സമയത്ത് പെട്ടെന്ന് പകല്‍ രാത്രിയായി മാറിയപ്പോള്‍ പ്രകൃതിയൊരുക്കിയ IMAX-ല്‍ മുന്‍സീറ്റിലിരിക്കുന്നതു പോലെ തോന്നിയെന്ന് ടിം ഭംഗിയായി അഭൗമാനുഭൂതിയെ വരച്ചുകാണിക്കുന്നു.
Return to Earth
ISS-ല്‍ നിന്ന് സോയൂസ് റോക്കറ്റിലേക്ക് പ്രവേശിക്കല്‍, താഴോട്ടുള്ള യാത്ര, ഭൗമാന്തരീക്ഷവുമായുള്ള കൂട്ടിമുട്ടല്‍, നിലത്തിറങ്ങല്‍ (landing) തുടങ്ങി ചെറിയ ഒരു പാളിച്ച പറ്റിയാല്‍ അപകടകരമായേക്കാവുന്ന ഒരോഘട്ടവും വിജയകരമായി പൂര്‍ത്തിയാക്കിയാണ് ഓരോ ബഹിരാകാശസഞ്ചാരിയും തിരിച്ചെത്തുന്നത്. പേടകത്തില്‍ നിന്നു പുറത്തുവരുന്ന മനുഷ്യശരീരത്തിന് ഭൂഗുരുത്വവും, അന്തരീക്ഷമര്‍ദ്ദവും താങ്ങാന്‍ പ്രയാസമായിരിക്കും. അതുകൊണ്ടു തന്നെ അവരവര്‍ക്കായുണ്ടാക്കിയ ഇരിപ്പിടങ്ങളിലാണ് അവരെ എടുത്തുകൊണ്ട് പോവുക. തനിയെ നടക്കാനുള്ള ബാലന്‍സും ഭാരവും അന്തരീക്ഷമര്‍ദ്ദവും സഹിക്കാനുള്ള കഴിവും ശരിയായി വരാന്‍ ആഴ്ചകളോളമെടുക്കും. പേശീക്ഷയം, എല്ല് ദ്രവിക്കല്‍, അന്ധത, പുറംവേദന, കഴുത്തുവേദന, പ്രതിരോധശക്തി കുറയല്‍, വിവിധതരം വികിരണങ്ങളേല്‍ക്കുന്നതു മൂലമുള്ള ആഘാതങ്ങള്‍ തുടങ്ങീ പലതരം ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാം ഒരു ബഹിരാകാശസഞ്ചാരിക്ക്.
Looking to the future
വാണിജ്യാടിസ്ഥാനത്തില്‍ സഞ്ചാരികളെ സ്‌പേസില്‍ കൊണ്ടുപോയി കൊണ്ടുവരിക, മൈക്രോഗ്രാവിറ്റി നിരീക്ഷണ, പരീക്ഷണ, ഗവേഷണങ്ങള്‍ വികസിപ്പിക്കുക, ചാന്ദ്രപര്യവേക്ഷണം, ചൊവ്വാപര്യവേക്ഷണം തുടങ്ങിയവയൊക്കെയാണ് NASA യുടെ ഭാവിപരിപാടികള്‍.
ശാസ്ത്രകാര്യങ്ങള്‍ അങ്ങേയറ്റം ശാസ്ത്രീയമായിത്തന്നെ പ്രതിപാദിക്കുകയും അതേസമയം അതിന് ഒരു കാല്പനികഭാവം കൊടുക്കുകയും ചെയ്യുന്നുണ്ട് രചയിതാവായ ടിം പീക്. ബഹിരാകാശത്ത് ഏറ്റവുമധികം മിസ് ചെയ്തതെന്ത് എന്ന ചോദ്യത്തിന് ടിം മറുപടി പറയുന്നത് മഴച്ചാറല്‍ എന്നാണ്. മഴച്ചാറല്‍ കൊണ്ടുകൊണ്ട് പുറത്ത് വ്യായാമം ചെയ്യുക എന്നത്. എന്തു മനോഹരമായ മറുപടി! ഈ പുസ്തകത്തിലുടനീളം ഒരു നനുത്ത നര്‍മ്മബോധത്തിന്റെ സ്പര്‍ശവുമുണ്ട്. ഇതെല്ലാം വായനയെ രസകരമാക്കുന്നു. ബഹിരാകാശത്തുനിന്നുള്ള ഭൂമിക്കാഴ്ച്ചകള്‍ അത്യന്തം സുന്ദരമാണെന്ന് പറയുന്നുണ്ട് ഇതില്‍. ധ്രുവങ്ങള്‍ക്കടുത്ത് കാണുന്ന അറോറ എന്ന പ്രകാശപ്രതിഭാസം, റഷ്യയിലെ അഗ്‌നിപര്‍വ്വതം, ചൈനയിലെ നാംകൊ തടാകം തുടങ്ങീ അത്തരം കാഴ്ച്ചകളുടെ കുറേ നല്ല ഫോട്ടോകളും ഈ പുസ്തകത്തെ മനോഹരമാക്കുന്നു. പുസ്തകം വായിച്ചുതീരുമ്പോള്‍ ബഹിരാകാശത്ത് പോയിവന്ന പ്രതീതിയാണ് വായനക്കാര്‍ക്കുണ്ടാവുക.
Content Highlights: cs meenakshi reviews book ask an astronaut by tim peake on spacecraft
Published: 25 Mar 2025, 07:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented