അജയ് പി. മങ്ങാട്ട് എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ലോകം അവസാനിക്കുന്നില്ല എന്ന പുസ്തകത്തിന്റെ പ്രകാശനവേളയില്‍ നിരൂപകന്‍ ഇ.പി രാജഗോപാലന്റെ വാക്കുകള്‍...

To advertise here,

വസാനം എന്നത് കൂടുതല്‍ മുഴങ്ങുന്ന കാലമാണ്. 1992-ലാണ് ചരിത്രം അവസാനിച്ചു എന്ന് ഫ്രാന്‍സിസ് ഫുക്കുയാമ സിദ്ധാന്തം പറഞ്ഞത്-ആഗോളീകരണമെന്ന പുതുമുതുലാളിത്തത്തിന്റെ തുടക്കത്തില്‍. വര്‍ഗ്ഗസമരം തീര്‍ന്നു; പ്രത്യയശാസ്ത്രത്തിന് ഒടുക്കമായി എന്നീ ധ്വനികളുമായി അത് പരന്നു. അതിനും മുന്‍പ് വാള്‍ട്ടര്‍ ബെഞ്ചമിന്‍ കഥപറച്ചില്‍ തീരുന്നുവെന്ന് പറയുന്നുണ്ട്. ടെറി ഈഗ്ള്‍ട്ടണ്‍ സാഹിത്യനിരൂപണം ഇല്ലാതായിക്കൊണ്ടിരിക്കുന്ന കലയാണ് എന്ന് നിരീക്ഷിച്ചതും ഓര്‍ക്കാം: Like thatching or dog-dancing , literary criticism seem to be something of a dying art. തീര്‍ച്ചയായും ഒരേ താല്പര്യത്തിലുള്ളവയല്ല ഈ മരണവചനങ്ങളെങ്കിലും, അവസാനം എന്ന അസുഖകരമായ ആശയം അവ പങ്കിടുന്നുണ്ട്. മലയാളത്തില്‍ നിരൂപണം ചത്തെന്നോ അതിനെ കൊന്നെന്നോ ഒക്കെ പറയുന്ന കവര്‍‌സ്റ്റോറികള്‍ വരുന്ന കാലമാണ്.

ഈ സാഹചര്യത്തിലാണ് അജയ് പി.മങ്ങാട്ടിന്റെ ഒരു പുസ്തകപ്പേരായി 'ലോകം അവസാനിക്കുന്നില്ല' കാണുന്നത്. സന്തോഷം തരുന്ന കാഴ്ചയാണ് അത്. എഴുത്തുകാരനെ/എഴുത്തുകാരിയെ കൃതിയുടെ അര്‍ത്ഥത്തിന്റെ ജന്മിയായ സ്വകാര്യവ്യക്തിയായി കണ്ടുകൊണ്ട്, ആ ആളെ സ്തുതിക്കുകയോ ശകാരിക്കുകയോ ചെയ്യുകയാണ് എന്ന തെറ്റായ വഴക്കമല്ല ഈ ലേഖന സമാഹാരത്തില്‍ പുലരുന്നത്. കൃതിയില്‍ കാലേക്കൂട്ടി നിലനില്‍ക്കുന്ന അര്‍ത്ഥം നുകരാന്‍ വായനക്കാരെ സഹായിക്കുന്ന പണിയാണ് സാഹിത്യ നിരൂപണത്തിന്റെത് എന്ന ധാരണയും ഇവിടെ ആദരിക്കപ്പെടുന്നില്ല. നിരൂപണം എഴുത്തുകാര്‍ക്കു വേണ്ടിയുള്ള പി.ആര്‍.പണിയാണ് എന്ന തോന്നലിനെ നല്ല ആത്മവിശ്വാസത്തോടെ ഇവിടെ തള്ളിക്കളയുന്നു. 

സാഹിത്യനിരൂപണം സാഹിത്യകൃതിയുടെ വ്യാഖ്യാനമല്ല; മറിച്ച് സാഹിത്യകൃതിയെക്കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ലോക നിരൂപണമാണ്. വ്യക്തിയായ എഴുത്തുകാരന് ഇതില്‍ കഥാപാത്രമേയല്ല. ആ നിലയ്ക്ക് നിരൂപണം സര്‍ഗ്ഗാത്മകവും സ്വതന്ത്രവുമായ പ്രവര്‍ത്തനമാണ്. ഈ പുസ്തകത്തിലെ നിലപാടാണ് ഇത്.

കാലേക്കുട്ടി തയ്യാറായ സിദ്ധാന്തങ്ങളെ നമസ്‌കരിച്ച് അവയ്ക്ക് പറ്റിയ ഉദാഹരണങ്ങള്‍ സാഹിത്യ കൃതികളില്‍ നിന്ന്  എടുത്തെഴുതി പാണ്ഡിത്യം കാട്ടുന്ന സൂത്രപ്പണിയുമല്ല സാഹിത്യനിരൂപണം എന്ന് ഈ പുസ്തകം നന്നായി തെളിയിക്കുന്നു. വായനയുടെ സര്‍ഗ്ഗാത്മതയ്ക്കും ഉത്സാഹത്തിനുമുള്ള അരങ്ങായിട്ടാണ് ഇത് താനേ തെളിയുന്നത്. വായന അവസാനിക്കുന്നില്ല, നിരൂപണം അവസാനിക്കുന്നില്ല എന്നുകൂടി സൂചിപ്പിക്കുന്നതാണ് പുസ്തകപ്പേര്.

വായനയെ ഒരു 'പാഷന്‍' ആയി കൊണ്ടു നടക്കുകയും അനുശീലിക്കുകയും ചെയ്യുന്ന ആളാണിതിന്റെ എഴുത്തുകാരന്‍. ലോകത്തെ, ജീവിതത്തെ അവയുടെ വൈവിധ്യത്തിലും വൈരുധ്യങ്ങളിലും. അറിയാനുള്ള വഴിയായും വായനയെ 'സംസ്‌കാരപ്പെടുത്തുന്ന 'രീതി ഇവിടെ കാണാം. അജയ് പി മങ്ങാട്ടിന്റെ ശ്രദ്ധ നേടിയ നോവലായ 'സൂസന്നയുടെ ഗ്രന്ഥപ്പുര' ഇതാണല്ലോ വിഷയമാക്കുന്നത്.

placeholder
പുസ്തകം വാങ്ങാം

ഈ പുസ്തകത്തിലെ 'വായനയുടെ അന്ത്യം' എന്ന ലേഖനത്തില്‍ പറയുന്നു: 'ഒരാളുടെ വിശ്രാന്തിയിലേക്ക് ഒരു പുസ്തകം കടക്കണമെങ്കില്‍ അത് അയാളുടെ ഭാവനയെ നേരിട്ടു തൊടണം; അവിടെ ഓളങ്ങളുണ്ടാക്കണം; ഒരു വിനിമയം സൃഷ്ടിക്കണം'. ഇതാണ് ഇവിടത്തെ മാനിഫെസ്റ്റോ. വായനക്കാര്‍ സക്രിയവ്യക്തിത്വങ്ങളാണ്; വായനക്കാര്‍ക്കും തങ്ങളുടെതായ ഭാവനയുണ്ട്. അവര്‍ (കൃതിയുടെ) വെറും ഉപഭോക്താക്കളല്ല. എഴുത്തുകാരുടെ ശേഷികള്‍ വായനക്കാര്‍ക്കും ഉണ്ട്. വായനയാണ് പ്രാഥമികം. എഴുത്തുകാര്‍ ലോകത്തെയും ഭാഷയെയും വായിക്കുന്നതിനിടയിലാണ് എഴുതുന്നത്. എഴുത്ത് മൗലികമായി
വായനയാണ്. 

ഈ ധാരണയുടെ കണ്ണുകള്‍ പല രചനകളെ വായിക്കുന്നു; അവ ഉപരി രചനകളായിത്തീരുന്നു. ഇതില്‍ വിദേശ കൃതികള്‍ വായിക്കപ്പെടുന്നു; ദേശകൃതികളും. വായനക്കാരന്റെത് എത്ര പ്രധാനപ്പെട്ട- വിപ്ലവകരമായ -സ്ഥാനവും പ്രവൃത്തിയുമാണ് എന്ന് തെളിയിക്കുന്ന എഴുത്തുകളാണിവ. കേരളീയമായ സാഹിത്യസന്ദര്‍ഭങ്ങള്‍  സൈദ്ധാന്തിക മൂല്യത്തോടെ പുനരവതരിപ്പിക്കുന്ന രീതി ഇതില്‍ ഉണ്ട്. ലോകസാഹിത്യം എന്ന ഭാവനയില്‍ മലയാളസാഹിത്യവും ഉണ്ട് എന്ന ജനാധിപത്യപരമായ നിലപാട് ഇവിടെ നിലനില്‍ക്കുന്നു. കെ.ടി.മുഹമ്മദിന്റെ 'ഇത് ഭൂമിയാണ്' എന്ന നാടകത്തിലെ പരിഷ്‌കരണവാദിയായ നായകന്റെ കയ്യില്‍ എപ്പോഴും ഒരു പുസ്തകമുണ്ട് എന്ന ഓര്‍മ്മയെ സക്രിയമായി വിനിയോഗിക്കുന്ന സന്ദര്‍ഭം എടുത്തു പറയാന്‍ തോന്നുന്നു. ലിഡിയ ഡേവിസിന്റയും ബോര്‍ഹെസിന്റെയും ഈസോപ്പ് കഥകളുടെയും കാഫ്കയുടെയും ചുരുക്കിയെഴുത്ത് എന്ന സര്‍ഗ്ഗനയത്തെ വിവരിക്കുന്ന ലേഖനത്തില്‍ ('ഒന്നും എഴുതിയില്ല') എസ്. ജോസഫിന്റെ കവിതാവരികള്‍ ചേര്‍ത്തെഴുതുന്നത് മറ്റൊരു സന്ദര്‍ഭം. മലയാളഭാവനയുടെ നിലവാരത്തിലുള്ള ദൃഢവിശ്വാസമെന്നതിനൊപ്പം മലയാള വായനയുടെ വിമോചനാത്മകമായ പ്രയോഗം കൂടിയാണിത്. നാടന്‍കൃതി വെച്ച് മറുനാടന്‍ കൃതി വായിക്കുന്നത് ഒട്ടും പതിവുള്ളതല്ലല്ലോ.

സാഹിത്യനിരൂപണത്തിന്റെ പ്രൊഫസോറിയല്‍ സ്‌ക്രിപിറ്റിംഗിനെ ഇതിലെ (പലകാല) ലേഖനശൈലി  അനായാസമായി ചെറുക്കുന്നുവെന്നതും പ്രധാനപ്പെട്ട കാര്യമാണ്. ജ്ഞാനാധികാരിയുടെ അഹന്തയല്ല, സംവാദിയുടെ പ്രസന്നതയാണ് ഇവിടെയുള്ളത്. അവിടവിടെ രൂപകങ്ങള്‍ നിരത്തി മാന്ത്രികനായ നിരൂപകകവിയാവാനുള്ള ആക്രാന്തവും ഇവിടെ ഇല്ല. ഉള്ളത് സൂക്ഷ്മതയും സംവാദഗുണവും. 

Content Highlights :Critic E.P Rajagopalan speaks on the book Lokam Avasanikkunnuilla by Ajay P Mangad Mathrubhumi Books