അധികാരകേന്ദ്രങ്ങള്‍ സാധാരണപൗരനെ ചൂഷണം ചെയ്യുന്നത്, ഇന്ത്യന്‍ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളുമായി കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന നോവലാണ് എച്മുക്കുട്ടിയുടെ 'ചൊക്‌ളി'. പുസ്തകത്തിന്റെ ആസ്വാദനക്കുറിപ്പ് വായിക്കാം...

To advertise here,

സമൂഹത്തിലെ ഏറ്റവും കീഴ്ത്തട്ടിലുള്ളവരുടെ ദുരിതജീവിതവും അവരുടെ പോരാട്ടങ്ങളും മലയാളസാഹിത്യത്തിലെത്തുന്നത് പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ കാലത്താണ്. കേശവദേവിന്റെ 'ഓടയില്‍ നിന്ന്(1942), തകഴിയുടെ 'തോട്ടിയുടെ മകന്‍'(1947) തുടങ്ങിയ നോവലുകള്‍ മലയാള നോവലിനെ പാവപ്പെട്ട മനുഷ്യരുടെ ദുരിത പരിസരങ്ങളിലേക്ക് പറിച്ചുനട്ടു. എങ്കിലും പില്‍ക്കാലത്ത് മലയാളനോവല്‍ മധ്യവര്‍ഗ പരിസരങ്ങളിലേക്കും ഫ്യൂഡല്‍ നഷ്ടബോധങ്ങളിലേക്കും തന്നെ മടങ്ങിപ്പോയി. അറിയാത്ത ജീവിതത്തിന്റെ ആഴങ്ങളേക്കാള്‍ അറിഞ്ഞ ജീവിതത്തിന്റെ ആഴക്കുറവുകള്‍ ആവിഷ്‌ക്കരിക്കപ്പെട്ടു.

പിന്നീട് ഇറക്കുമതി ചെയ്ത ദാര്‍ശനിക ദുഃഖങ്ങളുടെ കാളമേഘങ്ങള്‍ മലയാള നോവലില്‍ തിമര്‍ത്ത് പെയ്യുകയും ചെയ്തു. അക്കാലത്ത് അപൂര്‍വം ചില എഴുത്തുകാര്‍ മാത്രമാണ് സാധാരണ മനുഷ്യന്റെ ജീവിതത്തില്‍ നിന്ന് കഥകള്‍ കണ്ടെടുത്തത്. എന്നാല്‍ ഇന്ന് പല മലയാള നോവലുകളും സമകാലിക സാധാരണ ജീവിതങ്ങള്‍ പ്രമേയമാക്കുന്നുണ്ട്. 'എച്മുക്കുട്ടി'യുടെ കഥകളും നോവലുകളും ആകട്ടെ, തിരസ്‌കൃതരുടെ ജീവിതത്തിലേക്കാണ് ആഴ്ന്നിറങ്ങുന്നത്. 

എച്മുക്കുട്ടിയുടെ 'ചൊക്ലി'യെ പക്ഷെ ഒരു പാര്‍ശ്വവല്‍കൃതന്‍ എന്ന് വിശേഷിപ്പിച്ചാല്‍ മതിയാവില്ല, ആ വാക്കിലെ സംസ്‌കൃതം താങ്ങാനാവാത്ത, അതില്‍പോലും ഇക്കാലത്തുള്ള സംഘബോധം ഇല്ലാത്ത ഒരു അനാദന്‍(അനാഥന്‍ എന്ന് ഭാഷയില്‍) . പക്ഷെ നോവല്‍ ചൊക്ലിയുടെ കഥ മാത്രമല്ല. ഇന്ദിരാഗാന്ധിയുടെ കാലം മുതല്‍ കൊറോണക്കാലം വരെയുള്ള കേരളത്തിന്റേയും ഇന്ത്യയുടേയും രാഷ്ട്രീയ സാമൂഹ്യമാറ്റങ്ങളെ ഹ്രസ്വമായിട്ടായാലും വിലയിരുത്തി മുന്നോട്ടുപോകുന്ന ഈ നോവലിന് ഒരു രാഷ്ട്രീയ സ്വഭാവമുണ്ട്. നോവലിന്റെ സമയരേഖയിലൂടെ ഇന്ദിരാഗാന്ധി മുതലുള്ള സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ പ്രധാനമന്ത്രിമാരും പ്രസിഡണ്ടുമാരും കേരളത്തിലെ മുഖ്യമന്ത്രിമാരുമെല്ലാം കടന്നുപോകുന്നു. ഭൂപരിഷ്‌ക്കരണ നിയമം, സമൂഹത്തിലെ ഗള്‍ഫ് ഇംപാക്ട്, അടിയന്തിരാവസ്ഥ, നിര്‍ദയം അടിച്ചൊതുക്കപ്പെട്ട നക്സല്‍ പ്രസ്ഥാനം, മണ്ഡല്‍ കമ്മീഷന്‍, രാജ്യമൊട്ടാകെയുള്ള ഹിന്ദുത്വ പ്രസ്ഥാനത്തിന്റെ വളര്‍ച്ച, അയ്യങ്കാളിയുടേയും നാരായണ ഗുരുവിന്റേയും സ്വാധീനത്തില്‍ നിന്ന് പതുക്കെ അകലുന്ന കേരളത്തില്‍ അത് വേരുകള്‍ ആഴ്ത്തുന്നത്, രഥയാത്ര, മസ്ജിദ് തകര്‍ക്കുന്നത്, പൗരത്വ നിയമ ഭേദഗതി, ശബരിമല പ്രശ്നം, ആദിവാസികളെ വെടിവെച്ചുകൊല്ലുന്നത്, പാറകള്‍ പിളര്‍ന്ന് പുതിയ വലിയ പാതകള്‍ വരുന്നത്, മറ്റു വികസനപ്രവര്‍ത്തനങ്ങള്‍... എങ്കിലും ചൊക്ലിയുടെ ജീവിതത്തിലെ ദുരിതങ്ങള്‍ക്ക് അവസാനമില്ലാതാവുന്നു. ഒരു രാഷ്ട്രീയ-സാമൂഹ്യ പ്രസ്ഥാനവും അവനെ ഗൗനിക്കുന്നില്ല. കാരണം അവന്‍ ഒരു വോട്ടുബാങ്കിന്റേയും പ്രതിനിധിയല്ല.

placeholder
പുസ്തകത്തിന്റെ കവര്‍.
പുസ്തകത്തിന്റെ കവര്‍

പക്ഷെ അയാളെ കേന്ദ്ര കഥാപാത്രമാക്കി എച്മുക്കുട്ടി ഗംഭീരമായ ഒരു നോവല്‍ രചിക്കുന്നു. അയാളെപ്പോലെ അനാഥമാകുന്നു നോവലും. നിരൂപക ശ്രേഷ്ഠരാരും നോവലിനെ തിരിഞ്ഞുനോക്കുന്നില്ല. പക്ഷെ സാധാരണ വായനക്കാര്‍ ഈ നോവലിനെ നെഞ്ചോട് ചേര്‍ക്കുന്നു. സാരമില്ല, ദേവിനും തകഴിക്കും എല്ലാം ആദ്യ കാലത്ത് ഇങ്ങനെ തന്നെയായിരുന്നു അനുഭവം. അവര്‍ അക്കാലത്ത് സാഹിത്യത്തിലെ പറയരായിരുന്നല്ലോ.

തൃശൂരില്‍ ചിലയിടങ്ങളിലെ സാധാരണക്കാര്‍ സംസാരിക്കുന്ന, ഇന്ന് അധികം ഉപയോഗമില്ലാത്ത ഒരു ഭാഷയിലാണ് ഈ നോവലിലെ സംഭാഷണങ്ങളില്‍ അധികവും. അസാമാന്യമായ ഒരു ഊര്‍ജം ഈ ഭാഷ നോവലിന് നല്‍കുന്നുണ്ട്. സാധാരണ വ്യവഹാരത്തിലെ ഗ്രാമ്യ പ്രയോഗങ്ങളാല്‍ സമൃദ്ധമാണ് നോവല്‍.

പപ്പിനി എന്ന മേലുകീഴു നോക്കാതെ പ്രതികരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന, എപ്പോഴും ന്യായത്തിന്റെ ഭാഗത്തുനില്‍ക്കുന്ന കരുത്തുറ്റ ഒരു കഥാപാത്രം ഈ നോവലിന്റെ താളുകളില്‍ നിന്ന് സ്ത്രീശക്തിയുടെ മൂര്‍ത്തീമദ്ഭാവമായി ഉയര്‍ന്നുവരുന്നു. ആത്യന്തികമായി ഒരു ദുരന്തത്തിലൊടുങ്ങുമ്പോഴും പപ്പിനിയുടെ വീറ് നോവല്‍ വായനക്കാരിലേക്ക് പകരും. പപ്പിനിയുടെ സ്വാധീനത്തില്‍ ചൊക്ളി പതുക്കെ പതുക്കെ രാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്നതു കാണാം. വായനക്കാരെ വല്ലാതെ സ്പര്‍ശിക്കുന്ന മറ്റൊരു കഥാപാത്രം അടിയന്തിരാവസ്ഥയില്‍ ക്രൂരമായ പോലീസ് മര്‍ദ്ദനത്തിനിരയായ, തീവ്രരാഷ്ട്രീയ ചായ്‌വുണ്ടായിരുന്നെന്ന് കരുതാവുന്ന രവി ആണ്. ഭരണകൂടം ചവച്ചുതുപ്പിയ ആ മനുഷ്യന്‍ തന്റെ അവസാന കാലത്ത് ഗ്രാമത്തില്‍ വൃക്ഷങ്ങള്‍ നടുകയും പപ്പിനിയേയും ചൊക്ളിയേയും തന്റെ ഹരിത രാഷ്ട്രീയത്തിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുന്നുണ്ട്. ശ്രദ്ധേയമായ മറ്റൊരു സ്ത്രീ കഥാപാത്രമാണ് ജാനു. വിശ്വനാഥസ്വാമിയുടെ മഠത്തിലെ ഈ അടുക്കളക്കാരി സുരേശസ്വാമിയില്‍ നിന്ന് ഗര്‍ഭം ധരിക്കുന്നു. അവളെ ചൊക്ലിയെക്കൊണ്ട് വിവാഹം കഴിപ്പിച്ച് മഠം തലയൂരുന്നുണ്ട്. ജാനുവിന്റെ മകന്‍ ജഗന്നാഥന്‍ ചൊക്ലിയുടെ മകനായി വളരുന്നു. എന്നാല്‍ സുരേശ സ്വാമി വിവാഹിതനാവുമ്പോള്‍ ജാനുവും മകനും ചൊക്ളിയുടെ ജീവിതത്തില്‍ നിന്ന് പോയിമറയുന്നു. വീണ്ടും ചൊക്ളി അനാഥനാകുന്നു.

നോവലിന്റെ തുടക്കത്തില്‍ തന്നെ ആരും, അത് ഏത് ഗോപാലേട്ടനായാലും ദേവുഅമ്മയായാലും അനാഥരെ ചൂഷണം ചെയ്യുമെന്ന് ചൊക്ളി മനസ്സിലാക്കുന്നുണ്ട്. കൂടെയുണ്ട് എന്ന് വിചാരിക്കുന്നവരുടെ വഞ്ചനയേകുന്ന പൊള്ളലും ചൊക്ളി അറിയുന്നുണ്ട്. കപട ആദര്‍ശശാലികള്‍ അവരുടെ വര്‍ഗസ്വഭാവം വെളിപ്പെടുത്തുന്നത് കഥയുടെ അവസാനം അവനെ നിരാശനാക്കുന്നുമുണ്ട്. നേരില്‍ ഉറച്ചുനിന്നാല്‍ അനാഥനുനേരെയും ഭരണകൂടത്തിന്റെ കൊലക്കത്തികള്‍ നീളുമെന്ന് വായനക്കാരും അറിയുന്നു.

No more spoilers. 
ഒരു അനാഥനെ കേന്ദ്രമാക്കി ഒരു ഗ്രാമത്തിലുള്ള സാധാരണ മനുഷ്യരുടെ കഥയിലൂടെ, ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക സ്ഥിതിയിലുണ്ടാകുന്ന മാറ്റങ്ങള്‍ വിദഗ്ദ്ധമായി എച്മുക്കുട്ടി ആവിഷ്‌ക്കരിക്കുന്നു. സമൂഹത്തിന്റെ കീഴ്ത്തട്ടിലുള്ള മനുഷ്യരെ തൊട്ടറിഞ്ഞതിന്റെ വിപുലമായ പരിചയവും കൃത്യമായ രാഷ്ട്രീയധാരണകളും സര്‍ഗശക്തിയും എച്മുക്കുട്ടിക്ക് ഈ രചനയില്‍ തുണയായിട്ടുണ്ടായിരിക്കണം. ഒരേസമയം നല്ലൊരു കമിങ് ഓഫ് ഏജ്(coming of age) കഥയും, ഒരു രാഷ്ട്രീയനോവലും ആയ ചൊക്ളി വിപുലമായ വായനയും ചര്‍ച്ചയും ആവശ്യപ്പെടുന്ന രചനയാണ്.