ധുനിക കാലത്ത് ഏറ്റവുമധികം അഭിവൃദ്ധി പ്രാപിച്ച സാഹിത്യരൂപം ചെറുകഥയാണ് എന്നും ഇത്രമേല്‍ ജീവിത യാഥാര്‍ത്ഥ്യങ്ങളോട് അടുത്തു നില്‍ക്കുന്നതും ഇത്രമേല്‍ ജനകീയമായതുമായ മറ്റൊരു സാഹിത്യ ശാഖ ഇല്ല എന്നും എം.പി.പോള്‍ എഴുതിയത് 1946-ലാണ്. അക്കാലത്തും പിന്നീടും ചെറുകഥയെ കുറിച്ചുള്ള സമഗ്രമായ ഒരു കൃതിയായി 'ചെറുകഥാ പ്രസ്ഥാനം' നിലനിന്നു. എം.പി. പോളിന്റെ ഈ പ്രസ്താവന, ചെറുകഥ എന്ന സാഹിത്യസാമ്രാജ്യത്തിന്റെ പ്രാധാന്യത്തെ വിലയിരുത്തിക്കൊണ്ടുള്ള പ്രസ്താവന, വരുന്ന കാലത്ത്  പിന്നീട് മലയാള കഥയുടെ രൂപഭാവങ്ങള്‍ അപ്പാടെ മാറ്റിത്തീര്‍ത്ത എഴുത്തുകാര്‍ - എം.ടി.വാസുദേവന്‍ നായരും ടി.പത്മനാഭനും ഒ.വി.വിജയനും മാധവിക്കുട്ടിയുമൊന്നും - എഴുതാന്‍ തുടങ്ങിയിരുന്നില്ല. എം. ടി വാസുദേവന്‍ നായര്‍ അന്ന് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. മാധവിക്കുട്ടി അന്ന് പന്ത്രണ്ടു വയസ്സുകാരിയാണ്. ഈ എഴുത്തുകാരൊന്നും, നമ്മള്‍ ഇന്ന് എടുത്തുപറയുന്നവരൊന്നും, ഇല്ലാത്ത ഒരു കാലത്തുതന്നെ മലയാളചെറുകഥ ഒരു സാഹിത്യരൂപം എന്ന നിലയില്‍, ആഖ്യാനരൂപം എന്ന നിലയില്‍ കൈവരിച്ച പ്രസക്തിയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചുമാണ് എം.പി.പോള്‍ അന്ന് പറഞ്ഞത്.

To advertise here,

അതിനു ശേഷം, നമുക്കറിയാവുന്നതു പോലെ, പല ദശകങ്ങളിലൂടെ മലയാള കഥ ഒരുപാട് മുന്നോട്ടുപോയി. പ്രമേയപരമായും ആഖ്യാനപരമായും മലയാളകഥ  കടന്നുപോയ ദൂരം മലയാളി മനസ്സിനുണ്ടായ ആഭ്യന്തര പരിണാമത്തിന്റെ കൂടി രേഖയാണ്. ഇത്രയും കാലത്തിനിടയില്‍ ഒരു പാട് കഥാകൃത്തുക്കള്‍ നമ്മെ വിട്ടുപോയി. തകഴിയും ലളിതാംബിക അന്തര്‍ജ്ജനവും ബഷീറും കെ.സരസ്വതിയമ്മയും പൊറ്റെക്കാടും ഉറൂബും മാധവിക്കുട്ടിയും. ഒ. വി. വിജയനും മറ്റും മറ്റും. പക്ഷെ കഥകള്‍ എഴുത്തുകാരെ അതിജീവിക്കുന്നുവെന്നാണ് നാം വിശ്വസിക്കുന്നത്. കഥകള്‍ മാത്രമാണ് പിന്നീട് പ്രസക്തി കൈവരിക്കുന്നത്. തകഴിയുടെ 'വെള്ളപ്പൊക്കത്തില്‍' എന്ന കഥയോ  ഒ.വി. വിജയന്റെ കടല്‍ത്തീരത്ത്, മാധവിക്കുട്ടിയുടെ കല്യാണി, പക്ഷിയുടെ മണം തുടങ്ങിയ കഥകളോ ഒക്കെ എഴുത്തുകാരെ അതിജീവിച്ചിട്ടുള്ള കഥകളാണ്. എഴുത്തുകാരുടെ പ്രശസ്തിയിലല്ല കഥകള്‍ നില്‍ക്കുന്നത്. ആ കഥകളില്‍ നിലീനമായിട്ടുള്ള  ആന്തരികശക്തിയുണ്ട്. അതാണ് തുടരുന്നത്.

ചെറുകഥയുടെ ആചാര്യന്‍ എന്ന് ഞാന്‍ കരുതുന്ന, മുന്നൂറോളം കഥകള്‍ എഴുതിയിട്ടുള്ള ആളാണ് ഫ്രഞ്ചുകാരനായ മോപ്പസാങ്.  1893-ല്‍ മോപ്പസാങ് അന്തരിച്ചു. മോപ്പസാങിന്റെ കഥകള്‍ ഇപ്പോഴും വായനക്കാരെ ബാധിച്ചു കൊണ്ടിരിക്കുന്നു. ഞാന്‍ ഇക്കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഒരു കഥ വീണ്ടും വായിക്കാനിടയായി. ഫ്രഞ്ച് നവതരംഗ-- ന്യൂ വേവ് - സിനിമയുടെ  ഭാഗമായ ഗൊദാര്‍ദിന്റെ  ഒരു സിനിമയിലെ നായകനായി നടിച്ച ഴാങ് പോള്‍ ബെല്‍മൊന്തോ മരിച്ച ദിവസമായിരുന്നു അത്. ഗൊദാര്‍ദ്‌ന്റെ ഒരു ആദ്യകാല ചിത്രമാണ്  A Filirtatious Woman. ഒന്‍പതു മിനുറ്റ് മാത്രം ദൈര്‍ഘ്യമുള്ള, എന്നാല്‍ അന്താരാഷ്ട്ര പ്രശസ്തി നേടിയ ചിത്രമാണ് അത്. ഫ്രഞ്ചില്‍ Une femme coquette. ഈ ചലച്ചിത്രത്തിന്റെ ആധാരം മോപ്പസാങിന്റെ Le Signe (കൈയ്യാംഗ്യംഎന്ന് അര്‍ത്ഥം) എന്ന ഒരു കഥയാണ്. ഒരു അഭിസാരിക ആണുങ്ങളെ ആകര്‍ഷിക്കാന്‍ വേണ്ടി കാട്ടിയ കൈയ്യാംഗ്യം അനുകരിക്കുന്ന ഒരു സ്ത്രീയും അതിനോട് പ്രതികരിക്കുന്ന ഒരു ചെറുപ്പക്കാരനുമാണ് ഈ കഥയില്‍ ഉള്ളത്. അസാധാരണമായ കഥ. (അസാധാരണമായ സിനിമയും.) ഈ കഥയെഴുതിയ മോപ്പസാങ് നമ്മെ വിട്ടു പിരിഞ്ഞിട്ട് ഒരു പാടായി. ആ കഥ ഇന്നും നിലനില്‍ക്കുന്നു. ആന്തരിക ശക്തിയുണ്ടെങ്കില്‍  കഥ എഴുത്തുകാരെ അതിജീവിക്കുകയും  കാലത്തെ അതിവര്‍ത്തിക്കുകയും ചെയ്യുമെന്നതാണ് കഥയെ സംബന്ധിക്കുന്ന ഒരു വലിയ സത്യം .

'ഉള്‍ക്കഥ' എന്ന പരമ്പരയില്‍ അത്തരത്തിലുള്ള കഥകളെയാണ് ഇ.പി.രാജഗോപാലന്‍ പഠനവിധേയമാക്കി യിട്ടുത്. കൗതുകകരമായിട്ടുള്ള ഒരു കാര്യം ഈ പുസ്തകത്തിന് അവതാരിക എഴുതിയിട്ടുള്ളത് ഒരു കവിയാണ് എന്നുള്ളതാണ്.  അവതാരികയില്‍ പി. എന്‍. ഗോപികൃഷ്ണന്‍ ചൂണ്ടിക്കാണിക്കുന്ന ഒരു കാര്യം കവിത കഥ എന്ന ആഖ്യാനശാഖയ്ക്ക് കൊടുത്തിട്ടുള്ള ഒരു മതിപ്പാണ്. തുഞ്ചത്തെഴുത്തച്ഛന്‍ തൊട്ട് പല കാലങ്ങളിലെ പല കവികള്‍, പി.രാമന്‍ വരെയുളള കവികള്‍, കഥയെ എങ്ങനെ പ്രാപിക്കുന്നു എന്നുള്ളത് ഗോപികൃഷ്ണന്‍ ചൂണ്ടിക്കാണിക്കുന്നു.

മ്യൂറിയല്‍ റുകെയ്‌സര്‍ ഒരു അമേരിക്കന്‍ കവയിത്രിയാണ്. അവരുടെ ഒരു കവിതയാണ് 'ഇരുട്ടിന്റെ വേഗത' - The Speed of Darkness. അതിലാണ് കഥയെ ഏറ്റവും കൂടുതല്‍ പ്രശംസിച്ചിട്ടുള്ളത്. 'The universe is made of stories,not of atoms.' The Speed of Darkness നാലഞ്ച് ഖണ്ഡങ്ങളുള്ള കവിതയാണ്. അതിലെ രണ്ടു വരികള്‍ മാത്രമാണിത്. കവിത തുടങ്ങുന്നത് വളരെ അശ്‌ളീലമായ രീതിയിലാണ്. അങ്ങനെ തുടങ്ങിയതിന് ശേഷം ഗൗരവപ്പെട്ട ഈ  രീതിയിലേക്ക് എത്തിച്ചേരുന്നു-'പ്രപഞ്ചം ഉണ്ടാക്കിയിരിക്കുന്നത് കഥകള്‍ കൊണ്ടാണ്, ആറ്റങ്ങള്‍ കൊണ്ടല്ല. ' say it say it എന്ന് പറഞ്ഞു കൊണ്ടാണ് ഈ വരികള്‍ അവതരിപ്പിക്കുന്നത്. നമ്മള്‍ പലപ്പോഴും ഈ രണ്ട് വരികള്‍ ഉദ്ധരിച്ച് കാണാറുണ്ട്. അതാണ് കഥയ്ക്ക് കിട്ടിയിട്ടുള്ള ഏറ്റവും വലിയ പ്രശംസ എന്ന് എനിയ്ക്ക് തോന്നുന്നു.

 'ഉള്‍ക്കഥ'യും കഥാസാഹിത്യത്തെ സവിശേഷമായി സ്ഥാനപ്പെടുത്താനുള്ള ശ്രമമാണ്. വളരെ മികച്ചതെന്നു തോന്നുന്ന കഥകള്‍ ഏറെ വ്യത്യസ്തമായ രീതിയില്‍ അപഗ്രഥിക്കുകയാണ് ഇ.പി.രാജഗോപാലന്‍ ചെയ്യുന്നത്.
കഥാപഠനങ്ങള്‍ പലരും ചെയ്തിട്ടുണ്ട്. അതിന്റെ കഥാഗതി എന്താണ്, പാത്രസൃഷ്ടി എങ്ങനെയാണ് എന്നൊക്കെയാണ് ഈ പഠനങ്ങളില്‍ നോക്കുന്നത്. കഥാപഠനത്തിന് വ്യവസ്ഥാപിതമായ ഒരു രീതി തന്നെ  ഉണ്ട്. പരമ്പരാഗതമായ രീതിയിലാണ്  കഥാപഠനങ്ങള്‍ അധികവും ഉണ്ടാവുന്നത്. അത്തരം സൗകര്യപ്രദമായ രീതികളില്‍ നിന്നൊക്കെ വിട്ട്, സവിശേഷമായ. രീതിയില്‍,നൂതനമായ സമ്പ്രദായത്തില്‍ കഥകളുടെ ആന്തരികതയിലേക്ക് 'കടന്നു ചെന്ന് അതിന്റെ സൂക്ഷ്മാര്‍ത്ഥങ്ങള്‍ അന്വേഷിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന രീതിയാണ് 'ഉള്‍ക്കഥ'യില്‍ അവലംബിച്ചിരിക്കുന്നത്. ഈ ലേഖനങ്ങളുടെ തുടക്കമോ തുടര്‍ച്ചയോ ഒടുക്കമോ ഒന്നും നമ്മള്‍ പ്രതീക്ഷിക്കുന്നതു പോലെയല്ല. ഒരു സാധാരണ നിരൂപണത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നതു പോലെയുള്ള  ചിട്ടകള്‍ ഇതില്‍ കാണാനില്ല. ഇവിടെ കഥയെ പുതിയ വെളിച്ചത്തില്‍ കാണുന്നു. വ്യത്യസ്തമായ നീക്കമാണിത്.

placeholder
പുസ്തകം വാങ്ങാം

ഈ പുസ്തകത്തില്‍ എന്റെ ഒരു കഥ കൂടി പഠനവിധേയമായിട്ടുണ്ട്.' ചുഴലിക്കാറ്റിന്റെ വരവ് ' എന്ന കഥയാണ്. അതുകൊണ്ട് എനിയ്ക്കിത് കൃത്യമായി പറയാന്‍ കഴിയും. പുതിയ അവബോധത്തോടെ എങ്ങനെ ആ കഥയിലേക്ക് കടന്നുചെന്നുവെന്നും അതിന്റെ വേറൊരു അര്‍ത്ഥതലം, വേറൊരു രീതിയിലുള്ള പ്രസക്തി ഏങ്ങനെ കണ്ടെടുക്കുന്നുവെന്നും പറയാനാവും.

പ്രത്യേകമായ രീതിയിലാണിത് ചെയ്തിരിക്കുന്നത്. ഈ പുസ്തകത്തിലെ എല്ലാ പഠനങ്ങളും മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ തുടര്‍ച്ചയായി വന്നിട്ടുള്ളതാണ് . അപ്പോഴപ്പോള്‍ വായിച്ചിട്ടുള്ളതാണ്. ഓരോ പഠനം വായിക്കുമ്പോഴും അതിന് ആധാരമായ കഥ വീണ്ടും വായിച്ചു നോക്കാന്‍ തോന്നും. ഞാന്‍ അങ്ങനെ ചെയ്തിട്ടുണ്ട്. കാരണം നമ്മള്‍ മറ്റൊരു തരത്തിലാവും അത് മുന്‍പ് വായിച്ചിട്ടുണ്ടാവുക. ഒരു കേവല വായനയില്‍ ഒരു കഥയുടെ ആന്തരിക വിവക്ഷകള്‍ നാം ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ഏതുകഥയെ സംബന്ധിച്ചായാലും അങ്ങനെയാണ്. പല കഥകളിലും വളരെ സരളവും ലളിതവും ഒരര്‍ത്ഥവും പ്രത്യേകിച്ച്  കണ്ടെത്താന്‍ പറ്റാത്തതുമായി പലതും ഉണ്ടാവും.. നമ്മെ ചതിക്കുന്ന ഒരു ലാളിത്യം പല കഥകളിലും ഉണ്ട്. മാധവിക്കുട്ടിയുടെ കഥകളിലൊക്കെ ഈ തരത്തിലുള്ള ലാളിത്യം ഉണ്ട്. അതിന്റെ ആന്തരിക തലത്തിലേക്ക് കടന്നുചെല്ലാന്‍ നാം ശ്രമിക്കില്ല. ഒരു സാധാരണ വായനയില്‍ ഒരു കഥയിലെ കഥ മാത്രം നാം ശ്രദ്ധിക്കും.  കഥ അതിനപ്പുറത്തേയ്ക്കും നീണ്ടുകിടക്കുന്നുണ്ട്.

ഇ.പി.രാജഗോപാലന്‍ കഥ എന്ന ശില്പത്തെ എങ്ങനെയാണ് അപഗ്രഥിക്കുന്നത്? ഒരു പെയിന്റിംഗ്, ഒരു സിനിമ എങ്ങനെ അപഗ്രഥിക്കാമോ അതുപോലെ.തീര്‍ച്ചയായും ഒരു പെയിന്റിംഗ് അപഗ്രഥിക്കുന്ന രീതി ഇതില്‍ അവലംബിച്ചതായി കാണാം. ലോക പ്രശസ്ത സാഹിത്യ കൃതികള്‍, സൈദ്ധാന്തിക പ്രബന്ധങ്ങള്‍, നാടകങ്ങള്‍, നാട്ടറിവുകള്‍, ചലച്ചിത്രങ്ങള്‍... ഇവയെല്ലാം ഇവിടെ സന്ദര്‍ഭോചിതമായി സഹായത്തിനുപയോഗിച്ചിരിക്കുന്നു. അപഗ്രഥനത്തിലൂടെയും താരതമ്യത്തിലൂടെയും മിക്ക ലേഖനങ്ങളിലും,  ഒരുപക്ഷെ, ഇന്നേവരെ വായനക്കാര്‍ കണ്ടെത്തിയിട്ടില്ലാത്ത അര്‍ത്ഥതലങ്ങളാണ് രാജഗോപാലന്‍ കണ്ടെത്തിയിട്ടുള്ളത്. 

എനിയ്ക്ക് വ്യക്തിപരമായി ബന്ധമുള്ള യു.പി.ജയരാജിനെപ്പോലുള്ളവരുടെ കഥകള്‍ ഈ പുസ്തകത്തില്‍  നിരൂപണം ചെയ്യപ്പെട്ടിട്ടുണ്ട്. അവരുടെയൊക്കെ കഥകള്‍ ഈ വായനയിലൂടെ ജീവിതത്തിന്റെ, കാലത്തിന്റെ, ചരിത്രത്തിന്റെ , സംസ്‌കാരത്തിന്റെ നേര്‍ക്കാഴ്ചകളായി  മുന്നില്‍ നില്‍ക്കുന്നു.

'ഉള്‍ക്കഥ' മലയാള കഥയ്ക്കും നിരൂപണത്തിനും അഭിമാനം പകരുന്ന കൃതിയാണ്. 1946-ല്‍ എം. പി.പോള്‍ എഴുതിയ പഠനത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് മലയാളകഥകള്‍ എത്രത്തോളം വളര്‍ന്നിട്ടുണ്ട് എന്ന്, എന്തുമാത്രം ഈടുവെയ്പ്പുകള്‍ കഥയെഴുത്തുകാര്‍ നല്‍കിയിട്ടുണ്ട് എന്ന് ഈ പഠനം നന്നായി കാണിച്ചുതരുന്നു. വിലപ്പെട്ട ഒരു കൈവിളക്കാണ് നമുക്ക് സമ്മാനമായി കിട്ടിയിരിക്കുന്നത്.

Content Highlights : C. V Balakrishnan reviews the book Ulkkadha by E.P Rajagopalan published by Mathrubhumi Books