തലക്കെട്ട് വായിക്കുമ്പോള്‍ ഒരുപക്ഷേ അതിലെ ' പ്രതികാര ദുര്‍ഗ' ചങ്ങമ്പുഴ എഴുതിയ ഏതെങ്കിലും കവിതയുടെ പേരാണോ എന്ന് തോന്നിയേക്കാം. അദ്ദേഹം 'പ്രതികാര ദുര്‍ഗ' എന്നപേരില്‍ ഒരു കവിത എഴുതിയതായി അറിവില്ല. എന്നാല്‍ ഒരു നോവല്‍ എഴുതിയിട്ടുണ്ട്. അതൊരു വിദേശ നോവലിന്റെ വിവര്‍ത്തനമാണ്. 'കളിത്തോഴി' എന്ന പേരില്‍ മറ്റൊരു നോവല്‍ കൂടി അദ്ദേഹം എഴുതിയിട്ടുണ്ട്. അത് സ്വന്തം നോവലാണ്. ഇതുകൂടാതെ വേറെ നോവലുകളൊന്നും  അദ്ദേഹം എഴുതിയതായി അറിവില്ല. കവിതകള്‍ മാത്രമല്ല ചങ്ങമ്പുഴ എഴുതിയത്. 

To advertise here,

നിരവധി കഥാസമാഹാരങ്ങള്‍  അദ്ദേഹത്തിന്റേതായുണ്ട്. അതില്‍ ചിലത് വിവര്‍ത്തനങ്ങളാണ്. ഗോര്‍ക്കി, സൊളോഗബ്, ചെക്കോവ്, ടോള്‍സ്റ്റോയ്, മാര്‍ക് ട്വയിന്‍, അലക്‌സാണ്ടര്‍ കുപ്രിന്‍, മോപ്പസാങ്, ജാന്‍ നെരൂദ തുടങ്ങിയവരുടെ ചില കഥകള്‍ അദ്ദേഹം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. വിശ്വസാഹിത്യത്തില്‍ നിന്നുള്ള പ്രശസ്ത നാടകങ്ങളും അദ്ദേഹം മലയാളത്തിലേക്കാക്കി നമുക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്.   

'പ്രതികാര ദുര്‍ഗ' എന്ന പേര് 'Gunnar's Daughter' എന്ന നോവലിന്റെ മലയാള പരിഭാഷയുടെ പേരാണ്. 1928 -ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ നോര്‍വീജിയന്‍ എഴുത്തുകാരിയാണ് സിഗ്രിഡ് ഉന്‍സെറ്റ്. സിഗ്രിഡ് ഉന്‍സെറ്റിന്റെ 'പ്രതികാര ദുര്‍ഗ' പതിനൊന്നാം നൂറ്റാണ്ടിലെ നോര്‍വേ പശ്ചാത്തലമാക്കിയിരിക്കുന്ന വീര്യവും പ്രതികാരവും ഇഴചേര്‍ന്ന ഒരു ചരിത്ര നോവലാണ്. 1909 -ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ നോവല്‍, ഉന്‍സെറ്റിന്റെ ആദ്യകാല രചനകളില്‍ ശ്രദ്ധേയമായ ഒന്നാണ്. മധ്യകാലഘട്ടത്തിലെ സ്‌കാന്‍ഡിനേവിയന്‍ ജീവിതത്തെ സൂക്ഷ്മമായും യാഥാര്‍ത്ഥ്യബോധത്തോടെയും ചിത്രീകരിച്ചിരിക്കുന്ന ഈ നോവല്‍, പ്രധാനമായും വിഗ്ഡിസ് എന്ന യുവതിയുടെ ജീവിതത്തെ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നത്. ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള ഒരു നോവലാണ് 'പ്രതികാര ദുര്‍ഗ. 
 
1907-ല്‍ 'Fru Marta Oulie' എന്ന നോവലിലൂടെയാണ് ഉന്‍സെറ്റ് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് 'Gunnar's Daughter' (1909) ഉള്‍പ്പെടെയുള്ള നോവലുകള്‍ പ്രസിദ്ധീകരിച്ചു. ഈ ആദ്യകാല കൃതികള്‍ അവരുടെ പ്രതിഭ വിളിച്ചുപറയുന്നതായിരുന്നു. ഉന്‍സെറ്റിന്റെ മാസ്റ്റര്‍പീസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന 'Kristin Lavransdatter' ത്രയം ('The Wreath,' 'The Wife,' 'The Cross' എന്നിങ്ങനെ മൂന്ന് ഭാഗങ്ങള്‍) 1920-1922 കാലഘട്ടത്തിലാണ് പ്രസിദ്ധീകരിച്ചത്. പതിനാലാം നൂറ്റാണ്ടിലെ നോര്‍വേയുടെ പശ്ചാത്തലത്തില്‍ ഒരു സ്ത്രീയുടെ ജീവിതം മുഴുവന്‍ പിന്തുടരുന്നതാണ് ഈ കൃതി. റിയലിസ്റ്റിക് ആഖ്യാനവും മനഃശാസ്ത്രപരമായ ഉള്‍ക്കാഴ്ചയും ഉന്‍സെറ്റിന്റെ രചനകളുടെ സവിശേഷതകളാണ്. വളരെ ലളിതമായ ഭാഷയായിരുന്നു അവരുടേത്, എന്നാല്‍ വളരെ ശക്തവുമായിരുന്നു. 

സ്‌നേഹം, വിവാഹം, മതം, കുടുംബം, ചരിത്രം, സ്ത്രീകളുടെ ജീവിതം തുടങ്ങിയവയായിരുന്നു ഉന്‍സെറ്റിന്റെ കൃതികളിലെ പ്രധാന പ്രമേയങ്ങള്‍. രണ്ടാം ലോക മഹായുദ്ധകാലത്ത് നാസി ജര്‍മ്മനിയുടെ നോര്‍വേ അധിനിവേശത്തെ എതിര്‍ത്ത ഉന്‍സെറ്റ് 1940-ല്‍ അമേരിക്കയിലേക്ക് പലായനം ചെയ്തു. യുദ്ധാനന്തരം നോര്‍വേയില്‍ തിരിച്ചെത്തി. മരണവും നോര്‍വേയില്‍ വെച്ചുതന്നെയായിരുന്നു. 

'പ്രതികാര ദുര്‍ഗ'യിലെ കഥ ആരംഭിക്കുന്നത് വിഗ്ഡിസ് ഗണ്ണര്‍സ്ഡാറ്ററിന്റെ ബാല്യകാലം മുതലാണ്. സമ്പന്നനും ആദരണീയനുമായ ഗണ്ണറിന്റെ മകളായ വിഗ്ഡിസ്, സ്വാതന്ത്ര്യവും ധൈര്യവും തുളുമ്പുന്ന ഒരു പെണ്‍കുട്ടിയായി വളരുന്നു. ഒരു വൈക്കിംഗ് കടല്‍ക്കൊള്ളക്കാരനാല്‍ ബലാത്സംഗം ചെയ്യപ്പെടുന്നതോടെ അവളുടെ ജീവിതം പാടെ തകിടം മറിയുന്നു. തനിക്ക് നേരിട്ട അതിക്രമം അവളെ ശാരീരികമായും മാനസികമായും തളര്‍ത്തുന്നു. മാത്രമല്ല, സമൂഹത്തില്‍ അവള്‍ക്ക് അവമതിപ്പും ഏകാന്തതയും അനുഭവിക്കേണ്ടി വരുന്നു.

ഈ സംഭവത്തിനുശേഷം, വിഗ്ഡിസിന്റെ ജീവിതം പ്രതികാരത്തിനായുള്ള ഒരു യാത്രയായി മാറുകയാണ്. ദുരന്തങ്ങള്‍ അത്രത്തോളം അനുഭവിക്കുന്നുണ്ടെങ്കിലും, അവള്‍ ഒരിക്കലും തളരുന്നില്ല. തന്റെ അപമാനത്തിന് കാരണക്കാരനായ വ്യക്തിയെ കണ്ടെത്താനും ശിക്ഷിക്കാനും അവള്‍ ദൃഢനിശ്ചയം ചെയ്യുന്നു. ക്രമേണ കഠിനഹൃദയയും നിശ്ചയദാര്‍ഢ്യവുമുള്ള ഒരു സ്ത്രീയായി അവള്‍ മാറുകയാണ്. പ്രതികാരത്തിനായുള്ള കടുത്ത തീരുമാനങ്ങള്‍ അവളെ സ്‌നേഹത്തില്‍ നിന്നും സന്തോഷത്തില്‍ നിന്നും അകറ്റുന്ന ഒന്നായി മാറുകയും ചെയ്യുന്നു. 

'പ്രതികാര ദുര്‍ഗ' വെറുമൊരു പ്രതികാരത്തിന്റെ കഥയല്ല. മധ്യകാലഘട്ടത്തിലെ സ്ത്രീകളുടെ ജീവിതത്തെയും, അന്നത്തെ സമൂഹത്തില്‍ അവര്‍ നേരിട്ട വെല്ലുവിളികളെയും കുറിച്ചൊക്കെ ഈ നോവലില്‍ പ്രതിപാദിക്കുന്നുണ്ട്. 'വിഗ്ഡിസിന്റെ കഥയിലൂടെ, അക്കാലത്തെ സമൂഹത്തിന്റെ കാപട്യവും, സ്ത്രീകള്‍ക്ക് നേരെയുള്ള അനീതിയും 'ഉന്‍സെറ്റ്'  തുറന്നുകാട്ടുന്നു. ബലാത്സംഗത്തിന് ഇരയായ ഒരു സ്ത്രീക്ക് നീതി ലഭിക്കുക എന്നത് എത്രത്തോളം ദുഷ്‌കരമായിരുന്നുവെന്നും, അവള്‍ക്ക് സമൂഹത്തില്‍ നിന്ന് എങ്ങനെ ഒറ്റപ്പെടല്‍ അനുഭവിക്കേണ്ടി വരുന്നുവെന്നും നോവലില്‍ കാണാം.

അക്കാലത്തെ ആചാരങ്ങള്‍, വിശ്വാസങ്ങള്‍, ജീവിതരീതികള്‍ എന്നിവയെല്ലാം നോവലില്‍ കൃത്യമായി പ്രതിഫലിക്കുന്നുണ്ട്. കൈകാര്യം ചെയ്യുന്ന വിഷയം ഇത്തരത്തിലുള്ള ഒന്നായതുകൊണ്ടു തന്നെ കഥാപാത്രം അനുഭവിക്കുന്ന മാനസിക സമ്മര്‍ദങ്ങളെയും, വിചാരങ്ങളെയും വായനക്കാരെ സ്പര്‍ശിക്കുന്ന തരത്തില്‍ കൈകാര്യം ചെയ്യുക എന്നുള്ളത് എളുപ്പമല്ല. അതിന് എഴുത്തില്‍ നല്ലവണ്ണം കയ്യടക്കം വന്ന ആളുകള്‍ക്കേ കഴിയുകയുള്ളൂ. അത്തരത്തില്‍ വിഗ്ഡിസിന്റെ ആന്തരിക സംഘര്‍ഷങ്ങളും, വേദനയും, പ്രതികാര താല്പര്യങ്ങളുമൊക്കെ വായനക്കാര്‍ക്ക് അനുഭവവേദ്യമാകുന്ന രീതിയിലാണ് എഴുത്തുകാരി അവതരിപ്പിച്ചിരിക്കുന്നത്. സിഗ്രിഡ് ഉന്‍സെറ്റിന്റെ മികച്ച രചനകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന  കൃതിയാണ് 'പ്രതികാര ദുര്‍ഗ'. ചരിത്രത്തിലും മനുഷ്യ മനസ്സിന്റെ സങ്കീര്‍ണതകളിലും താല്പര്യമുള്ളവര്‍ക്ക് വായിക്കാന്‍ തിരഞ്ഞെടുക്കാവുന്ന ഒരു പുസ്തകമാണിത്. 'മൈത്രി ബുക്‌സ്' ആണ് ഈ നോവല്‍  മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. കൂടാതെ പിരപ്പന്‍കോട് മുരളി സമ്പാദനവും പഠനവും നടത്തി കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ 'ചങ്ങമ്പുഴയുടെ സമ്പൂര്‍ണ ഗദ്യകൃതികള്‍' എന്ന പുസ്തകത്തിലും ഈ നോവല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്