ഒരേസമയം കവിതയും കഥയും ഓര്‍മ്മക്കുറിപ്പുകളുമൊക്കെയായി ധാരമുറിയാതെ ഒഴുകുന്ന ഒരു നദിയാണ് 'അക്ഷരോം കി സായെ' എന്ന അമൃതപ്രീതത്തിന്റെ ആത്മകഥ. ഡോക്ടര്‍ പി കെ രാധാമണിയുടെ ആസ്വാദനത്തിന്റെ ആഴമാണ്  അക്ഷരോം കി സായെയുടെ വിവര്‍ത്തനമായ അക്ഷരങ്ങളുടെ നിഴലില്‍ എന്ന കൃതിയില്‍ തെളിയുന്നത്. ഭാരതീയ ജ്ഞാനപീഠപുരസ്‌കാരം ലഭിച്ച പഞ്ചാബി എഴുത്തുകാരിയായ അമൃതപ്രീതത്തിന്റെ അക്ഷരങ്ങളുടെ പ്രൗഢിയും ഗരിമയും വായനക്കാരെ ആഹ്ലാദിപ്പിക്കുന്നുമ്പോള്‍ ഉറവ വറ്റാത്ത അക്ഷര നദിയുടെ അടിത്തട്ടില്‍ പ്രക്ഷുബ്ധമായ അശാന്തിയുടെ അരക്ഷിതമായ ഉള്‍ക്കുമിളകള്‍ നമ്മള്‍ വായനക്കാര്‍ക്ക് പരിചിതമായിരുന്നില്ല. രസീതി ടിക്കറ്റ്,  അക്ഷരോം കി സായെ എന്നീ ആത്മകഥകളിലൂടെ വായനക്കാരോട് സംവദിച്ച അമൃതപ്രീതത്തിന്റെ മനസ്സ് അക്ഷരം തെറ്റാതെ വായി ച്ചെടുക്കുകയും വിവര്‍ത്തനം നടത്തുകയും ചെയ്ത ശ്രമം അഭിനന്ദനാര്‍ഹം തന്നെ.

To advertise here,

ഇന്ത്യ- പാക് വിഭജനവും അതിനെ തുടര്‍ന്നുണ്ടായ അഭയാര്‍ത്ഥി ജീവിതവുമെല്ലാം എന്നും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അപരിഹാര്യമായ പ്രശ്‌നമായി നിലനില്‍ക്കുന്നു. മാറിനിന്ന് നോക്കിക്കാണുന്നവര്‍ക്ക് രൂക്ഷമായ ചര്‍ച്ചാ വിഷയവും രാഷ്ട്രീയ പ്രശ്‌നങ്ങളുമൊക്കെയായി തീരുന്നുവെങ്കിലും അനുഭവങ്ങളുടെ പരിക്കന്‍ ഇടങ്ങളിലൂടെ നടക്കേണ്ടിവന്നവര്‍ക്ക് കനല്‍ വഴികളിലൂടെയുള്ള സംഘര്‍ഷ ജീവിതമാണത്. അനുഭവങ്ങളുടെ തുടര്‍ച്ചയായ രേഖപ്പെടുത്തലല്ല ഈ ആത്മകഥ. കനല്‍ തട്ടി പൊള്ളിയ ഓരോ അടയാളങ്ങളും അമൂര്‍ത്തമായ ചിത്രങ്ങളായി ആവിഷ്‌കരിക്കുന്നു. ബാല്യം, കൗമാരം, യൗവനം, വാര്‍ദ്ധക്യം എന്നിങ്ങനെ ഒഴുകുമ്പോള്‍ നെഞ്ചിടിപ്പോടെ മാത്രമേ ആ അനുഭവങ്ങളിലൂടെ ഒപ്പം കൂടാന്‍ കഴിയൂ.

ഏകാന്തമായ ബാല്യകാല സ്മരണകള്‍പോലും നിഴലുകള്‍ക്ക് പിന്നില്‍ ആയിരുന്നു. അമ്മയുടെ മരണവും ഒരേയൊരു സഹോദരന്റെ മരണവും അച്ഛന്റെ പുസ്തകങ്ങള്‍ ക്കുള്ളില്‍ ഒളിച്ച ജീവിതവും അവരുടെ ഏകാന്തതയെ തീവ്രമാക്കി. പാക്കിസ്ഥാനില്‍ ജനിച്ച് വിഭജനത്തിന്റെ സമയത്ത്  നാടുവിട്ട കാലംവരെ തലയ്ക്കുമുകളില്‍ തൂങ്ങിയ ആയുധങ്ങളുടെ ഭയത്തിന്റെ നിഴലും പ്രണയാതുരമായ ഹൃദയത്തെ താങ്ങുവാന്‍  കെല്‍പ്പില്ലാത്ത മനുഷ്യരുടെ ദുര്‍ബലമായ കൈത്താങ്ങും ഒടുവില്‍ ജീവിതത്തിലെ അവസാനത്തെ വഴികളില്‍ കൂട്ടായ ദാര്‍ശനിക തയുടെ നിഴലുകളുമെല്ലാം ചേര്‍ത്ത് അക്ഷരങ്ങളുടെ നിഴലുകളില്‍ അമൃതപ്രീതം പറ്റി നില്‍ക്കുന്നു. തീവ്രമായ ജീവിതാനുഭവങ്ങള്‍ അമൃത എന്ന എഴുത്തുകാരിയെ കൂടുതല്‍ ശക്തമാക്കി, ഒപ്പം അമൃതയിലെ സ്ത്രീയേയും. ആരെയും കൂസാതെ നീതിക്കൊപ്പം നില്‍ക്കാനും ഉറക്കെ പ്രതികരിക്കാനും ആചാര ബന്ധനങ്ങളുടെ നിഴലില്‍  പിടക്കാതെ തലയുയര്‍ത്താനും സ്ത്രീകളെ പ്രചോദിപ്പിക്കുന്ന വാക്കും ജീവിതവുമായി അമൃതപ്രീതം പടര്‍ന്നു പന്തലിച്ചു .

ആത്മകഥയില്‍ ഉള്ളടങ്ങുന്ന തലക്കെട്ടുകളോരോന്നും കവിതപോലെ മധുരമാണ്. മതം കൊണ്ട് വിഭജിക്കപ്പെട്ട  മനുഷ്യരുടെ ഇടയില്‍ നിന്നാണ് ഡല്‍ഹിയിലേക്ക് അവരുടെ കുടുംബം കുടിയിറക്കപ്പെട്ടത്. കവിതയിലൂടെ ഈ ഉള്ളുരുക്കങ്ങളുടെ കാലവും പ്രണയവും പഞ്ചാബിലെ ജീവിതവും ഈ ആത്മകഥയിലേക്ക് വാര്‍ന്നൊഴുകുന്നു. ഭാരതവിഭജനം എത്രയോ പെണ്‍കുട്ടികളുടെ ജീവിതം തകര്‍ത്തു. അപ്പോഴുണ്ടായ ദീനരോദനം ' തവാരീഖ് ' എന്ന കവിതയില്‍ പ്രകടമാണ്. ഒന്നുരണ്ടു ചെറു കഥകളിലൂടെ പൂവണിയാത്ത പ്രണയവും പഞ്ചാബിലെ ദുരൂഹതയും അവനവന് പോലും പിടികിട്ടാത്ത മനസ്സിന്റെ നിഗൂഢ സ്വഭാവവും ചിത്രീകരിക്കുന്നു. പ്രീതം സിങ്ങുമായുള്ള വിവാഹവും വിവാഹ മോചനവും സാഹിര്‍ ലുധ്യാന്‍വിയുമായുള്ള സഫലമാകാത്ത പ്രണയവും കലാകാരനായ ഇംരോസിനൊപ്പമുള്ള തുടര്‍ ജീവിതവുമെല്ലാം ജീവിതത്തിലെ സവിശേഷതകളായിട്ടാണ് അമൃത പ്രീതം അനുസ്മരിക്കുന്നത്. 

ബന്ധങ്ങളെക്കുറിച്ച് അവരിങ്ങനെ കുറിച്ചിട്ടിരിക്കുന്നു 'ഈ ലോകത്തില്‍ ഒരേയൊരു ബന്ധമേയുള്ളൂ, പിടച്ചിലിന്റെ വിരഹ വേദനയുടെ, വിരഹത്തിലും മുഴങ്ങുന്ന ഷഹനായി വാദനത്തിന്റെ ഈ ബന്ധമാണ് സാഹിറിനോടും ഇം രോസിനോടുമുള്ളത്'. മഹാഭാരതത്തിലെ കുന്തിയെപോലെ രാത്രികളില്‍ കൈയ്യെത്തിച്ച് നക്ഷത്രങ്ങളെ തൊടുന്ന കവിയായി തീരുക എന്നതാണ് അമൃതയുടെ സ്വപ്നം. അതിനാല്‍തന്നെ  വേദനയും കാറ്റില്‍ പരന്നൊഴുകിയ അപവാദത്തിന്റെ ശീല്‍ക്കാരവും സ്വയം വരിച്ച വിധിപോലെ  ഏറ്റുവാങ്ങി. സ്വകാര്യമായ ജീവിത യുദ്ധങ്ങളുടെ മറുവശത്ത് രാജ്യം നേരിടുന്ന കെടുതിക്കാലവും ഈ ആത്മകഥയുടെ പശ്ചാത്തലത്തില്‍ ആവിഷ്‌കൃതമാകുന്നു. കത്തിയെരിയുന്ന പഞ്ചാബ്, കാശ്മീരില്‍ നിന്നും കുടിയിറക്കപ്പെട്ടവരുടെ ദീനരോദനങ്ങള്‍, ഇന്ദിരാ ഗാന്ധിയുടെ മരണ ത്തോടനുബന്ധിച്ച് കൊല്ലപ്പെട്ട നിരപരാധികള്‍ അങ്ങനെ  രാജ്യത്തെ കറുത്തിരുണ്ട ആകാശത്ത് നക്ഷത്രങ്ങള്‍ പിറക്കാത്ത കാലം അവര്‍ ഓര്‍ക്കുന്നു. 1981ല്‍ ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചപ്പോള്‍ പോലും അവരെ ചുറ്റിയ മതത്തിന്റെ വിഷലിപ്തമായ വായുശ്വസിക്കേണ്ടിവന്ന നിറംകെട്ട ഓര്‍മ്മകളുടെ അദ്ധ്യായം ഇന്ത്യയുടെ ചരിത്ര സ്മരണകള്‍ തന്നെയാണ്.

ഗോത്ര സംസ്‌കാര കാലം മുതല്‍ സ്ത്രീ അനുഭവിച്ച സ്വാതന്ത്ര്യത്തിന്റെയും അംഗീകാരത്തിന്റെയും ലോകം പിന്നീട് നഷ്ടസ്മൃതികളായി. അധികാരവും ധനവും മേല്‍കോയ്മകളും നിലനില്‍പ്പിന്റെ മാര്‍ഗ്ഗങ്ങളായപ്പോള്‍ സ്ത്രീയുടെ സ്വത്വ തകര്‍ച്ച ആരംഭിച്ചതിന്റെ പൗരാണിക ചരിത്രഗാഥകള്‍ അവര്‍ വേദനയോടെ അനുസ്മരിക്കുന്നു. ചരിത്രത്തിലും വേദത്തിലും പുരാണത്തിലും അടയാളമിട്ട സ്ത്രീരത്‌നങ്ങളെ അഭിമാനത്തോടെ പരിചയപ്പെടുത്തുമ്പോള്‍ സമാന്തരമായി സ്ത്രീകള്‍ പേന കൊണ്ടും കണ്ണീരു കൊണ്ടും എഴുതിയ കഥകളെല്ലാം തിരിച്ചറിവിന്റെ പാഠങ്ങള്‍ പകരുന്നവയാണ് എന്ന് ആത്മകഥ സാക്ഷ്യപ്പെടുത്തുന്നു.

കത്തിപ്പടര്‍ന്ന സംഘര്‍ഷഭരിതമായ  കാലത്തിന്റെ ഓര്‍മ്മകളിലൂടെ സഞ്ചരിച്ച് വാര്‍ദ്ധക്യത്തിലേക്ക് എത്തുമ്പോള്‍ തത്വചിന്തയും ദര്‍ശനങ്ങളും  അവര്‍ക്ക് തണലായി. എഴുത്ത് ധ്യാനമാക്കി മാറ്റിയ അമൃത പ്രീതത്തിന്റെ വാചകത്തില്‍ പറഞ്ഞാല്‍ സ്വന്തം മനസ്സിന്റെ  ഉള്ളറകളിലേക്കുള്ള യാത്രയായിരുന്നു അവരുടെ തപസ്സ്. സ്വന്തം ജീവിതത്തെ ആധാരമാക്കി മനശാസ്ത്രപരമായി മനസ്സിന്റെ സൂക്ഷ്മവിതാനങ്ങളെ അവര്‍ അടയാളപ്പെടുത്തുന്നു. 'എന്റെ കവിതയിലെ സൂചികള്‍ സമൂഹവും മതവും രാഷ്ട്രീയവും മനുഷ്യന് കൊടുക്കുന്ന ശാരീരികവും മാനസികവും വ്യക്തിഗതവുമായ അടിമത്തത്തിന്റെ പ്രതീകങ്ങളാണ്. അതില്‍നിന്ന് സ്വാതന്ത്രമാവുക തന്നെ വേണം .

placeholder
പുസ്തകം വാങ്ങാം

തിരിച്ചറിവിലേക്കുള്ള സ്വതന്ത്ര സഞ്ചാരത്തിന് പ്രേരിതമാക്കുന്ന ആത്മീയ വീക്ഷണമാണിത്. കലയിലൂടെയുള്ള തുറസ്സുകളിലേക്ക് വ്യക്തിയെ നയിക്കുന്ന പ്രഭാവത്തിലേക്ക് ആകര്‍ഷിക്കുന്ന വാക്കുകളാണ് അമൃത പ്രീതത്തിന്റെത്. താല്‍ക്കാലികമായി ഉണ്ടാകുന്ന വിഭ്രാന്തിയുടെ ചിനുക്കങ്ങള്‍പ്പോലും കവിത്വത്തിന്റെ ഉലയിലൂതി തെളിഞ്ഞ് വായനക്കാരിലേക്ക് പറത്തിവിട്ട അനുഭൂതികള്‍ ആയിരുന്നു. ഈ ആത്മകഥയിലൂടെ പ്രവഹിച്ചതത്രയും ആജ്വാലകള്‍ തന്നെ. ജ്വാല അണയും വരെ ജീവിച്ചേ മതിയാകൂ എന്ന തീരുമാനത്തിലൂടെ ഉല്‍കൃഷ്ടവും പ്രചോദിതവുമായ ഒരു ജീവിതഗാഥ.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Amrita Pritam biography Malayalam Book Review Mathrubhumi Books