രഞ്ജു കിളിമാനൂര്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'ഷെര്‍ലക് ഹോംസും മുറിഞ്ഞ വിരലുകളും' എന്ന നോവലിന്റെ ആസ്വാദനം അഖില്‍ കൃഷ്ണന്റെ കിത്താബില്‍...
ആന്റിക്ക് വസ്തുക്കള്‍ വില്‍ക്കുന്ന ഒരു ഷോപ്പിലെ മേശപ്പുറത്ത് ഒരു ചില്ലുഗ്‌ളാസ്സില്‍ അറുത്തെടുത്ത നിലയില്‍ രണ്ടു കൈവിരലുകള്‍ കാണപ്പെടുന്നു. അത് ഒരു പെണ്‍കുട്ടിയുടേതായിരുന്നു. സി സി ടി വി ദൃശ്യങ്ങളില്‍ അസ്വാഭാവികമായി യാതൊന്നും കണ്ടെത്താനാവുന്നില്ല. ആ വിരലുകളുടെ ശരീരം പരിസരത്തു നിന്നെങ്ങും കണ്ടെത്താനാകുന്നില്ല. പോലീസ് യാതൊരു ക്ലൂവുമില്ലാതെ പകച്ചുനില്‍ക്കുന്ന പശ്ചാത്തലത്തിലേക്ക് ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് എത്തുകയാണ്. 'ഷെര്‍ലക് ഹോംസും മുറിഞ്ഞ വിരലുകളും' എന്ന രഞ്ജു കിളിമാനൂരിന്റെ ഏറ്റവും പുതിയ ക്രൈം ത്രില്ലര്‍ ആരംഭിക്കുന്നത് ഇങ്ങനെയാണ്.
കഴിഞ്ഞ കിത്താബില്‍ പരിചയപ്പെടുത്തിയതും ഒരു കുറ്റാന്വേഷണ കഥയായതിനാല്‍ ഇത്തവണ അത്തരമൊന്നു വേണ്ടന്ന് കരുതിയതാണ്. പക്ഷെ ഈ പുസ്തകം ഒറ്റവായനയില്‍ ആ മുന്‍ധാരണകളെ കടപുഴക്കിക്കളഞ്ഞത് കൊണ്ടാണ് വീണ്ടുമൊരു ക്രൈംത്രില്ലറുമായി വായനക്കാര്‍ക്ക് മുന്നിലെത്തുന്നത്. അലക്‌സി എന്ന കുറ്റാന്വേഷകന്റെ കഥകളുമായി ഈ ദശാബ്ദത്തിന്റെ തുടക്കത്തില്‍ തന്നെ വരവറിയിച്ചയാളാണ് നമ്മുടെ എഴുത്തുകാരന്‍. ആ കഥകള്‍ വായിച്ച മനുഷ്യര്‍ക്ക് നന്ദി പറയാതെ ഈ നോവലിലേക്ക് കടക്കാനാവില്ല. അവരില്ലായിരുന്നെങ്കില്‍ ഇമ്മാതിരിയൊരു മാരക ക്രൈം ത്രില്ലെര്‍ ചിലപ്പോള്‍ ഉണ്ടാകുമായിരുന്നില്ലല്ലോ. നോവലിലെയും പ്രധാന കഥാപാത്രം അലക്‌സി എന്ന പ്രൈവറ്റ് ഡിറ്റക്ടീവാണ്. ഹോംസിന് വാട്ട്‌സണ്‍ എന്ന പോലെ അലക്‌സിയുടെ സുഹൃത്താണ് ജോണ്‍. അവര്‍ക്ക് മുന്നിലെത്തുന്ന അങ്ങേയറ്റം ചലഞ്ചിങ്ങായ ഒരു കേസാണ് കഥയെ മുന്നോട്ട് പായിക്കുന്നത്.
അവതാരികയില്‍ മരിയാ റോസ് പറയുന്നതുപോലെ കുറ്റാന്വേഷകര്‍ക്ക്, അവരെക്കുറിച്ചുള്ള കഥകള്‍ക്ക് വലിയ പ്രായമില്ലെങ്കിലും കുറ്റകൃത്യങ്ങളുടെ ചരിത്രത്തിന് പ്രായമേറെയാണ്. മനുഷ്യന്റെ ആഗ്രഹങ്ങളും ആര്‍ത്തിയും തമ്മിലുള്ള അതിര്‍വരമ്പുകള്‍ മായുന്നേടത്ത് കുറ്റകൃത്യങ്ങള്‍ക്കുള്ള കളമൊരുങ്ങുന്നു. ഒരു പക്ഷെ തെളിയിക്കപ്പെടാത്ത പോയ കുറ്റകൃത്യങ്ങള്‍ തന്നെയായിരിക്കാം മനുഷ്യചരിത്രത്തില്‍ കൂടുതല്‍. എന്നാല്‍ തെളിയിക്കപ്പെട്ട എല്ലാ കുറ്റകൃത്യങ്ങള്‍ക്കും പിന്നില്‍ കൂര്‍മ്മ ബുദ്ധിയായി ഒരു അന്വേഷകനുണ്ട്. കുറ്റവാളിയെപ്പോലെ ചിന്തിച്ചും അവനൊരുക്കുന്ന തടസ്സങ്ങളെ മറി കടന്നും ചിലപ്പോഴൊക്കെ പ്രലോഭിപ്പിക്കുന്ന ചൂണ്ടക്കൊളുത്തുകളില്‍ നിന്നും വെട്ടിയൊഴിഞ്ഞും അയാള്‍ കുരുക്കുകള്‍ അഴിച്ചെടുക്കുമ്പോള്‍ ആഹാ ഇതായിരുന്നോ സംഭവം എന്ന് അന്തംവിടാന്‍ നമ്മെ ബാക്കിനിര്‍ത്തുന്ന ധിഷണാശാലികള്‍. സാഹിത്യത്തില്‍ സ്രഷ്ടാക്കളെക്കാള്‍ പേരെടുത്ത സൃഷ്ടികളാണ് ഡിറ്റക്ടീവുകള്‍. വിരല്‍ത്തുമ്പില്‍ വിവരവിനിമയ സാദ്ധ്യതകള്‍ വിരിഞ്ഞാടുന്ന വര്‍ത്തമാനകാലത്ത് കുറ്റകൃത്യങ്ങളും വ്യത്യസ്തമാണ്. അതിനാല്‍ തന്നെ അന്വേഷണരീതികളും. എങ്കിലും 221 ബി ബേക്കര്‍ സ്ട്രീറ്റില്‍ നിന്നും പുകയൂതി നടന്നുവരുന്ന ഉയരം കൂടിയ ഒരു മനുഷ്യന്‍ പണിതിട്ട ബെഞ്ച് മാര്‍ക്കുകളില്‍ നവകാല നായകന്മാരും ആകുലതകള്‍ക്ക് ഉത്തരം തേടുന്നുണ്ട്.
കഥയിലേക്ക് കടക്കാന്‍ മടിക്കുന്നത് മനപ്പൂര്‍വ്വമാണ്. ഒരു പുരാവസ്തുക്കടയിലെ മേശപ്പുറത്ത് കാണപ്പെട്ട ചില്ലുഗ്ലാസിലെ മുറിഞ്ഞ വിരലുകളിലേക്ക് നിങ്ങളുടെ കൗതുകത്തെ ഞാന്‍ അഭിമാനത്തോടെ സ്വാഗതം ചെയ്യുകയാണ്. രഞ്ജു കിളിമാനൂര്‍ എന്ന എഴുത്തുകാരന്റെ കമന്റബിളായ കയ്യടക്കം നേരിട്ട് അനുഭവിച്ചറിയാന്‍, രഞ്ജുവിനെ അപ്രസക്തനാക്കാന്‍ പോകുന്ന അലക്‌സി എന്ന കുറ്റാന്വേഷകന്റെ ഹോംസിയന്‍ തന്ത്രങ്ങള്‍ക്ക് കൂട്ടിരിക്കാന്‍,ഒരു ത്രില്ലറിന്റെ അവസാന താളിന് മാത്രം തരാന്‍ കഴിയുന്ന വായനയുടെ ലഹരി ആസ്വദിക്കാന്‍... ഹോംസിനെ വായിച്ചവസാനിപ്പിച്ചപ്പോള്‍ ഇനി ആകാംക്ഷയുടെ തുഞ്ചത്ത് നിര്‍ത്താന്‍ ഒരു കഥയുമില്ലല്ലോ എന്ന് വ്യാകുലപ്പെട്ട എഴുത്തുകാരാ അത്തരമൊരു വ്യാകുലത ഈ പുസ്തകത്തിലെ അവസാന വരിയിലും കൊളുത്തിവെക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞിരിക്കുന്നു. അവസാന താളിലെ സംഭ്രമാത്മകമായ ഹോംസിന്റെ കടന്ന് വരവില്‍ ത്രില്ലറുകളുടെ ചരിത്രത്തില്‍ നിങ്ങള്‍ക്കൊരു സിംഹാസനം പിറവി കൊണ്ടിരിക്കുന്നു.
Content Highlights: akhil krishnan reviews the book sherlock holmesum murinja viralukalum by ranju kilimanoor
Published: 18 Apr 2022, 03:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented