
നിഷ്പക്ഷത എന്നൊരു പക്ഷമില്ല. ചില ചരിത്ര സന്ധികളില്‍ നിശ്ശബ്ദത വലിയ തെറ്റുമാണ്. പ്രതികരിക്കുക എന്നത് ജീവിച്ചിരിക്കുന്നതിന്റെ തെളിവായി മാറുന്ന സന്ദര്‍ഭങ്ങളുണ്ട്. നമുക്കു ചുറ്റുമുള്ളവര്‍ക്കോ അതോ നമുക്കോ ഭ്രാന്ത് എന്ന് ഒരു നൊടിയെങ്കിലും സന്ദേഹിക്കാതെ ഈ ലോകത്തിലൂടെ കടന്നു പോകാനാവില്ല. വിനയ പുരസ്സരം ലോകത്തിലെ, സകല ഭ്രാന്തുകള്‍ക്കുമായി സമര്‍പ്പിക്കുന്ന നോവലാണ് അജിജേഷ് പച്ചാട്ട് എഴുതിയ അതിരഴി സൂത്രം. എക്കാലവും രണ്ടു വ്യക്തികളിലൊരാള്‍ വഞ്ചിക്കുന്നയാളും മറ്റെയാള്‍ വഞ്ചിക്കപ്പെടുന്നയാളമായിരിക്കും. ആയതിനാല്‍ വഞ്ചിക്കുന്നയാളില്‍ വിശ്വസിച്ചു കൊണ്ട് വഞ്ചിക്കപ്പെടുന്നയാള്‍ കഴിച്ചുകൂട്ടുന്ന ജീവിതത്തെ ഭ്രാന്ത് എന്നു പറയുന്നു. ഒരു നാരനല്ലൂരന്‍ പഴമൊഴിയാണിത്. നാരനല്ലൂരന്‍ മലയെ കേന്ദ്രമാക്കിക്കൊണ്ടാണ് നോവലിലെ സംഭവങ്ങള്‍ വികസിക്കുന്നത്.
നാറാണത്തു ഭ്രാന്തനുമായി ബന്ധപ്പെട്ട ഒരൈതിഹ്യം ഈ മലയ്ക്കുണ്ട്. ഈ ഐതിഹ്യത്തിന്റെ ചുവടുപിടിച്ച് ഭ്രാന്തു വരാതിരിക്കാന്‍ ആളുകള്‍ വര്‍ഷത്തിലൊരു ദിവസം നാരനല്ലൂരന്‍മല കയറുന്നു. ഒരു ബഹുരാഷ്ട്ര കമ്പനിയുടെ ഏജന്റുമാരായാണ് നമിത്തും അമീറയും മലയെ ചുറ്റിക്കിടക്കുന്ന ഗ്രാമത്തിലെത്തുന്നത്.ഭരണകൂടത്തിനെതിരെ ശബ്ദിച്ച മൂന്നു യുവാക്കള്‍ അവിടെ ഉണ്ടെന്നാണ് കമ്പനിയുടെ കണ്ടെത്തല്‍. അവരെ സംബന്ധിച്ചാണ് കമ്പനിയുടെ വക റെഡ് മാര്‍ക്ക് ഗ്രാമത്തിനു വീണത്. പ്രണയികളായ മിത്തും മീറയും കമ്പനിയുടെ വെറും ഉപകരണങ്ങള്‍ മാത്രം. പരസ്പരമുള്ള ആശയ വിനിമയത്തിനായി മലയുടെ മുകളില്‍ പച്ചപ്പരവതാനി വിരിച്ചതു പോലെ ഭീമാകാരന്‍ ഇലകളുള്ള ബലരാമന്‍ചേമ്പിലകളില്‍ കുറിച്ചു വെക്കാമെന്ന് അവര്‍ തീരുമാനിച്ച് വേര്‍പിരിയുന്നു. ബലരാമന്‍ ചേമ്പിന്റെ ഇലകള്‍ക്ക് മാസങ്ങളോളം ആയുസ്സുണ്ടാവുമത്രെ. അവര്‍ ഗ്രാമത്തിലെത്തിയതിനു ശേഷം ആദ്യത്തെ ഭ്രാന്തനായി നാരനല്ലൂരന്‍മലയിലേക്ക് ഓടിക്കയറിയത് ആന്റണി പൗലോസ് എന്ന പൗരപ്രമുഖനാണ്. നാരനല്ലൂരിന്റെ സാംസ്‌കാരികചരിത്ര നിര്‍മ്മിതിയില്‍ പ്രധാനപ്പെട്ട പങ്കു വഹിച്ചയാള്‍. കുടിയേറ്റക്കാരനെങ്കിലും നാട്ടിലെആദ്യത്തെ കമ്മ്യൂണിസ്റ്റുകാരിലൊരാള്‍. മക്കളെല്ലാം നല്ല നിലയില്‍. തുടര്‍ന്ന് ഏവരെയും അമ്പരപ്പിച്ചു കൊണ്ട് നാരനല്ലൂരില്‍ ആദ്യത്തെ പള്ളി പണി തയാള്‍'. അയാള്‍ക്കാണ് ഭ്രാന്തു പിടിച്ചത്. ഊരിപ്പിടിച്ച കത്തിയുമായി അയാള്‍ മരുമകളെ കുത്താന്‍ ചെന്നു.
അത്രയും സംസ്‌കൃതചിത്തനും മാതൃകാപുരുഷനുമായ ഒരാള്‍ക്ക് സംഭവിച്ച നില തെറ്റല്‍ നാരനല്ലൂരുകാരെ പരിഭ്രമിപ്പിക്കുന്നു. ജാതി മത ഭേദമെന്യേ പ്രകാശന്റെ നേതൃത്വത്തില്‍ ജനസൗഖ്യത്തിനായി പൊതു സ്ഥലത്തുവെച്ച് പ്രശ്‌നം വെക്കാന്‍ തീരുമാനിക്കപ്പെട്ടു. പക്ഷേ ഫലമുണ്ടായില്ല. പ്രകാശന്റെ ഭാര്യ സുചിത്ര നഗ്‌നയായി വഴിയിലൂടെ നടന്നുപോയതോടെ ഭ്രാന്ത് എല്ലാവരിലും ഒരു ഭീതിയായി പടര്‍ന്നു കയറാന്‍ തുടങ്ങുന്നു. ഓരോരുത്തരും തങ്ങള്‍ക്ക് നാളെ ഉണരുമ്പോള്‍ ഭ്രാന്താകുമോ എന്ന് ഭയക്കുകയാണ്.ഒരു പരിഹാരത്തിനായി സ്ഥലത്തെ പ്രമുഖനായ ഹാജി, ഡാനിയല്‍ ഡിസൂസയെ കൊണ്ടുവരാന്‍ തീരുമാനിക്കുന്നു. പണ്ട് നാരനല്ലൂര് അതിന്റെ ചരിത്രപ്രസക്തി കൊണ്ട് പത്രമാധ്യമങ്ങളില്‍ നിറഞ്ഞ കാലത്ത് ആഫ്രിക്കയില്‍ നിന്നും നാരനല്ലൂരിലുള്ള ആളുകളെ കുറിച്ച് പഠിക്കാന്‍ വന്ന ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്നു അയാള്‍. ഫ്രീ ഫ്രീ മൈന്‍ഡ് ഫ്രീ എന്ന മുദ്രാവാക്യം മുഴക്കി ഓരോ ദിവസവും ഭ്രാന്തന്‍മാരുടെ എണ്ണം കൂടിക്കൂടി വന്നതല്ലാതെ ഫലമൊന്നുമുണ്ടായില്ല. നാരനല്ലൂരെ ചെറുപ്പക്കാര്‍ ഒത്തുകൂടിയിരിക്കാറുള്ള സൈ ഗോസ് സാംസ്‌കാരിക വേദിയിലുള്ളവര്‍ പോലീസുകാരുടെ പിടിയിലാവുന്നു. പ്രതിഷേധിക്കുന്ന ചെറുപ്പക്കാരെല്ലാം നോട്ടപ്പുള്ളികളാവുകയാണ്. ഓരോരുത്തര്‍ക്കും ഭ്രാന്തു വരാന്‍ ഓരോ കാരണങ്ങള്‍. ഭ്രാന്തു വന്നവരെല്ലാം മല കയറിപ്പോയി.

ശുഭാപ്തി മനശ്ശുദ്ധീകരണശാലയ്ക്കു പോലും നാരനല്ലൂരെ ബാധിച്ച ഭ്രാന്തിനെ തുരത്താനായില്ല. ഭ്രാന്തന്‍മാര്‍ മല ഇറങ്ങി വന്ന് അക്രമങ്ങള്‍ തുടങ്ങി. നാട്ടിലെ ഏക കള്ളുഷാപ്പായ കുട്ടായ്യേട്ടന്റെ ഷാപ്പുപോലും പൂട്ടേണ്ടി വന്നു. നാട്ടിലെ പ്രമാണികള്‍ ഏബികളെ തന്ത്രപൂര്‍വ്വം നിശ്ചയിച്ചു. ഒടുവില്‍ ഏബി ആര് യഥാര്‍ത്ഥ ഭ്രാന്തനാര് എന്ന് തിരിച്ചറിയാതായി. ഭ്രാന്തന്‍മാരുടെ പ്രത്യേകത എന്തെന്നു വെച്ചാല്‍ ഓരോ ഭ്രാന്തിനും കൃത്യമായ ഐഡന്റിറ്റി ഉണ്ടായിരുന്നു എന്നതാണ്. ഓരോ ഭ്രാന്തനും ഭ്രാന്തിയും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരായിരുന്നു. സര്‍ക്കാര്‍ സഹായത്തോടെ ബഹുരാഷ്ട്ര കമ്പനിയുടെ പ്ലാന്‍ നാരനല്ലൂരില്‍ നടപ്പിലാകാന്‍ തുടങ്ങുകയാണ്. ഏജന്റുമാരിലൊരാളായ അമീറ അതിനു പിന്നിലെ ചതി മനസ്സിലാക്കുന്നു. ഭ്രാന്തിനു പിന്നിലെ സത്യം തിരിച്ചറിയുന്നു. പക്ഷേ നമിത്ത് അവളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും അവളുടെ കണ്ടെത്തലുകളെല്ലാം നശിപ്പിക്കുകയുമാണ്. പ്രണയനഷ്ടത്തിലും വിശ്വാസ വഞ്ചനയിലുമുരുകുന്ന ഉടല്‍പാതി പെണ്ണായ അമീറ. അവളുടെ സങ്കടങ്ങളാണ് പിന്നീട് ഭ്രാന്തന്‍മാരുടെ കരുത്തായി മാറുന്നത്. നാരനല്ലൂര്‍ മലയ്ക്കു ചുറ്റും ഭ്രാന്തില്ലെന്നു സ്വയം വിശ്വസിക്കുന്നവരും കമ്പനിയും ചേര്‍ന്ന് അതിരഴി തീര്‍ക്കുകയാണ്. മലയിലുള്ളവരോ നാട്ടിലുള്ളവരോ ശരിക്കും ഭ്രാന്തരെന്ന് നോവല്‍ വായനക്കാര്‍ക്കു മുന്നില്‍ തെളിയിക്കുന്നുണ്ട്. ചുറ്റും അനീതികള്‍ നടമാടുമ്പോള്‍ പ്രതികരണ ശേഷിയില്ലാതെ നിശ്ശബ്ദരായിരിക്കുന്ന വിഡ്ഢികളോടാണ് നോവല്‍ കലഹിക്കുന്നത്. നമ്മുടെ മലയുടെയും കാടിന്റെയും അവകാശികള്‍ ആരെന്ന ചോദ്യം ഉന്നയിച്ചു കൊണ്ട് അതിരഴി സൂത്രം പാരിസ്ഥിതിക രാഷ്ട്രീയത്തിനൊപ്പം കണ്ണി ചേരുന്നുമുണ്ട്. നിര്‍ണ്ണായകസന്ധികളില്‍ മൗനം വലിയ കുറ്റമാണെന്ന് നോവല്‍ വിളിച്ചു പറയുന്നു. ചിലപ്പോഴൊക്കെ ഭ്രാന്ത് തിരിച്ചറിവുകൂടിയാണ്.
Content Highlights: Ajijesh Pachat New Malayalam Novel Malayalam Review
Published: 29 Aug 2020, 02:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented