
കോട്ടയ്ക്കല്: സ്വന്തമായി ഒന്നുമില്ലാത്ത ഒരാള്ക്കുപോലും ഒരുപാടുചെയ്യാന് കഴിയുമെന്ന് ഓര്മ്മപ്പെടുത്തുന്ന ഒരുനാടിന്റെ കരുത്താര്ന്ന ദര്ശനമാണ് അധികാരിയെന്ന കഥാപാത്രത്തെ സൃഷ്ടിച്ചതെന്ന് എഴുത്തുകാരന് അഡ്വ. ടി.പി. രാമചന്ദ്രന്. മാതൃഭൂമി ബുക്സ് കോട്ടയ്ക്കലില് നടത്തിയ 'മുഖാമുഖം' പരിപാടിയില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരിയുള്പ്പെടെ നോവലില് പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങളെല്ലാം ഏറനാടിന്റെ നന്മയുടെയും കരുത്തിന്റെയും മാനുഷികമായ ബലദൗര്ബല്യങ്ങളുടെയും പ്രതീകമാണ്. ഇങ്ങനെയൊക്കെയാണ് മനുഷ്യന്, ഏറനാട്ടില് മാത്രമല്ല എവിടെയും എന്നു പറഞ്ഞുവെയ്ക്കാനാണ് നോവലിലൂടെ ശ്രമിച്ചത്. ഏതു പ്രതിസന്ധിയിലും മറ്റൊരു വഴിതുറക്കുമെന്നും തോല്വി വിജയത്തിന്റെ തുടക്കമാണെന്നും തന്നെ പഠിപ്പിച്ചത് ഏറനാടിന്റെ കരുത്താര്ന്ന ജീവിതദര്ശനമാണ്- അദ്ദേഹം പറഞ്ഞു.
സംസാരിക്കുന്ന ഭാഷയില്ത്തന്നെ എഴുതിയതിന്റെ സ്വാഭാവികതയെ എഴുത്തുകാരന് മുഹമ്മദ് അബ്ബാസ് പ്രശംസിച്ചു.
മനുഷ്യജീവിതത്തെയും മനുഷ്യമനസ്സിനെയും സൂക്ഷ്മമായി പഠിക്കുകയും നിരീക്ഷിക്കുകയുംചെയ്ത ഒരെഴുത്തുകാരന്റെ ഉള്ക്കാഴ്ചകള് അധികാരിയില് കാണാമെന്ന് മലപ്പുറം ഗവ. കോളേജ് മലയാളവിഭാഗം മുന് തലവനും ഗ്രന്ഥകാരനുമായ ഡോ. ഉണ്ണി ആമപ്പാറയ്ക്കല് നിരീക്ഷിച്ചു.
അപരന്റെ ജീവിതത്തിനൊപ്പം നില്ക്കുന്ന, അവരുടെ ഏതാവശ്യത്തിനും ഓടിയെത്തുന്ന നന്മനിറഞ്ഞ സാധാരണ മനുഷ്യര് നിറഞ്ഞതാണ് ഏറനാടിന്റെ നാട്ടിന്പുറങ്ങള്.
അപരനെ സഹായിക്കുന്ന ഈ ഏറനാടന് മനസ്സ് വെള്ളപ്പൊക്കത്തിന്റെ സമയത്തുള്പ്പെടെ രാമചന്ദ്രന് നടത്തിയ വിവിധ ജീവകാരുണ്യപ്രവര്ത്തനങ്ങളിലൂടെ നമ്മള് കണ്ടതാണെന്ന് മാതൃഭൂമി മുന് ന്യൂസ് എഡിറ്റര് അശോക് ശ്രീനിവാസ് പറഞ്ഞു.
നാട്ടില്നിന്ന് നഷ്ടപ്പെട്ടുപോയി എന്നുകരുതിയ പല വാക്കുകളും നമുക്ക് തിരിച്ചുതന്ന കൃതിയാണ് അധികാരിയെന്ന് കഥകളിനടന് കോട്ടയ്ക്കല് ശശിധരന് വിലയിരുത്തി.
മാതൃഭൂമി സീനിയര് റിപ്പോര്ട്ടര് സി. സാന്ദീപനി, ഉസ്മാന് ഇരുമ്പുഴി, പ്രകാശ് പൊതായ, കൃഷ്ണദാസ് അമരിയില്, അഡ്വ. എം രാജന്, കൃഷ്ണനാഥ്, മനോജ്കുമാര്, ഊരാളി ജയപ്രകാശ്, ഡോ. ഇ. ശങ്കരന് എന്നിവരും ചര്ച്ചയില് പങ്കെടുത്തു.
മാതൃഭൂമി സീനിയര് റീജണല് മാനേജര് സി. സുരേഷ്കുമാര് അധ്യക്ഷനായി.
മാതൃഭൂമി ബുക്സ് മുഖാമുഖം
ഏറനാടിന്റെ സംസ്കാരത്തെയും സാമൂഹികജീവിതത്തെയും പുരാവൃത്തങ്ങളെയുമെല്ലാം വലിയ കാന്വാസില് അടയാളപ്പെടുത്തുന്ന കൃതിയാണ് അധികാരിയെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുന് ഡെപ്യൂട്ടി എഡിറ്ററും എഴുത്തുകാരനുമായ എം.പി സുരേന്ദ്രന് അഭിപ്രായപ്പെട്ടു.
ദേശത്തെ അതിന്റെ പുരാവൃത്തങ്ങളോടുകൂടി കാണുക എന്നത് ഒരു എഴുത്തുകാരന്റെ മൗലികമായ ദര്ശനത്തിന്റെ ഭാഗമാണ്. കോവിലന്റെ തട്ടകത്തില് ഇത് വിദഗ്ധമായി നിര്വഹിച്ചിട്ടുണ്ട്. മറ്റെഴുത്തുകാര് ഏറെയൊന്നും പ്രയോജനപ്പെടുത്തിയിട്ടില്ലാത്ത ഏറനാടന് ഭാഷയെ അധികാരിയില് നന്നായി പ്രയോജനപ്പെടുത്തിയിരിക്കുന്നു.
നമ്മുടെ നൂറ്റാണ്ടിലും ഉയര്ന്നുനില്ക്കാന് പോന്ന ഉജ്ജ്വലമായ കഥാപാത്രമാണ് അധികാരിയിലെ നബീസുവെന്നും എം.പി സുരേന്ദ്രന് നിരീക്ഷിച്ചു.
Content Highlights: T.P Ramachandran, N.P Surendran, C.Sureshkumar, Mathrubhumi Books
Published: 22 Jan 2024, 03:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented