കുന്ദമംഗലം: പ്രതിസന്ധികളെ ഒരാള്‍ എങ്ങനെയാണ് അവസരങ്ങളാക്കി മാറ്റുന്നതെന്ന, നിസ്സഹായതകളെ പ്രതീക്ഷകളാക്കി പരിവര്‍ത്തിപ്പിക്കുന്നതെന്ന വലിയ പാഠമാണ് സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ ജീവിതകഥയുടെ മര്‍മമെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ അഭിപ്രായപ്പെട്ടു. വിപുലമായ യാത്രകളിലൂടെയും തീക്ഷ്ണമായ പരീക്ഷണങ്ങളിലൂടെയും അദ്ദേഹം നേടിയെടുത്ത അനുഭവങ്ങളുടെ ഗുണഫലങ്ങള്‍ വലിയൊരു സമൂഹത്തിനുകൂടി അനുഭവിക്കാന്‍ സഹായിക്കുന്നതാണ് 'ജീവിതം ഇതുവരെ' എന്ന ആത്മകഥയെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍സെക്രട്ടറിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ ഖലീല്‍ ബുഖാരിയുടെ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ആത്മകഥ 'ജീവിതം ഇതുവരെ' കാരന്തൂര്‍ മര്‍ക്കസ് വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന ഗ്രാന്‍ഡ് ഖത്മുല്‍ ബുഖാരിയില്‍ പ്രകാശനംചെയ്യുകയായിരുന്നു അദ്ദേഹം. യെമെനില്‍നിന്നുള്ള പ്രശസ്ത പണ്ഡിതന്‍ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീസ് പുസ്തകം ഏറ്റുവാങ്ങി. മാതൃഭൂമി മലപ്പുറം ന്യൂസ് എഡിറ്റര്‍ ആര്‍. ഗിരീഷ്‌കുമാറാണ് പുസ്തകത്തിന്റെ രചന നിര്‍വഹിച്ചത്.

കടലുണ്ടിയില്‍നിന്ന് ഇന്ത്യന്‍ മുസ്ലിം നേതൃനിരയിലേക്കുള്ള ഖലീല്‍ അല്‍ ബുഖാരി തങ്ങളുടെ വളര്‍ച്ചയുടെ ചരിത്രം വലിയൊരര്‍ഥത്തില്‍ തന്റെ പ്രാസ്ഥാനിക ചരിത്രത്തിന്റെകൂടി ഭാഗമാണെന്ന് കാന്തപുരം പറഞ്ഞു. കേരളത്തിലെ മറ്റുപല മുസ്ലിം നേതാക്കളില്‍നിന്നും വ്യത്യസ്തമായ ഒട്ടേറെ ഘടകങ്ങള്‍ ആ വളര്‍ച്ചയിലുണ്ട്.

പുതുതലമുറയ്ക്ക് അതില്‍ ധാരാളം പാഠങ്ങളുമുണ്ട്. വളരെ കുറഞ്ഞ കാലം കൊണ്ടുതന്നെ മുസ്ലിം മുഖ്യധാരയിലെ ശ്രദ്ധേയമായ സാന്നിധ്യമായി മാറാന്‍ അദ്ദേഹത്തിനു കഴിഞ്ഞതിനുപിന്നിലെ പ്രധാനകാരണം പിന്നാക്ക സാമൂഹികവിഭാഗങ്ങളുടെ പുരോഗതിക്കായി മുന്‍ മാതൃകകകളില്ലാത്ത പുതിയ മേഖലകളും പദ്ധതികളും കണ്ടെത്തി അവതരിപ്പിക്കാനും അവ നടപ്പില്‍വരുത്താനുമുള്ള അദ്ദേഹത്തിന്റെ മിടുക്കാണെന്നും കാന്തപുരം അഭിപ്രായപ്പെട്ടു.

പ്രീബുക്കിങ് 20 വരെ

'ജീവിതം ഇതുവരെ' എന്ന ആത്മകഥ ഈ മാസം ഇരുപതോടെ മാതൃഭൂമിയുടെ പുസ്തകശാലകളില്‍ ലഭ്യമാകും. 20 വരെ മാതൃഭൂമി ബുക്സില്‍നിന്ന് ഓണ്‍ലൈനായി www.mbibooks.com പ്രീബുക്കിങ്ങില്‍ വാങ്ങാം. 590 രൂപ മുഖവിലയുള്ള പുസ്തകത്തിന് 475 രൂപയാണ് പ്രീബുക്കിങ് വില.