കോഴിക്കോട്: ഇന്ത്യയിലെ ദളിത് സമൂഹത്തിന്റെ പൊള്ളുന്ന ജീവിതയാഥാര്‍ഥ്യങ്ങള്‍ പറയുന്ന ആത്മകഥയാണ് ശരണ്‍കുമാര്‍ ലിംബാളയുടെ 'അക്കര്‍മാശി'യെന്ന് സി.ജെ. ക്രിസ്റ്റി. മാതൃഭൂമി ബുക്‌സില്‍ നടന്ന വായനക്കാരുടെ പ്രതിമാസക്കൂട്ടായ്മയുടെ പുസ്തകവിചാരം പരിപാടിയില്‍ 'അക്കര്‍മാശി'യെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 25-ാം വയസ്സിലാണ് മറാഠഭാഷയില്‍ ശരണ്‍കുമാര്‍ ലിംബാള തന്റെ ആത്മകഥയെഴുതിയത്. സാധാരണ ഒരു മനുഷ്യന്‍ അനുഭവിക്കുന്നതിന്റെ നാലിരട്ടി അവഗണ ആ പ്രായത്തിനിടയില്‍ അദ്ദേഹം അനുഭവിച്ചിട്ടുണ്ട്. പിതാവിന്റെ പേരുപോലും അറിയാതെ സ്വത്വപ്രതിസന്ധി നേരിടുന്നതായിരുന്നു അദ്ദേഹത്തിന്റെ ബാല്യം. കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിലും ഈ അവഗണന തുടര്‍ന്നു. എച്ചില്‍ക്കൂനകള്‍ക്കിടയില്‍നിന്ന് ഭക്ഷണം കണ്ടെത്തിയും ചത്തമൃഗങ്ങളെ വേവിച്ച് ഭക്ഷിച്ചുമായിരുന്നു വിശപ്പടക്കിയിരുന്നത്. അക്കാലത്ത് ദളിത് സ്ത്രീകള്‍ നേരിട്ടിരുന്ന പ്രശ്‌നങ്ങളെ വരച്ചുകാട്ടുന്ന പുസ്തകം ഇന്നത്തെ ഇന്ത്യന്‍ സാഹചര്യങ്ങളിലും മാറ്റമില്ലാതെ തുടരുന്ന ജാതിവിവേചനങ്ങളിലേക്കുകൂടിയാണ് വിരല്‍ചൂണ്ടുന്നതെന്ന് സി.ജെ. ക്രിസ്റ്റി പറഞ്ഞു. കെ.ടി. ഗോപാലന്‍ മോഡറേറ്ററായി.

To advertise here,