ഷാര്‍ജ: വായനയുടെ ലോകത്തുനിന്ന് കുട്ടികളെ തള്ളിമാറ്റരുതെന്ന് എഴുത്തുകാരനും ബാങ്കിങ് മേഖലയിലെ വിദഗ്ധനുമായ രവി സുബ്രഹ്‌മണ്യന്‍ പറഞ്ഞു. 41-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ തന്റെ രചനാരീതികളെക്കുറിച്ച് വായനക്കാരുമായി സംവദിക്കുകയായിരുന്നു രവി സുബ്രഹ്‌മണ്യന്‍.

To advertise here,

എഴുത്തുകാരന്‍ എന്നനിലയില്‍ ഏറ്റവും ശ്രമകരമായത് കുട്ടികള്‍ക്കുവേണ്ടി എഴുതുക എന്നതാണ്. ചെറിയ പുസ്തകമാണെന്ന് നമ്മള്‍ തെറ്റിദ്ധരിക്കും. ഇത്തരം പുസ്തകങ്ങള്‍ എഴുതാന്‍ വളരെ എളുപ്പമാണെന്നും വിചാരിക്കും. പക്ഷേ, കുട്ടികള്‍ വായനക്കാരില്‍ വളരെയധികം പ്രത്യേകതയുള്ളവരാണ്. മുതിര്‍ന്നവര്‍ ഒരുപുസ്തകം മുഴുവനായി വായിച്ച് വിലയിരുത്തുമ്പോള്‍ കുട്ടികള്‍ ഓരോ പേജും വിലയിരുത്തും. അവസാനത്തെ പേജുവരെ കുട്ടികള്‍ കാത്തിരിക്കില്ല. ആദ്യത്തെ പേജില്‍ത്തന്നെ അവരെ പിടിച്ചിരുത്താന്‍ കഴിയണം. കുട്ടികള്‍ക്കുവേണ്ടി എഴുതുമ്പോള്‍ ഓരോപേജും ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യേണ്ടതുണ്ട്.

ഒരു പുസ്തകശാലയില്‍ ചെല്ലുമ്പോള്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള പുസ്തകങ്ങളുടെ ഭാഗം ശുഷ്‌കമായിരിക്കും. ഇത് ഖേദകരമാണ്. കുട്ടികള്‍ക്കുവേണ്ടി എഴുതുന്നവരും കുറവായിരിക്കും. ജീവിക്കുന്ന ചുറ്റുപാടുകളെക്കുറിച്ച് അവബോധമുണ്ടാക്കുന്ന രചനകളായിരിക്കണം കുട്ടികള്‍ക്ക് നല്‍കേണ്ടത്. ലാഭനഷ്ടങ്ങള്‍ നോക്കാതെ കുട്ടികള്‍ക്കുവേണ്ടി എഴുതുന്നത് സന്തോഷകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.