ഷാര്‍ജ: എഴുതി തെളിഞ്ഞവരും പുതുതായി എഴുതിവരുന്നവരും ഒരേപോലെ പുതുപുസ്തകങ്ങളുമായി കടന്നുവരുന്ന വേദിയാണ് ഷാര്‍ജ പുസ്തകമേളയെന്ന് സാഹിത്യകാരനും കേരളത്തിന്റെ മുന്‍ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാര്‍ പറഞ്ഞു. മാതൃഭൂമി സ്റ്റാള്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

പുതിയ എഴുത്തുകാരില്‍ പ്രതീക്ഷയുണ്ട്, എഴുത്തിലെ കനല്‍ കെട്ടുപോകാതെ സൂക്ഷിക്കാന്‍ സര്‍ഗധനരായ പുതുഎഴുത്തുകാര്‍ക്കും സാധിക്കുമെന്നാണ് വിശ്വാസം. അനുഭവങ്ങള്‍ പകര്‍ത്താനാണ് വര്‍ത്തമാനകാല എഴുത്തുകാര്‍ക്ക് ഇഷ്ടമെന്നത് പ്രത്യേകതയാണെന്ന് കെ. ജയകുമാര്‍ ഓര്‍മിപ്പിച്ചു. എഴുത്തുകാര്‍ തീക്ഷ്ണമായ അനുഭവങ്ങള്‍ കടന്നുവരുന്നതാണ് അതിനുള്ള കാരണം.

മികച്ച കഥകളും കവിതയുമെല്ലാം ദിനംപ്രതി വരുന്നുണ്ടെങ്കിലും കൂട്ടത്തില്‍ അശ്രദ്ധമായി എഴുതിപ്പോകുന്നവരും കുറവല്ല. എത്രയോ തിരുത്തലുകള്‍ക്കുശേഷമേ നല്ല സാഹിത്യസൃഷ്ടി പിറക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാഹിത്യത്തിലും മാറ്റം അനിവാര്യമാണെന്ന് എഴുത്തുകാരന്‍ പി. സുരേന്ദ്രനും പറഞ്ഞു. നല്ലെഴുത്തുകള്‍ ഉണ്ടാവാനാണ് പുതിയ എഴുത്തുകാര്‍ പരിശ്രമിക്കേണ്ടതെന്നും മാതൃഭൂമി സ്റ്റാളിലെത്തിയ പി. സുരേന്ദ്രന്‍ വ്യക്തമാക്കി.