
കൊച്ചി: മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവചരിത്രം പ്രകാശനം ചെയ്യാന്‍ മാതൃഭൂമി ബുക്സ് സ്റ്റാളിനു മുന്നിലെത്തിയ മഞ്ജുവാരിയരുടെ കണ്ണുകള്‍ സദസ്സിലെ ഒരാളെക്കണ്ടതും നിറഞ്ഞു ചിരിച്ചു. മാധവിക്കുട്ടിയുടെ അനിയത്തി ഡോ. സുലോചന നാലാപ്പാട്ടായിരുന്നു അത്. വേദിയിലേക്ക് കയറുംമുന്നേ സുലോചന നാലാപ്പാട്ടിന്റെ കൈപിടിച്ച് വിശേഷങ്ങള്‍ ചോദിച്ചു. സിനിമയില്‍ തന്റെ ചേച്ചിയായി അഭിനയിച്ച 'ആമി'യെ അടുത്തു കണ്ടപ്പോള്‍ സുലോചന നാലാപ്പാട്ടിനും സന്തോഷം.
'മാധവിക്കുട്ടി എന്ന പേര് എന്റെ ജീവിതത്തില്‍ പല ഘട്ടങ്ങളില്‍ കടന്നുവന്നിട്ടുണ്ട്. മാധവിക്കുട്ടി എന്ന് പറയുന്നതില്‍ എനിക്കെപ്പോഴും ഒരു മടിയുണ്ട്. മാധവിക്കുട്ടിയമ്മ എന്ന് അറിയാതെ തന്നെ വരും' - കാക്കനാട് മാതൃഭൂമി ബുക്സ് സ്റ്റാളില്‍ നടന്ന ചടങ്ങില്‍ ഡോ. കെ. ആശ രചിച്ച് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച മാധവിക്കുട്ടിയുടെ ജീവചരിത്രം 'മാധവിക്കുട്ടി: കടലിന്റെ നിറങ്ങള്‍' എഴുത്തുകാരന് ഡോ. ജി.ആര്. ഇന്ദുഗോപന് നല്കി പ്രകാശനം ചെയ്ത് മഞ്ജുവാരിയര്‍ പറഞ്ഞുതുടങ്ങി.
''മാധവിക്കുട്ടി എന്ന എഴുത്തുകാരിയെക്കാളുപരി മാധവിക്കുട്ടി എന്ന വ്യക്തിയെക്കുറിച്ച് അദ്ഭുതത്തോടെ ഒരുപാട് കാര്യങ്ങള്‍ കേട്ടറിഞ്ഞിട്ടുണ്ട്. എന്തോ ഒരു അടുപ്പവും ഒരുപാട് സ്നേഹവും ആരാധനയുമൊക്കെ തോന്നിയിട്ടുണ്ട്. അവരെക്കുറിച്ചുള്ള കഥ സിനിമയായപ്പോള്‍ മാധവിക്കുട്ടിയായി അഭിനയിക്കാനായത് ജീവിതത്തിലെ വലിയ ഭാഗ്യമായി ഇന്നും കണക്കാക്കുന്നു. കടലിന്റെ നിറങ്ങള്‍ എന്ന പേര് ഈ പുസ്തകത്തിന് ഉചിതമാണ്. തിരകളും ചുഴികളും കൊടുങ്കാറ്റുമെല്ലാം നിറഞ്ഞതാണ് കടല്‍. മാധവിക്കുട്ടിയമ്മയുടെ ജീവിതവും അങ്ങനെയായിരുന്നു. അതുകൊണ്ടു തന്നെ ചേരുന്ന പേരാണിത്'' - മഞ്ജുവാരിയര്‍ പറഞ്ഞു.
''നമ്മുടെ ഭാവനയ്ക്ക് വലിയ സാധ്യതയുള്ളയിടമാണ് വായന. ചെമ്മീന്‍ നോവല്‍ വായിച്ചവര്‍ക്കെല്ലാം വേറെ വേറെ കറുത്തമ്മകളാണെങ്കിലും ആ സിനിമ കണ്ടവര്‍ക്കെല്ലാം ഷീലാമ്മ മാത്രമാണ് കറുത്തമ്മ. മറ്റൊരാളെ ചിന്തിക്കാന്‍ പറ്റില്ല. വായനയും കാഴ്ചയും തമ്മിലുള്ള വ്യത്യാസം അതാണ്''- ചടങ്ങില്‍ ആമുഖ പ്രഭാഷണം നടത്തിയ നടന് രമേഷ് പിഷാരടി പറഞ്ഞു. ''നമ്മള്‍ക്ക് അറിയാവുന്ന, നമ്മള് വായിച്ചിട്ടുള്ള ഒരു എഴുത്തുകാരിയെ മറ്റൊരു കാഴ്ചയിലൂടെ കാണുന്നത് എപ്പോഴും വലിയ സാധ്യത തുറക്കുന്നതാണ്. ഒരു എഴുത്തുകാരി അവരുടെ എഴുത്തിലൂടെ മാത്രമല്ല മറ്റുള്ളവരുടെ എഴുത്തിലൂടെയും അറിയുന്നു എന്നത് വലിയ കാര്യം തന്നെയാണ്'' - പിഷാരടി പറഞ്ഞു.

മാധവിക്കുട്ടിയെക്കുറിച്ച് അത്രകണ്ട് അനുഭവസൗരഭ്യം പകരുന്ന പുസ്തകങ്ങള്‍ ഇതിനുമുന്‍പ് അധികം ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണെന്ന് പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് ജി.ആര്. ഇന്ദുഗോപന് പറഞ്ഞു. ജീവിതത്തെ എങ്ങനെ തൊട്ടെടുക്കാനാകുന്നു എന്നതാണ് ഒരു ജീവചരിത്ര ഗ്രന്ഥത്തിന്റെ പ്രസക്തി. അത് വളരെ ലളിതമായ ഭാഷയില്‍ ഈ പുസ്തകത്തില്‍ കാണാം. പുസ്തകമെഴുതുമ്പോള്‍ എങ്ങനെ വേട്ടയാടപ്പെടുന്നു എന്നും ഈ കൃതിയില്‍ കൃത്യമായി പറഞ്ഞുപോകുന്നുണ്ടെന്നും ഇന്ദുഗോപന് പറഞ്ഞു.
പ്രകാശന ചടങ്ങിനുശേഷം ഡോ. ആശ, ഡോ. സുലോചന നാലാപ്പാട്ടിന് പുസ്തകം സമ്മാനിച്ചു. ഡോ. എം. ലീലാവതി ടീച്ചര്‍ക്കുള്ള പുസ്തകം സദസ്സിലിരുന്ന ടീച്ചറുടെ മകന് വിനയകുമാറിനു സമ്മാനിച്ചു. ഡോ. ആശയുടെ ഭര്‍ത്താവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെ.സി. വേണുഗോപാല്‍, മക്കളായ ഗോകുല്‍, പാര്‍വതി എന്നിവരും ചടങ്ങിനെത്തിയിരുന്നു.
എഴുത്തുകാരായ തനൂജ ഭട്ടതിരി, ബാബു ജോസ്, നിര്‍മാതാവ് ആന്റോ ജോസഫ്, മാതൃഭൂമി വൈസ് പ്രസിഡന്റ് (പബ്ലിക് റിലേഷന്‍), പി.വി. മിനി, മാതൃഭൂമി സീനിയര്‍ ജനറല്‍ മാനേജര്‍ (പബ്ലിക് റിലേഷന്‍) കെ.ആര്. പ്രമോദ്, മാതൃഭൂമി കൊച്ചി യൂണിറ്റ് മാനേജര്‍ ഐശ്വര്യാദാസ്, സീനിയര്‍ ന്യൂസ് എഡിറ്റര്‍ എസ്. പ്രകാശ്, മാതൃഭൂമി ബുക്സ് സീനിയര്‍ മാനേജര്‍ (പബ്ലിക്കേഷന്‍) കെ. നൗഷാദ്, കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍, ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.കെ. അബ്ദുള്‍റഹ്മാന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Content Highlights: Book release of 'Madhavikkutty kadalinte nirangal'
Published: 22 Sept 2025, 04:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented