കൊച്ചി: മലയാളത്തിന്റെ എഴുത്തമ്മയ്ക്ക് ബുധനാഴ്ച ജന്മദിനമാണ്. തൃക്കാക്കര പൈപ്പ് ലൈന്‍ റോഡില്‍ ഡോ. എം. ലീലാവതിയെന്ന് അടയാളപ്പെടുത്തിയ വീട്ടില്‍ പക്ഷേ, ആഘോഷങ്ങളൊന്നുമുണ്ടാകില്ല. 'അനുജന്‍ മരിച്ചിട്ട് അധികമായില്ല. ഒരു ദുരന്തം കഴിഞ്ഞിരിക്കുമ്പോള്‍ പിന്നെ എന്ത് ആഘോഷ'മെന്ന് ടീച്ചര്‍ ചോദിക്കുന്നു .

പ്രായത്തിന്റെ കാര്യത്തില്‍ ഇപ്പോഴും ചെറിയ സംശയമുണ്ടെന്നും ടീച്ചറുടെ വാക്കുകള്‍. 'തൊണ്ണൂറ്റിയൊന്നോ മൂന്നോ എന്നതാണ് സംശയം. 1929-ലാണ് ജനിച്ചതെന്നാണ് അമ്മ പറഞ്ഞു കേട്ടിരിക്കുന്നത്. അതനുസരിച്ചാണെങ്കില്‍ പ്രായം 91. ഔദ്യോഗിക രേഖകളില്‍ 1927 സെപ്റ്റംബര്‍ 16 ആണ്. അപ്പോള്‍ പ്രായം 93 ആകും. പണ്ടത്തെ കാലമല്ലേ...

സ്‌കൂളില്‍ ചേര്‍ക്കുന്ന സമയത്ത് വരുത്തിയ മാറ്റമാണത്. തിരുത്തണമെന്ന് അമ്മ പല തവണ പറഞ്ഞിട്ടുണ്ട്. അതിനൊന്നും ശ്രമിച്ചില്ല. സെപ്റ്റംബര്‍ ഏഴിനായിരുന്നു പിറന്നാള്‍. ഭരണിയാണ് നക്ഷത്രം.

മൂത്ത മകന്‍ വിനയകുമാറാണ് വീട്ടില്‍ ഒപ്പമുള്ളത്. ഓഗസ്റ്റില്‍ മകന്റെ അറുപതാം പിറന്നാളായിരുന്നു. അതിനും ആഘോഷമൊന്നുമുണ്ടായില്ല. രണ്ടാമത്തെ മകന്‍ അമേരിക്കയിലാണ്. കോവിഡിന്റെ ആശങ്കയുള്ളതിനാല്‍ ഇപ്പോള്‍ പുറത്തൊന്നും പോകാറില്ല.

പ്രഭാഷണങ്ങളും ഉദ്ഘാടനവും പഠിപ്പിക്കലുമെല്ലാമായി തിരക്കുപിടിച്ചതായിരുന്നു മുന്‍പ് ദിവസങ്ങള്‍. കോവിഡ് ലോക്കിട്ട പൊതുപരിപാടികള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റ് പതിവുകള്‍ക്കൊന്നും മാറ്റമില്ല. പുസ്തകങ്ങള്‍ നിറഞ്ഞ വീട്ടില്‍ എഴുത്തിന്റെയും വായനയുടെയും തിരക്കുകളിലാണ് മലയാളത്തിന്റെ പ്രിയപ്പെട്ട ടീച്ചര്‍.

Content Highlights: Malayalam writer M Leelavathi teacher  birthday