
കൊല്ലം: മലയാള വിമര്ശനത്തിലെ ഏകാന്തപഥികനായിരുന്ന, മണ്മറഞ്ഞ കെ.പി.അപ്പന്റെ ജീവിതം അക്ഷരസ്നേഹികള്ക്കു മുന്നിലേക്ക്. പ്രസന്നരാജന് രചിച്ച 'കെ.പി.അപ്പന് നിഷേധിയും മഹര്ഷിയും' എന്ന പുസ്തകം സെപ്റ്റംബര് 25-ന് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കും. 298 പേജുകളുള്ള പുസ്തകത്തിന് 450 രൂപയാണ് വില.
മരണശേഷം അഥവാ ഞാന് സ്വര്ഗത്തില് അകപ്പെട്ടാല് അവിടെ വിമര്ശനമില്ലെങ്കില് അത് എനിക്ക് സ്വര്ഗമായിരിക്കില്ലെന്ന് നിലപാട് വ്യക്തമാക്കിയ അപ്പന്റെ സാഹിത്യജീവിതവും വ്യക്തിജീവിതവും അനാവരണം ചെയ്യുന്ന കൃതിയാണിത്.
'71-ല് ഞാന് കൊല്ലം എസ്.എന്.കോളേജില് പഠിക്കുന്ന കാലത്ത് അധ്യാപകനായി എത്തിയതാണ് അപ്പന്സാര്. പിന്നെ ആ സാഹിത്യജീവിതത്തെയും വ്യക്തിജീവിതത്തെയും അടുത്തറിഞ്ഞതില്നിന്നാണ് ഇങ്ങനെയൊരു കൃതിയുടെ ജനന'മെന്ന് പ്രസന്നരാജന് പറഞ്ഞു. അതിനായി വീണ്ടും അന്വേഷണങ്ങള് നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കൃതികള് പലവട്ടം വായിച്ചും ആധികാരികരേഖകള് പരിശോധിച്ചുമാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
വിഗ്രഹഭഞ്ജകനും പുതിയ ലാവണ്യസങ്കല്പങ്ങളെയും അഗ്നിസ്ഫുലിംഗംപോലുള്ള ആശയങ്ങളെയും ഹൃദയത്തില് സ്വീകരിച്ച ആളുമാണ് കെ.പി.അപ്പന്. ജീവിതയാഥാര്ഥ്യങ്ങളെയും ഈ ലോകത്തെയും ദാര്ശനികമായി സമീപിക്കുന്ന ഒരു മഹര്ഷിയുമുണ്ട് അദ്ദേഹത്തില്. ധ്യാനത്തിന്റെയും പക്വമായ അവബോധത്തിന്റെയും തലങ്ങളില് അലയുന്ന മുനിയുടെ മനസ്സ്. പേനയെ വിശുദ്ധമായ ആയുധമാക്കിയ അപ്പന് എന്തെഴുതിയാലും കവിത നിറയും.

ഗദ്യത്തിലെ ആന്തരിക സംഗീതത്തെ മലയാളികള്ക്ക് പരിചയപ്പെടുത്തിയത് ആ രചനാശൈലിയാണ്. കെ.പി.അപ്പന്റെ ജീവിതത്തെ ഗ്രന്ഥകാരന് ഇങ്ങനെയൊക്കെ വായിക്കുന്നു. ഉചിതമായ ശൈലിയിലൂടെ ആ ജീവിതത്തെ അവതരിപ്പിക്കുകയും ചെയ്യുന്നു. കുട്ടിക്കാലംമുതല് മരണംവരെയുള്ള ജീവിതത്തിനിടയിലെ അപ്പനിലെ സാഹിത്യവിമര്ശകനെയും വായനക്കാരനെയും രൂപപ്പെടുത്തിയ കാലങ്ങളെല്ലാം പുസ്തകത്തില് അനാവൃതമാകുന്നുണ്ട്.
Content Highlights: K P Appan, Birth anniversary, Book, Mathrubhumi books
Published: 25 Aug 2023, 12:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented