കൊച്ചി: മുൻ എം.എൽ.എ.യും മുസ്ലിം ലീഗ് നേതാവുമായ കെ.എൻ.എ. ഖാദറിന്റെ ആത്മകഥ 'വ്യാകരണമില്ലാത്ത ജീവിതം' പ്രകാശനംചെയ്തു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് കൈമാറിയാണ് പുസ്തകം പ്രകാശനംചെയ്തത്.

To advertise here,

പുസ്തകത്തിന്റെ പേരിൽ തന്നെ പ്രത്യേകതയുണ്ടെന്നും പേര് വായിച്ചാൽതന്നെ പുസ്തകംവായിക്കാൻ താത്പര്യം തോന്നുമെന്നും വി.ഡി. സതീശൻ പറഞ്ഞു. കെഎൻഎ ഖാദറിന്റെ ജീവിതത്തിന്റെ ഘട്ടങ്ങളെക്കുറിച്ച് പുസ്തകത്തിൽ പറയുന്നുണ്ട്. എങ്ങനെയാണ് കമ്മ്യൂണിസ്റ്റുകാരനായതെന്നും പിന്നീട് എങ്ങനെയാണ് കമ്മ്യൂണിസ്റ്റുകാരനല്ലാതെ ആയതെന്നും മുസ്ലിംലീഗുകാരനായതെന്നുമെല്ലാം അതിൽ പറയുന്നുണ്ട്. പുസ്തകപ്രകാശനം നടത്താൻ എന്നെ ക്ഷണിച്ചതിലൂടെ ഞാൻ ആദരിക്കപ്പെട്ടതായാണ് എനിക്ക് അനുഭവപ്പെട്ടത്, പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു.

കെഎൻഎ ഖാദറിന്റെ ഏറ്റവും വലിയ സംഭാവന അതാത് കാലഘട്ടങ്ങളിലെ വിഷയങ്ങളെ കുറിച്ച് സമൂഹം ആവശ്യപ്പെടുന്ന പ്രസംഗം സരസമായി അദ്ദേഹം അവതരിപ്പിക്കുമായിരുന്നു എന്നതാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

കെഎൻഎ ഖാദറിന്റെ ജീവിതയാത്രയിൽ അദ്ദേഹത്തെ കഥാപാത്രമായി മാത്രമല്ല, മറ്റുള്ളവരെക്കൂടി പരാമർശിച്ചുകൊണ്ട് മനോഹരമായി എഴുതിയ പുസ്തകമാണിതെന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ പറഞ്ഞു. ജനപ്രതിനിധിയെക്കുറിച്ച് അദ്ദേഹം പറയുന്നുണ്ട്. ജനപ്രീതിക്കുവേണ്ടി കല്യാണവീടുകളും മരണവീടുകളും സന്ദർശിക്കുകയല്ല, മറിച്ച് നാടിന്റെ പൊതുനന്മയ്ക്കായി അവർ സമയം ചെലവഴിക്കണമെന്നും പ്രവർത്തിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ചെറുപ്പക്കാർ രാഷ്ട്രീയത്തിലേക്ക് വരണമെന്നും അവർക്ക് വഴിമാറികൊടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം പുസ്തകത്തിൽ പറയുന്നുണ്ട്. അഞ്ച് വർഷം അദ്ദേഹത്തോടൊപ്പം നിയമസഭയിൽ പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രസംഗമുണ്ടെങ്കിൽ ഞാൻ അത് കേൾക്കുമായിരുന്നു. അദ്ദേഹം കണ്ടുമുട്ടിയ ചെറുതും വലുതുമായ ആളുകളെക്കുറിച്ചുള്ള ഓർമകളെല്ലാം പുസ്തകത്തിൽ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. ജീവിതാനുഭങ്ങൾ നമുക്ക് നൽകുന്ന വെളിച്ചം ചെറുതല്ല. എല്ലാവരും വായിക്കേണ്ട പുസ്തകമാണിത്. ഈ പുസ്തകം പ്രസിദ്ധീകരിക്കാൻ സാധിച്ചതിൽ മാതൃഭൂമിക്ക് വലിയ സന്തോഷമുണ്ട്, അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യാഴാഴ്ച രാവിലെ മലപ്പുറം മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന പരിപാടി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തു.

മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് എം.എൽ.എ., പി. ഉബൈദുള്ള എം.എൽ.എ., ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ.പി. സ്മിജി, മലപ്പുറം നഗരസഭാധ്യക്ഷ അഡ്വ. വി. റിനിഷ, കോഡൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പാലോളി അബ്ദുറഹിമാൻ, മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. ഫാത്തിമ തഹ്ലിയ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. 

മാതൃഭൂമി മലപ്പുറം സീനിയർ കറസ്‌പോണ്ടന്റ് ഫഹ്‌മി റഹ്‌മാനിയാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ രചന നിർവഹിച്ചത്.