തൃക്കരിപ്പൂര്‍: 30,000 പുസ്തകങ്ങള്‍ വായിച്ച് സംസ്ഥാനത്തിനാകെ മാതൃകയായ അവധിക്കാല വായന പദ്ധതിയുടെ തിളക്കത്തില്‍ ഹൊസ്ദുര്‍ഗ് താലൂക്കിലെ ഗ്രന്ഥശാലകള്‍. മൊബൈല്‍ ഫോണിനും ലാപ്പ്ടോപ്പിനും ടെലിവിഷനും മുന്നില്‍ കുരുന്നുകളുടെ അവധിക്കാലം തളച്ചിടാതെ നടത്തിയ വായനവെളിച്ചം പദ്ധതിയാണ് കുട്ടികളുടെ ഉത്സവമായി മാറിയത്. താലൂക്കിലെ 230 ഗ്രന്ഥശാലകളില്‍ 1612 വായനക്കൂട്ടങ്ങളാണ് ചേര്‍ന്നത്. ഏപ്രില്‍, മേയ് മാസങ്ങളിലായി ഇവിടെ വായിക്കാനെത്തിയ 4988 കുട്ടികള്‍ വായിച്ചുതീര്‍ത്തത് 31366 പുസ്തകങ്ങള്‍. വായിച്ചാസ്വദിച്ച് ഇവരെഴുതിയ കുറിപ്പുകളുടെ എണ്ണം 13868. ഇളംതലമുറയുടെ വായന വിസ്മയത്തിന്റെ സാക്ഷ്യപത്രങ്ങളായി ഓരോ ഗ്രന്ഥശാലയിലും ഈ കുറിപ്പുകള്‍ കാണാം. രണ്ടുമാസം ചുരുങ്ങിയത് എട്ടുതവണയെങ്കിലും ഓരോ ഗ്രന്ഥശാലയിലും കുട്ടിക്കൂട്ടം ഒത്തുചേരാനായിരുന്നു തീരുമാനം.
വായിച്ച പുസ്തകങ്ങളുടെ ആസ്വാദനമെഴുതി വായിച്ചും ഓരോ കൃതികളെയും റീഡിങ് തിയേറ്റര്‍, നാടകം, സംഗീതശില്പം, ചിത്രരചന, മൂകാഭിനയം, സര്‍ഗാത്മക സൃഷ്ടികള്‍ എന്നവയടങ്ങിയ കൈയെഴുത്ത് മാഗസിന് എന്നിവ തയ്യാറാക്കിയും വായനവെളിച്ചം പുതുമ നല്കി. ഡോ. കെ.വി. സജീവന് ചെയര്‍മാനായ അക്കാദമിക് കമ്മിറ്റിയാണ് കഴിഞ്ഞ മൂന്ന് വര്‍ഷക്കാലവും പ്രവര്‍ത്തനവഴികളിലേക്ക് പുതുമയാര്‍ന്ന ആശയങ്ങള്‍ കൈമാറിയത്. പദ്ധതിയുടെ അവസാനഘട്ടത്തില്‍ 'വെളിച്ചത്തിനെന്തു വെളിച്ചം' എന്നപേരില്‍ സമാപന പരിപാടിയും നടത്തി. അന്തിമ മൂല്യനിര്‍ണയത്തിനായി അവസാന ലാപ്പിലെത്തിയ 27 ഗ്രന്ഥശാലകള്‍ക്കായി മൂന്ന് കേന്ദ്രങ്ങളിലായി നടത്തിയ പരിപാടിയും പുതിയൊരനുഭവമായി.
പി. മാളവിക മികച്ചകുട്ടി വായനക്കാരി
'വായന വെളിച്ചം' പുരസ്കാരത്തില്‍ മികച്ച വായനക്കാരിയായ കുട്ടിയായി കരിച്ചേരി ഇഎംഎസ് ഗ്രന്ഥാലയത്തിലെ പി. മാളവികയെ തിരഞ്ഞെടുത്തു. താലൂക്കിലെ എട്ട് ഗ്രന്ഥശാലകള്‍ മികച്ച ഗ്രന്ഥശാലകള്‍ക്കുള്ള പുരസ്കാരം നേടി. പി. കോരന് മാസ്റ്റര്‍ ഗ്രന്ഥാലയം ഉളിയം കടവ്, അനശ്വര ലൈബ്രറി ആന്‍ഡ് റീഡിങ് റൂം തെക്കെ മാണിയാട്ട്, ഇ.കെ. നായനാര്‍ ഗ്രന്ഥാലയം പട്ടോളി ചീമേനി, സി. കുഞ്ഞിക്കോരന് സ്മാരക ഗ്രന്ഥാലയം മുഴക്കോം, മൈത്രി ഗ്രന്ഥാലയം മാങ്ങാട്, അഡ്വ. പി. കൃഷ്ണന് നായര്‍ സ്മാരക ഗ്രന്ഥാലയം വണ്ണാര്‍ വയല്‍, ഇ.എം.എസ്. സ്മാരക ഗ്രന്ഥാലയം കരിച്ചേരി, വിദ്യാപോഷിണി ഗ്രന്ഥാലയം പള്ളിക്കര നീലേശ്വരം എന്നിവയാണ് മികവിനുള്ള പുരസ്കാരങ്ങള്‍ നേടിയത്. പ്രവര്‍ത്തന മികവ് പുലര്‍ത്തിയ കണ്‍വീനര്‍മാര്‍ക്കുള്ള പുരസ്കാരം അഞ്ചു പേര്‍ക്കാണ്. പി.പി. ശിവനന്ദ (പി. കോരന് മാസ്റ്റര്‍ ഗ്രന്ഥാലയം ഉളിയം കടവ്), എം. പ്രിനിത ( ഇ.കെ. നായനാര്‍ ഗ്രന്ഥാലയം പട്ടോളി), ബി.പി. ദിവ്യ (അഡ്വ. പി. കൃഷ്ണന് നായര്‍ ഗ്രന്ഥാലയം വണ്ണാര്‍ വയല്‍), ടി. വിജിന (ജനശക്തി ഗ്രന്ഥാലയം പട്ടേന), അനുശ്രീ ഉണ്ണികൃഷ്ണന് ( ഭാസ്കര കുമ്പള ഗ്രന്ഥാലയം ഉമിച്ചി മടിക്കൈ ). മികച്ച ഡോക്യുമെന്ഡേഷനുകള് തയാറാക്കിയതിനുള്ള പുരസ്കാരം പീപ്പിള്‍സ് റീഡിങ് റൂം ആന്‍ഡ് ലൈബ്രറി പള്ളിക്കര, വള്ളത്തോള്‍ സ്മാരക ഗ്രന്ഥാലയം ഓരി, അനശ്വര ഗ്രന്ഥാലയം തെക്കെ മാണിയാട്ട്, ശ്രീകുമാര്‍ സ്മാരക ഗ്രന്ഥാലയം കാരിയില്‍ എന്നിവ കരസ്ഥമാക്കി.
എ ഗ്രേഡ് നിലവാരത്തിലെത്തിയ താലൂക്കിലെ 19 ഗ്രന്ഥശാലകള്‍ക്ക് പ്രോത്സാഹന പുരസ്കാരങ്ങളും നല്‍കും. ജൂലായ് ആറിന് രാവിലെ 9.30-ന് നീലേശ്വരം കോട്ടപ്പുറത്തെ നഗരസഭാ ഹാളില്‍ എം. രാജഗോപാലന്‍ എംഎല്‍എ 'വായന വെളിച്ചം' പുരസ്കാരങ്ങള്‍ സമ്മാനിക്കുമെന്ന് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍് സുനില്‍ പട്ടേനയും സെക്രട്ടറി പി. വേണുഗോപാലനും അറിയിച്ചു.
Content Highlights: Thrikkarippur school vacation reading
Published: 30 Jun 2025, 10:15 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented