കോഴിക്കോട്: നോവലാണ് ഈ കാലഘട്ടത്തിന്റെ കലയെന്ന് എഴുത്തുകാരന്‍ ജയമോഹന്‍. ഇംഗ്ലീഷില്‍ നോവലൊഴികെ ഒന്നും പ്രസിദ്ധീകരിക്കുകയും വായിക്കപ്പെടുകയും ചെയ്യുന്നില്ല. കവിതയ്ക്ക് തീരെ പ്രസാധകരില്ലാതായി. ചെറുകഥയ്ക് കുറച്ചുകിട്ടുന്നുണ്ട്. നോവല്‍ കഴിഞ്ഞാല്‍പ്പിന്നെ ജീവചരിത്രങ്ങള്‍ക്കും ചരിത്രപഠനങ്ങള്‍ക്കുംമാത്രമാണ് വായനക്കാരെ കിട്ടുന്നത്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ. വിശ്വനാഥിന്റെ നഗ്‌നനായ കൊലയാളിയുടെ ജീവിതം എന്ന നോവല്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു ജയമോഹന്‍.

To advertise here,

നോവലുകള്‍ക്ക് ഇത്രയേറെ പ്രാധാന്യവും വായനക്കാരെയും കിട്ടുന്നത് എങ്ങനെയെന്ന് പഠിക്കേണ്ടതുണ്ട്. ഒരു ദര്‍ശനമോ രാഷ്ട്രീയ സാമൂഹിക സത്യമോ മുന്നോട്ടുവെക്കാനോ പ്രചരിപ്പിക്കാനോ ചരിത്രത്തില്‍ വിട്ടുപോയ ഇടങ്ങള്‍ പൂരിപ്പിക്കാനോ ആണ് നോവലെഴുതുന്നതെന്നാണ് പൂര്‍വികന്‍മാര്‍ പഠിപ്പിച്ചത്. ഇന്ന് അതിനപ്പുറത്ത് വേറെ കാരണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. നമ്മള്‍ നമ്മുടെ ജീവിതം വേറൊരു രീതിയില്‍ ആവിഷ്‌കരിച്ചുനോക്കുകയാണ് നോവലില്‍. സ്വത്വവും ഭാവനയും സ്വപ്നവും സംരക്ഷിക്കാനുള്ള ചെറുത്തുനില്‍പ്പാണത്. സ്വപ്നംകാണാനും സംരക്ഷിക്കാനുമാണ് നോവല്‍ എഴുതുന്നതും വായിക്കുന്നതും. അതൊരു പ്രത്യയശാസ്ത്രവും ധ്യാനവുമാണ്.

വായനക്കാരന്റെ ഭാവനകള്‍ക്ക് സാധ്യതനല്‍കുന്ന നോവലാണ് നഗ്‌നനായ കൊലയാളിയുടെ ജീവിതമെന്നും ജയമോഹന്‍ പറഞ്ഞു. എഴുത്തുകാരി ആര്‍. രാജശ്രീ പുസ്തകം ഏറ്റുവാങ്ങി. ഇ. സന്തോഷ്‌കുമാര്‍, കെ. വിശ്വനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.