എന്റെ ചെറുപ്പകാലം തൊട്ടെ പുസ്തകവായന ഒരു വിധം നല്ല രീതിയില്‍ തന്നെ നടന്നിരുന്നു. അമ്മ മലയാളം ടീച്ചറായതുകൊണ്ടും പഠിപ്പിച്ചിരുന്ന തളിപ്പറമ്പ് മൂത്തേടത്ത് സ്‌ക്കൂളില്‍ സാമാന്യം നല്ലൊരു ലൈബ്രറി ഉണ്ടായതും ആ വായനയെ ഏറെ പരിപോഷിപ്പിച്ചു എന്ന് പറയാം. സ്‌ക്കൂള്‍ മദ്ധ്യവേനലവധിക്കാലത്ത് അമ്മ സ്‌കൂള്‍ ലൈബ്രറിയില്‍ നിന്ന് ഓരോ തവണയും അഞ്ചും പത്തും പുസ്തകങ്ങള്‍ കൊണ്ടുതരുമായിരുന്നു. അങ്ങനെ രണ്ടോ മൂന്നോ പ്രാവശ്യം പുസ്തകങ്ങളെത്തും. എംടിയുടെ നാലുകെട്ടും രണ്ടാമൂഴവും തകഴിയുടെ കയറും ചെമ്മീനും മലയാറ്റൂരിന്റെ യന്ത്രവും യക്ഷിയും പുനത്തിലിന്റെ മരുന്നും എസ്. കെ പൊറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥയും പി.കെ ബാലകൃഷ്ണന്റെ ഇനി ഞാനുറങ്ങട്ടെയും മാധവിക്കുട്ടിയുടെ നീര്‍മാതളം പൂത്ത കാലവും കെ.രാധാകൃഷന്റെ നഹുഷ പുരാണവും അങ്ങനെ വായിച്ചവയാണ്. അധികം പേജുകളില്ലാത്ത പുസ്തകങ്ങള്‍ ആദ്യം വായിക്കാനെടുക്കും. പ്രത്യേകിച്ചും കിടന്നു വായിക്കുമ്പോള്‍ പിടിക്കാന്‍ സൗകര്യമാണെന്നതിനു പുറമേ അത് വായിച്ചു തീര്‍ത്ത് അടുത്തതു വായിക്കാമെന്നുള്ള ആവേശവുമാണതിനു കാരണം. ആര്‍തര്‍ കോനന്‍ ഡോയിലിന്റെ ഷെര്‍ലക്ക് ഹോംസിന്റെ അന്വേഷണങ്ങളെന്ന പോലെ അഗതാ ക്രിസ്റ്റിയുടെ കുറ്റാന്വേഷണനോവലുകളും വായന ഉദ്വേഗഭരിതമാക്കി. അക്കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചിരുന്ന സി. രാധാകൃഷണന്റെ മുമ്പേ പറക്കുന്ന പക്ഷികള്‍ കൗമാരക്കാരന്റെ മനസ്സില്‍ കാത്തിരിപ്പിന്റെ വേവലാതിയും വിഹ്വലതയും സൃഷ്ടിച്ചിരുന്നു. വിചിത്രമായ കഥാപാത്രങ്ങളുമായി ഭൂട്ടാന്‍ കഥ പറഞ്ഞ ജി. ബാലചന്ദ്രന്റെ നോവലുകളും അതേ പോലെ വായിച്ചതാണ് .
ഞാന്‍ പഠിച്ചിരുന്ന ടാഗോര്‍ വിദ്യാനികേതന്‍ സ്‌ക്കൂളിലും ലൈബ്രറി ഉണ്ടായിരുന്നു. അത് ആഴ്ചതോറും ക്ലാസ്സില്‍ വിതരണം ചെയ്തിരുന്നു. പലതും ഇംഗ്ലീഷിലുള്ളവയാണ്. കുറച്ചു മലയാളത്തില്ല. പക്ഷേ കിട്ടിയിരുന്നവയൊന്നും എന്നെ വായിക്കാന്‍ പ്രേരിപ്പിച്ചിരുന്നില്ല എന്നതാണ് വാസ്തവം. പക്ഷേ വായിച്ചു കഴിഞ്ഞ് പുസ്തകത്തിന്റെ അവലോകനം ഒരു നോട്ട്ബുക്കില്‍ എഴുതി ഹെഡ്മാഷിന് സമര്‍പ്പിക്കണം. ഇത്തരം കാര്‍ക്കശ്യങ്ങള്‍ ആ പുസ്തകങ്ങള്‍ വായിക്കാനുള്ള താല്പര്യം തന്നെ ഇല്ലാതാക്കുന്നവയാണ്. മിക്കവാറും എല്ലാവരും ചെയ്തിരുന്നത് പുസ്തകത്തെക്കുറിച്ച് പ്രസാധകര്‍ പരസ്യം പോലെ അതിന്റെ പുറം ചട്ടയില്‍ കൊടുത്ത ലഘുവിവരണം പകര്‍ത്തിയെഴുതി വെയ്ക്കും അന്ന് അഞ്ചാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സുവരെ എല്ലാ വര്‍ഷവും സാഹിത്യ സമാജം സെക്രട്ടറിയായി ഞാന്‍ തന്നെയായിരുന്നുവെന്നത് ഞാനും സാഹിത്യലോകത്തിന്റെ പിന്‍മുറക്കാരനാണെന്ന തോന്നല്‍ എനിക്കെന്ന പോലെ മറ്റുള്ളവരിലും ജനിപ്പിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ഇലക്ഷനില്‍ മാഗസിന്‍ എഡിറ്ററായി തെരഞ്ഞെടുക്കപ്പെട്ടതോടെ വായനയും എഴുത്തും മറ്റൊരു തലത്തിലേക്ക് കടന്നു. മികച്ച കലാലയ മാഗസിനുള്ള അവാര്‍ഡുകളും അഡോണിസ് എന്ന ഈ മാഗസിന് കിട്ടിയതോടെ എഡിറ്റര്‍മാരെല്ലാം വലിയ എഴുത്തുകാരാണെന്ന ഡോക്ടര്‍ സമൂഹത്തിന്റെ ചിന്തയെ ഞാനും തിരുത്താന്‍ പോയില്ല. അതിന്റെ തുടര്‍ച്ചയാണ് പില്ക്കാലത്ത് അനസ്തീഷ്യ കോണ്‍ഫറന്‍സുകളുടെയും സ്റ്റേറ്റ് ജേര്‍ണലിന്റെയും എഡിറ്ററാവാന്‍ കാരണം.
പലപ്പോഴായി സമൂഹമാധ്യമങ്ങളില്‍ ഞാന്‍ കുറിച്ചിട്ടവ വായിക്കാന്‍ ആള്‍ക്കാര്‍ താല്പര്യപ്പെടുന്നുവെന്ന് കണ്ടതോടെ ഒരു പുസ്തകം എന്റെ മാത്രം സൃഷ്ടികളോടെ പുറത്തിറക്കണമെന്ന ആഗ്രഹം കലശലായി. ഡോക്ടര്‍മാര്‍ക്ക് അനുഭവങ്ങള്‍ക്ക് പഞ്ഞമില്ലല്ലോ. മരണവും പിറവിയും മാറി മറിയുന്ന ആശുപത്രിയുടെ അകത്തളങ്ങളില്‍ പ്രതീക്ഷയും നിരാശയും തിങ്ങി ഞെരുങ്ങി കടന്നുപോകുമ്പോള്‍ എവിടെ നോക്കിയാലും ഒരുപാട് എഴുതാനുള്ള വകകള്‍ കാണും. അത്തരം അനുഭവങ്ങളിലൂടെ പിറവിയെടുത്ത 'ആയുസ്സിന്റെ അവകാശികള്‍' നല്ലൊരു പ്രസാധകരിലൂടെ പുറം ലോകം കാണിക്കണമെന്ന ആഗ്രഹം മാതൃഭൂമി പ്രസാധകരിലെത്തിച്ചു. പിന്നെയും ഒരു പാട് കടമ്പകള്‍ കടക്കണം. അവരുടെ ഒമ്പതംഗ പ്രസാധക സമിതി പുസ്തകം വിലയിരുത്തണം. അതിനു തന്നെ ഏതാണ്ട് ഒരു കൊല്ലം കാത്തിരിക്കേണ്ടി വന്നു. പ്രസിദ്ധീകരണ യോഗ്യമാണെന്ന് അംഗീകരിച്ചു കഴിഞ്ഞിട്ടു പിന്നെയും ഒന്നു രണ്ട് വര്‍ഷം കാത്തിരിക്കണം പുസ്തകമിറങ്ങാന്‍ എന്നതൊന്നും എനിക്കൊരു പ്രശ്‌നമായി തോന്നിയില്ല. പണ്ട് മുതലേ മാതൃഭൂമിയ്ക്ക് സാഹിത്യ ലോകത്തൊരു പെരുമയുണ്ടല്ലോ. ആ അംഗീകാരം എത്രയോ വലുതാണ്. ചര്‍ച്ചയ്ക്കിടെ എഡിറ്റര്‍ പറഞ്ഞൊരു വാചകമുണ്ട്.'' ഡോക്ടറേ ഫേസ്ബുക്കിലെ ലൈക്കും ഷെയറും നോക്കി പുസ്തകം വിറ്റുപോകുമെന്നൊന്നും വിചാരിക്കേണ്ട.'' എന്റെ പ്രതീക്ഷ അസംഖ്യം സുഹൃത്തുക്കളിലാണ്. പ്രതീക്ഷ അസ്ഥാനത്തായില്ല. പുസ്തകത്തിന് പ്രിയ സുഹൃത്ത് സന്തോഷ് എച്ചിക്കാനം അതിഗംഭീരമായ അവതാരിക എഴുതി തന്നു. ചുരുങ്ങിയ സമയം കൊണ്ടുതന്നെ അടുത്ത പതിപ്പുമിറങ്ങി. പുസ്തകം വിറ്റു പോയതുപോലെ തന്നെ വായിച്ചവര്‍ നല്ല അഭിപ്രായവും പറഞ്ഞു. ഇത് കേട്ട മറ്റൊരെഴുത്തുകാരന്‍ ഡോക്ടര്‍ പറഞ്ഞതോര്‍മ്മ വരുന്നു.'' എന്റെ പുസ്തകം ബുക്ക്സ്റ്റാളില്‍ വിറ്റുപോകാതെ കെട്ടിക്കിടക്കുന്നതു കാണുമ്പോള്‍ വല്ലാതെ വിഷമം വരും. അപ്പോള്‍ ഞാന്‍ തന്നെ ഒരു നാലഞ്ചു പുസ്തകം പൈസ കൊടുത്തു വാങ്ങി സുഹൃത്തുക്കള്‍ക്ക് കൊടുക്കും. മുരളി എന്തായാലും ഭാഗ്യവാനാണ് പുസ്തകം വാങ്ങുന്ന സുഹൃത്തുക്കളുണ്ടല്ലോ.' ആ പറഞ്ഞത് ശരിയാണ്. വായിക്കാനാളുണ്ടെങ്കിലേ എഴുത്തുകാരനുള്ളൂ. ആത്മ സംതൃപ്തിയ്ക്കു വേണ്ടിയാണ് എഴുതുന്നതെന്നൊക്കെ ആലങ്കാരികമായി പറയാമെന്നു മാത്രം.
എന്റെ പ്രൊഫസര്‍ ഡോ. ഗോപാലകൃഷ്ണന്‍ സാര്‍ പറഞ്ഞ വാചകം ഒരംഗീകാരം പോലെ മനസ്സില്‍ കിടക്കുന്നു.' എല്ലാ ഡോക്ടര്‍മാര്‍ക്കും അനുഭവങ്ങള്‍ കുറേ കാണും. പക്ഷേ അത് എഴുതി ഫലിപ്പിക്കാനുള്ള കഴിവും കൂടി വേണം. അത് മുരളിയ്ക്കുണ്ട്. എഴുത്ത് തുടരുക.''
പുസ്തകം ഇറങ്ങിയതിനുശേഷം എഴുത്തുകാരനെന്ന പല പരിഗണനകളും കിട്ടി തുടങ്ങിയത് ഞാനും ആസ്വദിച്ചുവരുന്നു. പ്രസിദ്ധീകരണത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ മാതൃഭൂമി അയച്ചു തന്ന റോയല്‍റ്റി തുക ആയുസ്സിന്റെ അവകാശികളുടെ പേരില്‍ ഞാന്‍ കൈപ്പറ്റിയ ആദ്യ പ്രതിഫലം മാത്രമല്ല, മുമ്പേ നടന്ന മഹാരഥന്മാരുടെ വഴിയേ നടക്കാനുള്ള ഊര്‍ജം കൂടിയാണ്.
Content Highlights: dr. muraleedharan ak ayussinte avakashikal grassroot books
Published: 30 Aug 2024, 12:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented