മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ മെറിറ്റ് ലിസ്റ്റില്‍ വന്നെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ത്തന്നെ എം.ബി.ബി.എസ്സിന് അഡ്മിഷന്‍ കിട്ടിയതോടെയാണ് സമാധാനവും സന്തോഷവും ഒന്നിച്ചു തോന്നിയത്. കണ്ണൂരുകാര്‍ക്ക് അന്ന് ഏറ്റവും അടുത്തുള്ള മെഡിക്കല്‍ കോളേജ് എന്നതുകൊണ്ടു മാത്രമല്ല ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ചികിത്സയ്‌ക്കെത്തുന്ന ആശുപത്രിയെന്ന നിലയിലുള്ള പെരുമകൂടി കോഴിക്കോട് മെഡിക്കല്‍ കോളേജിനുണ്ടായിയുന്നു.

To advertise here,

പഠിക്കാന്‍ നല്ല അര്‍പ്പണമനോഭാവവും വിഷയത്തോടുള്ള താത്പര്യവും കഠിനാദ്ധ്വാനവും വേണം എം.ബി.ബി.എസ്. പഠനത്തിന്. ഇച്ഛാശക്തിക്കൊപ്പം നമ്മുടെ കൂട്ടുകെട്ടും പഠിക്കുന്നതില്‍ പ്രധാനമാണ്. എങ്ങനെ പരീക്ഷ പാസാവാന്‍ പഠിക്കണമെന്നറിയുന്നവനേ ആദ്യാവസരത്തില്‍ത്തന്നെ ആ കടമ്പ കടന്നുകൂടാന്‍പറ്റൂ. ക്ലാസില്‍ത്തന്നെ നടത്തുന്ന ഇന്റേണല്‍ അസ്സസ്‌മെന്റിന്റെ മാര്‍ക്കും യൂണിവേഴ്‌സിറ്റി നടത്തുന്ന പരീക്ഷയുടെ തിയറി, പ്രാക്ടിക്കല്‍ മാര്‍ക്കുകളും കൂട്ടി നിശ്ചിത മാര്‍ക്കിനു മുകളില്‍ വന്നാല്‍ മാത്രമേ അടുത്ത ക്ലാസിലേക്ക് പ്രവേശനം ലഭിക്കൂ. ഇങ്ങനെ മാര്‍ക്ക് കിട്ടാതെപോകുന്ന ഹതഭാഗ്യര്‍ പാസായി പിന്നെ വരുന്ന അഡീഷണല്‍ ബാച്ചില്‍ ചേരുന്നു. അതിലും കടന്നു കൂടാത്തവര്‍ പിന്നെ വരുന്ന ജൂനിയര്‍ ബാച്ചില്‍ ചേരുന്നു. അതോടെ അവരുടെ കൂട്ടുകെട്ടുകളും മാറുന്നു. മിക്കവാറും എല്ലാ പരീക്ഷകളും മാനസികവും ശാരീരികവുമായി തളര്‍ത്തുന്നവതന്നെ. ഓരോ പരീക്ഷ കഴിയുമ്പോഴും ഇങ്ങനെ ആള്‍ക്കാര്‍ കൊഴിഞ്ഞുപോകുന്നു.

എം.ബി.ബി.എസ്. പഠനകാലത്തെ അവസാനപരീക്ഷയെത്തി. തിയറി പരീക്ഷകള്‍ക്കുശേഷമാണ് ക്ലിനിക്കല്‍ എക്‌സാം. നറുക്കിട്ടെടുത്ത് ഓരോ രോഗിയെ വീതം അനുവദിച്ചുതരും. നാല്‍പ്പത്തഞ്ചു മിനിറ്റുകൊണ്ടു രോഗിയുടെ അസുഖവിവരങ്ങള്‍ മുഴുവന്‍ ചോദിച്ചറിഞ്ഞ്, പരിശോധിച്ച് രോഗനിര്‍ണ്ണയം നടത്തേണ്ടുന്ന ലോങ് കേസ് ആണ് പരീക്ഷയില്‍ നിര്‍ണ്ണായകം. രോഗി പൂര്‍ണ്ണമായും സഹകരിച്ചില്ലെങ്കില്‍ നമ്മുടെ ടെന്‍ഷന്‍ ഒന്നൂടെ കൂടും. പരീക്ഷകരായി പുറമേനിന്നു വരുന്ന എക്‌സ്റ്റേണല്‍ എക്‌സാമിനര്‍മാര്‍ വല്ലാതെ കുഴക്കുന്ന രീതിയില്‍ ചോദ്യങ്ങള്‍ ചോദിച്ചാലും നമ്മള്‍ പെട്ടുപോകും. രാവിലെ മുതല്‍ തുടങ്ങുന്ന ക്ലിനിക്കല്‍ എക്‌സാം രാത്രി വരെയും നീണ്ടുപോകാം. ഇതിനിടയില്‍ ഭക്ഷണം കഴിക്കാന്‍ സമയം തന്നാലും ഒന്നും കഴിക്കാന്‍ പറ്റിയെന്നു വരില്ല. അറക്കാന്‍ കൊണ്ടുപോകുന്ന പോത്തിനെ നോക്കിനില്‍ക്കുന്ന കൂട്ടിലിട്ട മറ്റു പോത്തുകളെപ്പോലെയാണ് ഊഴംകാത്തുനില്‍ക്കുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളും. എന്റെ അവസാനപരീക്ഷ ജനറല്‍ മെഡിസിന്‍ ആണ്. തോറ്റാല്‍ ഇനി ആറുമാസം കഴിഞ്ഞുള്ള അടുത്ത പരീക്ഷയെഴുതാം. പക്ഷേ, നമ്മുടെ കൂടെ പഠിച്ചവര്‍ ഡോക്ടര്‍മാരായി കഴുത്തില്‍ സ്റ്റെത്തുമിട്ടു ഹോസ്റ്റലില്‍നിന്ന് ഇറങ്ങിപ്പോകുമ്പോള്‍ തോറ്റവന്റെ മാനസികാവസ്ഥ ഊഹിക്കാമല്ലോ. ഇത്തരം സമ്മര്‍ദ്ദങ്ങളും അപമാനവും സഹിക്കാനാവാതെ ജീവനൊടുക്കിയവരുടെ ഓര്‍മ്മകള്‍ കാമ്പസ്സിനു പുതുമയല്ല. ഇപ്പോഴും ഓര്‍ക്കുന്നു, ഹോസ്റ്റലിലെ റീഡിങ് റൂമില്‍ രാവിലെ പത്രം വായിച്ചുകൊണ്ടിരിക്കുമ്പോള്‍ തൊട്ടപ്പുറത്തെ മുറിയിലെ വാതിലിനടിയിലൂടെ വരാന്തയില്‍ ഒലിച്ചിറങ്ങിയ ചോരച്ചാലുകള്‍. അതു കണ്ടു സീനിയേഴ്‌സിനെ വിളിച്ചു വാതില്‍ തള്ളിത്തുറന്നു മുറിയില്‍ കയറിയപ്പോള്‍ കണ്ടത് തണുത്തു മരവിച്ചു രക്തത്തില്‍ മുങ്ങിക്കിടക്കുന്ന ഫൈനല്‍ ഇയര്‍ പരീക്ഷയെഴുതിയ ചേട്ടനെ. ക്ലിനിക്കല്‍ പരീക്ഷയില്‍ പ്രൊഫസര്‍മാരുടെ ചോദ്യശരങ്ങളേറ്റു പിടഞ്ഞ ആ പാവം തോല്‍ക്കുമെന്ന് പേടിച്ചു കൈത്തണ്ടയിലെ ഞരമ്പു മുറിച്ച് ആത്മഹത്യ ചെയ്തതാണ്. ഏറ്റവും സങ്കടം പരീക്ഷയുടെ റിസള്‍ട്ട് വന്നപ്പോള്‍ ഈ ചേട്ടനും പാസായിരുന്നു എന്നതാണ്. മനസ്സു വല്ലാതെ പതറിയപ്പോള്‍ അവസാനിച്ചത് ഒരു കുടുംബത്തിന്റെ പ്രതീക്ഷകളായിരുന്നു. പല പരീക്ഷകളും തോറ്റു കാമ്പസ്സില്‍ത്തന്നെ ജീവിക്കുന്നവര്‍ ക്രോണിക് അഡീഷണല്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ഇക്കൂട്ടരില്‍ പല സ്വഭാവക്കാരുമുണ്ട്. ജീവിതം ആസ്വദിച്ചു കഴിയുന്നവരും പരീക്ഷകള്‍ വഴിപാടായി കാണുന്നവരും എല്ലാറ്റില്‍നിന്നുമകന്നു തികച്ചും മൗനികളായി നടക്കുന്നവരും...എല്ലാം ഹോസ്റ്റലില്‍ കാണാം.

പരീക്ഷക്കാലം എങ്ങും നിശ്ശബ്ദതയാണ്. ഹോസ്റ്റലില്‍ പല മുറികളിലും വെളിച്ചം അണയാറേയില്ല. രാത്രികാലങ്ങളില്‍ മെഡിക്കല്‍ കോളേജ് ജങ്ഷനിലെ തട്ടുകടയില്‍ ഓംലെറ്റും ചായയും കഴിക്കാന്‍ ഉറക്കമിളച്ചു പഠിക്കുന്നവരുടെ തിരക്കാവും. പല രീതിയിലും പഠിക്കുന്നവരെ കാമ്പസ്സില്‍ കാണാം. ചിലര്‍ പകല്‍ മുഴുവന്‍ കോളേജ് ലൈബ്രറിയിലിരുന്നു പഠിക്കും. മറ്റു ചിലര്‍ ഗ്രൂപ്പുകളായി തിരിഞ്ഞു കമ്പെയ്ന്‍ഡ് സ്റ്റഡി നടത്തും. സാധാരണ വീട്ടില്‍നിന്നു നിത്യവും പോയിവരുന്നവര്‍ ഏതെങ്കിലും കൂട്ടുകാരുടെ ഹോസ്റ്റല്‍മുറിയില്‍ അഭയം കണ്ടെത്തും.

പരീക്ഷക്കാലത്ത് ഓരോ ഡിപ്പാര്‍ട്ട്‌മെന്റിലെ ഡോക്ടര്‍മാര്‍ക്കും പിടിപ്പതു ജോലിയുണ്ട്. പ്രധാന പരീക്ഷകരായെത്തുന്ന പ്രൊഫസര്‍മാരെ സഹായിക്കാന്‍ നിയോഗിക്കപ്പെടുന്ന ജൂനിയര്‍ ലെക്ചറര്‍, സ്‌കില്‍ എന്ന പേരിലറിയപ്പെടും. അവരാണ് രോഗികളെ തിരഞ്ഞെടുത്തു നമ്പറിട്ടു കിടത്തുന്നത്.

 പരീക്ഷാക്കാലമായാല്‍ പിന്നെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാര്‍ഡില്‍ പ്രവേശനമില്ല. ഔട്ട് ഓഫ് ബൗണ്ട്‌സ് പ്രഖ്യാപിക്കുന്നത് ഒരുതരത്തില്‍ കര്‍ഫ്യൂ പോലെയാണ്. ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കും, മരുന്നും ഇന്‍ജക്ഷനും കൊടുക്കുന്ന നേഴ്‌സുമാര്‍ക്കും വളരെ കുറച്ചു അറ്റന്‍ഡര്‍മാര്‍ക്കും മാത്രമേ ആ സമയത്തു വാര്‍ഡില്‍ പ്രവേശനമുള്ളൂ. പരീക്ഷയ്ക്കു വെക്കുന്ന രോഗികളെയും രോഗങ്ങളെയും കുറിച്ചുള്ള വിവരം ചോര്‍ന്ന് പുറത്തറിയാതിരിക്കാന്‍ വേണ്ടിയാണിത്.

പല ബാച്ചുകളായി തിരിച്ചു പരീക്ഷ നടത്തിക്കഴിയുമ്പോള്‍ ദിവസങ്ങള്‍ കഴിയും. ഇതുവരെയുള്ള പരീക്ഷകളെല്ലാം ആദ്യാവസരത്തില്‍ത്തന്നെ ഞാന്‍ കടന്നുകൂടിയിരുന്നു. ആ ശുഭപ്രതീക്ഷ മാത്രം പോരാ, അറിവിനൊപ്പം സമചിത്തതയും പ്രായോഗികജ്ഞാനവും കൂട്ടത്തില്‍ ഭാഗ്യവും വേണം.
ഫൈനല്‍ ഇയര്‍ തിയറി പരീക്ഷകള്‍ വല്യ പ്രശ്‌നമില്ലാതെ കഴിഞ്ഞു. പരീക്ഷാഹാളില്‍ കയറുന്നതിനു തൊട്ടുമുമ്പേ ഞാന്‍ വായിക്കുന്ന ഭാഗം മിക്കവാറും ഒരു നീണ്ട ചോദ്യമായി വരാറുണ്ടെന്നറിഞ്ഞു കുറച്ചുപേര്‍ അവസാനം ഞാന്‍ വായിക്കുന്ന ഭാഗങ്ങളുടെ തലവാചകം ഉറക്കെ വായിക്കാന്‍ ആവശ്യപ്പെട്ട് ചുറ്റും കൂടുമായിരുന്നു. ചോദ്യപേപ്പര്‍ കിട്ടിയ ഉടന്‍ വായിച്ച അതേ ഭാഗത്തുനിന്നുള്ള ചോദ്യം കാണുമ്പോള്‍ ആകെ ആവേശഭരിതനാകും.

ഇതേവരെ കാര്യങ്ങളൊക്കെ നല്ല രീതിയില്‍ത്തന്നെ മുന്നോട്ടു പോയി. അവസാനത്തെ പരീക്ഷയായ മെഡിസിന്‍ ക്ലിനിക്കല്‍ പരീക്ഷയുടെ ദിവസമെത്തി. നറുക്കെടുത്തു കിട്ടിയ രോഗിയുടെ അടുത്തു ചെന്നപ്പോള്‍ എന്റെ പരിഭ്രമം വീണ്ടും കൂടി. ഇരുപത്തിനാലുവയസ്സുള്ള സുന്ദരിയായ ചെറുപ്പക്കാരി ശ്വാസംമുട്ടലുമായി വന്നതാണ്. അവരുടെ സഹകരണം പരിശോധനയില്‍ ഉടനീളം വേണം. രോഗിയുടെ വസ്ത്രം അഴിച്ചു പരിശോധിക്കണം. പൊതുവേ, ഈ പ്രായത്തിലുള്ള സ്ത്രീകള്‍ സ്വതവേയുള്ള ജാള്യത കാരണം വസ്ത്രം മാറ്റാനൊന്നും സമ്മതിക്കില്ല. അത് എക്‌സാമിനറിനോടു പറഞ്ഞിട്ടൊന്നും കാര്യമില്ല. മുമ്പൊരിക്കല്‍ എന്റെ കൂട്ടുകാരന് പരീക്ഷയ്ക്കു കിട്ടിയത് നാലുവയസ്സുള്ള കുട്ടിയെ. അവനെ കണ്ടതും കുഞ്ഞു നിര്‍ത്താതെ കരഞ്ഞു. രോഗി പരിശോധനയുമായി സഹകരിക്കുന്നില്ലെന്നു പറഞ്ഞ അവനോട് പ്രൊഫസര്‍ പറഞ്ഞ മറുപടി ഞാന്‍ എന്നും ഓര്‍ക്കും. 'you cannot change your patient, but you can change your profession.' പണി അറിയില്ലെങ്കില്‍ നിര്‍ത്തി പൊക്കോടോ എന്ന് പച്ചമലയാളത്തില്‍ പറയേണ്ടത് കുറച്ച് ആലങ്കാരികമായി പറഞ്ഞു എന്നേയുള്ളൂ.

വരുന്നിടത്തുവെച്ചു കാണാം എന്നുറപ്പിച്ചു ഞാന്‍ എനിക്കു കിട്ടിയ രോഗിയുടെ അടുത്തേക്കു നീങ്ങി. എന്റെ വിധി നിര്‍ണ്ണയിക്കപ്പെടുക ഈ മുക്കാല്‍ മണിക്കൂറിലാണ്. സ്ത്രീകളെ പരിശോധിക്കുമ്പോള്‍ മറ്റൊരു സ്ത്രീസാന്നിദ്ധ്യം ആവശ്യമാണ്. അവരുടെ അമ്മതന്നെ കൂട്ടിരിപ്പുകാരിയായി നിന്നു. ഞാന്‍ അവരോടു കാര്യങ്ങള്‍ തുറന്നുപറഞ്ഞു, 'ഇന്നെന്റെ എം.ബി.ബി.എസ്. അവസാനപരീക്ഷയാണ്. നിങ്ങള്‍ പറയുന്ന രോഗലക്ഷണങ്ങളെ ആസ്പദമാക്കിയുള്ള പരിശോധനയും തുടര്‍ന്നുള്ള ഡിസ്‌കഷനും നന്നായി കഴിഞ്ഞാലേ ഞാന്‍ ഈ പരീക്ഷ പാസാകൂ. നിങ്ങള്‍ എന്നോടു സഹകരിക്കണം.'

എന്റെ വാക്കിലെ പരിഭ്രമവും നോക്കിലെ ദൈന്യതയും മനസ്സിലാക്കിയാവണം അമ്മ മറുപടി നല്‍കിയത്. 'ഇവളെന്റെ ഒറ്റ മോളാണ്. സ്‌കൂള്‍ ടീച്ചറാണ്. കുറച്ചു ദിവസമായി ഒരു ക്ഷീണവും കിതപ്പും. മോന്‍ ശരിക്കും പരിശോധിച്ചോ.' ഞാന്‍ കേസ് ഹിസ്റ്ററി എടുത്തു, പരിശോധന ആരംഭിച്ചു. ഏതു പരിശോധനയ്ക്കും നാലു ഘട്ടങ്ങളാണുള്ളത്. നോക്കിക്കാണേണ്ട ഇന്‍സ്‌പെക്ഷന്‍, തൊട്ടുനോക്കി മനസ്സിലാക്കേണ്ട പാല്‍പേഷന്‍, മുട്ടിനോക്കേണ്ട പെര്‍കഷന്‍, കുഴലു വെച്ചു നോക്കേണ്ട ഓസ്‌കള്‍ട്ടേഷന്‍ എന്നിങ്ങനെ. ശ്വാസംമുട്ടലായതുകൊണ്ട് നെഞ്ചില്‍ പരിശോധിക്കുമ്പോള്‍ വസ്ത്രം മാറ്റണം. അവരുടെ മുഴുത്ത മുലകള്‍ കാണുമ്പോള്‍ ഒരു ചെറുപ്പക്കാരനുണ്ടാകുന്ന പരിഭ്രമം അല്ല എനിക്ക്. നെഞ്ചിന്‍കൂടില്‍ കൊഴുപ്പേറെയുണ്ടെങ്കില്‍ സ്റ്റെതസ്‌കോപ്പ് വെച്ചാല്‍ ശരിക്കും കേള്‍ക്കുമോ എന്ന ചിന്തയായിരുന്നു എന്റെ ആശങ്കയുടെ അടിസ്ഥാനം. എന്റെ മുഖഭാവം വായിച്ചെടുത്ത ആ സ്ത്രീ ടെന്‍ഷന്‍ ഒന്നും ആവേണ്ടെന്നു പറഞ്ഞ് ബ്ലൗസും ബ്രായും കൂസലില്ലാതെ മാറ്റി ഒരു ടവ്വല്‍ എടുത്തു പുതച്ചു. പരിശോധനയില്‍ മനസ്സിലായി അവരുടെ ശ്വാസകോശത്തില്‍ നീര് നിറഞ്ഞിരിക്കുന്നു. ലിംഫ് നോഡുകള്‍ വീര്‍ത്തിരിക്കുന്നു. ലക്ഷണങ്ങള്‍വെച്ച് അത് ലിംഫോമ എന്ന കാന്‍സര്‍ ഗണത്തില്‍ പെടുന്നതാവാം. അതുകാരണം ശ്വാസകോശത്തില്‍ നീര്‍ക്കെട്ട് വന്നതിന്റെ പ്രശ്‌നങ്ങളാണിവര്‍ക്ക്. അവരുടെ ആയുസ്സിന്റെ പുസ്തകത്തിലെ ഏടുകള്‍ ചിതലരിച്ചുതുടങ്ങിയിരിക്കുന്നു. എന്റെ മുന്നിലെ ചെറുപ്പക്കാരി ഒരു വേദനയായി ഉള്ളില്‍ നിറയാന്‍ തുടങ്ങി. എന്റെ മുഖത്തെ പരിഭ്രമം മാഞ്ഞു. അടക്കിവെച്ച സങ്കടവും സഹതാപവും, മൗനത്തില്‍ ചാലിച്ച നന്ദിപറച്ചിലില്‍ തികട്ടിനിന്നപ്പോള്‍ ആ ചെറുപ്പക്കാരി ചോദിച്ചു, 'എന്താ ഡോക്ടറെ കുഴപ്പമുണ്ടോ? എന്റെ അമ്മയ്ക്ക് വേറാരും ഇല്ല. അച്ഛന്‍ നേരത്തേ പോയതാണ്. ഇനി ഞാന്‍ മാത്രമാണ് ഒരു പ്രതീക്ഷ. ഇവിടെനിന്ന് എത്രയും പെട്ടെന്ന് തിരിച്ചുപോയി ജോലിയില്‍ കയറണം. കടം കുറേയുണ്ട്.'

ഞാന്‍ അവരുടെ കൈകളില്‍ അമര്‍ത്തി ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. കണ്ടുനിന്ന അവരുടെ അമ്മ തൊഴുകൈകളോടെ പറഞ്ഞു, 'മോന്‍ എന്തായാലും പാസാകും. ഞങ്ങള്‍ പ്രാര്‍ത്ഥിക്കാം.'

ഞാന്‍ കേസ് അവതരിപ്പിച്ചു. ലിംഫോമ വിത്ത് പ്ലൂറല്‍ എഫ്യൂഷന്‍ എന്ന് സമര്‍ത്ഥിച്ചു. നാലു പരീക്ഷകരും തലങ്ങും വിലങ്ങും ചോദ്യങ്ങള്‍ ചോദിച്ചു എന്നെ ശ്വാസംമുട്ടിക്കാന്‍ നോക്കി. എന്തായാലും അസാദ്ധ്യമായ മെയ്‌വഴക്കത്തോടെ ഞാന്‍ പിടിച്ചുനിന്നു. റിസള്‍ട്ട് വന്നപ്പോള്‍ ഞാന്‍ പാസായിരിക്കുന്നു. കൂടെ പരീക്ഷയ്ക്കിരുന്നവരില്‍ തോറ്റുപോയ ഹതഭാഗ്യരുമുണ്ട്. ഇനി ഡോക്ടര്‍ എന്ന് പേരിന്റെ മുന്നില്‍ച്ചേര്‍ത്ത് തലയുയര്‍ത്തി നടക്കാം. പുതുതായി പാസായ ഞങ്ങള്‍ക്കുള്ള ക്ലിനിക്കല്‍ പോസ്റ്റിങ്ങ് തുടങ്ങി. മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡ്യൂട്ടിയുടെ ഭാഗമായി അത്യാഹിതവിഭാഗത്തില്‍ ഡ്യൂട്ടിയുള്ള ദിവസം. കോഴിക്കോട് മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റി, ചന്തപോലെ തിരക്കേറിയതാണ്. ശ്വാസംമുട്ടലും നെഞ്ചുവേദനയുമായി വരുന്നവരെ നോക്കുന്ന മെഡിസിന്‍ വിഭാഗം, എല്ലുപൊട്ടലും ചതവുമായി വരുന്നവരെ നോക്കുന്ന ഓര്‍ത്തോപീഡിക്‌സ്, കത്തിക്കുത്തേറ്റവരും വയറുവേദനക്കാരും നിറയുന്ന സര്‍ജറി വിഭാഗവും. എല്ലാം ഒരു ഹാളില്‍ നിറഞ്ഞുനില്‍ക്കും. ഗര്‍ഭിണികളും കുട്ടികളും തൊട്ടപ്പുറത്തെ കെട്ടിടത്തിലെ ആശുപത്രിയിലാണ് കാണിക്കേണ്ടത്. ഏത് ആംബുലന്‍സ് ചീറിപ്പാഞ്ഞു വന്നുനില്‍ക്കുമ്പോഴും ആദ്യം രോഗിയെ കാണാന്‍ ചെല്ലേണ്ടത് ജൂനിയര്‍ ഡോക്ടര്‍മാരായ ഹൗസ് സര്‍ജന്‍മാരാണ്. അവര്‍ കണ്ടിട്ടാണ് ഇത് ആര്‍ക്കുള്ള കേസ് ആണെന്നു തീരുമാനിക്കുക. എന്റെ ഡ്യൂട്ടിയുടെ ആദ്യദിവസംതന്നെ ട്രോളിയില്‍ തള്ളിക്കൊണ്ടുവന്ന രോഗിയെ നോക്കാന്‍ അറ്റന്‍ഡര്‍ വന്നു വിളിച്ചു. ശരീരം ശോഷിച്ചുപോയ ചെറുപ്പക്കാരി ശ്വാസം കിട്ടാതെ വെപ്രാളപ്പെടുന്നു. തൊട്ടടുത്തു കൈകൂപ്പി നില്‍ക്കുന്ന അമ്മയെ കണ്ടപ്പോള്‍ ഞാന്‍ അന്തംവിട്ടുപോയി. എന്റെ പരീക്ഷയ്ക്കു കിട്ടിയ അതേ രോഗിയെ ഞാന്‍ ആ അമ്മയിലൂടെ തിരിച്ചറിഞ്ഞു. ഓടിപ്പോയി സീനിയര്‍ ഡോക്ടറെ വിളിച്ചുകൊണ്ടു വന്നു. 'ഡോക്ടര്‍ മുരളി, ദിസ് ഈസ് എ കേസ് ഓഫ് ടെര്‍മിനല്‍ ലിംഫോമ. നത്തിങ് കാന്‍ ബി ഡണ്‍. യൂ ജസ്റ്റ് ഗിവ് സം സപ്പോര്‍ട്ടീവ് കെയര്‍.' ഇനി പ്രത്യേകിച്ച് ചികിത്സയൊന്നും ചെയ്യാനില്ല. തികഞ്ഞ ഹൃദയവേദനയോടെ ഞാന്‍ അവരെ മരണകവാടംവരെ അനുഗമിച്ചു. നിറമിഴികളോടെ മകളെ യാത്രയാക്കിയ ആ അമ്മയെ ഞാന്‍ ചേര്‍ത്തുപിടിച്ചു.

ആയുസ്സിന്റെ ബലം

മെഡിക്കല്‍ കോളേജില്‍ ഫസ്റ്റ് എം.ബി. പരീക്ഷ പാസായിക്കഴിഞ്ഞാല്‍ പിന്നെ ക്ലിനിക്കല്‍ പോസ്റ്റിങ് തുടങ്ങും. നമ്മളും ഒരു ഡോക്ടറാവാന്‍ തുടങ്ങുന്നു എന്ന ബോധം വരുന്നത് അപ്പോഴാണ്. വാര്‍ഡില്‍ കിടക്കുന്ന രോഗികളെ സ്റ്റെതസ്‌കോപ് ഉപയോഗിച്ച് പരിശോധിച്ചു തുടങ്ങുന്നത് അന്നു മുതലാണ്. സ്‌പെഷ്യാലിറ്റി വിഭാഗങ്ങളായ ജനറല്‍ മെഡിസിന്‍, സര്‍ജറി, പീഡിയാട്രിക്‌സ്, ഗൈനക്കോളജി എന്നീ ഡിപ്പാര്‍ട്ട്‌മെന്റുകളിലാണ് ആദ്യം പോസ്റ്റിങ് തുടങ്ങുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വരാന്തയില്‍പ്പോലും പുല്‍പ്പായ വിരിച്ച് അതില്‍ പനിച്ചു വിറച്ചുകിടക്കുന്നവരും കാലൊടിഞ്ഞു കിടക്കുന്നവരുമൊക്കയുണ്ടാവും. ഇവരുടെ അടുത്തുപോയി മുട്ടുകാലില്‍ ഇരുന്നും ചാഞ്ഞും ചെരിഞ്ഞും നിന്നുമൊക്കെ രോഗിയുടെ അസുഖത്തിന്റെ വിവരങ്ങള്‍ തിരക്കണം. തുടര്‍ന്നു പരിശോധിച്ചു കിട്ടിയ കണ്ടെത്തലുകള്‍ ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരാള്‍ മറ്റു സീനിയര്‍ ഡോക്ടര്‍മാരുടെ മുന്നില്‍ അവതരിപ്പിക്കും. അതോടെ ആ രോഗത്തെ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകള്‍ തുടങ്ങുന്നു. ഓരോ രോഗലക്ഷണത്തെയും കീറിമുറിച്ചുള്ള ചര്‍ച്ചകളും പരിശോധനാരീതികളും ചികിത്സയും ഒക്കെ ചര്‍ച്ച ചെയ്യപ്പെടുന്നു. ബെഡ് സൈഡ് പ്രസന്റേഷന്‍ രോഗികളെ സംബന്ധിച്ചിടത്തോളം ഏറെ ഗുണകരമാണ്. ഏറ്റവും വിശദമായ പരിശോധന നടക്കുന്നതോടൊപ്പം ഒരു രോഗലക്ഷണവും ശ്രദ്ധിക്കപ്പെടാതെ പോകുന്നുമില്ല. ചുറ്റും കൂടിനില്‍ക്കുന്ന ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും തന്നെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നത് പല രോഗികള്‍ക്കും ഏറെ സമാധാനം നല്‍കുന്ന കാര്യമാണ്. വളരെ അപൂര്‍വ്വമായ രോഗം ബാധിച്ച് ഇടയ്ക്കിടെ വാര്‍ഡില്‍ അഡ്മിഷനു വരുന്ന ചില രോഗികള്‍ മാത്രം അസഹിഷ്ണുതയോടെ പെരുമാറും. എന്നാല്‍ അവരില്‍ ചിലര്‍ കടിച്ചാല്‍ പൊട്ടാത്ത മെഡിക്കല്‍ പദങ്ങള്‍ എടുത്തുപയോഗിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മുറിവൈദ്യന്മാരായി നെഗളിക്കാറുമുണ്ട്. അവരെ നമ്മള്‍ ഒന്ന് ആരാധനയോടെ പൊക്കിക്കൊടുത്താല്‍ മതി. അപ്പോള്‍ അവര്‍തന്നെ തന്റെ ശരീരഭാഗത്ത് ഇവിടെയാണ് വല്യഡോക്ടര്‍ കുഴപ്പം കണ്ടുപിടിച്ചതെന്നുകൂടെ പഠിപ്പിച്ചു തരും.

അങ്ങനെ ഒരു ദിവസം ഉച്ചവരെയുള്ള മെഡിസിന്‍ പോസ്റ്റിങ് കഴിഞ്ഞു വാര്‍ഡിന്റെ വരാന്തയിലൂടെ പുറത്തേക്കു നടക്കുമ്പോള്‍ ദൂരെനിന്നു രണ്ടുപേര്‍ എതിര്‍ദിശയില്‍ നടന്നുവരുന്നതു കണ്ടു. അതിലൊരാളുടെ നടപ്പിന്റെ രീതി കണ്ടപ്പോഴേ ആളെ തിരിച്ചറിയാന്‍ പറ്റി. ജന്മനാതന്നെ കാലുകള്‍ക്കു വൈകല്യം ബാധിച്ച ഡെന്റല്‍ വിദ്യാര്‍ത്ഥിയായ പ്രദീപും സഹോദരന്‍ ഡോക്ടര്‍ സുദീപുമാണ് വരുന്നത്. എന്റെ നാടായ കണ്ണൂരില്‍നിന്ന് വരുന്നതുകൊണ്ടും സുദീപിനെ എന്റെ സീനിയര്‍ ആയി കോളേജില്‍ പരിചയമുള്ളതുകൊണ്ടും തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടായില്ല. പ്രദീപ് വളരെ സരസനും കാമ്പസ്സില്‍ സജീവമായൊരു കഥാപാത്രവും കൂടിയാണ്. കമ്മത്ത് എന്ന് ഞങ്ങള്‍ വിളിക്കുന്ന പ്രദീപിന്റെ നടത്തത്തെക്കുറിച്ച് കാമ്പസ്സില്‍ പ്രചാരത്തിലുള്ള തമാശ അവന്‍ തന്നെയാണ് ഒരിക്കല്‍ എന്നോടു പറഞ്ഞത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് കാമ്പസ്സില്‍ പോയവര്‍ക്കറിയാം, അവിടെയുള്ള മരങ്ങളില്‍ അവകാശമുറപ്പിച്ച അസംഖ്യം കാക്കകളെകുറിച്ച്. കാമ്പസ്സിലെ മരക്കൂട്ടങ്ങളില്‍ ചേക്കേറുന്ന കാക്കകള്‍ വര്‍ഷങ്ങളായി പരാജയപ്പെട്ടുപോകുന്ന പന്തയത്തെക്കുറിച്ചുള്ള കഥയാണ് അവന്‍ പറഞ്ഞത്. ഭൂമിയുടെ അച്ചുതണ്ടു ചവിട്ടികറക്കുന്നത് ഞാനാണെന്ന രീതിയില്‍ ഒരു കാല് നിലത്തൂന്നി മറുകാല്‍ അര്‍ദ്ധവൃത്താകൃതിയില്‍ നിലത്തു വലിച്ചുകൊണ്ടാണ് കമ്മത്തിന്റെ നടപ്പ്. കാക്കകള്‍ക്കിടയില്‍ ഇതുകാരണം ഒരു മത്സരം നടക്കുന്നുണ്ടായിരുന്നുപോലും. പ്രദീപിന്റെ തലയില്‍ കൃത്യമായി കാഷ്ഠിക്കുന്ന കാക്കയ്ക്ക് നേതാവിന്റെ പട്ടം കിട്ടും. ഓളപ്പരപ്പില്‍ ഒഴുകിനടക്കുന്ന കൊട്ടത്തേങ്ങാപോലെ ആ തല പൊങ്ങിയും താഴ്ന്നും നടക്കുന്നതുകൊണ്ട് ആ തലയില്‍ കാഷ്ഠമിടാന്‍ ഒരു കാക്കയ്ക്കും അന്നേവരെ പറ്റിയിട്ടില്ല. ആ കാമ്പസ്സില്‍ ഒരിക്കലെങ്കിലും കാക്കക്കാഷ്ഠം തലയില്‍ വീഴാത്ത ഒരു തലയുമുണ്ടായിരുന്നില്ല എന്ന സത്യം നിലനില്‍ക്കെ പ്രദീപിന്റെ തല കാക്കകള്‍ക്ക് ഒരു ബാലികേറാമലയായിത്തന്നെ നിലകൊണ്ടു. കമ്മത്തിന്റെ നടത്തവും അവന്റെ മുച്ചക്രവാഹനവും ആ കാമ്പസ്സിലെ അവന്റെ അടയാളങ്ങളായിരുന്നു.

സ്വതവേ പൊട്ടിച്ചിരിച്ചുനടക്കുന്ന പ്രദീപിനെ മ്ലാനവദനനായി കണ്ടപ്പോഴേ എന്തോ പന്തികേടു തോന്നി. സുദീപിന്റെ മുഖമാണെങ്കില്‍ വലിഞ്ഞു മുറുകിയപോലെയും തോന്നിച്ചു. സന്ദേഹത്തോടെയുള്ള എന്റെ നോട്ടം ഗ്രഹിച്ചിട്ടെന്നവണ്ണം പ്രദീപ് സംസാരിച്ചു തുടങ്ങി. 'മുരളിക്ക് എന്റെ ബ്രദര്‍ സുദീപിനെ അറിയാലോ. ഇവന്‍ ആയുര്‍വേദത്തില്‍ ഡിഗ്രി എടുത്തശേഷം ബാംഗ്ലൂരില്‍ എം.ഡി. ചെയ്തുവരികയാണ്. ഒരാഴ്ച മുമ്പ് സ്‌കൂട്ടര്‍ ഒന്നു 
സ്‌കിഡ് ചെയ്തുവീണ് കാലില്‍ ചെറിയൊരു മുറിവു പറ്റി. അതിന് ഒറ്റയൊരു തുന്നിട്ടു. പ്രശ്‌നം അതല്ല, ഇപ്പോള്‍ വായ തുറക്കാന്‍ വയ്യ. മെഡിസിന്‍ പ്രൊഫസറെ കാണിച്ച് ഇന്‍ഫെക്ഷന്‍ വാര്‍ഡില്‍ അഡ്മിറ്റാക്കി.' കാര്യം വളരെ ഗൗരവമാണെന്ന് എനിക്കു മനസ്സിലായി. ആക്‌സിഡന്റ് പറ്റി വളരെ ചെറിയ മുറിവാണെങ്കിലും ടെറ്റനസ് (സന്നിപാതം) ബാധിച്ചു വായ തുറക്കാന്‍ പറ്റാത്ത ട്രിസ്മസ് എന്ന അവസ്ഥയിലാണ്. ഇനി അപസ്മാരം ബാധിക്കും. അതും രോഗി പൂര്‍ണ്ണബോധത്തോടെ അനുഭവിക്കേണ്ടിവരും. വല്ലാത്തൊരു പീഡനാവസ്ഥയാണത്. രോഗലക്ഷണം ഇത്ര നേരത്തേ പ്രത്യക്ഷപ്പെടുകയാണെങ്കില്‍ മരണം സുനിശ്ചിതം. അതിനിനി എത്ര ദിവസം എന്നേ അറിയേണ്ടതുള്ളൂ. എന്റെ മുന്നില്‍ നില്‍ക്കുന്ന ഈ ചെറുപ്പക്കാരന്‍ മരണമുഹൂര്‍ത്തം കാത്തുനില്‍ക്കുകയാണെന്ന ചിന്തതന്നെ വേദനാജനകമായി തോന്നി. മെഡിക്കല്‍ കോളേജിലെ ഇന്‍ഫെക്ഷന്‍ വാര്‍ഡ് ആളൊഴിഞ്ഞമൂലയിലെ ഇരുട്ടുപിടിച്ച ഒരു സ്ഥലത്താണ്. രോഗങ്ങള്‍ മറ്റുള്ളവരിലേക്ക് പകരാതിരിക്കാനാണ് ഇതിങ്ങനെ മാറ്റിനിര്‍ത്തിയിരിക്കുന്നത്. റൗണ്ട്‌സിനു പോകുന്ന ഡോക്ടറും മരുന്നു കൊടുക്കുന്ന നേഴ്‌സും മാത്രമേ അങ്ങോട്ടു പോകാറുള്ളൂ. ഞാന്‍ എന്തായാലും പ്രൊഫസറോട് സംസാരിക്കട്ടെ എന്നു പറഞ്ഞ് അവരുടെ മുന്നില്‍നിന്നു രക്ഷപ്പെട്ടു. ഹോസ്റ്റലില്‍ വന്നു നാട്ടുകാരനും സീനിയര്‍ ബാച്ചില്‍ എം.ബി.ബി.എസ്. പഠിക്കുന്നവനുമായ സന്തോഷിനെയും കൂട്ടി മെഡിസിന്‍ പ്രൊഫസറെ പോയിക്കണ്ടു കാര്യങ്ങള്‍ തിരക്കി. 'ദാറ്റ് ഈസ് ഏര്‍ലി ടെറ്റനസ്. മോര്‍ട്ടാലിറ്റി ഈസ് 100%. നത്തിങ് കാന്‍ ബി ഡണ്‍. ഇതയാളുടെ വിധിയാണ്.' 

പ്രൊഫസറുടെ വാക്കുകള്‍ ഞങ്ങളെ പൂര്‍ണ്ണമായും നിരാശരാക്കി. പുറത്തിറങ്ങിയ ഞങ്ങള്‍ ഇനി എന്തു ചെയ്യണമെന്ന് സംശയിച്ചു നില്‍ക്കുമ്പോഴാണ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ചികിത്സാരീതിയെക്കുറിച്ച് സംസാരിച്ച ഡോക്ടര്‍ രാജഗോപാല്‍ സാറിനെ കാണാമെന്നു തോന്നിയത്. 1993-94 കാലഘട്ടത്തില്‍ അവിടെ കാന്‍സര്‍രോഗികള്‍ക്കു വേദനസംഹാരിയായി മോര്‍ഫിന്‍ ഗുളിക കൊടുക്കുന്ന നിലയില്‍ മാത്രം പ്രവര്‍ത്തിച്ചു തുടങ്ങിയ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് വിഭാഗത്തില്‍ പോകാന്‍ എങ്ങനെ തോന്നി എന്ന് ഇന്നുമറിയില്ല. പില്‍ക്കാലത്തു രാജഗോപാല്‍ സാര്‍ പാലിയേറ്റീവ് ചികിത്സയില്‍ ലോകപ്രശസ്തനായി പല ബഹുമതികള്‍ക്കും അര്‍ഹനായി എന്നതില്‍നിന്നുതന്നെ സാറിന്റെ വേറിട്ട ചിന്തകളുടെ പ്രാധാന്യം മനസ്സിലാക്കാം. ഞങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ ക്ഷമാപൂര്‍വ്വം കേട്ട സാര്‍ ഒരു പദപ്രശ്‌നം പരിഹരിക്കുംപോലെ പരിഹാരവും നിര്‍ദേശിച്ചു. 'ബോധത്തോടെയുള്ള അപസ്മാരവും തുടര്‍ന്നുള്ള ശ്വാസതടസ്സവുമാണ് രോഗിയുടെ പ്രശ്‌നം. അപ്പോള്‍ അതിന് അയാളെ പൂര്‍ണ്ണമായും ബോധംകെടുത്തി ശരീരം തളര്‍ത്തി വെന്റിലേറ്ററിന്റെ സഹായത്തോടെ ശ്വാസം കൊടുത്തു മുന്നോട്ടു പോയി നോക്കാം. അങ്ങനെ എത്രദിവസം എന്നുള്ളത് ഇപ്പോള്‍ പറയാനൊക്കില്ല. ഇനി അതെവിടെ, എങ്ങനെ ചെയ്യും എന്നുള്ളതാണ് അടുത്ത കടമ്പ. മെഡിക്കല്‍ കോളേജില്‍ അതിനു വേണ്ട പരിമിതസൗകര്യങ്ങളേയുള്ളൂ.'

ക്രിട്ടിക്കല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റൊക്കെ ഇവിടെ പ്രചാരത്തില്‍ വരുന്നതിനു എത്രയോ മുമ്പുള്ള കാലം. അനസ്‌തേഷ്യ ഡിപ്പാര്‍ട്ട്‌മെന്റില്‍നിന്നു ഒരു പ്രിമിറ്റീവ് വെന്റിലേറ്റര്‍ സംഘടിപ്പിച്ചു കാഷ്വാലിറ്റിയോടു ചേര്‍ന്നുള്ള ഓക്‌സിജന്‍ സൗകര്യമുള്ള ഒരു മുറിയില്‍ സ്ഥാപിച്ചു. ഞാന്‍ എന്റെ ജീവിതത്തില്‍ ആദ്യമായാണ് വെന്റിലേറ്റര്‍ കാണുന്നത്. സീനിയര്‍ ഡോക്ടര്‍, സുദീപിനെ ബോധംകെടുത്തി വെന്റിലേറ്ററില്‍ ഘടിപ്പിച്ചു കഴിഞ്ഞപ്പോള്‍ ഒരു കാര്യം ഞങ്ങള്‍ക്ക് ബോദ്ധ്യമായി. ഇതു ഇരുപത്തിനാലുമണിക്കൂറും കൂടെ ഡോക്ടര്‍മാരും നേഴ്‌സുമാരും വേണ്ട പണിയാണ്. രാവിലെ റൗണ്ട്‌സിനു മാത്രമേ സീനിയര്‍ ഡോക്ടര്‍ വരൂ. പിന്നെയുള്ള സമയം മുഴുവന്‍ ഞങ്ങള്‍ വേണം രോഗീപരിചരണം നടത്തേണ്ടത്. ഒരാവേശത്തിനു ഞങ്ങള്‍ ചാടിപ്പുറപ്പെട്ടതാണ്. രോഗി ഉണരുമ്പോഴൊക്കെ ഉറങ്ങാനുള്ളതും കൈകാലിട്ടടിക്കുമ്പോള്‍ പേശികള്‍ തളര്‍ത്താനുമുള്ള മരുന്നുകള്‍ കൊടുക്കണം. ഏതാണ്ട് അരമുക്കാല്‍ മണിക്കൂറിനുള്ളില്‍ മരുന്നുകള്‍ ആവര്‍ത്തിക്കണം. കൂട്ടത്തില്‍ വായിലൂടെയും ശ്വാസനാളിയിലൂടെയും വരുന്ന നുരയും പതയും വലിച്ചെടുത്തു മാറ്റണം. മൂക്കിലിട്ട ട്യൂബ് വഴി ഭക്ഷണം കൊടുക്കുന്നതോടൊപ്പം ഓരോ രണ്ടുമണിക്കൂര്‍ കൂടുമ്പോഴും രോഗിയെ ശ്രദ്ധാപൂര്‍വ്വം തിരിച്ചും മറിച്ചും കിടത്തണം. ഇതിനിടയില്‍ മൂക്കിലും ശ്വാസനാളിയിലും മൂത്രനാളിയിലുമൊക്കെ ഇട്ടുവെച്ച ട്യൂബ് വലിയാതെയും ഇളകാതെയും നോക്കണം. അങ്ങനെയൊക്കെ സംഭവിച്ചുപോയിരുന്നെങ്കില്‍ പെട്ടെന്ന് ഞങ്ങളെക്കൊണ്ട് ഒന്നും ചെയ്യാനാവുമായിരുന്നില്ല. എം.ബി.ബി.എസ്സും എം.ഡിയും കഴിഞ്ഞു ക്രിട്ടിക്കല്‍ കെയര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡി.എം. കോഴ്‌സ് വരെ കഴിഞ്ഞവര്‍ ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന ഒരു ഡിപ്പാര്‍ട്ട്‌മെന്റ് ജോലിയാണ് അന്ന് എം.ബി.ബി.എസ്. പഠിക്കുന്ന വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ ചെയ്തതെന്നോര്‍ക്കുമ്പോള്‍ അദ്ഭുതത്തോടൊപ്പം ഭയംകൂടി ഉള്ളില്‍ നിറയുന്നു. ചികിത്സയില്‍ മൊബൈല്‍ ഫോണും ഇന്റര്‍നെറ്റുമൊക്കെ ആശയവിനിമയത്തിന് എത്രയേറെ സഹായകരമാണെന്ന് ഇന്ന് നമുക്കറിയാം. അതൊന്നുമില്ലാത്ത സമയത്തെ മെഡിക്കല്‍ കോളേജിലെ ഡ്യൂട്ടി, കടലില്‍ ഒറ്റപ്പെട്ടുപോയി കൈകാലിട്ടടിച്ചു നീന്തി പൊരുതിനോക്കുംപോലെ ക്ലേശകരമാണ്. വളരെ ലഘുവായ കാര്യങ്ങള്‍ മാത്രമറിഞ്ഞു ചികിത്സിക്കാനിറിങ്ങിയതുകൊണ്ടു മര്‍മ്മം അറിയുന്ന നമ്പൂതിരി പശുവിനെ തല്ലാന്‍ അറച്ചു നിന്നപോലെയുള്ള സന്ദേഹം ഞങ്ങള്‍ക്കുണ്ടായില്ല. ഞങ്ങളുടെ കൂട്ടുകാരന്റെ സഹോദരനോടുള്ള സ്‌നേഹം മാത്രമാണ് ഞങ്ങളെ നയിച്ച വികാരം. ദിനരാത്രങ്ങള്‍ കടന്നുപോയിക്കൊണ്ടേയിരുന്നു. മാറിമാറി ഡ്യൂട്ടിയെടുക്കാന്‍ ഞങ്ങള്‍ ഓരോ ആള്‍ക്കാരും വരുമ്പോള്‍ പ്രദീപ് അവിടെത്തന്നെയുണ്ടാവും, ഞങ്ങള്‍ക്കുള്ള ലഘുഭക്ഷണങ്ങളുമായി.

ഇതിനിടയില്‍ ശ്വാസകോശത്തില്‍ അണുബാധ വന്നപ്പോള്‍ കഴുത്തില്‍ ഒരു തുളയുണ്ടാക്കി (ട്രക്കിയോസ്‌ടോമി) ട്യൂബ് ഇറക്കി വെന്റിലേറ്റര്‍ വഴിയുള്ള ശ്വാസം അതു വഴിയാക്കി. കഫം നീക്കം ചെയ്യാന്‍ അതു കുറച്ചുകൂടി എളുപ്പമാക്കി. നീണ്ട മുപ്പത്തിരണ്ടു ദിവസത്തിനുശേഷം സുദീപിനെ വെന്റിലേറ്ററില്‍നിന്നു മാറ്റി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ ചരിത്രം മാറ്റിക്കുറിക്കുകയായിരുന്നു ഞങ്ങള്‍. ഒരു ദിവസത്തില്‍ക്കൂടുതല്‍ വെന്റിലേറ്ററില്‍ കിടന്നവരാരും അന്നേവരെ രക്ഷപ്പെട്ടതായി കേട്ടിട്ടില്ല. അന്ന് ചെയ്ത കാര്യങ്ങള്‍ എന്തായിരുന്നു എന്നും എന്തിനുവേണ്ടിയായിരുന്നെന്നും ഇപ്പോള്‍ ഒരു ഇന്റന്‍സിവിസ്റ്റ് ആയി നൂറുകണക്കിനു രോഗികളെ ചികിത്സിക്കുമ്പോള്‍ ഞാന്‍ കൗതുകത്തോടെ ഓര്‍ക്കുന്നു. സുദീപ് പൂര്‍ണ്ണ ആരോഗ്യവാനായി ജീവിതത്തിലേക്കു തിരിച്ചുനടന്നു കയറിയെങ്കിലും രണ്ടു വര്‍ഷത്തിനുശേഷം ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടുന്നത് വളരെ ദുഃഖകരമായ അന്തരീക്ഷത്തില്‍. വയനാട്ടില്‍ ടൂറിനു പോയി ലോറിക്കടിയില്‍പ്പെട്ടു ചതഞ്ഞരഞ്ഞ അനുജന്‍ പ്രദീപിന്റെ മൃതശരീരം മോര്‍ച്ചറിയില്‍നിന്ന് ഏറ്റുവാങ്ങാന്‍വേണ്ടി കാത്തുനിന്നത് പണ്ട് മരണത്തിന്റെ കവാടംവരെ പോയ സുദീപിന്റെ നിയോഗമായിരുന്നു. പ്രത്യേകിച്ചൊന്നും പറയാനില്ലാത്ത ആ കാഴ്ചയില്‍ ഞാന്‍ കണ്ടത് സുദീപിന്റെ കഴുത്തിലെ ട്രക്കിയോസ്‌ടോമിയുടെ മുറിപ്പാടും മെഡിക്കല്‍ കോളേജ് കാമ്പസ്സിലെ മരങ്ങള്‍ക്കിടയിലൂടെ നടന്നകലുന്ന പ്രദീപിനെയും.

(ഡോ. എ.കെ മുരളീധരന്റെ 'ആയുസ്സിന്റെ അവകാശികള്‍' എന്ന പുസ്തകത്തില്‍ നിന്നും...)