എഴുത്തുകാരനും കേരളത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ എ.വി. അനില്‍കുമാര്‍ തുടര്‍ച്ചയായ പത്താംവര്‍ഷമാണ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പങ്കെടുക്കുന്നത്. യാത്രകളെ സ്നേഹിക്കുന്ന അനില്‍കുമാര്‍ ലോകത്തിലെ വിവിധ പുസ്തകമേളകളില്‍ പങ്കെടുത്തിട്ടുണ്ട്. മേളകള്‍ ധൈഷണികവും വികാരപരവുമായാണ് അദ്ദേഹം കാണുന്നത്.

To advertise here,

ഷാര്‍ജ പുസ്തകമേള ജീവിതത്തിന്റെ ഭാഗമാണെന്ന് 70 കൃതികളെഴുതിയ അനില്‍കുമാര്‍ പറയുന്നു. ഈ മേളയിലും അനില്‍കുമാറിന്റെ മൂന്നുകൃതികള്‍ പ്രകാശനം ചെയ്തുകഴിഞ്ഞു.

കോടിയേരി ബാലകൃഷ്ണനെക്കുറിച്ചുള്ള ഓര്‍മയായ കോമ്രേഡ്, മാധ്യമസംസ്‌കാര വിമര്‍ശനം, പത്ത് പൗണ്ടും മഴുവും, സംഭവിക്കില്ല നാലാംലോക യുദ്ധം എന്നിവയാണ് പ്രകാശനംചെയ്തത്. മലയാളികളുടെ മേളയായാണ് ഷാര്‍ജ പുസ്തകമേളയെ അനില്‍കുമാര്‍ കാണുന്നത്. വായനക്കാര്‍ തമ്മിലുള്ള മാനസികാഭിമുഖ്യവും പരസ്പരധാരണയും മേളയില്‍ കാണാനുണ്ട്.

പ്രവാസികളുടെ മാതൃഭൂമിയാണ് ഷാര്‍ജ പുസ്തകമേളയെന്നും അനില്‍കുമാര്‍ പറഞ്ഞു. ഇ.എം.എസിനെക്കുറിച്ചുള്ള 'ചരിത്രത്തിനൊപ്പം നടന്ന ആള്‍' എന്ന കൃതിക്ക് എ.വി. അനില്‍കുമാറിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. തമിഴ് അടക്കമുള്ള ഭാഷകളില്‍ വിവര്‍ത്തനം ചെയ്തതുകൂടാതെ അനില്‍കുമാറിന്റെ കൃതി വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകവുമായിട്ടുണ്ട്.