വിതയില്‍ നിന്ന് പുറത്തിറങ്ങി നടക്കാന്‍ വാസനയുള്ള ചില വരികളുണ്ട്. തല്‍സ്ഥാനത്തേക്കാള്‍ ഇതര സ്ഥാനങ്ങളില്‍ അവ കൂടുതല്‍ സജീവമായിരിക്കും. ഉദ്ധരണ ചിഹ്നങ്ങള്‍ക്കകത്താവും അവ കൂടുതല്‍ സ്വതന്ത്രമാവുക. തല്‍സ്ഥാനമല്ല കവിതയില്‍ ഒന്നിന്റേയും സ്ഥാനം എന്നവ ധരിക്കുന്നുണ്ടാവാം. സന്തതം സുഖിക്കുന്നിതെല്ലാവരും എന്തു ഞാനൊന്നു വേറെ പിഴച്ചിതു( പൂന്താനം) മദ്ധ്യേയിങ്ങനെ കാണുന്ന നേരത്തു മത്സരിക്കുന്നതെന്തിന്നു നാം വൃഥാ ( പൂന്താനം) മര്‍ത്യന്‍ സ്വയം തന്റെ ശവം ചവിട്ടിപ്പോകുന്നൊരീപ്പോക്കു യരത്തിലേക്കോ( നാലാപ്പാടന്‍) ആരുള്ളു മരിച്ചവര്‍ക്കപരാധി ഞാനെന്നൊരാ ടലേശാതെ ( ബാലാമണിയമ്മ ) ഇരുളും മെല്ലെ വെളിച്ചമായ് വരാം (ആശാന്‍) നിഗ്രഹോത്സുകം സ്‌നേഹവ്യഗ്രമെങ്കിലും ചിത്തം( വൈലോപ്പിള്ളി) നിത്യം കടലെടുത്തീടും ജന്മത്തിന്റെ തുരുത്തില്‍ ഞാന്‍ (ആറ്റൂര്‍) പൂക്കാതിരിക്കാനെനിക്കാവതില്ലേ ( പണിക്കര്‍) ഒഴികഴിവുകളുടെ പച്ച വിറകിന്മേല്‍ നമ്മുടെ ജന്മദീര്‍ഘമായ ശവദാഹം ( കെ.ജി.എസ് ) എന്നെല്ലാം ഓര്‍മ്മയില്‍പെട്ടെന്ന് വരുന്ന ഉദാഹരണങ്ങള്‍. ഈ വരികളുള്ള കവിതകള്‍ വായിച്ചു തീര്‍ന്നേക്കാം, ഈ വരികള്‍ക്ക് വായിച്ചു തീരലില്ല. പുറപ്പെടുമ്പോള്‍ കവി എത്തുമെന്ന് പ്രതീക്ഷിച്ചിട്ടില്ലാത്ത, ഒരു പക്ഷെ പുറപ്പെടാനുള്ള ഊര്‍ജ്ജം കവിക്ക് കിട്ടിയ, ഒരു പക്ഷെ തന്റെ ഉണ്മയുടെ ഭാഷ ഇതായിരുന്നു എന്ന് എഴുതിയ ശേഷം മാത്രം കവി കണ്ടെത്തുന്ന ഈ വരികളില്‍ എത്തിയപ്പോള്‍ അനന്തതയിലേക്ക് ഒരു ചുവട് വെച്ചു എന്നവര്‍ തിരിച്ചറിഞ്ഞിരിക്കുമോ? കവിതയിലെ മറ്റു വരികള്‍ എഴുതിയ ഒരു താനല്ല ഈ വരി എഴുതിയത്. എഴുതിയ സന്ദര്‍ഭത്തിനോട് അവ കൃത്യമായിണങ്ങുന്നു എന്നതുകൊണ്ടല്ല, ഇതരസന്ദര്‍ഭത്തിലുംഅത് ആ പുതിയ സന്ദര്‍ഭത്തിനായി എഴുതപ്പെട്ടത് പോലെ  ഉചിതമായിരിക്കുന്നു എന്നതിനാല്‍. 

അക്കിത്തത്തിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കൃതിയേക്കാള്‍ പ്രസിദ്ധമാണ് 'വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം' എന്ന വരി. കവിതക്കകത്ത് അത് വെളിച്ചത്താല്‍ പ്രലോഭിതരായി തീയിലേക്ക് ചാടി നശിക്കുന്ന ഇയ്യാമ്പാറ്റകളുടെ പശ്ചാത്തലത്തില്‍ പുതുതലമുറയുടെ പ്രതിനിധിയോട് പറയപ്പെടുന്നതാണ്. വെളിച്ചം ദുഃഖമാണ്, ഇരുട്ടായിരുന്നു സുഖം എന്നതൊരു പശ്ചാത്താപമാണ്. ഇരുപതാം ആറ്റാണ്ടിന്റെ ഇതിഹാസം എന്നകാവ്യമാകട്ടെ കമ്മ്യൂണിസത്തിന്റെ വെളിച്ചത്താല്‍ പ്രലോഭിതനായി വിപ്‌ളവാഗ്‌നിയിലേക്കെടുത്ത് ചാടി ചിറകുകള്‍ കരിഞ്ഞ ഒരു സഖാവിന്റെ പശ്ചാത്താപത്തിന്റെ വിവരണവും. ആ വിവരണത്തിന്റെ പശ്ചാത്തലത്തിലെ ഈ വാസ്തവോക്തി തനിച്ച് നില്‍ക്കേ വിരുദ്ധോക്തിയായി മാറുന്നു. 

നരകത്തില്‍ നിന്നുള്ള മോചനമായാണ് കമ്മ്യൂണിസം എന്ന വെളിച്ചം ഇതിഹാസത്തിലെ നരക കാണ്ഡത്തില്‍  പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ നരകത്തില്‍ നിന്ന് കയറുകയാണ് എന്ന് തെറ്റിദ്ധരിച്ച് കൂടുതല്‍ നാരകീയമായ പാതാളത്തിലേക്ക് ഇറങ്ങുകയായിരുന്നുവോ താന്‍? ഏതധികാരത്തെ പ്രതിരോധിക്കാനാണോ കമ്മ്യുണിസ്റ്റുകള്‍ പുറപ്പെട്ടത്, അതിന് തങ്ങള്‍ക്ക് ചരിത്രത്തിന്റെ ഒത്താശയുമുണ്ട്, അതേ അധികാരത്തിന്റെ ദയാരഹിതരായ നടത്തിപ്പുകാരായി അവര്‍ മാറുകയായിരുന്നുവോ? നമ്മളാവാന്‍ പുറപ്പെട്ടവര്‍ അധികാരമുള്ള മറ്റൊരു ഞങ്ങളായി മാറുന്നു. വര്‍ഗ്ഗ ശത്രുവിന്റെ നിര്‍ദ്ദയരായ ശത്രുക്കള്‍ എന്നത് മാത്രമായി മാറുന്നു തങ്ങളുടെ ഉണ്മ. 'നമ്മളോട് മെരുങ്ങാത്ത/ നമ്മളല്ലാത്ത കൂട്ടരും/ ഇതി ലൊന്നിലുമില്ലാത്ത/ നമ്മളല്ലാത്ത കൂട്ടരും/ മനുഷൃരല്ല മൃഗവും / മരം കൂടിയുമല്ലിനി'. അപരവിദ്വേഷമായി ' ഞങ്ങളുടെ ' ഇന്ധനം. വിദ്വേഷമേ ദിവ്യമായ മാര്‍ഗ്ഗം എന്നായി. ആ സഖാവ് ഒടുവില്‍തിരിച്ചറിയുന്നു, 'പ്രതികാര മഹാമാരി വഹിക്കും ക്ഷീണരോഗികള്‍ സുഖമെന്ന മഹാശക്തി വിരചിക്കില്ല ലോകമേ'. അപരവിദ്യേഷത്തിന്റെ അഗ്‌നിയില്‍ നിന്ന് അയാള്‍ 'മുച്ചൂടു മുറങ്ങിയുണരുന്നു'. പകയല്ല, നിരുപാധികമായ സ്‌നേഹമേ ബലമായി വരു എന്ന് തിരിച്ചറിയുന്നു. ഇതിഹാസത്തിലെ അവസാന വാക്യങ്ങള്‍ ഇപ്പോള്‍ ആരംഭത്തില്‍ കാണുന്ന വാക്യങ്ങളത്രെ. 'ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായി പൊഴിക്കവെ ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം, ഒരു പുഞ്ചിരി മറ്റുള്ളവര്‍ക്കായി ചെലവാക്കവേ എന്റെ ഉള്ളിലുലാവുന്നു നിത്യനിര്‍മല പൗര്‍ണ്ണമി'. അപരവിദ്വേഷത്തിന്റെ പാരതന്ത്യത്തില്‍ നിന്നും അരാഷ്ട്രീയതയില്‍ നിന്നും മനുഷ്യത്വമില്ലായ്മയില്‍ നിന്നും (മനുഷ്യത്വക്കനി ചെത്തിത്തുരന്നാണയാള്‍ അന്നീ വേഷം കെട്ടിയത്) ഉണര്‍ന്നപ്പോള്‍ 'അറിഞ്ഞിലിത്രനാളും ഞാനിദ്ദിവ്യ പുളകോദ്ഗമം' എന്നയാള്‍ കുലുങ്ങിക്കരയുന്നു. (ഇക്കാലമത്രയും. ആളുകള്‍ കുലുങ്ങിച്ചിരിച്ചിട്ടേയുള്ളു!)              

അര്‍ദ്ധസത്യങളിലാണ് അക്കിത്തം രമിച്ചത് എന്ന് ആരോപിക്കപ്പെടാം. കമ്മ്യൂണിസം കേരളീയ സമൂഹത്തില്‍ വരുത്തിയ ഗുണ പരിണാമങ്ങള്‍ ലഘുവല്ല. ദാരിദ്ര്യമോ അസമത്വമോ ചൂഷണമോ ദൈവേച്ഛയല്ല, മനുഷ്യേച്ഛയാണ് എന്ന ധാരണ മലയാളിയുടെ അബോധത്തില്‍ പോലും സൃഷ്ടിച്ചത് കമ്മ്യൂണിസമാണ്. അദ്ധ്വാനത്തിന്റേ മഹിമയുയര്‍ത്തി കമ്മ്യുണിസം. നാളെ ഉജ്ജ്വലമായ ഒരു സങ്കല്പമായി. സമത്വസുന്ദരമായ ഒരു ലോകം ഗന്ധര്‍വ്വ പുരി പോലെ മുന്നില്‍ വന്ന് നിന്നു. എല്ലാര്‍ക്കുമിടമുള്ള വിരിവാര്‍ന്ന ഭൂമിയിലേക്ക് നാം നടന്നടുക്കുകയാണ് എന്ന തോന്നലുണ്ടായി. തൊഴിലാളികള്‍ അന്തസ്സുള്ളവരായി, അസംഗതര്‍ സംഗതരായി, ജനകീയതയുടെ ആ വഴി ഇങ്ങ് കുടുംബശ്രീയില്‍ വരെ എത്തുന്നുമുണ്ട്. അത്‌ കേവലമൊരു അപരവിദ്വേഷത്തില്‍ ഒതുങ്ങുന്നതുമല്ല. കാവ്യം കമ്യണിസ്റ്റ് പാര്‍ട്ടിയിലെ അപരവിദ്വേഷത്തെ- അര്‍ദ്ധ സത്യമാണെങ്കിലും സത്യമാണത്- എവിടേയുമുള്ള അപരവിദ്യേഷത്തിന്റെ പ്രാതിനിധ്യത്തിലേക്കുയര്‍ത്തിയിരുന്നെങ്കില്‍ ഇന്നീക്കാവ്യം എഴുതപെട്ട കാലത്തേക്കാള്‍ സാധുവായിത്തീരുമായിരുന്നു. കാവ്യം സാധിക്കാത്തത് ഈ വരി സാധിക്കുന്നു. ഏതേത് വെളിച്ചങ്ങളുടെ ഉദ്ഗ്രഥനമാണോ കമ്മ്യുണിസം ആ വെളിച്ചങ്ങള്‍ പരിശോധിക്കപ്പെടുന്നുണ്ടീക്കാവ്യത്തില്‍. ആ പരിശോധനയുടെ ഫല പ്രഖ്യപനമല്ലാ എന്ന് പറഞ്ഞുകൂട, കാവ്യത്തിനകത്ത് വെച്ചല്ലെങ്കിലും കാവ്യത്തിനോട് ചേര്‍ത്ത് വായിക്കുമ്പോള്‍ ഈ വരി. കാവ്യത്തേക്കാള്‍ ഊക്കുണ്ട് ഈ വരിക്ക്.

സമൂഹത്തിന്റെ ബാല്യത്തിലും വ്യക്തിയുടെ ബാല്യത്തിലും മനുഷ്യന്‍ സ്വര്‍ഗ്ഗത്തിലാണ്. ആദിയില്‍ ഉദ്യാനമായിരുന്ന, വെട്ടിത്തെളിക്കാത്ത ഭൂമി തന്നെയാവാം പറുദീസ . നമ്മള്‍ ഉദ്യാനങ്ങള്‍ പരിപാലിക്കുമ്പോള്‍ അനുഭവിക്കുന്നത് ആ പഴയ കാവല്‍ക്കാരനനുഭവിച്ചതായിരിക്കാം. ആനന്ദത്തിന്റെ ഉപമ ഉദ്യാനമായി. സാമ്യമകന്നോരുദ്യാനമേ എന്ന് ഉണ്ണായിയുടെ ദമയന്തി രതിയെന്ന അനുഭവത്തെപ്പറ്റി. പാരഡൈസ് എന്ന പദത്തിന്റെ രൂഢാര്‍ത്ഥം ഉദ്യാനം എന്നുമാണത്രേ. 'എനിക്കുമുണ്ടായിരുന്നു സുഖം മുറ്റിയ  നാളുകള്‍ ' എന്ന വരിക്കു കുറഞ്ഞും കൂടിയുമുള്ള പഴക്കം.  (വ്യക്തി അപ്രസക്തനായിത്തീര്‍ന്ന കാലത്തെ വേദനയുമുണ്ടീ വരിയില്‍) പരസഹസ്രം വര്‍ഷങ്ങളുടേയോ ഏതാനും ദശകങ്ങടേയോ പഴക്കം. ആരംഭ കാലത്തെ പരിസരങ്ങളില്‍ ഇന്നും പരാതിയില്ലാതെ കഴിയുന്ന സസ്യപക്ഷി മൃഗാദികളൊക്കെ പറുദീസയിലല്ലെന്നും പറഞ്ഞു കൂട. പല അരികുകളില്‍ ജീവിച്ചു പോരുന്ന ആദിമനിവാസികള്‍ ആ പറുദീസ നഷ്ടപെടുത്തിയിട്ടില്ലെന്നും പറയാം. ആ പറുദീസയില്‍ നിന്ന് ബഹിഷ്‌കൃതരായ മനുഷ്യര്‍ തിന്ന കനി ജ്ഞാനമോ യുക്തിയോ ശാസ്ത്രമോ അല്ലെന്ന് പറയാനാവില്ല. മിത്തുകളോ അന്ധ വിശ്വാസങ്ങളോ നല്‍കിയ പരിരക്ഷ നല്‍കാന്‍ ചരിത്രത്തിനോ ശാസ്ത്രത്തിനോ സാദ്ധ്യമല്ല. മനുഷ്യനെ കൂടുതല്‍ കൂടുതല്‍ അരക്ഷിതനാക്കുകയാണ് അവ.
'ഉരുണ്ടതാണുലകമെന്നറിയും പ്രായമാകവെ ദിവാകര പ്രഭകളില്‍ കൊടും ചൂടറിവായി മേ'. മിത്തുകളുടെ സ്ഥാനം ചരിത്രം കയ്യേറിയപ്പോള്‍ സൂര്യന്‍ പൊള്ളിക്കുവാന്‍ തുടങ്ങി. ( ചില ആധുനിക സൂര്യമാരെ മങ്ങാന്‍ വിടാതെ കാക്കുന്ന ചരിത്രം മിത്തല്ലെന്നും പറയാവതല്ല)പേമാരിയും കൊടുങ്കാറ്റും ഇടിമിന്നലും സുര്യ ചന്ദ്ര നക്ഷത്രാദികളും മനുഷ്യത്വമുള്ള  ദൈവങ്ങളാല്‍ നയിക്കപ്പെട്ടിരുന്ന നാള്‍ നമ്മള്‍  അനുഭവിച്ച സുരക്ഷയെന്ന പ്രതീതി നമ്മെ കൈവിട്ടു. 'ഇരുകാലില്‍ ഭൂമി കൈവിട്ടെഴുന്നേറ്റ ' മനുഷ്യന്റെ അശക്തി അറിവേറുന്തോറും വര്‍ദ്ധിച്ചു. ശാസ്ത്രം ഭൗതിക സുഖങ്ങളെ നാള്‍ക്കുനാള്‍ വളര്‍ത്തിയെങ്കിലും മനുഷ്യന്റെ അസന്തുഷ്ടി കുറയുകയല്ല ചെയ്തത്. ആസന്ന ഭാവിയില്‍ ശാസ്ത്രശക്തി വളര്‍ന്ന് മനുഷ്യനെ സ്വച്ഛന്ദമൃത്യു ആക്കിക്കൂടായ്കയുമില്ല. അപ്പോഴും അക്കിത്തം പറയുമ്പോലെ' മരണത്തെ നിലപ്പിക്കു/ മൗഷധം കണ്ടു കിട്ടിയാല്‍/ ജയില്‍ വാസം നിത്യമായി /മറ്റെന്തുള്ളൂ പുരോഗതി ' എന്നേ പറയാനാവു. പ്രത്യക്ഷപ്പെട്ട സന്ദര്‍ഭത്തേക്കാള്‍ കാമ്പുള്ളതായി മാറുകയാണ് കാവ്യപര്യന്തം വായിക്കുമ്പോള്‍ വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം എന്ന വരി. ആ ഉണ്ണി  നിസ്സഹായത കൊണ്ട് ശിശുപ്രായമായ മനുഷ്യന്‍ തന്നെ. കവിതയിലെ വരികളെല്ലാം തന്നെ സൂചകങ്ങള്‍ എങ്കിലും ചില വരികള്‍ അതിസ്സൂചകങ്ങള്‍(excessive signifires). 

ഇത്തരം അതിസ്സൂചകങ്ങളുടെ നിരന്തരസാന്നിധ്യമാണ് അക്കിത്തത്തിന്റെ ബലം. 'എന്റെയല്ലെന്റെയല്ലി ക്കൊമ്പനാനകള്‍ എന്റെയല്ലീ മഹാക്ഷേത്രവും മക്കളെ. എനിക്കിതു വയ്യായിരുന്നു പച്ച മരമായിരുന്നപ്പോള്‍. അറിവുണ്ടാകും വരെയിനിയാര്‍ക്കും ചിറകില്ലാതെയിരിക്കട്ടെ. വീഴാത്ത രണ്ടു പഴം കൂടി വീഴ്ത്തുവാന്‍ വീഴാതെ നിന്ന് തിരിയും പകിടകള്‍ ഇന്നുമാക്കുന്നത്ത് കാണ്‍മിതോ?' ഇത്തരം വരികളിലാണ് അക്കിത്തത്തെ തെളിഞ്ഞു കാണുക. വളര്‍ന്ന് വളര്‍ന്ന് ഇത്തരം വരികളിലെത്തിച്ചേരാനുള്ള ഒരു ത്വര അക്കിത്തത്തില്‍ വിടാതെ കാണാം. ബലിദര്‍ശനത്തില്‍ കാവ്യാവസാനത്തിലെത്തിയ കവിയെ നോക്കി പ്രേയസി ചോദിക്കുന്നു,' എങ്ങനെ ഭവാന്‍ സ്വര്‍ണ്ണ വര്‍ണ്ണനായ് മാറീ?'. പഴയൊരു സംഭവത്തിന്റെ ഓര്‍മ്മയിലാണാച്ചോദ്യം. ഒറ്റ നേരത്തെ ഭക്ഷണം മാത്രം ശീലമായ ഒരു ദരിദ്ര ബാഹ്മണ കുടുംബത്തിലേക്ക് അന്നത്തെ ഭക്ഷണത്തിനിരിക്കാന്‍ തുനിയുമ്പോള്‍ വിശന്ന് നീറുന്ന ഒരതിഥിവരുന്നു. അതിഥിയെ കാല് കഴുകിച്ച് സ്വീകരിച്ച ആ കുടുംബം ആ ദിനത്തിലെ ഭക്ഷണം അതിഥിക്ക് കൊടുത്ത് പട്ടിണി കിടക്കന്നു. കാല്‍ കഴുകിച്ച ജലത്തിലൂടെ കടന്നു പോവാനിടയായ ഒരു കീരി ദാനം കൊണ്ട് വിശിഷ്ടമായ ജലം പുരണ്ടിടത്തൊക്കെ സ്വര്‍ണ്ണവര്‍ണ്ണനായി മാറുന്നു. പില്‍ക്കാലത്ത് ദേഹംമുഴുവന്‍ സ്വര്‍ണ്ണവര്‍ണ്ണനായി മാറാന്‍ കൊതിച്ച് ആ കീരി യുധിഷരന്റെ യാഗസ്ഥലത്തെ ബ്രാഹ്മണരെ കാല്‍ കഴുകിച്ചൂത്ത് കഴിച്ചതിന്റെ ഫലമായുണ്ടായ തടാകത്തില്‍ പല വാറ് നീന്തിക്കടന്നിട്ടും നിരാശനാവുന്നു. ത്യാഗത്തിന്റെ ഫലമായിരുന്നല്ലോ ആസ്വര്‍ണ്ണവര്‍ണ്ണം. സര്‍വ്വവും ത്യജിച്ച മഹാബലിയുടെ കഥ പുനരാഖ്യാനം ചെയ്ത കവിയുടെ ഉടല്‍ സ്വര്‍ണ്ണവര്‍ണ്ണം കൈവരിക്കാതിരിക്കുമോ ? അതേ കവി'അറിഞ്ഞിലിത്ര നാളും ഞാനിദ്ദിവ്യ പുളകോദ്ഗമം ' എന്ന് ഇതിഹാസത്തിലെ എത്തിച്ചേര്‍ന്നിടത്തെ വാഴ്ത്തുന്നു. 

ആ മൊഴി നിന്റേയോ എന്ന കവിതയില്‍ പ്രണയദേവതയെന്നോ കാവ്യദേവതയെന്നോ ഖണ്ഡിച്ചു പറയാനാവാത്ത ഒരു കടത്തുകാരിയെ അക്കിത്തം അവതരിപ്പിക്കുന്നു. കൗമാരക്കാരനായിരുന്ന കാലത്തൊരുനാള്‍ കടവുകടക്കാന്‍ ചെന്നപ്പോള്‍, അതാ തോണിത്തലപ്പത്ത് ഓമന സ്വപ്നം വിടര്‍ന്ന പോലൊരുവള്‍. എവിടെ പോയ് തോണിക്കാരന്‍ എന്ന് ചുറ്റും പതറി നോക്കിയപ്പോള്‍ അക്കരെക്കാണെങ്കില്‍ കയറിയിരുന്നോളു എന്നവളുടെ ക്ഷണം. തുഴച്ചിലുകാരിക്ക് എന്തു കൈവേഗം, നൊടിയിട കൊണ്ടെത്തീ മറുകരയില്‍. കൂലിക്കാശ് നീട്ടിയപ്പോള്‍ അവളുടെ നീലനീള്‍ക്കണ്ണ് നിറഞ്ഞു പോയി. അവനാച്ചെമ്പു കാശ് കോന്തലയില്‍ത്തന്നെ തിരുകി. തുടര്‍ന്നെല്ലാ ദിവസവും അവളുണ്ടാവുമെന്ന് കരുതി കടവത്തെത്തിയെങ്കിലും പിന്നീടൊരിക്കലും അവന് അവളെക്കാണാനായില്ല. 'ഓരോ വിഭാതത്തിന്‍ വീട്ടിലും ചെന്നു ഞാനോമനേ നിന്നെത്തിരഞ്ഞിടുന്നു.' എല്ലാവരിലും എല്ലാറ്റിലും അവന്‍ അവളെ തെരഞ്ഞു. ദൂരെയെവിടെ നിന്നോ കേള്‍ക്കുന്ന ആ മൊഴി അവളുടേതായിരുന്നോ?' മാനവാത്മാവിലെ കേവലസൗന്ദര്യമാണ് ഞാന്‍'. മറുകരയിലേക്ക് അതിയായ കൈ വേഗത്തോടെ തുഴഞ്ഞെത്തിക്കുന്ന ആ കടത്തുകാരി, പ്രതീക്ഷിച്ചു ചെന്നാലൊന്നും കാണാനാവാത്ത, പിന്നീടെവിടെ മറഞ്ഞു എന്ന് പറയാനാവാത്ത, വിലയിടാനാവാത്ത ആ മായിക സുന്ദരി കാവ്യദേവത തന്നെ. പോള്‍ സെലാന്‍ ഹെദഗറില്‍ നിന്ന് മനസ്സിലാക്കിയതും അങ്ങിനെയാണ്. കവിതയിലൊരു കടത്തുകാരന്‍ (ferryman) ഉണ്ടെന്നും അഗാധമായ കയങ്ങള്‍ താണ്ടി കരയില്‍ അയാള്‍ എത്തിക്കുന്നുവെന്നും. ജോര്‍ജ്ജ് സ്റ്റീനര്‍ സെലാന്റെ എല്ലാ കവിതകളും ജര്‍മ്മന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തതാണ്, കടത്തിയതാണ് എന്നാണെഴുതിയത്. എല്ലാവരികളുമല്ലെങ്കില്‍ ചില വരികള്‍ കടത്തിയത് തന്നെ. 'വജ്രം തുളച്ചിരിക്കുന്ന രത്‌നങ്ങള്‍ക്കുള്ളിലുടെ ഞാന്‍/ കടന്നു പോന്നൂ ഭാഗ്യത്താല്‍ വെറും നൂലായിരുന്നു ഞാന്‍'. ചേര്‍ത്തുവെക്കുന്നിടത്തൊക്കെ തിളങ്ങുന്ന ഇത്തരം രത്‌നങ്ങള്‍ കോര്‍ത്തു നിര്‍ത്തിയ ഭാഷയെ, തന്നേയും, വെറും നൂലല്ലാതാക്കുന്നു. 

Content Highlight: Akkitham Achuthan Namboothiri, Kalpetta Narayanan