സത്യം തുറന്നുപറയുന്നവര്‍ക്ക് വര്‍ത്തമാനകാലത്ത് നേരിടേണ്ടിവരുന്ന പൊള്ളിക്കുന്ന അനുഭവങ്ങളുടെ നാടകീയ അവതരണമാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച റൂബന്‍ ബാനര്‍ജിയുടെ 'പത്രാധിപരെ കാണാനില്ല'. പുസ്തകത്തില്‍ ദളിത് ആക്റ്റിവിസ്റ്റ് സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിനെക്കുറിച്ചും അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചും വിവരിക്കുന്ന ഭാഗം വായിക്കാം...
ബാഹ്യ ഇടപെടലുകള്‍ തീരേ ഇല്ലാത്തതുകൊണ്ടുതന്നെ ഞാനാണ് ഏറ്റവും ഭാഗ്യവാനായ എഡിറ്റര്‍ എന്ന് ഔട്ട്‌ലുക്കില്‍ ജോലിചെയ്യുമ്പോള്‍ എനിക്കു തോന്നി. മൂന്നു വര്‍ഷവും വളരെ ബഹുമാനത്തോടെയാണ് മാനേജ്‌മെന്റ് എന്നോട് പെരുമാറിയത്. ഒരിക്കല്‍ ഒരു ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ മകനായ മന്ത്രി ദാവോസിലേക്ക് വിമാനയാത്ര നടത്തിയതിന്റെ വാര്‍ത്തയുമായി ബന്ധപ്പെട്ട് പ്രശ്‌നമുണ്ടായി. അന്ന് വിളി വന്നെങ്കിലും എന്തെങ്കിലും ഉത്തരവ് ഇടുന്നതിനു പകരം വളരെ സൗമ്യമായി വാര്‍ത്തയെക്കുറിച്ച് അന്വേഷിക്കുക മാത്രമാണ് അവര്‍ ചെയ്തത്.
ആദ്യത്തെ വിളി വരുമ്പോള്‍ മന്ത്രിപുത്രന്റെ വിദേശയാത്രയെക്കുറിച്ച് എനിക്ക് അറിവുണ്ടായിരുന്നില്ല. റിപ്പോര്‍ട്ടര്‍ക്ക് വാര്‍ത്ത ലഭിച്ചിരുന്നെങ്കിലും അത് എന്നിലേക്ക് എത്തുന്നതേ ഉണ്ടായിരുന്നുള്ളൂ. 'ഹേ റൂബന്‍, ഏതെങ്കിലും തെക്കന്‍ സംസ്ഥാനത്തുനിന്ന് വലിയ വാര്‍ത്ത എന്തെങ്കിലും നമ്മള്‍ പുറത്തുവിടുന്നുണ്ടോ?' കാര്യമറിയാത്തതിനാല്‍ തെല്ല് സംഭ്രമത്തോടെ ഞാന്‍ ചോദിച്ചു, 'എന്ത് വാര്‍ത്ത?' 'അല്ലല്ല, ഒരു വലിയ വാര്‍ത്ത വരുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് വിളിച്ചിരുന്നു.' അപ്പോഴും കാര്യം പിടികിട്ടാത്ത എനിക്ക് മറുപടി പറയാനായില്ല. എന്താണ് സംഭവം എന്ന് ആലോചിച്ചിരിക്കെ എനിക്ക് തുടരെ വിളി വന്നു. ബന്ധപ്പെട്ട റിപ്പോര്‍ട്ടറുടെ പേര് ആരോ പറഞ്ഞുതന്നു.
ഞാന്‍ വാര്‍ത്തയുടെ കാര്യം സ്ഥിരീകരിക്കാനായി റിപ്പോര്‍ട്ടറെ വിളിച്ചു. 'സാര്‍, ഞാന്‍ അത് നോക്കുന്നതേ ഉള്ളൂ. ഇതുവരെ എഴുതിത്തുടങ്ങിയിട്ടു പോലുമില്ല'-എന്നെ വിവരം അറിയിക്കാന്‍ വൈകിയതില്‍ ക്ഷമാപണത്തോടെ അയാള്‍ പറഞ്ഞു. ഒടുവില്‍ വിവരശകലങ്ങളെല്ലാം ഒത്തുവന്നപ്പോള്‍ വാര്‍ത്തയുടെ പൂര്‍ണരൂപം വ്യക്തമായി. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ ആഗോള സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കേന്ദ്ര മന്ത്രിമാരും മറ്റു പ്രതിനിധികളും വാണിജ്യ വിമാനത്തിലെ ഇക്കോണമി ക്ലാസില്‍ പോയി. മന്ത്രിപുത്രനും കൂടെയുള്ള അഞ്ചുപേരുമാകട്ടെ, ആദ്യം ഗുജറാത്തിലേക്ക് പോയി, അവിടെനിന്ന് സ്വകാര്യ വിമാനത്തിലാണ് ദാവോസിലേക്ക് പറന്നതെന്ന് റിപ്പോര്‍ട്ടര്‍ക്ക് വിവരം കിട്ടി.
മന്ത്രിപുത്രന്റെ പിതാവ് ഭരിക്കുന്ന സംസ്ഥാനത്ത് ബിസിനസ് താത്പര്യമുള്ള റിയല്‍എസ്റ്റേറ്റ് സ്ഥാപനമാണ് വിമാനം വാടകയ്ക്ക് എടുത്തു നല്‍കിയത്. റിപ്പോര്‍ട്ടര്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. അവര്‍ പരിഭ്രാന്തരായി. ഉടന്‍തന്നെ തിരിച്ചുവരാന്‍ നില്‍ക്കുകയായിരുന്ന മന്ത്രിപുത്രനുമായി ബന്ധപ്പെട്ടു. ഔട്ട്‌ലുക്ക് റിപ്പോര്‍ട്ടറുടെ ചോദ്യത്തെക്കുറിച്ച് അറിയിക്കുമ്പോള്‍ അവര്‍ക്ക് യാത്ര ചെയ്യാനുള്ള ചാര്‍ട്ടേഡ് വിമാനം റണ്‍വേയില്‍ തയ്യാറായിരുന്നു. വാര്‍ത്ത ചോര്‍ന്നെന്ന് അറിഞ്ഞ നിമിഷം വിമാനയാത്ര ഉപേക്ഷിച്ച് ടെര്‍മിനലിലേക്ക് മടങ്ങി. സംഘം സാധാരണ വിമാനത്തില്‍ തിരിച്ചു പറന്നു. ഇനി മുഖ്യമന്ത്രിയുടെ ഓഫീസിന് ഈ വാര്‍ത്ത ഇല്ലാതാക്കണം.

ഞാന്‍ എനിക്ക് മനസ്സിലായ വസ്തുതകള്‍ രഹേജമാരെ അറിയിച്ചു. അവര്‍ നിരന്തരമായി വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു. പക്ഷേ, ഒരിക്കല്‍പ്പോലും വാര്‍ത്ത ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടില്ല. പക്ഷേ, രഹേജമാര്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തുള്ളതിനാല്‍ വാര്‍ത്ത അവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും എന്നത് വ്യക്തമായിരുന്നു. എന്തുതന്നെയായാലും വാര്‍ത്ത പ്രസിദ്ധീകരിക്കേണ്ടി വന്നില്ല. കാരണം, ഞങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ ആവശ്യമായിരുന്നു. റിപ്പോര്‍ട്ടര്‍ക്ക് വാര്‍ത്ത നല്‍കിയ ആള്‍ തെളിവുകളും തരാമെന്നേറ്റെങ്കിലും പിന്നീട് അത് തന്നില്ല. അയാളുടെ ഭയം വാര്‍ത്ത കൊടുക്കണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തില്‍നിന്ന് ഞങ്ങളെ മോചിപ്പിച്ചു എന്നുപറയാം.
എല്ലാ പ്രായോഗിക കാരണങ്ങളാലും എഡിറ്റോറിയലുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തലയിടേണ്ടെന്ന തത്ത്വം ഔട്ട്‌ലുക്ക് മാനേജ്‌മെന്റ് സൂക്ഷിച്ചിരുന്നു. കുടുംബ കാരണവര്‍ രാജന്‍ രഹേജ ഒരിക്കല്‍പ്പോലും വിളിച്ചില്ല. മക്കള്‍ അപൂര്‍വമായി മാത്രം ബന്ധപ്പെട്ടു. അതും പ്രധാനസംഭവങ്ങള്‍ നടക്കുമ്പോള്‍ എനിക്ക് അധികവിവരം ആവശ്യമാണോ എന്ന് അറിയാനും ഗോസിപ്പുകള്‍ പറയാനും മാത്രം. ആ സംഭാഷണങ്ങള്‍ വളരെ മിതമായിരുന്നു. ഒരിക്കല്‍പ്പോലും ഗൗരവമുള്ളതായിട്ടില്ല. പക്ഷേ, വിവാദമായ മിസ്സിങ് കവര്‍ പുറത്തിറങ്ങി രണ്ടു മാസത്തിനുള്ളില്‍ എന്നെ ഞെട്ടിച്ചുകൊണ്ട് ആ സംഭാഷണം ഗൗരവമുള്ളതായി.
സ്വന്തം ഭാവിയെക്കുറിച്ച് കരുതലുള്ള ആളെന്ന നിലയ്ക്ക് അന്നത്തെ കോലാഹലങ്ങള്‍ തണുപ്പിക്കാന്‍ ഗതിയൊന്നു മാറ്റുന്നത് ബുദ്ധിപരമായ തീരുമാനമായി എനിക്കു തോന്നി. മിസ്സിങ് കവറിലൂടെ ഉച്ചത്തിലും വ്യക്തവുമായി ഒരു പ്രസ്താവന നടത്തിയശേഷം തൊട്ടടുത്ത ആഴ്ച ഞങ്ങള്‍ കടന്നത് ചലച്ചിത്ര ആചാര്യന്‍ സത്യജിത് റായിയുടെ ശതാബ്ദിയിലേക്കാണ്. അതു നന്നായി വിറ്റുപോയ വിശേഷപ്പെട്ട ലക്കം ആയിരുന്നു. എന്തുകൊണ്ട് അങ്ങനെ ആകാതിരിക്കണം? വാങ്ങി സൂക്ഷിക്കാന്‍ വായനക്കാരെ പ്രേരിപ്പിക്കുന്ന തരത്തിലായിരുന്നു അതിന്റെ ഉള്ളടക്കം. ആ ആഴ്ചത്തെ ഔട്ട്‌ലുക്കിന്റെ പേജുകളില്‍ റായിയുടെ ജീവിതത്തിലേക്കും കാലത്തേക്കും വെളിച്ചംവീശിയത് അദ്ദേഹത്തിന്റെ കലയെ അടുത്തറിയുകയും മനസ്സിലാക്കുകയും സര്‍ഗ്ഗയാത്രയില്‍ ഭാഗമാവുകയും ചെയ്തിട്ടുള്ള ചിലരാണ്. ഷര്‍മിള ടാഗോര്‍ അതില്‍ ഒരാള്‍. 1970-ല്‍ റായിയുടെ പ്രതിദ്വന്ദി എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഭിനയജീവിതം ആരംഭിക്കുകയും ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം റായിയുടെ തന്നെ, ഏറെ പ്രശംസ ലഭിച്ച ഗണശത്രുവിലും സുപ്രധാന വേഷം കൈകാര്യം ചെയ്യുകയും ചെയ്ത ധൃതിമന്‍ ചാറ്റര്‍ജിയായിരുന്നു ആ ലക്കത്തിലെ മറ്റൊരു വലിയ പേര്.
എന്നെ സംബന്ധിച്ച് ഇതൊക്കെ സാധാരണ കാര്യമായിരുന്നു. റായിക്കു ശേഷം റോഡ്, വ്യോമ, കപ്പല്‍ മാര്‍ഗങ്ങള്‍ വഴി രാജ്യത്തിന് തലങ്ങും വിലങ്ങും കോവിഡ് വാക്‌സിന്റെ യാത്രയെക്കുറിച്ചായിരുന്നു. വാക്‌സിന്‍ വിതരണം വളരെ ദുര്‍ബ്ബലവും നൂറുകോടിയില്‍ അധികം ആളുകളിലേക്ക് കൃത്യസമയത്ത് ഡോസ് എത്തിക്കുക എന്നത് കടുത്ത വെല്ലുവിളി ആയിരിക്കുകയും ചെയ്യുന്ന സമയം. എപ്പോഴത്തെയുംപോലെ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തമാക്കുന്ന പാതയില്‍ത്തന്നെ ഔട്ട്‌ലുക്ക് തുടര്‍ന്നു. പിന്നീടുള്ള ആഴ്ചകളില്‍ മറ്റു പലതിനും ഒപ്പം ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളില്‍ മലയാള സിനിമകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയെക്കുറിച്ചും ഒരു ലക്കം പുറത്തിറക്കി. സിനിമലയാളം എന്നാണ് ഞങ്ങള്‍ അതിന് പേര് നല്‍കിയത്.
എല്ലാം സാധാരണ ഗതിയിലായെന്നു വിചാരിച്ചുതുടങ്ങിയപ്പോഴാണ് പരുഷമായ ആ വിളിച്ചുണര്‍ത്തല്‍. ജെസ്യൂട്ട് പാതിരിയായ സ്റ്റാന്‍ സ്വാമി ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ മരിച്ച സമയം. വിവാദമായ ഭീകരവാദ വിരുദ്ധ നിയമങ്ങളെക്കുറിച്ച് രാജ്യം ഒരിക്കല്‍ക്കൂടി സംവാദത്തിലേര്‍പ്പെട്ടു. യു.എ.പി.എ, രാജ്യദ്രോഹത്തെ പരാമര്‍ശിക്കുന്ന ഐ.പി.സിയിലെ 124 എ വകുപ്പ് എന്നിവ ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ അവയുടെ ദുരുപയോഗത്തിന്റെ പേരില്‍ സംവാദവിഷയമായി. സ്വാമിയുടെ മരണത്തോടെ മുമ്പില്ലാത്തവിധം തര്‍ക്കം രൂക്ഷമായി.
വിയോജിപ്പുകളോട് അസഹിഷ്ണുത പുലര്‍ത്തുന്നതായി കാണപ്പെടുന്നതും വിമര്‍ശകരെ ഇല്ലാതാക്കാന്‍ തീരുമാനിച്ചുറപ്പിച്ചെന്ന് ആരോപണം നേരിടുന്നതുമായ ഭരണകൂടത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വിരുദ്ധരെ തുറുങ്കിലടയ്ക്കാന്‍ പ്രത്യക്ഷമായിത്തന്നെ ഈ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായി കാണപ്പെട്ടു. ഇതിന് നിരവധി തെളിവുകള്‍ നിരത്താന്‍ കഴിയും. ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരില്‍ വളരെ ഗുരുതരമായ പകര്‍ച്ചവ്യാധിയുടെ ഫലമായി കുട്ടികള്‍ മരിക്കുന്നതിനെക്കുറിച്ച് ശബ്ദമുയര്‍ത്തിയതിന് ഡോ. കഫീല്‍ ഖാനെ ജയിലിലടച്ചു.
സവര്‍ണജാതിയിലെ യുവാക്കള്‍ ബലാത്സംഗം ചെയ്ത ദളിത് പെണ്‍കുട്ടിയുടെ ദാരുണമരണത്തിനു പിന്നാലെ ഹാഥ്‌റസിലേക്ക് പോവുകയായിരുന്ന മാദ്ധ്യമപ്രവര്‍ത്തകനെ തടവിലാക്കി. അധികാരത്തിനെതിരേ എന്തെങ്കിലും പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്ന ആരെയും കഠിന നിയമങ്ങള്‍ ചുമത്തി അഴിക്കുള്ളിലാക്കും. നിര്‍ലജ്ജമായി അനീതി രാജ്യത്ത് ആവര്‍ത്തിച്ചു. പല കാര്‍ട്ടൂണിസ്റ്റുകളും സ്റ്റാന്‍ഡ്-അപ്പ് കൊമേഡിയന്മാരും ശിക്ഷിക്കപ്പെട്ടു. 2020-ന്റെ തുടക്കത്തില്‍ രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച കലാപത്തില്‍ അവ്യക്തമായ കാരണങ്ങളുടെ പേരില്‍പ്പോലും നിരവധി ആക്ടിവിസ്റ്റുകള്‍ ജയിലിലായി.
എണ്‍പതു പിന്നിട്ട സ്വാമിയുടെ മരണം ഭീകരവാദവിരുദ്ധനിയമത്തിന്റെ ദുരുപയോഗത്തെക്കുറിച്ചുള്ള വാദപ്രതിവാദങ്ങള്‍ക്ക് എണ്ണ പകര്‍ന്നു. രാജ്യത്തെ അവികസിത മേഖലകളില്‍ പാവപ്പെട്ടവര്‍ക്കും ചൂഷിതരായ ആദിവാസികള്‍ക്കും വേണ്ടി ജീവിതത്തിന്റെ നല്ലൊരു പങ്കും ചെലവഴിച്ച മൃദുഭാഷിയായ സാമൂഹിക പ്രവര്‍ത്തകന്‍ ഒടുവില്‍ കുപ്രസിദ്ധമായ ഭിമാ കൊറേഗാവ് കേസില്‍പ്പെട്ടാണ് ജയിലിലായത്. ആക്ടിവിസ്റ്റുകള്‍, പണ്ഡിതര്‍, നിയമജ്ഞര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള ഒരു ഡസനോളം ആളുകളില്‍ ഒരാളായിരുന്നു സ്റ്റാന്‍ സ്വാമി. അവരെയെല്ലാം ജാമ്യം ലഭിക്കാന്‍ യാതൊരു സാധ്യതയുമില്ലാതെയാണ് ജയിലിലാക്കിയത്.
മഹാരാഷ്ട്രയിലെ പുണെയില്‍നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള കൊച്ചുപട്ടണത്തിലുണ്ടായ സംഘര്‍ഷഭരിതമായ പ്രതിഷേധത്തിനു പിന്നില്‍ ഗൂഢാലോചന ആരോപിച്ച്, ആദ്യം പുണെ പോലീസും പിന്നീട് എന്‍.ഐ.എയുമാണ് കേസ് അന്വേഷിച്ചത്. ഭിമാ കൊറേഗാവ് യുദ്ധത്തില്‍ ദളിതുകളുടെ ചരിത്രപരമായ വിജയത്തിന്റെ വാര്‍ഷികാഘോഷത്തിന് എല്‍ഗര്‍ പരിഷദ് എന്ന പേരില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ജനങ്ങള്‍ ഒത്തുകൂടി. എല്ലാ വര്‍ഷവുമുള്ളൊരു ചടങ്ങാണത്.
2018-ല്‍ പക്ഷേ, സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയും അത് ഒരാളുടെ മരണത്തിന് ഇടയാക്കുകയും ചെയ്തു. ഉയര്‍ന്ന ജാതിയിലെ ആളുകള്‍ സംഗമത്തെ ആക്രമിച്ചെന്നാണ് ആരോപണം. എന്നാല്‍ തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ പോലീസ് പറഞ്ഞത് വ്യത്യസ്തമായൊരു കഥയാണ്. പരിപാടിയുടെ പിന്നിലുണ്ടായിരുന്ന പ്രമുഖ വ്യക്തികള്‍ കലാപത്തിനും ഭരണകൂടത്തിനെതിരേയും ഗൂഢാലോചന നടത്തി എന്നായിരുന്നു ആ കഥ. പ്രധാനമന്ത്രിയെ വധിക്കാന്‍പോലും അവര്‍ പദ്ധതിയിട്ടെന്ന് ആരോപണം ഉയര്‍ന്നു. ഇതുവരെ സാധൂകരിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഗൂഢാലോചനാ സിദ്ധാന്തം ശക്തിപ്രാപിച്ചു. ഏറ്റവും പൈശാചികമായ കുറ്റങ്ങള്‍ ചുമത്തി പ്രമുഖരായ ബുദ്ധിജീവികളെ ജയിലിലടച്ചു.
സുധ ഭരദ്വാജ്, റോണ വില്‍സന്‍, വരവര റാവു, ആനന്ദ് തെല്‍ത്തുമ്പ്‌ദേ... പട്ടിക നീണ്ടു. ഭരണകൂടത്തിന്റെ അതിരുകവിഞ്ഞ വേട്ടയാടല്‍ എന്ന് പലരും കരുതിയ നടപടികള്‍ക്ക് എതിരേ പ്രതിഷേധവും വര്‍ധിച്ചു. മാസങ്ങളും വര്‍ഷങ്ങളും പോയതോടെ ഭരണകൂടം കെട്ടിച്ചമച്ച കേസ് ദുര്‍ബ്ബലമായി. തെളിവുകള്‍ കൃത്രിമമെന്ന ആരോപണവും ഉയര്‍ന്നു. കുറ്റാരോപിതരുടെ കംപ്യൂട്ടറില്‍ അനധികൃതമായി കടന്നുകയറി വ്യാജ തെളിവുകള്‍ അതില്‍ നിക്ഷേപിക്കുകയായിരുന്നു എന്ന് സ്വതന്ത്ര അന്വേഷണങ്ങളില്‍ പലതിലും വ്യക്തമായി. പക്ഷേ, അവര്‍ക്കുമേല്‍ ചുമത്തപ്പെട്ട നിയമങ്ങള്‍ യാതൊരു രക്ഷയും നല്‍കാത്തവയായിരുന്നു. അവര്‍ ജയിലില്‍ത്തന്നെ തുടര്‍ന്നു.
2020 ഒക്ടോബറില്‍ അറസ്റ്റു ചെയ്ത് മഹാരാഷ്ട്ര ജയിലില്‍ എത്തിച്ച സ്വാമിയെ കാത്തിരുന്നത് അങ്ങേയറ്റത്തെ ദുര്‍വിധിയാണ്. പാര്‍കിന്‍സന്‍സ് രോഗിയായ സ്വാമിയുടെ ആരോഗ്യം, കൃത്യമായ വൈദ്യസഹായം കിട്ടാതെ ഓരോ ദിവസവും ക്ഷയിച്ചുകൊണ്ടിരുന്നു. വെള്ളം കുടിക്കാന്‍ ഒരു കപ്പും സ്‌ട്രോയും അനുവദിക്കണമെന്ന പ്രാഥമിക ആവശ്യംപോലും നിരാകരിച്ചുകൊണ്ട് അധികാരികള്‍ സാഹചര്യം കൂടുതല്‍ നരകതുല്യമാക്കി. ദൈനംദിന ആവശ്യങ്ങള്‍ക്കുപോലും ബുദ്ധിമുട്ടുന്നതിനിടെ സ്വാമിക്ക് കോവിഡ് ബാധിച്ചു. കൂടുതല്‍ ദുര്‍ബലനായി. വ്യക്തമായി സംസാരിക്കാന്‍പോലും കഴിയാതായതോടെ, ആരോഗ്യാവസ്ഥ പരിഗണിച്ച് സ്വാമിക്ക് ജാമ്യം നല്‍കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ അഭിഭാഷകര്‍ കോടതികളുടെ വാതില്‍ മുട്ടി. പക്ഷേ, നടപടികള്‍ നീണ്ടു. അവസാനം കോടതി ഹര്‍ജി പരിഗണിക്കാന്‍ തയ്യാറായപ്പോഴേക്കും സ്റ്റാന്‍ സ്വാമി മരിച്ചു എന്ന വാര്‍ത്ത എത്തി.
ദേശീയതലത്തിലും അന്താരാഷ്ട്രതലത്തിലും വാര്‍ത്ത വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കി. അത് ഔട്ട്‌ലുക്കിനും അവഗണിക്കാന്‍ പറ്റുന്നതായിരുന്നില്ല. അധികം വൈകാതെ, പൊതുവികാരം ഉള്‍ക്കൊണ്ടെന്നപോലെ ചീഫ് ജസ്റ്റിസ് എന്‍.വി. രമണ പരസ്യമായി പ്രതികരിച്ചു. രാജ്യദ്രോഹക്കുറ്റത്തിന്റെ ദുരുപയോഗം 'സ്ഥാപനങ്ങളുടെ ഗുരുതരമായ അധികാര ലംഘനമാണെ'ന്ന് അദ്ദേഹം പറഞ്ഞു. മറ്റു പല കിരാതനിയമങ്ങളും ഒഴിവാക്കിയപ്പോഴും ഈ കോളനികാല നിയമം മാത്രം നിയമപുസ്തകത്തില്‍ നിലനിര്‍ത്തുന്നത് എന്തുകൊണ്ടാണെന്ന് ചീഫ് ജസ്റ്റിസ് കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു. അതേസമയംതന്നെ സുപ്രീം കോടതിയിലെ മറ്റൊരു ന്യായാധിപന്‍ ഡി.വൈ. ചന്ദ്രചൂഡും ഇതേ അഭിപ്രായം പങ്കുവെച്ചു.
രാജ്യദ്രോഹ വിരുദ്ധ നിയമവും യു.എ.പി.എ. പോലുള്ള ഭീകരവാദ വിരുദ്ധ നിയമങ്ങളും തന്നെയായിരുന്നു പ്രധാന ചര്‍ച്ചാവിഷയം എന്നു വ്യക്തം. ഔട്ട്‌ലുക്ക് അതിന്റെ ജോലി തുടങ്ങി. കവര്‍ സ്റ്റോറിയില്‍ കുറഞ്ഞ പ്രാധാന്യമല്ല അത് അര്‍ഹിക്കുന്നതെന്ന് എല്ലാവരും യോജിച്ചു. പക്ഷേ, വെട്ടിത്തെളിച്ച വഴിയേ പോകുന്നതിനു പകരം, നിയമങ്ങള്‍ രാജ്യത്ത് എല്ലായിടത്തും എല്ലാവരും എങ്ങനെയൊക്കെ ദുരുപയോഗം ചെയ്യുന്നു എന്നതിനെക്കുറിച്ച് സമഗ്രമായൊരു പാക്കേജ് തയ്യാറാക്കണം. അതില്‍ ഉള്‍പ്പെടേണ്ടത് സ്റ്റാന്‍സ്വാമി ജയിലിലാവുന്നതും മരിക്കുന്നതും നോക്കിനിന്ന ബി.ജെ.പി. മാത്രമല്ല. പുഴുക്കുത്ത് കൂടുതല്‍ വ്യാപകവും ആഴത്തിലുള്ളതുമായിരുന്നു. അതു മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലും സജീവമായിരുന്നു.
റിപ്പോര്‍ട്ടര്‍മാര്‍ അവരവരുടെ മേഖലയില്‍ വിവരശേഖരണം ആരംഭിച്ചതോടെ ഞങ്ങളുടെ സമീപനം വസ്തുനിഷ്ഠവും നിഷ്പക്ഷവുമാണെന്ന് എനിക്ക് ഉറപ്പായി. ബി.ജെ.പിയെ മാത്രമായി ഞങ്ങള്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയായിരുന്നില്ല. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്, കെ. ചന്ദ്രശേഖര റാവുവിന്റെ തെലങ്കാന രാഷ്ട്രസമിതി, നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാദള്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളോടെല്ലാം പക്ഷപാതമില്ലാത്ത, വിമര്‍ശനബുദ്ധിയോടെയുള്ള സമീപനമാണ് സ്വീകരിച്ചത്.
സൂക്ഷ്മത പാലിക്കുന്നതിനൊപ്പം ഞങ്ങള്‍ തയ്യാറാക്കുന്ന ലക്കം ശക്തവും പൊതുജനതാത്പര്യത്തോടു ചേര്‍ന്നുനില്‍ക്കുന്നതുമായിരിക്കുമെന്ന് എനിക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നു. ആമുഖം എന്ന നിലയ്ക്ക് ഞാനൊരു മുഖപ്രസംഗം എഴുതി. രാഷട്രീയക്കാരെ ബോധപൂര്‍വം മങ്ങിയ വെളിച്ചത്തില്‍ ചിത്രീകരിക്കുന്നതായിരുന്നു അത്. ഇപ്രകാരമായിരുന്നു തുടക്കം:
ഫാദര്‍ സ്റ്റാന്‍ സ്വാമി ഒറ്റയ്ക്കല്ല മരിച്ചത്. രാഷ്ട്രീയ നേട്ടത്തിനായി എപ്പോഴും ചുറുചുറുക്കു കാണിക്കുന്ന ചില പ്രതിപക്ഷനേതാക്കള്‍ വളരെപ്പെട്ടെന്ന് ഒന്നിക്കുകയും ജയിലിലായ ഗോത്രാവകാശസംരക്ഷകനോടു കാണിച്ച നീതികേടിനെക്കുറിച്ചും യു.എ.പി.എ, ഭീകരവാദ വിരുദ്ധനിയമങ്ങളെക്കുറിച്ചും പരാതിപ്പെട്ടുകൊണ്ട് രാഷ്ട്രപതിക്ക് അയച്ച കത്തില്‍ ഒപ്പുവെയ്ക്കുകയും ചെയ്തതോടെ യുക്തിയും കൊല്ലപ്പെട്ടിരിക്കുന്നു. സ്വാമിയുടെ മരണത്തിന് ശേഷം പറയപ്പെടുകയും എഴുതപ്പെടുകയും ചെയ്തിട്ടുണ്ട്. തീര്‍ച്ചയായും അദ്ദേഹത്തിന്റെ അവസാന ദിനങ്ങളും മണിക്കൂറുകളും ദുഷ്‌കരമാക്കിയ സാഹചര്യങ്ങളെ മനസ്സാക്ഷിയുള്ള ഒരാള്‍ക്കും ന്യായീകരിക്കാന്‍ കഴിയില്ല. പ്രശ്‌നത്തെ ഉയര്‍ത്തിക്കാണിക്കുന്നതില്‍ പ്രതിപക്ഷ നേതാക്കളുടെ കൂട്ടം ശരിതന്നെ. പക്ഷേ, അവര്‍ക്ക് തെറ്റിപ്പോകുന്നത്, തന്നിലേക്കുതന്നെ നോക്കാതിരിക്കുകയും പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാതിരിക്കുകയും ചെയ്യുന്നു എന്നിടത്താണ്.
സ്വാമി മരിച്ചത് ബി.ജെ.പിയുടെ പാറാവിലാണെന്ന കാര്യം മറഞ്ഞുപോകാതെതന്നെ, അധികാരത്തിലിരിക്കെ മറ്റു പാര്‍ട്ടികള്‍ ചെയ്ത നിഗൂഢമായ കാര്യങ്ങളും ഞാന്‍ പട്ടികയാക്കി. 'ഭീകരവാദ വിരുദ്ധ നിയമങ്ങളുടെ ദുരുപയോഗം ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മാത്രം കുറ്റമല്ല. സ്വാമിക്ക് അതിനു വില കൊടുക്കേണ്ടിവന്നെങ്കില്‍... കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, കമ്യൂണിസ്റ്റുകള്‍ ഉള്‍പ്പെടെ മറ്റുള്ള പാര്‍ട്ടികള്‍ കാരണം ഒരുപാട് പേരുടെ ജീവിതം തലകീഴായി മാറിയിട്ടുമുണ്ട്'-ഞാന്‍ വാദിച്ചു.
2008-നും 2012-നും ഇടയില്‍ കേന്ദ്ര മന്ത്രിയായിരുന്ന പി. ചിദംബരത്തെ ഞാന്‍ കൂടുതല്‍ രൂക്ഷമായി വിമര്‍ശിച്ചു. ഇന്ന് പത്രങ്ങളില്‍ ലേഖനം എഴുതുമ്പോള്‍ ധാര്‍മികതയെക്കുറിച്ച് വാതോരാതെ പറയുന്ന ചിദംബരത്തിന്റെ കാലത്താണ് കൂടുതല്‍ പല്ലും നഖവും നല്‍കി യു.എ.പി.എ. നിയമം ഭേദഗതി ചെയ്തത്. അന്ന് അദ്ദേഹം ജാമ്യം നല്‍കാതെ ആളുകളെ ജയിലിലടയ്ക്കുന്നത് എന്തിന്, എങ്ങനെ എന്നൊക്കെ ന്യായീകരിക്കുന്നതില്‍ വാചാലനായിരുന്നു.
ആസൂത്രണം ചെയ്തതുപോലെതന്നെ ലക്കത്തിന്റെ ജോലികള്‍ പുരോഗമിക്കുന്നതില്‍ ഞാന്‍ തൃപ്തനായിരുന്നു. നിയമവിദഗ്ധന്‍ ഫൈസാന്‍ മുസ്തഫ ശക്തമായൊരു ലേഖനം അയച്ചുതന്നു. നിയമങ്ങളുടെ ദുരുപയോഗത്തെ ചരിത്രപരമായും ഭൂമിശാസ്ത്രപരമായും വിവരിക്കുന്നതായിരുന്നു അത്. 'എതിര്‍പ്പിനെയും രാഷ്ട്രീയ പ്രതിയോഗികളെയും അടിച്ചമര്‍ത്താന്‍ എല്ലാകാലത്തും പരുക്കന്‍നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്,' അദ്ദേഹം എഴുതി. പറയാതെപോയവയെക്കുറിച്ച് പറയാന്‍ ഞങ്ങളുടെ റിപ്പോര്‍ട്ടര്‍മാരും പ്രയത്‌നിച്ചു. മമതാ ബാനര്‍ജി ഭരിക്കുന്ന ബംഗാളില്‍ ഒരു വൈദ്യുതപദ്ധതിക്ക് എതിരെ പ്രതിഷേധിച്ചവരുടെ പേരില്‍ യു.എ.പി.എ. ചുമത്തിയത് കൊല്‍ക്കത്തയിലെ ഞങ്ങളുടെ പ്രതിനിധി സ്‌നിഗ്‌ദേന്ദു ഭട്ടാചാര്യ റിപ്പോര്‍ട്ട് ചെയ്തു. നവീന്‍ പട്‌നായിക് ഭരിക്കുന്ന ഒഡിഷയില്‍ വിമര്‍ശകരെ ജയിലിലാക്കാന്‍ കിരാതനിയമങ്ങള്‍ പ്രയോഗിച്ചിട്ടുള്ളതിലേക്ക് സന്ദീപ് സാഹു ശ്രദ്ധക്ഷണിച്ചു.
Content Highlights: Stan Swamy tribal rights activist death anniversary Book excerpt
Published: 05 Jul 2024, 06:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented