
ഇംഗ്ലീഷ് (അലോപ്പതി) വൈദ്യശാസ്ത്രം പുരോഗമിച്ചുകൊണ്ടിരിക്കയാണ്. ലോകത്തില്‍ പുതിയ ഔഷധങ്ങളും പുതിയ ശസ്ത്രക്രിയാവിധികളും ഹൃദയത്തിന്റേതുള്‍പ്പെടെ മനുഷ്യദേഹത്തെ രോഗവിമുക്തമാക്കാന്‍ ഇറങ്ങിക്കൊണ്ടിരിക്കുന്നു. (പുതിയ രോഗങ്ങളും അവതരിക്കുന്നു. അതു വേറെ കഥ) നാട്ടുവൈദ്യത്തിനു പുതിയ നേട്ടങ്ങള്‍ അവകാശപ്പെടാനില്ലാ എന്നാണു തോന്നുന്നത്. നാട്ടുവൈദ്യം പഴയ ഗ്രന്ഥങ്ങളിലെ പ്രമാണങ്ങളും പ്രയോഗങ്ങളും പച്ചമരുന്നുകളും കൊണ്ടുതന്നെ പുലരുന്നു. വൈദ്യഗ്രന്ഥങ്ങളില്‍ പറഞ്ഞ പച്ചമരുന്നുകളല്ലാതെ പുതിയ ഔഷധച്ചെടികള്‍ കാട്ടില്‍ വളരുന്നില്ല. വളരാന്‍ ന്യായവുമില്ല-വനനശീകരണങ്ങള്‍കൊണ്ട് കാട്ടിലെ പല സസ്യങ്ങളും മണ്ണടിഞ്ഞുപോയിട്ടുമുണ്ട്. അതാണ് അലോപ്പതിയും നാട്ടുവൈദ്യവും തമ്മിലുള്ള വ്യത്യാസം.
ജനങ്ങളില്‍ ഒരു വിഭാഗം ഇന്നും നാട്ടുവൈദ്യത്തോട് ആഭിമുഖ്യം കാണിക്കുന്നത് പഴയ വിശ്വാസംകൊണ്ടു മാത്രമല്ല, ആ വൈദ്യത്തിന്റെ നിര്‍ദോഷസ്വഭാവം കണക്കിലെടുത്തുകൊണ്ടുകൂടിയാണ്. ആന്റിബയോട്ടിക്സ് മരുന്നുകളില്‍ പലതിനും ദോഷകരമായ പില്ക്കാലപ്രത്യാഘാതങ്ങള്‍ കാണും. പുതിയ ആന്റിബയോട്ടിക്സ് ഗുളികകള്‍ പരീക്ഷണദശകളിലാണ്: അവയിലെ വിഷാംശങ്ങള്‍ ഹൃദയം, ശ്വാസകോശം മുതലായ അവയവങ്ങള്‍ക്കും ഞരമ്പ്, തലച്ചോറ് തുടങ്ങിയ ഘടകങ്ങള്‍ക്കും എത്രകണ്ട് ദോഷം ചെയ്യുമെന്നും അറിയാനിരിക്കുന്നതേയുള്ളൂ. എന്നാല്‍, ആയുര്‍വേദമരുന്നുകള്‍ സഹസ്രാബ്ദങ്ങളിലെ പരീക്ഷണം കഴിഞ്ഞവയാണ്. പ്രത്യാഘാതങ്ങളെപ്പറ്റി പേടിക്കാനില്ല.
നമ്മുടെ വനങ്ങളില്‍ രോഗശമനത്തിനുപകരിക്കുന്ന അനേകം ചെടികള്‍ വളരുന്നുണ്ട്. അദ്ഭുതസിദ്ധികള്‍ ഒളിഞ്ഞുകിടക്കുന്ന ചില പ്രത്യേക വര്‍ഗം സസ്യങ്ങളും അക്കൂട്ടത്തിലുണ്ട്. ഞാന്‍ സാമൂതിരി കോളേജില്‍ പഠിക്കുമ്പോള്‍ എന്റെ സംസ്‌കൃതാധ്യാപകന്‍ പരേതനായ ദേശമംഗലം രാമവാര്യര്‍ പറഞ്ഞ ഒരു സംഭവകഥ മനസ്സില്‍ പതിഞ്ഞുകിടക്കുന്നു. രംഗം കോട്ടയ്ക്കല്‍ ആര്യവൈദ്യശാല. വൈദ്യരത്നം പി.എസ്. വാരിയരുടെ കാലം. വൈദ്യശാലയിലേക്ക് പച്ചമരുന്നുകള്‍ ശേഖരിക്കാന്‍ പോയിരുന്ന ചെറുമക്കളില്‍ ഒരുത്തന്‍ കൊടുവാള്‍കൊണ്ട് വെട്ടിയപ്പോള്‍ വെട്ട് അബദ്ധത്തില്‍ സ്വന്തം കൈക്കു പറ്റി. ഇടത്തേ ഉള്ളങ്കൈയ്ക്ക് നടുവില്‍ ആഴത്തില്‍ മുറിഞ്ഞു. വെട്ടേറ്റ കൈയും അമര്‍ത്തിപ്പിച്ചുകൊണ്ട് അവന്‍ വൈദ്യശാലയിലേക്ക്, വാരിയരുടെ അടുത്തേക്ക് ഓടി.
ഓടുമ്പോള്‍ മുറിവില്‍നിന്ന് രക്തം ചാടുന്നത് ഒതുക്കാന്‍വേണ്ടി അവന്‍ വഴിയിലെ പല ചെടികളില്‍നിന്നും ഇലകള്‍ പറിച്ച് അമര്‍ത്തിപ്പിടിച്ചിരുന്നു. ചോരയൊലിക്കുന്ന കൈയുമായി വന്ന ചെറുമനെ അരികേ വിളിച്ചു; വാരിയര്‍ അവന്റെ കൈ കഴുകി പരിശോധിച്ചു, മുറിയുടെ ആഴം നോക്കാന്‍. വാരിയര്‍ക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കൈ മുറിഞ്ഞ ഒരു ലക്ഷണവുമില്ല. അവിടവിടെ വിരലുകളില്‍ പറ്റിപ്പിടിച്ച ചോരത്തുള്ളികളല്ലാതെ. ചെറുമന്‍ വഴിയില്‍നിന്ന് പറിച്ചെടുത്ത ഇലകളിലൊന്ന് അദ്ഭുതഗുണമുള്ള ഏതോ ചെടിയുടെതാണെന്ന് വാരിയര്‍ക്കു മനസ്സിലായി. പക്ഷേ, ആ ചെറുമന്‍ ഓടിയ വഴിനീളേ ആ ചെടി അന്വേഷിച്ചു നടന്നുനോക്കിയെങ്കിലും ആ 'മുറികൂട്ടിച്ചെടി' മറഞ്ഞുകളഞ്ഞു.
നമ്മുടെ നാട്ടിലെപ്പോലെത്തന്നെയാണ് ആഫ്രിക്കയിലെ കാപ്പിരി വൈദ്യസമ്പ്രദായവും. ചികിത്സയ്ക്കു കാട്ടിലെ പച്ചമരുന്നുകള്‍തന്നെയാണ് അവരും ഉപയോഗിക്കുന്നത്. എത്രയോ ശതാബ്ദങ്ങളിലെ പരീക്ഷണങ്ങള്‍കൊണ്ടും പഠനങ്ങള്‍കൊണ്ടും അംഗീകരിച്ച ഇലകളും വേരുകളും തണ്ടുകളും കറകളും കായ്കളും.
ഞാന്‍ ആഫ്രിക്കയില്‍ സഞ്ചരിച്ച കാലത്ത് മലേറിയയ്ക്കുള്ള ഏറ്റവും നല്ല ഔഷധം പെലോഡ്രിന്‍ ഗുളികകളായിരുന്നു. ആ ഗുളികകള്‍ എപ്പോഴും കീശയില്‍ കരുതിക്കൊണ്ടാണ് യാത്ര ചെയ്തിരുന്നത്. (ഇപ്പോള്‍ പെലോഡ്രിന്‍ ഗുളികകള്‍ ആരോഗ്യകരമല്ലാ എന്ന നിഗമനത്തില്‍ പ്രചാരത്തില്‍നിന്നും പിന്‍വലിക്കപ്പെട്ടിരിക്കയാണ്.) എന്നാല്‍ ആഫ്രിക്കയിലെ ഗ്രാമങ്ങളിലെ കാപ്പിരികള്‍ക്ക് എങ്ങനെ ക്വയനാവോ, പെലോഡ്രിനോ ഗുളികകള്‍ കിട്ടാനാണ്? അവര്‍ക്ക് അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. മലമ്പനിയെ ചെറുക്കാന്‍ നല്ല കരുത്തുള്ള നാടന്‍മരുന്ന്- ഒരു മരത്തിന്റെ കായ്-അവരുടെ മന്ത്രവാദിവൈദ്യന്മാര്‍ നല്കിയിരുന്നു. ഈ ഔഷധക്കായ വെള്ളക്കാര്‍പോലും ഉപയോഗപ്പെടുത്തിവന്നിരുന്നു. ഞാന്‍ കേട്ട ഒരു കഥയാണ്: കിഴക്കേ ആഫ്രിക്കയെ ഭരിച്ചിരുന്ന വെള്ളക്കാരില്‍ ഒരു ഡിസ്ട്രിക്ട് കമ്മീഷണര്‍ക്ക് ഒരുള്‍നാടന്‍ ഗ്രാമത്തില്‍വെച്ച് അതികഠിനമായ മലേറിയ പിടിപെട്ടു. അടുത്ത ആസ്പത്രിയും ശുശ്രൂഷാസൗകര്യങ്ങളും നൂറു മൈല്‍ ദൂരെയാണ്. സായ്പ് പനിച്ചുവിറച്ചു ശ്വാസം കിട്ടാതെ വലയുന്നതു കണ്ടപ്പോള്‍ കാപ്പിരിവേലക്കാരന്‍ താഴ്മയോടെ അറിയിച്ചു, മന്ത്രവാദിവൈദ്യനെ കാണിച്ചാല്‍ വഴിയുണ്ടാകുമെന്ന്. മറ്റു ഗതിയില്ലെന്നു മനസ്സിലാക്കിയ കമ്മീഷണര്‍ മനസ്സില്ലാമനസ്സോടെ അനുവാദം നല്കി. സായ്പിന്റെ രോഗം മുന്‍കൂട്ടി അറിഞ്ഞു നാട്ടുവൈദ്യന്‍ ഒരു മരത്തിന്റെ കായ കൈയില്‍ കരുതിക്കൊണ്ടാണ് വന്നത്. ആ കായ കടിച്ചുതിന്നാന്‍ പറഞ്ഞു. സായ്പ് അങ്ങനെ ചെയ്തു. അരമണിക്കൂറിനകം മലമ്പനി പോയ വഴിയില്ല.
മലേറിയയ്ക്ക് കാപ്പിരിവൈദ്യന്മാര്‍ ഉപയോഗിച്ചുവരുന്ന മറ്റൊരൗഷധം മാറാല (ചിലന്തിവല)യാണ്. ഇതിന് ക്വയനാവിന്റെ വീര്യമുണ്ടത്രേ. 19-ാം നൂറ്റാണ്ടിന്റെ ഒടുവിലത്തെക്കാലത്ത് സ്പെയിനിലെ പ്രസിദ്ധ ഭിഷഗ്വരനായിരുന്ന ഒലീവാ, 'അറാക്ക്നിഡിന്‍' (Arachnidin) എന്ന പേരില്‍ ഒരു ജ്വരസംഹാരി മരുന്ന് കണ്ടുപിടിച്ചിട്ടുണ്ടായിരുന്നു. ഈ മരുന്നിന്റെ മുഖ്യഘടകം മാറാലതന്നെയായിരുന്നു.
വസൂരി വരാതിരിപ്പിക്കാനുള്ള ചില മരുന്നുകളും ടാങ്കനിക്കയിലെ ചില വര്‍ഗങ്ങള്‍ ഉപയോഗിച്ചുവരുന്നുണ്ട്. നെറ്റിയിലും ചുമലിലും ഒരു മുള്ളുകൊണ്ട് ഈ മരുന്ന് കുത്തിവെക്കും. അവരുടെ സ്വന്തം വാക്സിനേഷന്‍! വര്‍ധിച്ച തോതിലുള്ള രക്തസമ്മര്‍ദത്തിനു സര്‍പ്പഗന്ധിച്ചെടിയില്‍നിന്നുണ്ടാക്കുന്ന ഒരൗഷധം പ്രചാരത്തില്‍ വന്നിട്ടുണ്ടല്ലോ, അടുത്ത കാലത്ത്. ആഫ്രിക്കയിലും ഈ ചെടി (Rauwolfia Serpentina) വളരുന്നു. നൂറ്റാണ്ടുകള്‍ക്കു മുന്‍പുമുതല്ക്കേ കാപ്പിരിവൈദ്യന്മാര്‍ രക്തസമ്മര്‍ദത്തിന് ഈ ചെടിയാണ് മരുന്നായി ഉപയോഗിച്ചുവരുന്നത്. സര്‍പ്പവിഷമേല്ക്കാതിരിപ്പാനുള്ള ചില പ്രയോഗങ്ങളും ടാങ്കനിക്കയിലെ ചില വര്‍ഗങ്ങള്‍ അനുഷ്ഠിക്കാറുണ്ട്. കാലിന്റെ പെരുവിരലിനടുത്ത് കീറി ഒരു മരുന്നു നിറച്ചു മുറിവു തുന്നിക്കൂട്ടിക്കളയും. സര്‍പ്പം കടിച്ചാല്‍ വിഷം ബാധിക്കുകയില്ലത്രേ.
ദക്ഷിണ നൈല്‍പ്രദേശങ്ങളില്‍ പാര്‍ക്കുന്ന അലൂര്‍വര്‍ഗക്കാര്‍ ഭ്രാന്തിനു ചികിത്സിക്കാന്‍ ഉറുമ്പിന്‍പുറ്റുകളെയാണുപയോഗിക്കുന്നത്. ഭ്രാന്തനെ കഴുത്തുവരെ ഉറുമ്പിന്‍പുറ്റില്‍ കുഴിച്ചുമൂടും. ഒന്നുരണ്ടു ദിവസംകൊണ്ട് അവന്റെ ഭ്രാന്ത് മാറുമത്രേ. ന്യൂറോസതേനിയയ്ക്ക് ആധുനിക ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്നത് ഫോര്‍മിക് ആസിഡാണ്. ഉറുമ്പുകളുടെ വിസര്‍ജനത്തില്‍ ഫോര്‍മിക്ക് ആസിഡ് കലര്‍ന്നിരിക്കും. ഈ ഔഷധം കലര്‍ന്ന പുറ്റുമണ്ണാണ് ഉന്മാദചികിത്സയ്ക്ക് നൈല്‍ കാപ്പിരിവര്‍ഗങ്ങളും ഉപയോഗിക്കുന്നത്.
വാതരോഗത്തിനു തേനീച്ചകളെക്കൊണ്ട് കുത്തിക്കുന്നതാണ് കാപ്പിരിവൈദ്യരുടെ ഒരു ചികിത്സ. മൂക്കിലെ രോഗത്തിന് ആഫ്രിക്കന്‍ വൈദ്യന്മാര്‍ ഒച്ചിന്റെ വിസര്‍ജനദ്രാവകം ഉപയോഗിക്കുന്നു. ഇംഗ്ലീഷ് ഡോക്ടര്‍മാര്‍ നാസാരോഗത്തിനു നിര്‍ദേശിക്കുന്ന മൂസിന്‍ (Mucin) എന്ന ഔഷധവും ഒച്ചുവിസര്‍ജനം കലര്‍ന്നതാണ്.
കാപ്പിരികള്‍ പ്രസവത്തിനു സ്ത്രീകള്‍ക്ക് 'മിലിക്കിലാ' എന്നൊരു കൂട്ടുമരുന്നു സേവിക്കാന്‍ കൊടുക്കാറുണ്ട്. ഇത്് ഒരു മികച്ച വേദനസംഹാരിയാണത്രേ.
വൈദ്യശാസ്ത്രത്തിന്റെ അതിപുരാതനമായ ഈറ്റില്ലം ഈജിപ്താണ്. ബി.സി. 1560 കാലത്തെ പാപ്പിരീസ് ഗ്രന്ഥങ്ങളില്‍, ചികിത്സയ്ക്കുള്ള എണ്ണ, കുഴമ്പ്, ഗുളിക, പട്ടീസ് (പ്ലാസ്റ്റര്‍) മുതലായവയെപ്പറ്റി വിവരിച്ചിട്ടുണ്ട്. തേന്‍, ഇലന്തപ്പഴം, അത്തിപ്പഴം, ജീരകം തുടങ്ങിയ വസ്തുക്കള്‍ ഔഷധങ്ങളായി ഉപയോഗപ്പെടുത്തി വന്നിരുന്നു.
Content Highlights: S.K Pottekkat, Samsarikkunna Diarykkurippukal, MathrubhumiBooks
Published: 08 Aug 2023, 05:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented