ആനുകാലികങ്ങളിലും പത്രങ്ങളിലും പ്രസിദ്ധീകരിക്കപ്പെട്ട കാലത്ത് തന്നെ ഏറെ വിവാദമുണ്ടാക്കിയ എസ്.കെയുടെ ഹാസ്യലേഖനങ്ങളുടെ സമാഹാരമാണ് 'പൊന്തക്കാടുകള്‍.'  ഓര്‍മയായിട്ട് നാലുപതിറ്റാണ്ട് പിന്നിടുമ്പോഴും മലയാളസാഹിത്യത്തിലും സഞ്ചാരസാഹിത്യത്തിലും തെളിച്ചമുള്ള പേരായി എസ്.കെ പൊറ്റക്കാട് നിലകൊള്ളുന്നു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച എസ്.കെയുടെ പൊന്തക്കാടുകള്‍ എന്ന പുസ്തകത്തില്‍ നിന്നും 'മലയാളി' എന്ന അധ്യായംവായിക്കാം.  

To advertise here,

കച്ചവടാവശ്യത്തിനായി കറാച്ചിയില്‍നിന്ന് മലബാറില്‍ വന്ന രണ്ടുപേര്‍ തിരികെ നാട്ടിലേക്കു പോകാന്‍ വണ്ടി കാത്ത് കോഴിക്കോട്
റെയില്‍വേ സ്റ്റേഷനില്‍ നില്ക്കുകയായിരുന്നു. പെട്ടെന്ന് അവരിലൊരാള്‍ സ്നേഹിതനോട് 'ഈ മലബാറികള്‍ തലച്ചോറില്ലാത്ത ഒരു വര്‍ഗമാണ്' എന്ന് തന്റെ അഭിപ്രായം ഉറപ്പിച്ചു പറയുന്നത് കേള്‍ക്കാനുള്ള ദൗര്‍ഭാഗ്യം ഈ ലേഖകനുണ്ടായി. ആ വാക്കുകള്‍ എന്നെ ചിന്തിപ്പിച്ചു. കച്ചവടമനഃസ്ഥിതി വെച്ചുകൊണ്ടാണ് ആ കറാച്ചിക്കച്ചവടക്കാരന്‍ ഒരു സംസ്ഥാനക്കാരെ മുഴുവനും ബാധിക്കുന്ന ആ അഭിപ്രായം പുറപ്പെടുവിച്ചതെങ്കിലും അത് കേവലം കുടുസ്സായ ഒരു വാദമാണെന്നു പറയാന്‍ നിവൃത്തിയില്ല. മലബാറിന്റെ- കുരുമുളകും നാളികേരവും ചൂടിയും മരത്തടിയും ലോകത്തിന്റെ നാനാഭാഗത്തേക്കു കയറ്റിയയയ്ക്കുന്ന ഫലവത്തായ ഒരു വിസ്തൃതാരാമത്തിന്റെ- തലസ്ഥാനമായ കോഴിക്കോട്ടെ വലിയങ്ങാടിയില്‍ മൊത്തവ്യാപാരത്തിനിരിക്കുന്നവരില്‍ 90 ശതമാനവും ഗുജറാത്തികളും കറാച്ചിക്കാരും മറ്റു സംസ്ഥാനക്കാരുമാണെന്നു കാണുന്ന ഒരു വിദേശിക്ക് മലയാളികളെപ്പറ്റി ഒരു നല്ല അഭിപ്രായം തോന്നുന്നതെങ്ങനെ? പഞ്ചാബിലെ ഒരങ്ങാടിയില്‍ അടുത്തടുത്തായി, കുറെ മലയാളിക്കച്ചവടക്കാര്‍ ഇരുന്ന് വാണിജ്യം നടത്തുന്ന ഒരു ചിത്രം നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുമോ? നമ്മുടെ പൗരാണികസംസ്‌കാരങ്ങളും വീരകഥകളും നാടിന്റെ പ്രകൃതിസൗകുമാര്യവും മറ്റു നൂറുകൂട്ടം കാര്യങ്ങളും പുകഴ്ത്തിയിട്ട് സ്വയം അഭിമാനിച്ചതുകൊണ്ട് ഒന്നും കിട്ടാനില്ല. പൊതുവെ പറയുകയാണെങ്കില്‍ ഒരു വര്‍ഗമമെന്ന നിലയില്‍ മലയാളികള്‍ അധഃപതിച്ചിരിക്കുന്നു. ധനസമൃദ്ധമായ കേരളത്തിലെ വിഭവങ്ങളെ യഥേഷ്ടം ചൂഷണം ചെയ്യാന്‍ അന്യരെ അനുവദിച്ചുകൊണ്ട് നാം അലസരായി ചടഞ്ഞുകൂടുകയാണ് ചെയ്യുന്നത്. ഒരു മലയാളി എന്നൊരഭിമാനം നമുക്കില്ലാതെ പോയി.

ഇന്ത്യ മുഴുവനും ചുറ്റിസഞ്ചരിക്കുന്ന ഒരാള്‍ക്ക് രാജ്യത്തിന്റെ നാനാഭാഗത്തുമായി കേരളീയരെപ്പോലെ അത്രയധികം മറ്റൊരു സംസ്ഥാനക്കാരെ കണ്ടെത്തുവാന്‍ പ്രയാസമാണ്. ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ മുതല്‍ എച്ചിലെടുക്കുന്ന ഹോട്ടല്‍പ്പയ്യന്‍വരെ, പത്രാധിപര്‍ തുടങ്ങി കപടതകൊണ്ടുപജീവിക്കുന്ന കള്ളപ്പുള്ളികള്‍വരെ ലക്ഷക്കണക്കില്‍ മലയാളികള്‍ ക്വയറ്റ മുതല്‍ ട്രിങ്കോമല്ലിവരെ ചിതറിക്കിടക്കുന്നുണ്ട്. ശരീരസൗന്ദര്യംകൊണ്ടാണെങ്കില്‍ ഇന്ത്യയിലെ മേലേക്കിടയില്‍ നില്ക്കുന്ന ഒരു വര്‍ഗമാണ് മലയാളികള്‍. വിദ്യാഭ്യാസത്തില്‍ ഇന്ത്യാരാജ്യത്തില്‍ പ്രഥമസ്ഥാനം കേരളത്തിനാണ്. ബുദ്ധിപരമായും നാം വളര്‍ച്ച പ്രാപിച്ചിട്ടുണ്ട്. എന്നിട്ടും അഖിലേന്ത്യാപ്രസിദ്ധി നേടിയ ഒരു നേതാവിനെ സൃഷ്ടിക്കുവാന്‍ നമുക്ക് കഴഞ്ഞില്ല.

നമ്മുടെ ബുദ്ധിപരമായ കഴിവുകള്‍ അന്യരുടെ ഉപയോഗത്തിന് ഉഴിഞ്ഞിട്ടതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരു മലയാളിഭൃത്യനെ നോക്കുക! തന്റെ അടിമത്തത്തില്‍ അവനൊരഭിമാനമുണ്ടോ എന്നു തോന്നിപ്പോകും. മലയാളിക്ക് പൊതുവേയുള്ള ഒരു സ്വഭാവമാണിത്. തമിഴന്റെ വീട്ടുവേലക്കാരനായാലും ഗുജറാത്തിയുടെ സെക്രട്ടറിയായാലും സായ്പിന്റെ ഗുമസ്തനായാലും ഈ സേവകഭാവമാണ് പ്രതിഫലം. അടിയില്‍ നിര്‍ദേശിച്ച സേവനമല്ലാതെ, ഒരെജമാനനായിത്തീരണമെന്ന മോഹം മലയാളിക്കില്ല. 1000ക. ജാമ്യം കെട്ടിവെച്ച് 25ക. ശമ്പളത്തിന്മേല്‍ ഒരു ക്ലാര്‍ക്കായിച്ചാടിവീഴുവാന്‍ അവന്‍ എത്ര കഴുതക്കാലുകള്‍ വേണമെങ്കിലും തഴുകിക്കൊടുക്കാന്‍ മടിക്കില്ല. 100ക. മൂലധനത്തിന്മേല്‍ ഒരു കച്ചവടം ചെയ്ത് സ്വതന്ത്രമായി ജീവിക്കാനുള്ള ഒരു ബോധം അവനെ സ്പര്‍ശിക്കുന്നത് കുറവാണ്.

'സേവിക്കുക-ജീവിക്കുക.' ഈയൊരു മുദ്രാവാക്യമാണ് മലയാളി സ്വീകരിച്ചിരിക്കുന്നത്. ഒരു വലിയ ജന്മിയുടെ മകന്‍തന്നെ ആയ്ക്കൊള്ളട്ടെ, ഒരു ശമ്പളക്കാരനായി ഞെളിയണമെന്നായിരിക്കും അവന്റെ മോഹം. അവന്റെ നാട്ടിന്‍പുറത്തെ വീടിനടുത്ത് വലിയൊരു കുന്നും സ്ഥലങ്ങളും വെറുതേ കിടക്കുന്നുണ്ടാവും. അവന്‍ അവിടെ കാറ്റുകൊള്ളാനോ, ശിക്കാറ് ചെയ്യാനോ പല തവണ പോയിട്ടുമുണ്ടാകും. അപ്പോഴൊന്നും, അവിടെ എന്തെങ്കിലും കൃഷിചെയ്ത് ആ പാഴായിക്കിടക്കുന്ന സ്ഥലത്ത് പണമുണ്ടാക്കാമെന്ന ഒരു വിചാരം അവനില്‍ സംക്രമിക്കുകയില്ല. ഒരു യൂറോപ്യന്‍ വന്ന്, ആ കുന്നും പരിസരവും വിലയ്ക്കെടുത്ത് അവിടെ തരംപോലെ, റബ്ബറോ കാപ്പിയോ തേയിലയോ വെച്ചുപിടിപ്പിച്ച് ഒരു വലിയ തോട്ടം സൃഷ്ടിക്കുന്നു. അപ്പോള്‍ നമ്മുടെ ജന്മിയുടെ മകന്‍ 'അങ്ങയുടെ ഏറ്റവും അനുസരണയുള്ള വിനീതഭൃത്യന്‍' എന്നെഴുതി ഒപ്പിട്ട ഒരു ഹരജിയുമായി, അവിടെ ഒരു ക്ലാര്‍ക്കിന്റെ ഒഴിവിലേക്ക് ഒരപേക്ഷ കൊടുക്കുന്നു. ആ ഉദ്യോഗം കിട്ടിയാല്‍ അവന്റെ സായുജ്യവുമായി.

വരണ്ടഭൂമിയായ കച്ചില്‍ നിന്നും, ദാരിദ്ര്യശുഷ്‌കമായ ഗുജറാത്തില്‍നിന്നും മറ്റും ഉപജീവനമാര്‍ഗമന്വേഷിച്ച് ആളുകള്‍ നമ്മുടെ രാജ്യത്തു വന്നുകൂടി ചൂഷകവര്‍ഗമായിത്തീര്‍ന്നതില്‍ അദ്ഭുതപ്പെടാനില്ല. എന്നാല്‍ ഫലഭൂയിഷ്ഠമായ കേരളഭൂവില്‍ നിന്ന് ജനങ്ങളെന്തിന് മറുനാട്ടിലേക്ക് പാഞ്ഞുപോകുന്നു? ഇങ്ങനെ വിട്ടുപോകുന്ന കൂട്ടരില്‍ 90 ശതമാനവും സ്വാര്‍ഥം മാത്രമുദ്ദേശിച്ച്, ആ സേവനബുദ്ധിയുടെ ഗൂഢപ്രേരണകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. കേരളം വിടുന്നതോടുകൂടി അവന്റെ കേരളീയത്വവും നശിക്കുന്നു. അവന്‍ തരംപോലെ വേഷങ്ങള്‍ മാറിക്കൊള്ളും. കേരളത്തിനു പുറമേ പോയി ഉയര്‍ന്ന നിലയിലെത്തിയ മലയാളികളുടെ സംഖ്യ ഒട്ടും കുറവല്ല. എന്നാല്‍ അവരെക്കൊണ്ട് കേരളത്തിന് എന്തെങ്കിലും തരത്തില്‍ ഒരു നേട്ടം ഉണ്ടായിട്ടുണ്ടോ എന്ന് ചിന്തിച്ചുനോക്കിയാല്‍ നാം ലജ്ജിച്ചുപോകും. താന്‍ ഉയര്‍ന്ന നിലയിലെത്തിയത് തന്റെ സ്വന്തം സേവനസാമര്‍ഥ്യംകൊണ്ടാണെന്നും തനിക്ക് തന്റെ എജമാനനോടല്ലാതെ മറ്റാരോടും ഒരു കടപ്പാടുമില്ലെന്നും ആ മറുനാട്ടിലെ മലയാളിമഹാരഥന്‍ മനസ്സിലുറപ്പിച്ചുവെച്ചിരിക്കുന്നു. മറുനാട്ടിലെ മലയാളികളെപ്പറ്റി ശേഷം സംസ്ഥാനക്കാര്‍ക്ക് വലിയ മതിപ്പുണ്ടോ, അതുമില്ല. 'മലയാളികള്‍ ഒന്നുകില്‍ ഹോട്ടലിലെ എച്ചിലെടുക്കുന്ന വേലക്കാരാണ്. അല്ലെങ്കില്‍ അവര്‍ സ്വന്തം ഏര്‍പ്പാട് തുടങ്ങുകയാണെങ്കില്‍ അതൊരു ഹോട്ടല്‍ക്കച്ചവടമായിരിക്കും!' ഒരു ബംഗാളി ഈ ലേഖകനോട് പറഞ്ഞ അഭിപ്രായമാണിത്. അത് പരമാര്‍ഥമാണുതാനും. കേരളത്തിനു പുറമേ ഹോട്ടല്‍ക്കച്ചവടമല്ലാതെ, മറ്റെന്തെങ്കിലും വാണിജ്യം നടത്തി പേരെടുത്ത മലയാളിയെ കാണുകയില്ല. നമ്മുടെ നാട്ടിലെ വിഭവങ്ങളെ ചൂഷണം ചെയ്യാന്‍ അന്യരെ ക്ഷണിച്ചുവരുത്തി നാം ലക്ഷക്കണക്കില്‍ സേവകന്മാരെ സൃഷ്ടിച്ചു മറുനാട്ടിലേക്കയയ്ക്കുന്നു എന്ന ദയനീയമായ പരമാര്‍ഥം ഇനിയും നമ്മുടെ കണ്ണുതുറപ്പിക്കുന്നില്ല. ഇന്നത്തെ ലോകസ്ഥിതിയില്‍ ഒരു ദേശം അഭിവൃദ്ധിപ്പെടണമെങ്കില്‍ വ്യവസായവും വാണിജ്യവും അവിടെ പുഷ്ടിപ്പെടുത്തുകതന്നെ വേണം. കച്ചവടത്തിനും വന്‍കിട തൊഴില്‍ശാലകള്‍ നിര്‍മിക്കുന്നതിനും കേരളത്തെപ്പോലെ പറ്റിയൊരു സ്ഥലം ഇന്ത്യയിലുണ്ടോ?

കടലും കായലുകളും അനേകം നദികളും ഒത്തിണങ്ങിയ ഈ ഫലഭൂയിഷ്ഠമായ പച്ചമൈതാനത്തില്‍, പറയത്തക്ക നിലയില്‍ വ്യവസായ ശാലകള്‍ നടന്നുവരുന്നുണ്ടെങ്കില്‍ അതിനു കാരണഭൂതര്‍ വിദേശീയരായ മിഷണറികളാണ്. വന്‍കിടയിലുള്ള വ്യവസായശാലകള്‍ തുടങ്ങുവാനുള്ള ധനസ്ഥിതിയോടുകൂടിയ മലയാളികള്‍ ധാരാളമുണ്ടെങ്കിലും മുതലിറക്കാനുള്ള ധൈര്യം അവര്‍ക്കില്ലാതെപോയി. കോഴിക്കോട്ടുള്ള കല്ലായി, ലോകത്തിലെ മരക്കച്ചവടകേന്ദ്രങ്ങളില്‍ രണ്ടാമത്തെ സ്ഥാനം അര്‍ഹിക്കുന്നു എന്ന പരമാര്‍ഥം അറിയാവുന്ന മലയാളികള്‍ എത്രയുണ്ട്?

ബോംബെ മുതലായ 'കോസ്മോപൊളിറ്റന്‍ നഗരങ്ങളെ'ക്കഴിച്ചാല്‍ മലബാറിലെപ്പോലെ ഇത്രയധികം മറുനാടന്‍ കച്ചവടക്കാര്‍ കൈയേറിയ ഒരു സ്ഥലം ഇന്ത്യയില്‍ കാണുകയില്ല. ഗുജറാത്തികള്‍, മാര്‍വാഡികള്‍, മുല്‍ത്താനികള്‍, കച്ചുകാര്‍, അതിര്‍ത്തി സംസ്ഥാനക്കാര്‍, ചെട്ടികള്‍, അറബികള്‍ തുടങ്ങി ഏതെല്ലാം നാട്ടുകാര്‍ ഇവിടെ അടിഞ്ഞുകൂടിയിരിക്കുന്നു. അവരെല്ലാവരും കച്ചവടത്തിനു വന്നുപോകുന്നവരായിരുന്നുവെങ്കില്‍ കേരളം ധനസമൃദ്ധമായ ഒരു നാടായിത്തീര്‍ന്നേനേ, എന്നാല്‍ അവര്‍ ഇവിടെ കച്ചവടക്കാരായി ഉറച്ചുകൂടിയിരിക്കയാണ്. അവര്‍ക്ക് കൂടുതല്‍ പണം സമ്പാദിച്ചുകൊടുക്കാന്‍ നാം നമ്മുടെ തലച്ചോറുകളും പണയപ്പെടുത്തിക്കൊടുത്തിരിക്കുന്നു.

പല കാര്യംകൊണ്ടും കേരളീയര്‍ക്ക് സ്വദേശാഭിമാനം കുറവാണെന്നു കാണാം. മഹാകവി ടാഗോറിന്റെ ചരമത്തിനു ശേഷം കേരളത്തിലെ പട്ടണങ്ങളിലും നാട്ടിന്‍പുറങ്ങളിലും ടാഗോര്‍സ്മാരകവായനശാലകളും ടാഗോര്‍സ്മാരകമന്ദിരങ്ങളും ധാരാളം പൊന്തിവന്നിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ മഹാകവിയായ കുമാരനാശാന്‍ മണ്‍മറഞ്ഞ സ്ഥലം ഇന്നും പുല്ലും മണ്ണും നിറഞ്ഞ് അഗണ്യകോടിയില്‍ കിടക്കുകയും ചെയ്യുന്നു!
ലജ്ജാവഹം!

വിദേശങ്ങളില്‍ പോയി പേരുംപെരുമയും നേടിയ ചില മലയാളികളെക്കുറിച്ച് നമ്മള്‍ ഇന്നാട്ടില്‍വെച്ച് ചിലപ്പോള്‍ അഭിമാനിക്കാറുണ്ടെങ്കിലും അക്കൂട്ടര്‍ തങ്ങള്‍ കേരളീയരായി ജനിച്ച കാരണത്താല്‍ അഭിമാനംകൊള്ളുന്നുണ്ടോ എന്നു സംശയമാണ്. ഏതായാലും അത്തരക്കാരുടെ പ്രവൃത്തികള്‍കൊണ്ട് അത് തെളിഞ്ഞുകാണുന്നില്ല.

ബംഗാളിക്ക് മറ്റെന്തൊക്കെ കുറ്റങ്ങളുണ്ടായാലും അവന്റെ അതിരുകടന്ന സ്വദേശസ്നേഹത്തെ നമുക്ക് ബഹുമാനിക്കാതെകഴിയുകയില്ല. കല്‍ക്കത്തയില്‍നിന്ന് മദിരാശിയിലേക്ക് എന്റെ കൂടെ വണ്ടിയില്‍ സഞ്ചരിച്ചിരുന്ന ഒരു ബംഗാളി യുവാവ്, മദിരാശി സമീപിച്ചപ്പോള്‍ കിഴക്കന്‍കടല്‍ നോക്കിക്കൊണ്ട്, 'നോക്കൂ. ബംഗാളുള്‍ക്കടല്‍-ഞങ്ങളുടെ കടല്‍' എന്നു പറഞ്ഞപ്പോള്‍ ആ വാക്യത്തില്‍ അഭിമാനത്തേക്കാളുമേറെ ധിക്കാരമാണ് ഉള്‍ക്കൊണ്ടിരുന്നതെങ്കിലും, അവന്റെ ദേശാഭിമാനഭ്രാന്തില്‍ എനിക്കൊരു രസം തോന്നാതിരുന്നില്ല. ഇന്ത്യയിലെ ഇതരസംസ്ഥാനക്കാര്‍ക്കു നമ്മുടെ കേരളത്തെക്കുറിച്ചു വളരെ പരിമിതമായ ഒരറിവേ ഉള്ളൂ. കേരളത്തിനു പ്രത്യേകമായൊരു ഭാഷയുണ്ടെന്നോ സംസ്‌കാരമുണ്ടെന്നോ അന്യദേശീയരായ അഭ്യസ്തവിദ്യര്‍ക്കുപോലും അറിഞ്ഞുകൂടാ. മലയാളികളും കര്‍ണാടകക്കാരും, തമിഴരും, തെലുങ്കരും ഉത്തരേന്ത്യക്കാരുടെ ദൃഷ്ടിയില്‍ ഒരു വര്‍ഗമാണ്--'മദ്രാസികള്‍.' ഉത്തരേന്ത്യക്കാര്‍ മദിരാശിനഗരത്തിലോ തല്‍പരിസരങ്ങളിലോ കുറെ സഞ്ചരിച്ച്, അവിടത്തെ കറുത്ത ജനങ്ങളെയും അവരുടെ ജീവിതരീതിയേയും മാത്രം കണ്ട് മദ്രാസികളെപ്പറ്റി പൊതുവേ ഒരു ചീത്ത അഭിപ്രായവും രൂപവത്കരിച്ചു മടങ്ങിപ്പോകുന്നു. കേരളം ഇന്ത്യയിലെ പ്രധാന റെയില്‍മാര്‍ഗങ്ങളില്‍നിന്നും കേന്ദ്രപാതകളില്‍ നിന്നും അകന്നും, കേവലം പശ്ചിമപര്‍വതനിരകളില്‍ മറഞ്ഞ് ഒരു കോണില്‍ ഒതുങ്ങിക്കിടക്കുന്നതുകൊണ്ടുമാണ് ഈ നാടിനെക്കുറിച്ച് ആരും അറിയാതെപോയത്. കേരളം-കഥകളിയുടെ നാടാണെന്നു മാത്രം, ഈയിടെ ചിലര്‍ മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. നമ്മുടെ നാടിനെക്കുറിച്ചു പ്രചാരവേല ചെയ്യാന്‍പോലും നമുക്കറിഞ്ഞുകൂടാ. മറുനാടന്‍ മലയാളികളുടെ-അവര്‍ ആണായാലും പെണ്ണായാലും-വസ്ത്രധാരണരീതിയില്‍നിന്നും അവരെ വേര്‍തിരിച്ചറിഞ്ഞുകൂടാ. പക്ഷേ, ഒരു ബംഗാളി എവിടെയായാലും അവന്റെ ദേശീയമായ വസ്ത്രധാരണരീതി അവന്‍ കൈവെടികയില്ല.

നമ്മള്‍ക്ക് പല പ്രത്യേക ഗുണങ്ങളും ആകര്‍ഷകസ്വഭാവങ്ങളുമുണ്ട്. പക്ഷെ, അവയെ എടുത്തുപറഞ്ഞ് അഭിമാനിച്ചു നടന്നതുകൊണ്ട് അഭിവൃദ്ധിയുണ്ടാകുമോ? നാം കണ്ണാടിയില്‍ നമ്മെത്തന്നെ ഒന്നു നല്ലവണ്ണം പരിശോധിക്കുക. പണ്ടത്തെ മഹിമകളെപ്പറ്റി വര്‍ണിച്ചു പാടി ഞെളിഞ്ഞു നടക്കുന്നതുകൊണ്ടുമാത്രം അവ വീണ്ടും രൂപമെടുത്തു വരാന്‍ പോകുന്നില്ല.

നമ്മള്‍ ഒന്നേകാല്‍ കോടി ജനങ്ങളുണ്ട്. നമുക്കു പൊതുവേ ഒരു സര്‍വകലാശാലയില്ല. റേഡിയോ പ്രക്ഷേപണകേന്ദ്രമില്ല. പ്രശസ്തമായവിധം നടന്നുവരുന്ന ഒരിംഗ്ലീഷ് ദിനപത്രമില്ല. എത്ര കാലം നാം ഇങ്ങനെ തമിഴന്റെ നിഴലില്‍ മറഞ്ഞു, വ്യക്തിത്വമില്ലാതെ, അജ്ഞാതരായി കഴിഞ്ഞുകൂടും?
നമുക്ക് ഒന്നാമതായി സാമ്പത്തികമായ ഉയര്‍ച്ചയാണ് വേണ്ടത്. അതിനു നമ്മുടെ നാട്ടില്‍ നിന്നുകൊണ്ടുതന്നെ പരിശ്രമിച്ചാല്‍ മതി. സ്വതന്ത്രമായി വാണിജ്യം നടത്താനും വ്യവസായശാലകളേര്‍പ്പെടുത്താനും ഇതരപ്രാന്തീയരുടെ ആക്രമണവും ചൂഷണവും അവസാനിപ്പിക്കുവാനും ഓരോ കേരളീയനും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.