മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച, സദ്ഗുരുവിന്റെ 'വികാരങ്ങൾ:ജീവിതത്തിൻ്റെ സത്ത്, ബന്ധങ്ങൾ:ബന്ധമോ ബന്ധനമോ' എന്ന പുസ്തകത്തില്‍നിന്ന്;
'ജീവന്റെ ഒരു അംശം മാത്രമായി ഇവിടെയിരിക്കുവാനായാല്‍, നിങ്ങള്‍ക്ക് മറ്റെല്ലാ ജീവിതങ്ങളുമായും പൂര്‍ണ്ണമായ ലയത്തിലായിത്തീരാം'
ചോദ്യകര്‍ത്താവ്: സദ്ഗുരു, വെറുപ്പും അത്യാഗ്രഹവും ആധിപത്യത്തോടെ വളരെ ശക്തമായി ഞങ്ങളില്‍ നിലനില്‍ക്കുന്നു. എന്തുകൊണ്ടാണ് ഞങ്ങളീവിധമായിത്തീര്‍ന്നത്?
സദ്ഗുരു: നാമിപ്പോള്‍ ആരായിരിക്കുന്നു, എന്തായിരിക്കുന്നു എന്നതിന്റെയൊക്കെ ഉത്തരവാദിത്വം നാം മറ്റൊരാളില്‍ ചുമത്തുകയാണെങ്കില്‍, ചുറ്റുമുള്ളവര്‍ നമ്മെ പലതരത്തിലും പരാജയപ്പെടുത്തുമെന്നതിന് സംശയമില്ല. ഒരു മനുഷ്യനും നൂറു ശതമാനം നാം ആഗ്രഹിക്കുന്നതുപോലെ പെരുമാറുവാന്‍ പോകുന്നില്ല. പ്രതീക്ഷകള്‍ കൂടുന്നതിനനുസരിച്ച് കൂടുതല്‍ പരാജയവും ചുറ്റിലും കാണാം. അവര്‍ നിങ്ങളെ പരാജയപ്പെടുത്തുമ്പോള്‍ കാര്യങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ നടക്കില്ല. അവരാണ് നിങ്ങളുടെ ദുരിതത്തിന്റെ കാരണമെന്ന് നിങ്ങള്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നു. അതിനാല്‍ സ്വാഭാവികമായും കോപമുണ്ടാകുന്നു. ഈ കോപം കൂടുതല്‍ ഉറയ്ക്കുമ്പോള്‍ അത് വെറുപ്പായി മാറുന്നു. നമ്മുടെ ഈ ജീവിതാവസ്ഥയ്ക്ക്, അല്ലെങ്കില്‍ നാമങ്ങനെയായിത്തീര്‍ന്നതിന് മറ്റൊരാളാണ് കാരണമെന്ന് ചിന്തിക്കുന്ന നിമിഷംതന്നെ ഈ പ്രക്രിയ നിങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
ഒരുപക്ഷേ ആദ്യമത് തുടങ്ങിയത് സന്തോഷകരമായിട്ടാകാം. 'ആഹാ, നിങ്ങള്‍ കാരണം ഞാനെത്ര സന്തോഷമനുഭവിക്കുന്നു.' ഈ കളി തിരിച്ചാകാന്‍ അധികം സമയം വേണ്ട. കാരണം, ഇന്ന് ചില കാര്യങ്ങള്‍ ചെയ്ത് നിങ്ങളെ സന്തോഷിപ്പിച്ചയാള്‍, നാളെ അവള്‍ക്ക് അഥവാ അവനുവേണ്ട ചില കാര്യങ്ങള്‍ ചെയ്ത് നിങ്ങളുടെ സന്തോഷമില്ലാതാക്കും. ഒരു മനുഷ്യനും നിങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ജീവിക്കുവാനാകില്ല. ഈ ഗ്രഹത്തിലെ ഒരു മനുഷ്യജീവി പോലും നിങ്ങളാഗ്രഹിക്കുന്ന അതേ രീതിയിലായിരിക്കില്ല. ഇങ്ങനെ സംഭവിച്ച് കഴിഞ്ഞാല്‍, മറ്റൊരാളാണ് നിങ്ങളുടെ ദുരിതത്തിന് കാരണമെന്ന് നിങ്ങള്‍ ചിന്തിച്ചുതുടങ്ങുന്നു, കോപവും വെറുപ്പും പിന്നാലെയെത്തുന്നു.

ജീവന്റെ ഒരു അംശം മാത്രമായി ഇവിടെയിരിക്കുവാനായാല്‍, നിങ്ങള്‍ക്ക് മറ്റെല്ലാ ജീവിതങ്ങളുമായും പൂര്‍ണമായ ലയത്തിലായിത്തീരാം. അതാണ് യാഥാര്‍ഥ്യം. ഇതെന്റെ ആശയമോ നിങ്ങളുടെ ആശയമോ അല്ല; വാഴ്‌വിന്റെ മാര്‍ഗമാണ്. പക്ഷേ, നിങ്ങളൊരു വിഭജനമുണ്ടാക്കിയിരിക്കുന്നു. 'ഇവരെന്റെ വഴിയില്‍ ഇടപെടുന്നതിനാല്‍ ഞാനിവരെ വെറുക്കുന്നു. എന്റെ ആശയങ്ങള്‍ മഹത്തരമാണ്, എന്നാല്‍ ഇവര്‍ക്കത്തരം മഹത്തായ ആശയങ്ങളൊന്നുമില്ല. ഇവരെല്ലാം തരംതാഴ്ന്നവരാണ്, അതിനാലവരെ വെറുക്കാം.' ഇങ്ങനെ നിങ്ങളൊരു ആദര്‍ശം കെട്ടിച്ചമയ്ക്കുന്നു. നിങ്ങളൊരു നുണകൊണ്ട് മറ്റൊരു നുണയെ മുടിവെക്കാന്‍ ശ്രമിക്കുന്നു. അതൊരു പരിഹാരമല്ല, കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുക മാത്രമാണതുകൊണ്ട് സംഭവിക്കുന്നത്. 'ഞാനിവരെ വെറുക്കുന്നു' എന്നുപറഞ്ഞ് വെറുപ്പിന്റെ ലോകത്തില്‍ മൂന്നുനാളുകള്‍ കഴിഞ്ഞതിനുശേഷം നോക്കൂ, 'ഞാനെന്താണിങ്ങനെ?' എന്ന് നിങ്ങളമ്പരക്കും. എന്തെന്നാല്‍ അതാണ് നിങ്ങളുടെ മാനവികത. പക്ഷേ, ആ വെറുപ്പിനെ സ്വന്തം ആശയങ്ങള്‍കൊണ്ടും നിയമങ്ങള്‍കൊണ്ടും ഉറപ്പിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് ശിഷ്ടകാലം മുഴുവനും അവരോടുള്ള വെറുപ്പ് തുടരാം.
അത്യാഗ്രഹം വളരെ ആപേക്ഷികമായ ഒരു വാക്കാണ്. ഒരു കൊട്ടാരത്തില്‍ ജീവിക്കുക എന്നത് ഒരാവശ്യമാണെന്ന് ഒരാള്‍ കരുതുന്നു, എന്നാല്‍ അതൊരത്യാഗ്രഹമാണെന്ന് മറ്റൊരാള്‍ ചിന്തിക്കുന്നു. കുറച്ചുമുമ്പു നടന്ന ഒരു സംഭവം പറയാം. ഒരു മരച്ചുവട്ടില്‍ വസിച്ചിരുന്ന ഒരു സ്വാമിയെ ഞാന്‍ കണ്ടുമുട്ടി. ചെറിയ ആശ്രമങ്ങള്‍ കെട്ടി അതില്‍ ജീവിച്ചുവന്ന സന്ന്യാസിമാരെ അപഹസിക്കുക എന്നത് ഈ സ്വാമിയുടെ സ്ഥിരസ്വഭാവമായിരുന്നു. കാലാവസ്ഥയുടെ എല്ലാ രൂക്ഷതകളെയും അവഗണിച്ചുകൊണ്ട് താന്‍ ഒരു മരച്ചുവട്ടിലാണ് വസിക്കുന്നതെന്നതിനാല്‍, മറ്റു സന്ന്യാസിമാര്‍ എത്ര അഴിമതിക്കാരാണെന്നും അവരെങ്ങനെയാണ് സ്വയം സുഖലോലുപത അനുഭവിക്കുന്നതെന്നും പറഞ്ഞുപരത്തുന്നതിനായിത്തന്നെ അദ്ദേഹം ജീവിതം വിനിയോഗിച്ചു. 'ആഡംബരക്കാരാണവര്‍, നോക്കൂ എങ്ങനെയാണവര്‍ കുടിലുകള്‍ അലങ്കരിച്ചിരിക്കുന്നതെന്ന്.' അല്‍പം ഭംഗിവരുത്തുന്നതിനായി ഒരു ചെറിയ പൂന്തോട്ടമുണ്ടാക്കിയതിനോ മുറ്റത്ത് ഒന്നോ രണ്ടോ പൂച്ചട്ടികള്‍ വെച്ചതിനോ ആകും ഇങ്ങനെ അധിക്ഷേപിക്കുന്നത്. മറ്റുള്ളവരെക്കാള്‍ ഉയര്‍ന്നവനാണ് ഞാന്‍ എന്ന് കരുതുന്നതാണ് ഏറ്റവും ആഡംബരവും വിഡ്ഢിത്തവുമെന്ന് എനിക്കയാളെ ഓര്‍മ്മപ്പെടുത്തേണ്ടിവന്നു.
അതിനാല്‍ അത്യാഗ്രഹമെന്നത് വളരെ ആപേക്ഷികമാണ്. നിങ്ങളൊരിക്കലും അത്യാഗ്രഹിയല്ല. പക്ഷേ, നിങ്ങളാഗ്രഹിക്കുന്നത് നേടിയെടുത്ത ഒരാള്‍ നിങ്ങളുടെ കണ്ണില്‍ അത്യാഗ്രഹിയാകുന്നു. കോടിക്കണക്കിന് പണമുണ്ടാക്കുവാന്‍ നിങ്ങളാഗ്രഹിക്കുന്നു. പക്ഷേ നടക്കുന്നില്ല. എന്നാല്‍ അത് സാധിച്ചെടുത്തവന്‍ അത്യാഗ്രഹിയാണ്. നിങ്ങള്‍ ഒരു ലക്ഷം രൂപയുണ്ടാക്കിയാല്‍ അത് അത്യാഗ്രഹമല്ല, പത്തുലക്ഷം അത്യാഗ്രഹമാണ്, കാരണം, മറ്റൊരാള്‍ അതുണ്ടാക്കിയെടുത്തിരിക്കുന്നു. സംഭരിക്കുവാനും സമ്പാദിക്കുവാനും ഉള്ള ആഗ്രഹം വളരെ ശക്തമാണ്. കാരണം, എപ്പോഴും ഒരു പോരായ്മ അനുഭവപ്പെടുന്നുണ്ട്. ഇപ്പോള്‍ നിങ്ങള്‍ ജീവിക്കുന്നത് തൃപ്തമായ ഒരവസ്ഥയിലല്ല. ഇപ്പോള്‍ ആയിരിക്കുന്നതിലും കൂടുതലായ എന്തോ ആകണമെന്ന ആഗ്രഹം. എന്നാല്‍ അവിടെയെത്തിച്ചേര്‍ന്നാലോ അതിലും കൂടുതലായ എന്തെങ്കിലും ആകണമെന്നും നേടണമെന്നുമാകും ആഗ്രഹിക്കുക. അതായത്, ഭൂമിയെന്ന ഈ ഗ്രഹം മുഴുവനായും കൈയില്‍ വെച്ചുതന്നാലും നിങ്ങള്‍ ആകാശത്തെ താരങ്ങളെ നോക്കി അവയെയാഗ്രഹിക്കും. എന്തെന്നാല്‍ നിരന്തരം വികാസം തേടുന്ന ഒന്ന് നിങ്ങളുടെ ഉള്ളിലുണ്ട്. അതിനെത്ര കൊടുത്താലും മതിയാകുകയില്ല.
പ്രപഞ്ചം മുഴുവനായി കൊടുത്താലും അതിലും കൂടുതല്‍ കൊടുത്താലും അത് മറ്റ് ഗാലക്‌സികള്‍ക്കായി തേടും. അതിരുകളില്ലാത്ത വിശാലത ആവശ്യപ്പെടുന്ന എന്തോ ഒന്ന് നമ്മുടെ ഉള്ളിലുണ്ട്. അതിനാല്‍, നിങ്ങള്‍ക്കറിയാവുന്നതുപോലെ ഇന്നത്തെ ലോകത്തിലുള്ള അത്യാഗ്രഹം, നിങ്ങളുടെ ആന്തരികസ്വത്വം അതിരുകളില്ലാത്ത അപാരത തേടുന്നതുകൊണ്ടുണ്ടാകുന്നതാണ്. പക്ഷേ, നിങ്ങളാ ദാഹത്തെ ഭൗതികമായ വസ്തുക്കള്‍കൊണ്ട് ശമിപ്പിക്കുവാന്‍ ശ്രമിക്കുന്നു. അതാണ് നിങ്ങളുടെ അത്യാഗ്രഹത്തിന്റെ അടിസ്ഥാനം.
നിങ്ങളുടെ അത്യാഗ്രഹത്തില്‍ തെറ്റൊന്നുമില്ല, യഥാര്‍ഥത്തിലതൊരു ആത്മീയപ്രക്രിയയാണ്. ധ്യാനമെന്നാല്‍ ഇത് മാത്രമാണ്, ലക്ഷ്യമില്ലാത്ത, പ്രബലമായ ആഗ്രഹം. പ്രത്യേകിച്ചൊന്നിനും വേണ്ടിയല്ലാത്ത നിങ്ങളുടെ അഭിലാഷവും ഊര്‍ജ്ജവും പൂര്‍ണശക്തി പ്രാപിക്കുമ്പോള്‍ അതു ധ്യാനമാകുന്നു.
ചോദ്യകര്‍ത്താവ്: കുറ്റബോധത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയുവാന്‍ ആഗ്രഹിക്കുന്നു. ജീവിതത്തില്‍ ഞാന്‍ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രശ്‌നം, എങ്ങനെ വര്‍ത്തമാനകാല നിമിഷത്തില്‍ സന്തോഷകരമായി ജീവിക്കുമെന്നതാണ്. ഭൂതകാലത്തിലും ഭാവിയിലും ജീവിക്കുക എന്നതൊഴിവാക്കുവാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, വര്‍ത്തമാനകാലംതന്നെ അനായാസമോ സമാധാനപൂര്‍ണമോ അല്ല. അത് ഭൂതകാലത്തിലെ പ്രവര്‍ത്തനങ്ങളുടെ നിഴലിലാകുന്നു, കൂടാതെ ഭാവിസംഭവങ്ങളെക്കുറിച്ചുള്ള ഭയമൊഴിവാക്കുന്നതിലും ഞാനത്ര വിജയിക്കുന്നുമില്ല.
സദ്ഗുരു: ഒരു മനുഷ്യന്റെ സ്വാഭാവികവികാരമാണ് ഭയം. പക്ഷേ, കുറ്റബോധമെന്നത് സാമൂഹികമായ നിര്‍മിതിയാണ്. വിവിധ സമൂഹങ്ങളില്‍ ജനങ്ങള്‍ വിവിധ കാര്യങ്ങളെക്കുറിച്ചുള്ള കുറ്റബോധം അനുഭവിക്കുന്നുണ്ട്. ഒരിന്ത്യക്കാരന് കുറ്റബോധമുണ്ടാക്കുന്ന കാര്യം അമേരിക്കക്കാരന് അത്തരമൊരു ബോധമുണ്ടാക്കുന്നതാവില്ല. അതായത്, കുറ്റബോധമെന്നത് സാമൂഹികമായി വളര്‍ത്തിയെടുക്കുന്ന ഒന്നാണ്. അതൊരു സ്വാഭാവികസംഗതിയല്ല. ചിലതിനെയൊക്കെ നല്ലതെന്നും ചിലതിനെയൊക്കെ മോശമെന്നും നാംതന്നെ തരംതിരിച്ചിട്ടുള്ളതുകൊണ്ടാണ് നാം ഈ പ്രശ്‌നങ്ങളിലൂടെയൊക്കെ കടന്നുപോകുന്നത്. എന്തായാലും നിങ്ങള്‍ കുറ്റബോധമനുഭവിക്കുന്നത് ഇന്നലെ ചെയ്തതിനെക്കുറിച്ചാണ്, ഇന്നിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റിയല്ല.
കുറ്റബോധത്തില്‍നിന്ന് ഒന്നുമുണ്ടാകുന്നില്ല, അത് നമുക്കുതന്നെ ഉപദ്രവം വരുത്തുന്നുവെന്നല്ലാതെ മറ്റൊന്നും സംഭവിക്കുന്നില്ല. നിങ്ങള്‍ ആഹ്ലാദകരമായിട്ടല്ല ജീവിക്കുന്നത് എന്നതാകും നിങ്ങളനുഭവിക്കുന്ന ഏറ്റവും വലിയ പിഴ. നിങ്ങള്‍ക്കുതന്നെ ഉപദ്രവമുണ്ടാക്കുന്നു എന്നതാണ് ഏറ്റവും വലിയ തെറ്റ്, എന്തെന്നാല്‍ ഞാന്‍ നിങ്ങളെ ഉപദ്രവിക്കുവാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ക്കതിനെ പ്രതിരോധിക്കുവാനാകും. പക്ഷേ, നിങ്ങള്‍ സ്വയം ഉപദ്രവമേല്‍പ്പിക്കുകയാണെങ്കില്‍, ഒന്നും ചെയ്യാനാവില്ല, ഏറ്റവും നിസ്സഹായമായ അവസ്ഥയാണത്. അതിനാല്‍ തീര്‍ത്തും പ്രതിരോധമില്ലാത്ത, നിസ്സഹായനായ ഒരു ജീവിയെയാണ് നിങ്ങള്‍ പീഡിപ്പിക്കുന്നതെന്നുള്ളതാണ് ഇതിലെ ഏറ്റവും വലിയ പിഴ.
നിങ്ങള്‍ക്കെങ്ങനെ സന്തോഷകരമായി ജീവിക്കാം? അതിനായി പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ല. മനസ്സിനെയും ജീവിതത്തെക്കുറിച്ചുള്ള മടയത്തരങ്ങളായ ആശയങ്ങളെയും കുറിച്ച് ആലോചിക്കുന്നത് നിര്‍ത്തുകയാണെങ്കില്‍, ജീവിതം സ്വാഭാവികമായി ആനന്ദകരമാകും. അതിനാല്‍, ഈ നിമിഷം ജീവിക്കുന്നതിനെപ്പറ്റിയുള്ള എല്ലാ അസംബന്ധങ്ങളും മറക്കുക, എന്തെന്നാല്‍ ഈ നിമിഷത്തിലല്ലാതെ മറ്റെവിടെയാണ് നിങ്ങള്‍ക്ക് ജീവിക്കുവാനാകുക? എപ്പോഴും വര്‍ത്തമാനകാലനിമിഷത്തില്‍ മാത്രമാണ് നിങ്ങള്‍ ജീവിക്കുന്നത്.
നാമെപ്പോഴും കേള്‍ക്കുന്ന ഒന്നാണ്, 'ഈ നിമിഷത്തില്‍ ജീവിക്കുക' എന്നത്. ഇതൊരു വലിയ തത്ത്വമായി തോന്നാം. പക്ഷേ, എന്റെ ചോദ്യമിതാണ്, 'ഈ നിമിഷത്തിലല്ലാതെ മറ്റെവിടെയെങ്കിലും ആര്‍ക്കെങ്കിലും ജീവിക്കുവാനാകുമോ?' ചെയ്യുന്നതെന്തുതന്നെയാണെങ്കിലും, എന്തായാലും നിങ്ങളീ നിമിഷത്തില്‍ തന്നെയാണ്. പക്ഷേ, ആളുകള്‍ പറയുന്നു, 'അല്ല, നാമീ നിമിഷത്തിലല്ല, നാം അതുമിതുമൊക്കെ ചിന്തിക്കുന്നു.' അതായത്, ചിന്തിക്കേണ്ടതില്ലെന്നാണ് ഈ തത്ത്വം അടിസ്ഥാനപരമായി നിങ്ങളോട് പറയുന്നത്. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍കൊണ്ടാണ് മസ്തിഷ്‌കം വികസിച്ചുവന്നത്, എന്നിട്ടിപ്പോള്‍ പറയുന്നു, 'ചിന്തിക്കരുത്' എന്ന്.
നിങ്ങള്‍ ഇന്നലെയെപ്പറ്റിയോ അനവധി വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലത്തെയോപറ്റി ചിന്തിച്ചാലും ജീവിക്കുന്നത് ഈ നിമിഷത്തില്‍ തന്നെയാണ്. മിക്കവാറും ആളുകള്‍ക്ക് അവരുടെ ചിന്തകള്‍ സന്തോഷകരമല്ലാത്തതിനാലാണ് ഈ ഉപദേശം വളരെ മഹത്തായ ഒന്നായി തോന്നുന്നത്. നിങ്ങളുടെ ചിന്ത ഒരു അതിമനോഹരമായ അനുഭവമാണെങ്കില്‍, ഈ ഉപദേശം നിങ്ങളാരില്‍നിന്നും സ്വീകരിക്കില്ല. ഇതൊരു ആകുലതയായിരിക്കുകയാണ്, പ്രത്യേകിച്ചും പാശ്ചാത്യരാജ്യങ്ങളില്‍. ഇന്ത്യന്‍ നാഗരികജനത, പാശ്ചാത്യരെക്കാള്‍ കൂടുതല്‍ പാശ്ചാത്യവത്കരിക്കപ്പെട്ടിരിക്കുന്നതിനാല്‍, ഇന്നിത് ഇന്ത്യന്‍ നഗരങ്ങളെയും ബാധിച്ചിരിക്കുന്നു. ഇന്ത്യാക്കാരിന്ന് അമേരിക്കക്കാരെക്കാള്‍ അല്‍പം കൂടുതല്‍ അമേരിക്കക്കാരാണ്. എന്തെങ്കിലും പറയുമ്പോള്‍, മറ്റൊരാള്‍ക്ക് അതിലെത്തിപ്പെടുവാനുള്ള സാധ്യതയുണ്ടെങ്കില്‍ മാത്രമേ അതൊരു പ്രബോധനമാകുന്നുള്ളൂ. ആര്‍ക്കുമതിലെത്തിച്ചേരാനാകുന്നില്ലെങ്കില്‍ ആ വാക്കുകള്‍ അസംബന്ധം മാത്രമേ ആകുന്നുള്ളൂ.
Content Highlights: Sadhguru, Book excerpt, Vikarangal bandhangal two books in one, Mathrubhumi books
Published: 19 Nov 2023, 01:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented