രമേഷ് പിഷാരടിയുടെ ഓര്‍മക്കുറിപ്പുകളുടെ സമാഹാരമാണ് 'ചിരി പുരണ്ട ജീവിതങ്ങള്‍'. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിലെ ഒരു ഭാഗം വായിക്കാം...  

To advertise here,

രമണിക്കൂര്‍ ചിരിപ്പിക്കാന്‍ എത്രയാ?
ചിലര്‍ ചോദിക്കാതെതന്നെ മാന്യമായ പ്രതിഫലം തരും. ചിലര്‍ മാന്യതയില്ലാതെ ചോദിച്ചാലും അതുതരാറില്ല. പരിപാടി പ്രതീക്ഷിച്ച അത്ര നന്നായില്ല എന്ന് പറയുന്നവര്‍ ബുക്ക് ചെയ്യുമ്പോള്‍ പ്രതീക്ഷയുടെ അതിര്‍വരമ്പ് എത്രയെന്ന് അറിയിക്കുകയുമില്ല. നര്‍മമാണ് കര്‍മം എന്ന് തിരിച്ചറിഞ്ഞ തുടക്കകാലം. അവിടെന്നും ഇവിടെന്നുമൊക്കെ പരിപാടികള്‍ കിട്ടിത്തുടങ്ങി. കടകളുടെ ഉദ്ഘാടനം, ക്ലബ്ബുകളുടെ പരിപാടികള്‍, ഉത്സവങ്ങള്‍. അങ്ങനെ കിട്ടുന്ന പരിപാടികള്‍ക്കെല്ലാം പോവും. എവിടെയും ആരും മോശം പറഞ്ഞിട്ടില്ല. നിറഞ്ഞ കൈയടികള്‍ ആത്മവിശ്വാസത്തിന് കിട്ടിയ ജൈവവളങ്ങളായി. രാസവളമായ പണം കിട്ടാന്‍ വലിയ പാടായിരുന്നു.

പറഞ്ഞും കേട്ടും അടുത്ത പ്രദേശങ്ങളില്‍നിന്നും മാത്രമല്ല, ദൂരസ്ഥലങ്ങളില്‍നിന്നും പരിപാടികള്‍ വന്നുതുടങ്ങി.
'അരമണിക്കൂര്‍ ചിരിപ്പിക്കാന്‍ എത്രയാ?' എന്നും ചോദിച്ച് ഒരു വിളി വന്നു. എന്നിലെ കലാകാരനെ പണം എന്ന മാധ്യമം വെച്ച് അളന്നുതുടങ്ങിയതിന്റെ സന്തോഷം. അയാള്‍ കാണിച്ച മാന്യതയോട് നീതിപുലര്‍ത്തി ഞാന്‍ പറഞ്ഞു, 'എന്താന്നുവെച്ചാല്‍ തന്നാ മതി.'

ആലപ്പുഴയിലെ പ്രമാണിമാരുടെ ഒരു ക്ലബ്ബ് ഹൗസ്ബോട്ടില്‍ വണ്‍ഡേ ടൂര്‍ പോകുന്നു. യാത്രയ്ക്കിടയില്‍ ഊണിന് മുന്‍പ് അവരെ അരമണിക്കൂര്‍ രസിപ്പിക്കണം. ക്ലബ്ബിന്റെ പ്രസിഡന്റാണ് വിളിച്ചത്. സഹയാത്രികര്‍ക്ക് ഒരു സര്‍പ്രൈസ് ആയിരിക്കണം എന്റെ ഈ പരിപാടി. അതുകൊണ്ടുതന്നെ എന്നെ ബുക്ക് ചെയ്ത കാര്യം അദ്ദേഹം ആരോടും പറയില്ല. അന്നുമുതല്‍ ടൂര്‍ പോകുന്ന ദിവസംവരെ എന്നും അയാള്‍ എന്നെ വിളിക്കുമായിരുന്നു. ക്ലബ്ബിലുള്ള പലരുടെയും ഇരട്ടപ്പേരുകളും വണ്‍ മാന്‍ ഷോയില്‍ ഉള്‍പ്പെടുത്തേണ്ട മറ്റു ചില കാര്യങ്ങളും എല്ലാം എനിക്ക് പറഞ്ഞുതന്നു. പരിപാടി ഗംഭീരമാകണം, അത് മാത്രമായിരുന്നു ആവശ്യം. 

അങ്ങനെ ആ ദിവസം വന്നെത്തി. സ്ത്രീകളും കുട്ടികളുമൊക്കെ അടങ്ങുന്ന നാല്‍പതംഗസംഘം ബോട്ടില്‍ കയറി; അവരാരുടെയും കണ്ണില്‍പ്പെടാതെ ഞാനും. സസ്പെന്‍സ് പൊളിയരുതല്ലോ. ജിയാ എന്ന് പേരുള്ള ഹൗസ് ബോട്ട് തൊഴിലാളിയുമായിക്കൂടി ഞാന്‍ അടുക്കളപ്പുറത്ത് സ്ഥാനംപിടിച്ച് അവസരത്തിനായി കാത്തിരുന്നു. ബോട്ടിന്റെ പിന്‍ഭാഗത്ത് ആഘോഷങ്ങള്‍ തകര്‍ക്കുകയാണ്. മീന്‍ വറുത്തതിന്റെയും ചിക്കന്റെയും മദ്യത്തിന്റെയും എല്ലാം മണം. കൊക്കുകളും കാക്കകളും ബോട്ടിന് ചുറ്റും വട്ടമിട്ട് പറന്നു. എല്ലാവരുടെയും ഊണു കഴിഞ്ഞു. ഉച്ച കഴിയാറായി. പ്രസിഡന്റ് എന്റെ കാര്യം മറന്നോ?

placeholder
പുസ്തകത്തിന്റെ കവര്‍

ഞാന്‍ പതുക്കെ ആളുകളുടെ ഇടയിലേക്കു ചെന്നു. ബോട്ടിലെ തൊഴിലാളിയാണെന്നു കരുതി ഒരാള്‍ എന്നോട് നല്ല ചെത്തുകള്ളെവിടെ കിട്ടും എന്ന് ചോദിച്ചു. മറുപടിയായി നിങ്ങളുടെ പ്രസിഡന്റെവിടെ എന്ന് ഞാനും. ചുറ്റുമൊന്നു പരതിയ ശേഷം അയാള്‍ ഒരു മൂലയിലേക്കു കൈ ചൂണ്ടി. അവിടെ പ്ലാസ്റ്റിക് കസേരകള്‍ക്കിടയില്‍ പ്രസിഡന്റ് ബോധരഹിതനായി കിടക്കുന്നു. ഷര്‍ട്ടില്‍ അന്ന് അവിടെ വെച്ച എല്ലാ കറികളുമുണ്ട്. 'പുള്ളിക്ക് എന്റെ അത്ര കപ്പാസിറ്റി ഇല്ല, ഓഫായിപ്പോയി.' എന്നിട്ടയാള്‍ ഒരു ചിരിയും ചിരിച്ചു. ഞാന്‍ ആരാണെന്നും എന്തിന് വന്നതാണെന്നും പറഞ്ഞുതീരുംമുന്‍പേ എന്റെ കൈയില്‍ പിടിച്ചുവലിച്ച് ആള്‍ക്കൂട്ടത്തിനു നടുവിലേക്കു കൊണ്ടുപോയി. 'ദേ, ഇതൊരു മിമിക്രിക്കാരനാണ്. പുള്ളി നമ്മളെ അരമണിക്കൂര്‍ ചിരിപ്പിക്കും. തുടങ്ങിക്കോ' എന്നു പറഞ്ഞതും ആള്‍ക്കാര്‍ കൈയടിച്ചു. ഞാന്‍ ചോദിച്ചു:
'മൈക്ക്?' മറ്റൊരാള്‍ അവിടെ കിടന്ന ഒരു മിനറല്‍വാട്ടറിന്റെ കുപ്പി എനിക്ക് എടുത്തു തന്നു. 'ഇതാണ് മൈക്ക്.' ഈ സാഹചര്യത്തില്‍ പരിപാടി ചെയ്യാന്‍ പറ്റില്ല എന്ന് പറഞ്ഞതും കുട്ടികള്‍ കൂവി. 'അവതരിപ്പിക്കാതെ നീ ഇവിടന്ന് പോവൂല്ല.' ഭീഷണിയാണോ പരിഹാസമാണോ എന്നൊന്നും എനിക്കു മനസ്സിലായില്ല. ഞാന്‍ എന്തൊക്കെയോ കാണിച്ചു. ഭര്‍ത്താക്കന്മാര്‍ മദ്യലഹരിയില്‍, ഭാര്യമാര്‍ അവരുടെ വര്‍ത്തമാനങ്ങളില്‍, കുട്ടികള്‍ എനിക്ക് ചുറ്റും ഓടിക്കളിക്കുന്നു. അതിനെല്ലാം മുകളില്‍ ബോട്ടിന്റെ ശബ്ദം... എന്റെ മിമിക്രി കായലിലെ ഉപ്പുവെള്ളത്തില്‍ കലങ്ങി. 

'നമുക്കെന്തെങ്കിലും ഗെയിംസൊക്കെ ചെയ്യാം. ഇത് ബോറാണ്.' മിമിക്രിക്ക് തിരശ്ശീലയിട്ടുകൊണ്ട് ഒരു സ്ത്രീ എഴുന്നേറ്റ് കാര്യം പറഞ്ഞു. തിരിച്ച് ബോട്ടോടിക്കുന്ന ആളോടൊപ്പം ഞാന്‍ മുന്നില്‍ പോയിരുന്നു. നല്ലൊരു അഭിനേതാവല്ലാത്തതുകൊണ്ട് സങ്കടം അടക്കിപ്പിടിച്ചിരിക്കാന്‍ എനിക്കായില്ല. ഞാന്‍ കരഞ്ഞു. 'മോന്‍ ചോറുണ്ടില്ലല്ലോ,' അയാള്‍ വിഷയം മാറ്റി എന്നെ സമാധാനിപ്പിക്കാന്‍ നോക്കി. രണ്ടാംഘട്ട കള്ളുകുടിക്കായി ബോട്ട് കൈനകരി എന്ന സ്ഥലത്തോ മറ്റോ നിര്‍ത്തി. ഞാന്‍ ബോട്ടില്‍നിന്നും ആരും കാണാതെ ഇറങ്ങിയോടി. പലരോടും വഴി ചോദിച്ച് ബസ് കിട്ടുന്ന സ്ഥലത്തെത്തി യാത്ര തുടര്‍ന്നു. കുറച്ച് വര്‍ഷങ്ങള്‍ക്കിപ്പുറം മമ്മുക്കയെ നായകനാക്കി ഞാന്‍ സംവിധാനം ചെയ്ത ഗാനഗന്ധര്‍വന്‍ എന്ന ചിത്രത്തില്‍ ദേവന്‍ എന്ന നടന്‍ അവതരിപ്പിച്ച കഥാപാത്രത്തെ അന്ന് ആ ബോട്ടില്‍നിന്നും ഞാന്‍ എടുത്തുകൊണ്ടോടിയതാണ്.