ഓഷോയുടെ 'ഞാന്‍ സ്‌നേഹിച്ച പുസ്തകങ്ങളി'ല്‍ നിന്നൊരു ഭാഗം; 

To advertise here,

ഞാന്‍ തീര്‍ച്ചയായും പറയേണ്ടിയിരുന്ന ചില പുസ്തകങ്ങളെ ഇന്ന് രാവിലെ സൂചിപ്പിക്കാത്തതിന് ഞാന്‍ ക്ഷമ ചോദിക്കുന്നു. സരതുസ്ത്രന്‍, മിര്‍ദാദ്, ചുവാങ്സു, ലാവോത്സു, യേശു, കൃഷ്ണന്‍ എന്നിവരില്‍ ഏറെ മുഗ്ധനായിപ്പോയതിനാല്‍ അവരുടെതിനെക്കാള്‍ വളരെ പ്രധാനപ്പെട്ട ചില പുസ്തകങ്ങള്‍ ഞാന്‍ മറന്നുപോയി. ഖലീല്‍ ജിബ്രാന്റെ പ്രവാചകന്‍ മറന്നുപോയെന്ന് ഇപ്പോഴും എനിക്ക് വിശ്വസിക്കാനാകുന്നില്ല. അത് എന്നെ ഇപ്പോഴും വിഷമിപ്പിക്കുന്നു. ആ ഭാരമിറക്കിവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നത്, പ്രത്യേകിച്ച് ആരോടുമല്ലെങ്കിലും.

അവസാനവാക്കായ പുസ്തകത്തെ- സൂഫികളുടെ പുസ്തകം- മറക്കാന്‍ എനിക്ക് കഴിഞ്ഞത് എങ്ങനെയാണ്? ഒരുപക്ഷേ, അതില്‍ ഒന്നും ഇല്ലാത്തതുകൊണ്ടാകണം ഞാന്‍ മറന്നത്, ഒഴിഞ്ഞ താളുകള്‍ മാത്രം. ആയിരത്തിയിരുനൂറു വര്‍ഷങ്ങളായി സൂഫികള്‍ ഈ ഗ്രന്ഥത്തെ അങ്ങേയറ്റത്തെ ആദരവോടെ ചുമലിലേറ്റുകയാണ്, അതിന്റെ താളുകള്‍ മറിച്ച് പഠിക്കുകയാണ്. അവരെന്താണ് പഠിക്കുന്നതെന്നാലോചിച്ച് അദ്ഭുതപ്പെടുകയാണ് നമ്മള്‍. ദീര്‍ഘനേരം ഒഴിഞ്ഞ താളിനെ നോക്കിയിരുന്നാല്‍ നിങ്ങള്‍ തനിയേ നിങ്ങളിലേക്ക് തിരിച്ചെത്തുകതന്നെ ചെയ്യും. അതാണ് ശരിയായ പഠനം. സാധന.

ആ ഗ്രന്ഥത്തെ എനിക്കെങ്ങനെ മറക്കാനായി? ഇനി ആരാണെനിക്ക് മാപ്പു തരിക? ആ ഗ്രന്ഥമായിരുന്നു ആദ്യം സൂചിപ്പിക്കേണ്ടിയിരുന്നത്, അവസാനമല്ല. ആ ഗ്രന്ഥത്തെ അതിലംഘിക്കാന്‍ കഴിയില്ല. ഒന്നുംതന്നെയില്ലാത്ത, ഒന്നുമില്ലായ്മയുടെ സന്ദേശമടങ്ങിയ, പുസ്തകത്തെക്കാള്‍ മഹനീയമായ ഒന്ന് സൃഷ്ടിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? ഒന്നുമില്ലായ്മയെ ഒരു വസ്തുവുമില്ലാത്ത അവസ്ഥയെന്ന് കുറിക്കണം, ദേവഗീത്; അല്ലെങ്കില്‍ നിഷേധാത്മകമായ ഒരര്‍ഥമാണ് ഒന്നുമില്ലായ്മയ്ക്ക് ഉള്ളത്- ഒഴിഞ്ഞത് എന്ന അര്‍ഥം; അതല്ല കാര്യം. 'നിറവ്' എന്നാണ് അര്‍ഥം. പൗരസ്ത്യനാടുകളില്‍ ഒഴിഞ്ഞത് എന്നത് തികച്ചും വ്യത്യസ്തമായ ഒരു പശ്ചാത്തലത്തിലാണ് ഉപയോഗിക്കുന്നത്. ശൂന്യത.

placeholder
പുസ്തകത്തിന്റെ കവര്‍ പേജ്‌

എന്റെ സന്ന്യാസിമാരിലൊരാളെ ഞാന്‍ ശൂന്യോ എന്ന് വിളിച്ചു. പക്ഷേ, ആ വിഡ്ഢി സ്വയം ഡോക്ടര്‍ എയിഹ്ലിങ് എന്ന് വിളിക്കുന്നത് തുടരുന്നു. ഇതിലും വലിയ വിഡ്ഢിത്തമുണ്ടോ? 'ഡോക്ടര്‍ എയിഹ്ലിങ്'- എത്ര വൈരൂപ്യമുള്ള പേരാണ്! ഡോക്ടര്‍ എയിഹ്ലിങ് ആകാന്‍ വേണ്ടി മാത്രം അയാള്‍ തന്റെ താടി വടിച്ചുകളഞ്ഞു. താടിയുള്ളപ്പോള്‍ അയാള്‍ക്കല്പം സൗന്ദര്യമൊക്കെയുണ്ടായിരുന്നു.
പൗരസ്ത്യദേശങ്ങളില്‍ ശൂന്യതയുടെ അര്‍ഥം ഇംഗ്ലീഷ് ഭാഷയില്‍ ആ വാക്കിന് (emptiness) കല്പിക്കുന്നതല്ല. നിറഞ്ഞ അവസ്ഥ, നിറഞ്ഞുതുളുമ്പുന്ന അവസ്ഥ, ഇനി കൂടുതലൊന്നും വേണ്ടാത്ത അവസ്ഥ എന്നാണ്. ഏകമായ ഈ പുസ്തകത്തിന്റെ സന്ദേശം അതാണ്. ദയവായി അതുംകൂടി പട്ടികയില്‍ ഉള്‍പ്പെടുത്തുക.
ആദ്യം സൂഫികളുടെ പുസ്തകം.

രണ്ടാമത് ഖലീല്‍ ജിബ്രാന്റെ പ്രവാചകന്‍. പ്രവാചകനെ എനിക്ക് അനായാസം ഒഴിവാക്കാമായിരുന്നു, ഫ്രെഡറിക് നീഷെയുടെ സരതുസ്ത്രയുടെ വചനങ്ങള്‍ എന്ന കൃതിയുടെ പ്രതിധ്വനി മാത്രമാണത് എന്ന ലളിതമായ കാരണത്താല്‍. നമ്മുടെ ലോകത്ത് ആരും സത്യം സംസാരിക്കുന്നില്ല. നാം അത്രയ്ക്ക് നുണയന്‍മാരാണ്, അത്രയ്ക്ക് ബലം പിടിച്ച്, അത്രയ്ക്ക് ആചാരമര്യാദകള്‍ പാലിച്ച്... പ്രവാചകന്‍ സുന്ദരമായിരിക്കുന്നത് അത് സരതുസ്ത്രനെ പ്രതിധ്വനിപ്പിക്കുന്നതുകൊണ്ടു മാത്രമാണ്.

മൂന്നാമത്, ലിയേത്സുവിന്റെ പുസ്തകം. ലാവോത്സു ഞാന്‍ പറഞ്ഞു, ചുവാങ്സു ഞാന്‍ സൂചിപ്പിച്ചു; ലിയേത്സു ഞാന്‍ മറന്നുപോയി, ലാവോത്സുവിന്റെയും ചുവാങ്സുവിന്റെയും ശരിയായ പൂര്‍ത്തീകരണമാണ് അദ്ദേഹം. ലിയേത്സു മൂന്നാംതലമുറയാണ്. ലാവോത്സുവായിരുന്നു ഗുരുനാഥന്‍, ചുവാങ്സു ശിഷ്യനും. ലിയേത്സു ശിഷ്യന്റെ ശിഷ്യനായിരുന്നു, ഒരുപക്ഷേ, ഞാന്‍ മറന്നത് അതുകൊണ്ടാകാം. പക്ഷേ, അദ്ദേഹത്തിന്റെ കൃതി അതിമനോഹരമാണ്, അതിനെ ഈ പട്ടികയില്‍ പെടുത്തിയേ പറ്റൂ.

നാലാമതായി, ഇത് ശരിക്കും വിസ്മയിപ്പിക്കുന്നതാണ് കേട്ടോ. പ്ലേറ്റോയുടെ, സോക്രട്ടീസിന്റെ സംഭാഷണങ്ങള്‍ ഞാന്‍ സൂചിപ്പിച്ചില്ല. ഒരുപക്ഷേ, പ്ലേറ്റോ കാരണമാകാം ഞാന്‍ മറന്നത്. പ്ലേറ്റോ പരാമര്‍ശയോഗ്യനല്ല. അദ്ദേഹം വെറും തത്ത്വചിന്തകനായിരുന്നു; പക്ഷേ, അദ്ദേഹമെഴുതിയ സോക്രട്ടീസിന്റെ സംഭാഷണങ്ങളും അദ്ദേഹത്തിന്റെ മരണവും എന്ന കൃതിയെ അമിതമായി പ്രശംസിക്കാതിരിക്കുക ബുദ്ധിമുട്ടാണ്, അതിനെയും ഉള്‍പ്പെടുത്തിയേ തീരൂ.

അഞ്ചാമതായി, ബോധിധര്‍മന്റെ ശിഷ്യരുടെ കുറിപ്പുകളും ഞാന്‍ മറന്നു. ഗൗതമബുദ്ധനെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ഞാന്‍ ബോധിധര്‍മനെപ്പറ്റി മറന്നുപോകുന്നു. ഒരുപക്ഷേ, അദ്ദേഹത്തിന്റെ ഗുരു ബുദ്ധനൊപ്പം അദ്ദേഹത്തെയും പെടുത്തി എന്ന് എനിക്കു തോന്നുന്നതു കൊണ്ടാകാം അത്. പക്ഷേ, അല്ല, അതു ശരിയല്ല; ബോധിധര്‍മന് സ്വന്തം നിലയ്ക്ക് നിലനില്പുണ്ട്. മഹാനായ ശിഷ്യനായിരുന്നു അദ്ദേഹം, ഗുരുവിനുപോലും അസൂയപ്പെടാവുന്നത്ര മഹാന്‍. സ്വന്തമായി ഒരു വാക്കുപോലും അദ്ദേഹം എഴുതിയില്ല. പക്ഷേ, അദ്ദേഹത്തിന്റെ ചില ശിഷ്യര്‍, സ്വന്തം പേരുകള്‍ പറയാത്തതിനാല്‍ അജ്ഞാതരായവര്‍, ബോധിധര്‍മന്റെ വാക്കുകളില്‍ ചില കുറിപ്പുകളെഴുതി. വളരെക്കുറച്ചേയുള്ളൂവെങ്കിലും അവ കോഹിനൂര്‍പോലെ അമൂല്യമാണ്. കോഹിനൂര്‍ എന്ന പദത്തിനര്‍ഥം, നിങ്ങള്‍ക്കറിയാമല്ലോ, ലോകത്തിന്റെ പ്രകാശമെന്നാണ്. നൂര്‍ എന്നാല്‍ പ്രകാശം, കോഹി എന്നാല്‍ ലോകത്തെ സംബന്ധിച്ചത്. എന്തിനെയെങ്കിലും ഞാന്‍ കോഹിനൂര്‍ എന്ന് വിശേഷിപ്പിക്കണമെന്നുണ്ടെങ്കില്‍ ബോധിധര്‍മന്റെ അജ്ഞാതരായ ശിഷ്യന്മാര്‍ തയ്യാറാക്കിയ ആ കുറിപ്പുകളിലേക്ക് ഞാന്‍ വിരല്‍ ചൂണ്ടും.

ആറാമത്, റുബായിയാത്തും ഞാന്‍ മറന്നുപോയി. എന്റെ കണ്ണുകള്‍ സജലങ്ങളാവുന്നു. മറ്റെല്ലാം മറന്നുപോയാലും എനിക്ക് ക്ഷമ ചോദിക്കാം. പക്ഷേ, റുബായിയാത്തിന്റെ കാര്യത്തില്‍ പറ്റില്ല. ഒമര്‍ ഖയ്യാം... എനിക്ക് കരയാം, വിലപിക്കാം, അത്ര മാത്രമേ കഴിയൂ. കണ്ണീരുകൊണ്ടു മാത്രമേ എനിക്ക് ക്ഷമ യാചിക്കാനാകൂ, വാക്കുകള്‍ പോരാ. ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ടതും, അതേസമയം ലോകത്തില്‍ ഏറ്റവുമധികം പാരായണം ചെയ്യപ്പെട്ടതുമായ ഗ്രന്ഥങ്ങളിലൊന്നാണ് റുബായിയാത്ത്. വിവര്‍ത്തനത്തിലാണ് അത് ഗ്രഹിക്കപ്പെടുന്നത്. പക്ഷേ, അതിന്റെ ആത്മാവ് തെറ്റിദ്ധരിക്കപ്പെടുന്നു. വിവര്‍ത്തകന് അതില്‍ ആത്മാവിനെ ആനയിക്കാനാകുന്നില്ല. റുബായിയാത്ത് പ്രതീകാത്മകമാണ്, വിവര്‍ത്തകന്‍ വളരെ ഋജുബുദ്ധിയായ ഇംഗ്ലീഷുകാരനായിരുന്നു; അമേരിക്കക്കാര്‍ പറയുംപോലെ, ചതുരവടിവുള്ള വ്യക്തി, ഒട്ടുംതന്നെ പുതുമയെ ഉള്‍ക്കൊള്ളുന്ന ആളല്ല. റുബായിയാത്ത് ഉള്‍ക്കൊള്ളാന്‍ നിങ്ങളില്‍ ആ സര്‍ഗാത്മകത അല്പമെങ്കിലും ഉണ്ടാവണം.

റുബായിയാത്ത് മദ്യത്തെയും മദിരാക്ഷിയെയും കുറിച്ച് സംസാരിക്കുന്നു, മറ്റൊന്നിനെയും പറ്റിയല്ല; അത് മദ്യത്തെയും മങ്കയെയും പറ്റി പാടുന്നു. വിവര്‍ത്തകരെല്ലാം- അവര്‍ നിരവധി പേരുണ്ട്-തെറ്റാണ്. അവര്‍ക്ക് തെറ്റുപറ്റാതെ നിവര്‍ത്തിയില്ല. എന്തെന്നാല്‍ ഒമര്‍ ഖയ്യാം സൂഫിയായിരുന്നു, തസവൂഫ് ഉള്ളയാള്‍, ജ്ഞാനമുള്ളയാള്‍. സ്ത്രീയെക്കുറിച്ച് സംസാരിക്കുമ്പോള്‍ അദ്ദേഹം പറയുന്നത് ദൈവത്തെക്കുറിച്ചാണ്. സൂഫികള്‍ ഈശ്വരനെ അഭിസംബോധന ചെയ്യുന്നത് അപ്രകാരമാണ്: പ്രിയതമേ, എന്റെ പ്രിയതമേ എന്ന്. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം അവര്‍ ദൈവത്തിന് സ്ത്രീലിംഗപദങ്ങളാണ് ഉപയോഗിക്കുന്നത്. മാനവരാശിയുടെയും ബോധത്തിന്റെയും സമ്പൂര്‍ണചരിത്രമെടുത്താല്‍, ലോകത്തില്‍ മറ്റാരും ഈശ്വരനെ സ്ത്രീയെന്ന നിലയില്‍ അഭിസംബോധന ചെയ്തിട്ടില്ല. സൂഫികള്‍ മാത്രമേ ദൈവത്തെ പ്രിയതമയെന്നു വിളിക്കുന്നുള്ളൂ. പ്രേമിക്കുന്നയാളിനും പ്രേമിക്കപ്പെടുന്നയാ
ളിനും ഇടയ്ക്കു സംഭവിക്കുന്നതാണ് വീഞ്ഞ്, അതിന് മുന്തിരിയുമായി യാതൊരു ബന്ധവുമില്ല. പ്രേമിക്കുന്നയാളിനും പ്രേമിക്കപ്പെടുന്നയാളിനും ഇടയ്ക്ക്, ശിഷ്യനും ഗുരുവിനുമിടയ്ക്ക്, അന്വേഷിക്കും അന്വേഷിക്കപ്പെടുന്നതിനും ഇടയ്ക്ക്, ഭക്തനും ദൈവത്തിനുമിടയ്ക്ക് സംഭവിക്കുന്ന രസതന്ത്രം. ആ രസതന്ത്രം, ആ പരിവര്‍ത്തനം- അതാണ് വീഞ്ഞ്. അത്രയേറെ തെറ്റിദ്ധരിക്കപ്പെടുന്നതാണ് റുബായിയാത്ത്. ഞാന്‍ മറന്നുപോയത്, ഒരുപക്ഷേ, അതിനാലാവണം.

ഏഴാമതായി, ജലാലുദ്ദീന്‍ റൂമിയുടെ മസ്നവി. ചെറിയ സാരോപദേശകഥകളുടെ പുസ്തകം. മഹത്തായ കാര്യങ്ങളൊക്കെ സാരോപദേശകഥകളിലൂടെ മാത്രമേ പറയാനാകൂ. യേശു സംസാരിക്കുന്നത് സാരോപദേശകഥകളിലൂടെയാണ്, മസ്നവി സംസാരിക്കുന്നതും അങ്ങനെത്തന്നെ. ഞാനത് മറന്നുപോയത് എന്തുകൊണ്ടാണ്? ഗുണപാഠകഥകള്‍ എനിക്ക് വളരെ ഇഷ്ടമാണ്; ഞാനത് മറക്കാന്‍ പാടില്ലായിരുന്നു. അതില്‍നിന്നുള്ള നൂറുകണക്കിന് ഗുണപാഠകഥകള്‍ ഞാനുപയോഗിച്ചിട്ടുള്ളതാണ്. ഒരുപക്ഷേ, അവ അത്രത്തോളം എന്റേതായിക്കഴിഞ്ഞതിനാല്‍ അവയെ എടുത്തുപറയാന്‍ ഞാന്‍ മറന്നതാകണം. പക്ഷേ, അതൊന്നും ഒഴികഴിവല്ല, ക്ഷമാപണം നടത്തിയേ തീരൂ.

എട്ടാമത്തേത്, ഈശോപനിഷത്താണ് എട്ടാമത്തേത്. അതിനെക്കുറിച്ച് ഞാന്‍ മറന്നുപോയത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാന്‍ വളരെ എളുപ്പമാണ്. ഞാനതു പാനം ചെയ്തിട്ടുണ്ട്, എന്റെ രക്തത്തിന്റെയും അസ്ഥികളുടെയും ഭാഗമായിരിക്കുന്നു അത്, അത് ഞാനാണ്. അതേക്കുറിച്ച് നൂറുകണക്കിന് തവണ ഞാന്‍ സംസാരിച്ചിരിക്കുന്നു. വളരെ ചെറിയ ഉപനിഷത്താണത്. നൂറ്റിയെട്ട് ഉപനിഷത്തുകളുള്ളതില്‍ ഏറ്റവും ചെറുത്. ഒരു തപാല്‍കാര്‍ഡിന്റെ പുറത്ത് അത് അച്ചടിക്കാം, അതിന്റെ ഒരു വശത്തുമാത്രം. പക്ഷേ, ശേഷിച്ച നൂറ്റിയേഴും അതില്‍ അടങ്ങിയിരിക്കുന്നു, അതിനാല്‍ അവയെക്കുറിച്ച് പറയണമെന്നില്ല. ഈശയിലാണ് ബീജമുള്ളത്.

ഈശ എന്ന വാക്കിന് ദിവ്യം എന്നാണ് അര്‍ഥം. ഇന്ത്യയില്‍ ക്രിസ്തുവിനെ 'ക്രിസ്തു'വെന്നല്ല വിളിക്കുന്നത് എന്നറിയുമ്പോള്‍ നിങ്ങള്‍ അദ്ഭുതപ്പെട്ടേക്കാം, ഞങ്ങള്‍ അദ്ദേഹത്തെ 'ഈശ' എന്ന് വിളിക്കുന്നു, യഥാര്‍ഥ അരാമായിക് ഭാഷയിലെ യേശ്വയോടും ഇംഗ്ലീഷിലെ ജോഷ്വയോടും ഏറെ അടുപ്പമുള്ള ഈശ. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ യേശുവെന്നാകണം വിളിച്ചിരുന്നിരിക്കുക. 'യേശു'വിന് നീളക്കൂടുതലാണ്. ആ പേര് ഇന്ത്യയിലെത്തിച്ചേര്‍ന്നു, അവിടെ യേശു ഇശുവായി. ഇശു ദൈവമെന്നര്‍ഥമുള്ള ഈശയോട് വളരെ ചേര്‍ന്നുനില്ക്കുന്നുവെന്നും അവനെ ഈശയെന്ന് വിളിക്കുന്നതാവും നല്ലതെന്നും ഭാരതീയര്‍ അതിവേഗം തിരിച്ചറിഞ്ഞു.
മനനം ചെയ്തവരുടെ അതിമഹത്തായ സൃഷ്ടികളിലൊന്നാണ് ഈശോപനിഷത്ത്.

ഒന്‍പതാമതായി, ഗുര്‍ജിയേഫിനെയും അദ്ദേഹത്തിന്റെ എല്ലാമെല്ലാം (All and Everything) എന്ന ഗ്രന്ഥത്തെയും കുറിച്ച് എന്തെങ്കിലും പറയാന്‍ ഞാന്‍ വിട്ടുപോയി. ഒരുപക്ഷേ, വായനാക്ഷമംപോലുമല്ലാത്ത അതിവിചിത്രമായ പുസ്തകമായതുകൊണ്ടാകാം അത്. ഈ പുസ്തകത്തിന്റെ ആദ്യതാള്‍ മുതല്‍ അവസാനംവരെ വായിച്ചവരില്‍ ജീവിച്ചിരിക്കുന്നത് ഒരുപക്ഷേ, ഞാന്‍ മാത്രമായിരിക്കും. ഗുര്‍ജിയേഫിന്റെ നിരവധി അനുയായികളെ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ, അവര്‍ക്കാര്‍ക്കും എല്ലാമെല്ലാം അതിന്റെ സമഗ്രതയില്‍ വായിക്കാനായിട്ടില്ല.

ഈശോപനിഷത്തില്‍നിന്നും വ്യത്യസ്തമായി വമ്പന്‍ ഗ്രന്ഥമാണിത്- ഒരായിരം പേജുകള്‍. ഗുര്‍ജിയേഫ് അത്രയ്ക്ക് ഒരു തെമ്മാടിപുണ്യവാളനായതിനാല്‍- തെമ്മാടിപുണ്യവാളനെന്ന് വിശേഷിപ്പിക്കാന്‍ ദയവായി എന്നെ അനുവദിക്കുക- വായിക്കാന്‍ അസാധ്യമായ രീതിയിലാണ് അദ്ദേഹം എഴുതുന്നത്. ഒരു വാചകം പേജുകളോളം നീണ്ടേക്കാം. വാചകത്തിന്റെ അന്ത്യമെത്തുമ്പോള്‍ അതിന്റെ തുടക്കം നിങ്ങള്‍ മറന്നുപോയേക്കാം. മാത്രമല്ല, അദ്ദേഹം സ്വയം സൃഷ്ടിച്ച വാക്കുകള്‍ ഉപയോഗിക്കുന്നു, എന്നെപ്പോലെ. വിചിത്രപദങ്ങള്‍... ഉദാഹരണത്തിന്, കുണ്ഡലിനിയെക്കുറിച്ച് എഴുതുമ്പോള്‍ അദ്ദേഹം പ്രയോഗിക്കുന്നത് 'കുണ്ഡാബഫര്‍' എന്ന വാക്കാണ്, അതായിരുന്നു കുണ്ഡലിനിക്ക് അദ്ദേഹം നല്കിയ പേര്. ഏറെ മൂല്യം ഉള്ളതാണ് ഈ ഗ്രന്ഥം, പക്ഷേ, വജ്രക്കല്ലുകള്‍ സാധാരണ കല്ലുകള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്നു. അതിനായി അന്വേഷിക്കുകയും തിരയുകയും ചെയ്തേ തീരൂ.

ഒരു തവണയല്ല, പലതവണ ഞാന്‍ ഈ പുസ്തകം വായിച്ചിട്ടുണ്ട്. കൂടുതല്‍ മുഴുകുന്തോറും എനിക്ക് കൂടുതല്‍ ഇഷ്ടം തോന്നും; അപ്പോള്‍ എനിക്ക് ആ തെമ്മാടിയെ കൂടുതല്‍ മനസ്സിലാകും, അറിയേണ്ടാത്തവരില്‍നിന്നും അദ്ദേഹം എന്താണ് ഒളിച്ചുപിടിക്കുന്നതെന്ന് എനിക്ക് കൂടുതല്‍ വ്യക്തമായി അറിയാനാകും. സ്വാംശീകരിക്കാന്‍ ഇനിയും പ്രാപ്തി കൈവരിക്കാന്‍ കഴിയാത്തവര്‍ക്കുവേണ്ടിയല്ല ജ്ഞാനം. അതേക്കുറിച്ച് ബോധമില്ലാത്തവരില്‍നിന്നും ജ്ഞാനം മറച്ചുപിടിച്ചേ തീരൂ, സ്വാംശീകരിക്കാന്‍ കഴിവുള്ളവര്‍ക്കു മാത്രമാണ് ജ്ഞാനം. സന്നദ്ധരായവര്‍ക്കു മാത്രമേ അതു നല്കാവൂ. ഇത്രയും വിചിത്രമായ രീതിയില്‍ എഴുതുന്നതിന്റെയാകെ ലക്ഷ്യം അതു മാത്രമാണ്. ഗുര്‍ജിയേഫിന്റെ എല്ലാമെല്ലാമിനെക്കാള്‍ വിചിത്രമായ മറ്റൊരു ഗ്രന്ഥമില്ല, തീര്‍ച്ചയായും അത് എല്ലാമെല്ലാമാണ്.

പത്താമത്, ഈ പുസ്തകത്തെ ഞാന്‍ ഓര്‍മിച്ചുവെങ്കിലും സൂചിപ്പിച്ചില്ല. ഗുര്‍ജിയേഫിനെ വഞ്ചിച്ച അദ്ദേഹത്തിന്റെ ശിഷ്യന്‍ പി.ഡി. ഔസ്പെന്‍സ്‌കി ആണ് ഗ്രന്ഥകര്‍ത്താവ് എന്നതാണ് കാരണം. ഈ ചതി കാരണം പുസ്തകത്തെ ഉള്‍പ്പെടുത്തേണ്ട എന്ന് ഞാന്‍ വിചാരിച്ചതാണ്. പക്ഷേ, ഗുരുവിനെ വഞ്ചിക്കുംമുന്‍പ് എഴുതപ്പെട്ടതാണ് ഈ പുസ്തകം, അതിനെ ഉള്‍പ്പെടുത്താന്‍ ഞാന്‍ ഒടുവിലാണ് തീരുമാനിച്ചത്. അദ്ഭുതങ്ങള്‍ക്കു പിന്നാലെ (In Search of the Miraculous) എന്നാണ് ഗ്രന്ഥത്തിന്റെ പേര്. ഉജ്ജ്വലമനോഹരമാണ് ഇത്, വെറും ശിഷ്യന്‍ മാത്രമായിരുന്ന, സ്വയം അറിയാതിരുന്ന ഒരാള്‍ എഴുതിയത് എന്ന നിലയില്‍ പ്രത്യേകിച്ചും. ശിഷ്യന്‍ മാത്രമല്ലായിരുന്നു അയാള്‍; പില്ക്കാലത്ത് യൂദാസുമായി, ഗുര്‍ജിയേഫിനെ ഒറ്റി. വിചിത്രമാണത്, പക്ഷേ, വിചിത്രമായ കാര്യങ്ങളാല്‍ നിറഞ്ഞതാണ് ലോകം.

ഗുര്‍ജിയേഫിന്റെ സ്വന്തം പുസ്തകത്തെക്കാള്‍ ഗുര്‍ജിയേഫിനെ പ്രതിനിധീകരിക്കുന്നതാണ് ഔസ്പെന്‍സ്‌കിയുടേത്. ഒരുപക്ഷേ, ഉണ്‍മയുടെ ഒരു പ്രത്യേക അവസ്ഥയില്‍ ഗുര്‍ജിയേഫ് ഔസ്പെന്‍സ്‌കിയെ ആവേശിക്കുകയും അയാളെ മാധ്യമമായി ഉപയോഗിക്കുകയും ചെയ്തിരിക്കാം; ഞാനിപ്പോള്‍ ദേവഗീതിനെ മാധ്യമമായി ഉപയോഗിക്കുന്നതുപോലെ. അയാളിപ്പോള്‍ കുറിപ്പുകളെഴുതുകയാണ്, ഞാനാകട്ടെ, പകുതി അടച്ച കണ്ണുകളാല്‍ എല്ലാം നിരീക്ഷിക്കുകയും. കണ്ണുകളടച്ചും എനിക്കുകാണാന്‍ കഴിയും. ഞാന്‍ വെറുമൊരു കാഴ്ചക്കാരനാണ്, കുന്നിന്മുകളിലെ കാണി. എനിക്ക് മറ്റു ജോലിയൊന്നുമില്ല, ഈ കാഴ്ചയല്ലാതെ.

പതിനൊന്നാമത്, ബോധോദയം ഉണ്ടായ ഒരാളല്ല ഈ ഗ്രന്ഥമെഴുതിയത്; ഗുരുവുമല്ലായിരുന്നു, ശിഷ്യനുമല്ലായിരുന്നു. വാള്‍ട്ട് വിറ്റ്മാന്‍ രചിച്ച ലീവ്സ് ഓഫ് ഗ്രാസ്സ് പക്ഷേ, എന്തോ അദ്ദേഹത്തിനുള്ളിലെ കവിയെ തുളച്ചുകടന്ന് പുറത്തെത്തിയിരിക്കുന്നു. മുളന്തണ്ടിലുണ്ടാക്കിയ പുല്ലാങ്കുഴല്‍പോലെ കവി പ്രവര്‍ത്തിച്ചിരിക്കുന്നു. അതിലെ സ്വരങ്ങള്‍ പുല്ലാങ്കുഴലിന്റെതു മാത്രമല്ല, അവ മുളന്തണ്ടിനു മാത്രം അവകാശപ്പെട്ടതുമല്ല. വാള്‍ട്ട് വിറ്റ്മാന്‍ ഒരു അമേരിക്കന്‍ മുളന്തണ്ടുമാത്രം. പക്ഷേ, ലീവ്സ് ഓഫ് ഗ്രാസ്സ് അതിമനോഹരമാണ്. ഈശ്വരനില്‍നിന്നും നിറഞ്ഞുതുളുമ്പിയതെന്തോ ഈ കവി ശേഖരിച്ചിരിക്കുന്നു. എന്റെ അറിവനുസരിച്ച് പറഞ്ഞാല്‍, വാള്‍ട്ട് വിറ്റ്മാനല്ലാതെ മറ്റൊരു അമേരിക്കക്കാരനും അതിനെ സ്പര്‍ശിച്ചിരിക്കാന്‍, ഭാഗികമായിപ്പോലും, ഇടയില്ല; അത്രയും ജ്ഞാനം മറ്റൊരു അമേരിക്കക്കാരനും ഇല്ല.

തടസ്സപ്പെടുത്തരുത്! വല്ലപ്പോഴുമെങ്കിലും നിങ്ങള്‍ ആ കുറിപ്പുകളെഴുതൂ. പില്ക്കാലത്ത് ഇതു വിട്ടുപോയി, അത് വിട്ടുപോയി എന്ന് നിങ്ങള്‍ പശ്ചാത്തപിക്കാന്‍ ഇടവരും. കുറിപ്പുകളെഴുതിക്കൊണ്ടേയിരിക്കുക. സമയമാകുമ്പോള്‍ ഞാന്‍ നിറുത്താന്‍ പറയാം. എന്റെ സമയം കഴിഞ്ഞോ? എന്റെ സമയം വളരെ നേരത്തേ കഴിഞ്ഞതാണ്; ഇന്നല്ല, ഇരുപത്തഞ്ചിലധികം വര്‍ഷങ്ങള്‍ക്കു മുന്‍പ്. ഞാനൊരു മരണാനന്തരജീവിതം നയിക്കുകയാണ്, ഒരു കത്തിന്റെ പിന്‍കുറിപ്പുപോലെ. പക്ഷേ, ചിലപ്പോള്‍ മുഴുവന്‍ കത്തിനെക്കാള്‍ പ്രധാനമായിരിക്കും അതിലെ പിന്‍കുറിപ്പ്. എത്ര വിസ്മയകരമായ ലോകമാണിത്... ഈ ശൃംഗങ്ങളില്‍പ്പോലും താഴ്വാരത്തിലെ അടക്കിച്ചിരി കേള്‍ക്കാനാകുന്നു. ഒരര്‍ഥത്തില്‍ അത് നല്ലതാണ്, അത് അവരെ ഒരുമിച്ചുചേര്‍ക്കുന്നു.

കഷ്ടം, എല്ലാം ഉടന്‍ കഴിയും. അത് എന്നും നിലനില്ക്കുന്നതാക്കാന്‍ നമുക്ക് കഴിയില്ലേ? ഇപ്പോഴത്തേക്ക് വേണ്ടിയെങ്കിലും എന്നെ വഞ്ചിക്കാതിരിക്കൂ. മനുഷ്യന്‍ മാത്രമാണ് ഭീരു. യൂദാസുകളാകാതിരിക്കാന്‍ ശിഷ്യന്‍മാര്‍ക്ക് കഴിയില്ലേ?
എല്ലാം കഴിയുമ്പോള്‍ നിങ്ങള്‍ക്ക് നിറുത്താം.
നന്നായി...അല്ലേലൂയ!