ഫോട്ടോ: രാഹുൽ മാള
ഇവനൊരു കള്ളലക്ഷണം
ഞാന്‍ ഇന്നസെന്റ്. അതേന്നേ, ഇന്നസെന്റ്. പച്ചപ്പാവം.
എന്റെ അമ്മ ഓരോ കുഞ്ഞിനെ പ്രസവിക്കുമ്പോഴും കൊച്ചിനെ കൊണ്ടുവന്ന് നടേലകത്തു കിടത്തും. നടേലകം ന്തൂട്ടാന്ന് അറിയോ? വീടിന്റെ നടുവിലുള്ളതാ ഈ നടേലകം.
അപ്പന്‍ പ്രസവമുറിയില്‍ കയറണ ഏര്‍പ്പാടില്ല. എന്നുവെച്ച് അപ്പന് സ്വന്തം ക്ടാവിനെ കാണാണ്ടിരിക്കാന്‍ പറ്റ്വോ? അതിനാ ഇത്.
അപ്പനങ്ങ്ട് വരും. കുട്ടിയെ ങ്ങ്ട് കാണും. പറ്റിയൊരു പേരങ്ങ്ട് ഇടും. പ്രത്യേകിച്ചു പേരിന്റെ അര്‍ഥൊന്നും മൂപ്പര് നോക്കില്ലാ ട്ടൊ. അമ്മ എന്നെയും പെറ്റു.
പതിവിന്‍പടി അപ്പനു കാണാനായിട്ട് ആരോ എന്നെ നടേലകത്തു കൊണ്ടുപോയി കിടത്തി.
അപ്പന്‍ വന്നു. ഒന്നങ്ങ്ട് നോക്കി.
അങ്ങോര് ഒന്നു ഞെട്ടി.
ഈ ചെക്കന്റെ മുഖത്തിനൊരു കള്ളലക്ഷണം ഉണ്ടോ? അപ്പനൊരു സംശയം.
ഒന്നുകൂടി സൂക്ഷിച്ചങ്ങ്ട് നോക്കി, ഉറപ്പിച്ചു: ഇവനൊരു കള്ളലക്ഷണം ഉണ്ട് ട്ടാ.
ഈ കഴുവേറിയെ എങ്ങനെയെങ്കിലും ഒന്നു രക്ഷപ്പെടുത്തണല്ലോ. എങ്കിപ്പിന്നൊരു കാര്യം ചെയ്യാം. പറ്റിയൊരു പേരിടാം. അപ്പന്‍ ആലോചിച്ചു. പിന്നെ മൂപ്പര് ഒരു വിളിയാ:'എടാ മോനേ, ഇന്നസെന്റേ...'
ഇന്നസെന്റ്- നിരപരാധി, നിഷ്‌കളങ്കന്‍, പാവത്താന്‍...
ഇവന്‍ എന്നെങ്കിലും ആരെയെങ്കിലും കൊന്നിട്ടോ എവിടെനിന്നെങ്കിലും ആരുടെയെങ്കിലും ഖജനാവു കുത്തിപ്പൊളിച്ചിട്ടോ പോലീസിന്റെ പിടിയിലാവും.
അപ്പോള്‍ ജഡ്ജി ചോദിക്കും: 'ഈസ് ഹി ഇന്നസെന്റ്?'
ഉടനെ എതിര്‍ഭാഗം വക്കീലുപോലും പറയും: 'സാര്‍, ഹി ഈസ് ഇന്നസെന്റ്.'
പിന്നെ അപ്പീലില്ലല്ലോ. കേസ് തള്ളിപ്പോകും.
അങ്ങനെയെങ്കിലും രക്ഷപ്പെടട്ടെയെന്നു വിചാരിച്ചിട്ടാണ് എന്റെ അപ്പന്‍ ഇന്നസെന്റെന്ന് എനിക്കു പേരിട്ടത്.
ഔസേഫിന്റെയും മറിയയുടെയും പുത്രനായി ഉണ്ണി ഈശോ ഭൂജാതനായതുപോലെ തെക്കേത്തല വറീതിന്റെയും മര്‍ഗലീത്തയുടെയും പുത്രനായി ഈയുള്ളവനും ജനിച്ചു.
ഞാനും ഈശോയുമായിട്ടു ചില അല്ലറചില്ലറ മാറ്റങ്ങളൊക്കെയുണ്ട് ട്ടാ. ഒന്ന് അദ്ദേഹത്തെ ബത്ലഹേമിലെ ഒരു കാലിത്തൊഴുത്തിലാണു പെറ്റത്. ഞാനോ? ഇരിങ്ങാലക്കുട മങ്ങാടിക്കുന്നിലുള്ള വീട്ടില്‍ ഭൂജാതനായി. കൂട്ടത്തില്‍ പറയാലോ, ഞങ്ങള്‍ക്കന്നു തൊഴുത്തില്ല. ഈ മങ്ങാടിക്കുന്നിനു മറ്റൊരു പേരുകൂടിയുണ്ട്, ട്ടോ - കൂത്തുപറമ്പ്. ആ കൂത്തൊക്കെ പിന്നെ പറയാം. പിന്നെ യേശുവിന്റെ അപ്പന്‍ ആശാരിയായിരുന്നെങ്കില്‍ എന്റെ അപ്പന്‍ പലചരക്കുകടക്കാരനായിരുന്നു. ഞങ്ങളു തമ്മിലുള്ള സാമ്യം പറഞ്ഞാല്‍ മൂപ്പര്‍ക്കുണ്ടായിരുന്ന എല്ലാ സദ്ഗുണങ്ങളും എനിക്കും ഉണ്ട്.
കുര്യാക്കോസ്, സെലീന, പൗളി, സ്റ്റെന്‍സിലാവോസ്, വെല്‍സ്, ലിന്‍ഡ, ലീന. സര്‍ക്കാറിന്റെ വകയായി ഉണ്ടാക്കിവിടുന്ന അയ്യാറെട്ട്, ത്രിവേണി, ജയ, അന്നപൂര്‍ണ തുടങ്ങിയുള്ള നെല്‍വിത്തുകളുടെ പേര് ഓര്‍മ വന്നുകാണുമല്ലേ? അല്ലാ ട്ടോ. ഇവരൊക്കെ എന്റെ സഹോദരങ്ങളാ.
എനിക്കു തോന്നണത് സര്‍ക്കാറ് ഈ കുടുംബാസൂത്രണപദ്ധതിയൊക്കെ സംഘടിപ്പിക്കാന്‍ മാതൃകാപുരുഷനായി കണ്ടത് എന്റെ അപ്പനെ ആവും എന്നാ. എട്ടു മക്കളില്‍ നാലു പെണ്ണ്, നാല് ആണ്.
ഇതില്‍ അഞ്ചാമനാ ഞാന്‍. ഇങ്ങനെ ഫിഫ്റ്റി ഫിഫ്റ്റിയാക്കിയെടുത്ത വിദ്യ എന്നോടു ചോദിക്കേണ്ട, എനിക്കറിയില്ല. അതപ്പനോടു ചോദിക്കണം.
കുറെ പ്രായമായപ്പോ ഞാന്‍ അമ്മയോടു സ്വകാര്യായിട്ട് ചോദിച്ചു:
'അല്ല അമ്മേ, എന്റെ ജനനസമയത്തു വല്ല പ്രത്യേകതയും ഉണ്ടായിരുന്നോ?'
അമ്മ വളരെ കൂളായി പറഞ്ഞു:
'ഹേയ്, അങ്ങനൊന്നൂല്ല്യ.'
വല്ല മഹാനോ ദിവ്യാത്മാവോ ആകാനുള്ള എന്തെങ്കിലും പഴുതുണ്ടോ എന്നറിയാനാ ചോദിച്ചതെന്നു പിടികിട്ടിയല്ലോ.
മറുപടി കേട്ടപ്പോ ക്ലിയറായി, ആ പൂതി നടപ്പില്ലെന്ന്.
ആള്‍ക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള പൊടിക്കൈ പയറ്റാനായി പിന്നെ എന്റെ നോട്ടം. എങ്ങനെയെങ്കിലും എനിക്കും ഒരാളാവണം.
ഈ തോന്നല്‍ എന്നില്‍ വേരുറയ്ക്കാന്‍ മറ്റുചില കാരണങ്ങളുണ്ടട്ടൊ. അതൊക്കെ പിന്നെ.
എന്റെ അമ്മയെപ്പറ്റി അപ്പന്‍ പറയും:
'അതിങ്ങനെ ഭൂമീലൊരു ജീവി. ഒരു ശല്ല്യോല്ല്യാ. നന്നായി കൂട്ടാന്‍ വെയ്ക്കും. ഊണൊക്കെ ഇണ്ടാക്കും. എന്നല്ലാണ്ട് പ്രത്യേകിച്ചങ്ങനെ വല്യ മോഹൊന്നൂല്യാ.'
പിന്നെ സുഖപ്രസവം നടത്തണ ഏക പെമ്പറന്നോത്തി അമ്മയാണെന്നാ അപ്പന്റെ സ്ഥായിയായ ഒരുറപ്പ്.
നിത്യത്തൊഴിലഭ്യാസം എന്ന ലാഘവത്തോടെ അമ്മ അതു നിര്‍വഹിച്ചുപോന്നു.
ഒരു ഡോക്ടറുടെ അടുത്തേക്കും പോണ്ട. ഒരാശുപത്രീലേക്കും പോണ്ട. അങ്ങനെ യാതൊരു പ്രശ്നോല്യാ.
ഒരു ദിവസം പള്ളിയില്‍ പോയി വന്നു കാപ്പി കുടിച്ചപ്പോ സ്റ്റെന്‍സിലാവോസിനെ പ്രസവിച്ചു.
മറ്റൊരു ദിവസം മഠത്തിലെ കന്യാസ്ത്രീ അമ്മായിയെ കാണാന്‍ പോയി വന്നപ്പോള്‍ അമ്മയ്ക്ക് ഒന്നു പ്രസവിക്കണംന്ന് തോന്നി. എന്നെയങ്ങ്ട് പെറ്റു.
പ്രസവിച്ചാ അധികദിവസൊന്നും അമ്മ കിടക്കില്ല. ഈ താറാവും കോഴിയുമൊക്കെ മൊട്ടയിട്ടു പോണപോലെ അമ്മ എണീറ്റങ്ങ്ട് പോകും.
ഇക്കാര്യത്തില്‍ അപ്പന് അമ്മയോടുള്ള ബഹുമാനം ഇത്തിരി മുന്‍പു പറഞ്ഞ ആ വര്‍ത്താനത്തിലറിയാം, അല്ലേ?
മനോഹരമായൊരു കുന്നിന്‍പുറത്ത്, മനോഹരമായൊരു വീട്! അങ്ങനെ സങ്കല്പത്തിലെ വീടൊന്നുമായിരുന്നില്ല ഞങ്ങളുടേത്.
ശരിക്കും ഒരു തല്ലിപ്പൊളി ഭവനം. പിന്നെ അന്നത്തെ നിവൃത്തികേടുകൊണ്ട് ഞാനതില്‍ താമസിച്ചൂന്നേയുള്ളൂട്ടാ. ഞാന്‍ അന്നു ചെറുതല്ലേ.
കുടുംബത്തീന്നുള്ള ഭാഗംപിരിയലും മറിയലും തിരിയലും കഴിഞ്ഞപ്പോള്‍ അപ്പന്‍ ആകെ പൊളിഞ്ഞിരുന്നു. പിന്നെ ഞങ്ങള് കുറെയെണ്ണത്തിനെ തീറ്റിപ്പോറ്റുകയും വേണ്ടേ?
മങ്ങാടിക്കുന്നിന്റെ നെറുകയില്‍ പണ്ടൊരു വസൂരിപ്പുര ഉണ്ടായിരുന്നു. വസൂരി വന്നു മരിക്കാറായവരെ ഇവിടെയാ കൊണ്ടുവരിക. ഇങ്ങനെയെത്തുന്നവരുടെ സംരക്ഷണത്തിനായി കുറെ ആളോള് ഉണ്ടാവും. അവര് എപ്പഴും പൂസാ. വസൂരി പിടിപെട്ട് ഇവിടെ ആരെ എത്തിച്ചാലും, അവര്‍ മരിച്ചാലും ഇല്ലെങ്കിലും, ഒരു പ്രത്യേക സമയം കഴിഞ്ഞാല്‍ കൊണ്ടുപോയി കുഴിച്ചിടും. ജീവനുണ്ടായാലും ഇല്ലെങ്കിലും ക്ലോസ്.
ഇന്നാ മങ്ങാടിക്കുന്ന് ആകെയങ്ങ്ട് മാറി. കുന്നിന്‍നെറുകയില്‍ ക്രൈസ്റ്റ് കോളേജ്. അവിടമാകെ ഒരു പട്ടണത്തിന്റെ പരിവേഷം. പഴയ വസൂരിപ്പുരയുടെ ഓര്‍മയുള്ള മങ്ങാടിക്കുന്നിനെയും കൂത്തുപറമ്പിനെയും ഒക്കെ ഓര്‍ത്തു നാട്ടുകാര്‍ വെറുതേ നാണിക്കണോ? ഞങ്ങള്‍ ഞങ്ങടെ നാടിന്റെ പേരങ്ങ്ട് പരിഷ്‌കരിച്ചു- ക്രൈസ്റ്റ് കോളേജ് റോഡ്. നല്ല സ്‌റ്റൈലന്‍ പേര്, അല്ലേ? എന്റെ ഇപ്പഴത്തെ വീട് പഴയ വീടിനടത്തുനിന്ന് ഏതാണ്ട് അമ്പതു വാര അകലത്തിലാണ്.
വീടിനേതാണ്ട് ഒരു കപ്പേളേടെ രൂപാ. അമ്പലത്തിന്റെയും ചെറിയ പള്ളിയുടെയും ഒക്കെ ഒരു സാദൃശ്യം. ഈ വീടിന്റെ മട്ടും മാതിരീം കണ്ടിട്ടു ചിലരെന്നോടു ചോദിക്കും, എന്തിനാ നീ ഇങ്ങനൊരു വീടു വെച്ചതെന്ന്. ഇതു കേട്ടാ എനിക്കു സത്യത്തില് ദേഷ്യാവും.
ഇങ്ങനെ ചോദിക്കാനിപ്പം ഇവര്‍ക്കെന്താ ഒരു കാര്യം. എങ്ങനെ വീടു വെക്കണമെന്നു തീരുമാനിക്കുന്നത് അതു വെപ്പിക്കുന്നയാളല്ലേ? വീടു മറിച്ചുവെച്ചെന്നിരിക്കും, തിരിച്ചുവെച്ചെന്നിരിക്കും. ഇതൊന്നും അന്വേഷിക്കേണ്ട ബാധ്യത കാഴ്ചക്കാര്‍ക്കുള്ളതല്ല. ഇവര്‍ക്കാര്‍ക്കും ഒരു നഷ്ടോം ഇല്ലല്ലോ. പണം മുടക്കിയതു ഞാനല്ലേ. എന്നാലും ഇങ്ങനെ ചോദിക്കുന്നവരോടു ഞാന്‍ പറയും:
'അതിപ്പോ, ഒരു കപ്പേളേടെയോ, അമ്പലത്തിന്റെയോ മാതിരി തോന്നീട്ട്, ആര്‍ക്കെങ്കിലും പത്തു പൈസ ഇടാന്‍ തോന്ന്യാല് കാശില്ലാത്ത കാലത്ത് അതോണ്ട് ജീവിക്കാലോ?'
ഈ സങ്കടം ഒരിക്കല്‍ ഞാന്‍ നെടുമുടി വേണുവുമായി പങ്കുവെച്ചു. 'ഇതിപ്പം വല്ല്യ ശല്ല്യായല്ലോ വേണൂ. ഇന്താ ഇതിനിപ്പം ഒരു പേരിടുകാ?'
വേണു പറഞ്ഞു: 'ഒരു കാര്യം ചെയ്യ്, 'പാര്‍പ്പിടം' എന്നിട്. അതായത് താമസിക്കണ സ്ഥലം. അപ്പോള്‍ പിന്നെ ആര്‍ക്കും സംശയം ണ്ടാവില്ലല്ലോ.'
അങ്ങനെയാ വീടിന്റെ പേര് 'പാര്‍പ്പിടം' എന്നായത്.
അന്ന് ഞങ്ങളുടെ തെക്കേത്തല വീട്ടില്‍ ഒരു ബെഞ്ചുണ്ടായിരുന്നു. നല്ല നീളാ പലകയ്ക്ക്. നാലഞ്ച് ഇഞ്ച് കനം. ഈ ബെഞ്ച് എന്റെ ജീവിതത്തിലെ ഒരു വലിയ കഥാപാത്രമാണ്.
Content Highlights: njan innocent,innocent, mathrubhumi books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..