കുട്ടനാടിന്റെ കഥാകാരനും മലായള സാഹിത്യത്തിലെ പുരോഗമനപ്രസ്ഥാനത്തിന്റെ വക്താവുമായിരുന്ന തകഴി ശിവശങ്കരപ്പിള്ളയെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന പുസ്തകമാണ് മലയത്ത് അപ്പുണ്ണി തയ്യാറാക്കി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച തകഴി: ജീവചരിത്രം വിദ്യാര്‍ഥികള്‍ക്ക്. പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം വായിക്കാം.

To advertise here,

തകഴിയുമായുള്ള ഒരു അഭിമുഖത്തില്‍ ടി.എന്‍. ജയചന്ദ്രന്‍ തകഴിയോടു ചോദിക്കുകയുണ്ടായി: 'തകഴി എന്ന കഥാകാരനെ താങ്കള്‍ എങ്ങനെയാണ് വിലയിരുത്തുന്നത്?'
അതിനുള്ള മറുപടി: 'വാസ്തവത്തില്‍ ഞാനെന്തു ചെയ്തു എന്നാലോചിക്കാറുണ്ട്. മലയാള സാഹിത്യവും ജീവിതവും ഗതിമുട്ടിനിന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. ആ കാലഘട്ടത്തില്‍ ജീവിതവും സാഹിത്യവും പുതിയൊരു സരണിയിലൂടെ പ്രവഹിപ്പിക്കാന്‍ വേണ്ടി തന്റേടത്തോടുകൂടി പ്രവര്‍ത്തിച്ചവരില്‍ ഒരാള്‍ എന്ന് എന്നെപ്പറ്റി ഭാവിയില്‍ ചരിത്രത്തിന്റെ വല്ല മൂലയിലും രേഖപ്പെടുത്താന്‍ കഴിഞ്ഞാല്‍ ഭാഗ്യമായി. ആശാനെപ്പോലെയോ ചന്തുമേനോനെപ്പോലെയോ എന്തെങ്കിലും സംഭാവന നല്‍കാന്‍ ഞങ്ങളിലാര്‍ക്കും കഴിഞ്ഞിട്ടില്ല. തോട്ടിയും കുട്ടനാടന്‍ പുലയനും നസ്രാണിയും അവരുടെയൊക്കെ ചില്ലറ ചിത്രങ്ങള്‍ ഞാനും സംഭാവന ചെയ്തിട്ടുണ്ട്. ഞാനെന്താണെന്നും എന്റെ ജയാപചയങ്ങള്‍ എന്തൊക്കെയാണെന്നും നിശ്ചയിക്കേണ്ടത് ഭാവിതലമുറയാണ്.'

1930കളില്‍ പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ ആവിര്‍ഭാവത്തോടെ സാഹിത്യത്തില്‍ വമ്പിച്ച മാറ്റം സംഭവിച്ചു. ഈ പരിണാമത്തിനു പിന്‍ബലം നല്‍കിയത് എ. ബാലകൃഷ്ണപിള്ള, എം.പി. പോള്‍, മുണ്ടശ്ശേരി തുടങ്ങിയ നിരൂപകരായിരുന്നു. ഈ കുതിച്ചുചാട്ടത്തിന്റെ സര്‍ഗ്ഗാത്മക പ്രതിഭകള്‍ ചങ്ങമ്പുഴയും തകഴിയും കേശവദേവും ബഷീറും പൊറ്റെക്കാടും പൊന്‍കുന്നം വര്‍ക്കിയും മറ്റുമായിരുന്നു. പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ തകഴിക്കുള്ള പങ്ക് വളരെയേറെയാണ്.

പ്രസിദ്ധ നിരൂപകനായ പ്രൊഫ. എം.എന്‍. വിജയന്‍ നടത്തിയ ഒരു പരാമര്‍ശം വാദകോലാഹലങ്ങള്‍ക്ക് വഴിവെച്ചു. 'തകഴിയുടെ ചെമ്മീന്‍ മനോഹരമായ ഒരു നോവലാണെങ്കിലും അത് അദ്ദേഹത്തിന്റെ മെച്ചപ്പെട്ട നോവലാണെന്നു ഞാന്‍ കരുതുന്നില്ല. ചെമ്മീനിനെക്കാള്‍ അര്‍ത്ഥപുഷ്ടിയും ശില്‍പ്പചാതുരിയും സാമൂഹ്യയാഥാര്‍ത്ഥ്യാവബോധവും രണ്ടിടങ്ങഴി, തോട്ടിയുടെ മകന്‍ മുതലായവയ്ക്കുണ്ട്. സ്വന്തം കൃതികളില്‍ തകഴി ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് ഏതാണ് എന്ന ചോദ്യത്തിന് ഉത്തരം രണ്ടിടങ്ങഴി എന്നായിരുന്നു.'

രണ്ടിടങ്ങഴിയെപ്പറ്റി തകഴി പറഞ്ഞത്: 'രണ്ടിടങ്ങഴി എന്റെതന്നെ ജീവിതത്തിന്റെ ഭാഗമാണ്. അനുഭവത്തിന്റെ ആവിഷ്‌കാരമാണ്. കുട്ടനാട് ഇന്ത്യയുടെ ഭൂപടത്തിലും ലോകഭൂപടത്തിലും ഈ നോവല്‍ വഴി സ്ഥാനം കണ്ടെത്തി എന്ന അഭിമാനം ഈ നോവലിന്റെ കാര്യത്തില്‍ എനിക്കുണ്ട്.' അധഃസ്ഥിതരെയും പീഡിതരെയും കുറിച്ചാണ് തകഴിക്ക് പറയാനുള്ളത്. മലയാളികള്‍ക്ക് അക്ഷരങ്ങളിലൂടെ ജീവിതത്തിന്റെ ഭാവതലങ്ങള്‍ പകര്‍ന്നുനല്‍കിയ തകഴിയെ പൂര്‍ണ്ണമായി വിലയിരുത്താന്‍ ആര്‍ക്കും സാദ്ധ്യമല്ല.

ഓരോ എഴുത്തുകാരനും തന്റേതായ ഭാഷയാണു സ്വീകരിക്കുന്നത്. സാഹിത്യഭാഷയില്‍തന്നെ പലതരം തിരിവുകളുണ്ട്. ഭാഷയുടെയും സാഹിത്യത്തിന്റെയും രചനാസമ്പ്രദായത്തില്‍ ഒരു പൊളിച്ചെഴുത്തു നടത്താന്‍ രംഗത്തുവന്നവരാണ് നവോത്ഥാനകാഥികര്‍. നാട്ടുഭാഷയുടെ കേട്ടറിവും നാട്ടറിവും കൂട്ടിക്കലര്‍ത്തിയ ഒരു പാരമ്പര്യത്തില്‍ നിന്നുദ്ഭവിച്ച ഒന്നാണ് തകഴിയുടെ ഗദ്യശൈലി. ആലങ്കാരിതകളില്ലാത്ത, തനി ഗ്രാമീണന്റെ ഭാഷ. ജ്ഞാനപീഠ പുരസ്‌കാരം ഏറ്റുവാങ്ങി തകഴി ചെയ്ത പ്രസംഗത്തിലെ ചില വാക്യങ്ങള്‍:
'നാട്ടുഭാഷയാണ് എന്റെ മാദ്ധ്യമം. വ്യാകരണത്തെറ്റുകള്‍ ഉണ്ടാവാതിരിക്കാന്‍ ഞാന്‍ കൊച്ചു കൊച്ചു വാചകങ്ങള്‍ സ്വീകരിക്കുന്നു. ഒരു ഗ്രാമീണന് അവന്റെ ആശയങ്ങളെക്കുറിച്ച് വ്യക്തതയുണ്ട്. എനിക്കും. അയാള്‍ എന്തെങ്കിലും കാരണവശാല്‍ ആശയക്കുഴപ്പത്തിലായാല്‍ ഞാനുമാവും. എന്നാല്‍ എന്റെ കാര്യത്തില്‍ ഒരു വ്യത്യാസമുള്ളത് ഞാനത് പുനഃസൃഷ്ടിക്കാന്‍ ഒരുമ്പെട്ടു എന്നുള്ളതാണ്. വളരെ വ്യക്തമായി പുനരാവിഷ്‌കരിക്കുന്നതിന് എനിക്കൊരു സമര്‍പ്പിതയത്‌നം തന്നെ വേണ്ടിവന്നിട്ടുണ്ട്. ഞാന്‍ ജീവിതത്തെയും മനുഷ്യനെയും സ്‌നേഹിക്കുന്നു. തീണ്ടലും തൊടീലും കൊണ്ട് അസ്പൃശ്യരും അഗണ്യരും ഭാഗ്യഹീനരും അവര്‍ണരുമായവരാണ് സാഹിത്യജീവിതത്തിന്റെ ആദ്യനാളുകളില്‍ എന്റെ ശ്രദ്ധയെ ആകര്‍ഷിച്ചത്. സാമൂഹികജീവിതത്തില്‍ ഒരു മാറ്റത്തിനുവേണ്ടി ഒരു കലാപം ആവശ്യമാണെന്ന തോന്നല്‍ അന്നുണ്ടായിട്ടുണ്ട്. ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളികളുടെ മോചനത്തിനും ആ കലാപം ആവശ്യമാണെന്നു ചരിത്രത്തില്‍നിന്നു ഞാന്‍ മനസ്സിലാക്കി. ഇന്ത്യയില്‍ ആദ്യമായി കാര്‍ഷികമേഖലയിലെ ഒരു വര്‍ഗ്ഗസമരസിദ്ധാന്തം അവതരിപ്പിച്ചത് ഞാനാണെന്നു പറയുമ്പോള്‍ നിങ്ങള്‍ എന്നോടു ക്ഷമിക്കുക.' 'തകഴിയുടെ ഭാഷ'- ഡോ. അമ്പലപ്പുഴ ഗോപകുമാര്‍)
ആര്‍ക്കുവേണ്ടിയാണ് എഴുതുന്നത് എന്ന ബോധവും എന്താണ് എഴുതുന്നത് എന്ന ചിന്തയും ഉണ്ടാവുമ്പോള്‍ മാത്രമേ രചനയിലെ സത്യസന്ധത നിഷ്‌കര്‍ഷിക്കാനാവുകയുള്ളൂ. ഇക്കാര്യത്തില്‍ തകഴി മലയാളത്തിലെ മറ്റു എഴുത്തുകാര്‍ക്കു ഒരു മാതൃകയാണ്.

തകഴിയുടെ പിശുക്ക്

തകഴിയുടെ പിശുക്ക് പ്രസിദ്ധമാണ്. അതേക്കുറിച്ച് തകഴിയുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്ന പ്രൊഫ. ജി. ബാലചന്ദ്രന്‍ ചോദിക്കുകയുണ്ടായി. 'ഞാന്‍ കഷ്ടപ്പെട്ട് എഴുതി ഉണ്ടാക്കുന്ന കാശു വാരിക്കോരി കൊടുക്കാനില്ല. അതിന് അസൂയപ്പെട്ടിട്ടു കാര്യമുണ്ടോ?' എന്നാണ് തകഴി പറഞ്ഞത്.
എഴുത്തില്‍നിന്നും കിട്ടുന്ന പണം കാത്തയെ ഏല്‍പ്പിക്കുകയാണ് പതിവ്. ഒരു ഗ്രാമീണന്റെ വേഷത്തിലാണ് തകഴി നടക്കുക. ഒറ്റമുണ്ടും മുറിക്കയ്യന്‍ ഷര്‍ട്ടും. സ്‌നേഹിതന്മാരോട് ബീഡിയും മുറുക്കാനും ചോദിച്ചു വാങ്ങും. ചെമ്മീന്‍ എന്ന നോവലിനു കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡു കിട്ടി. ആ തുകകൊണ്ട് തകഴി തന്റെ വീടിനോടു ചേര്‍ന്നുകിടക്കുന്ന കുറച്ചു സ്ഥലം വാങ്ങി. തെങ്ങും മറ്റു ഫലവൃക്ഷങ്ങളും നട്ടു ഫലഭൂയിഷ്ടമാക്കി.

തകഴി പറയുമായിരുന്നു. 'കൃഷിയില്‍ നിന്ന് വലിയ വരുമാനമില്ല. എഴുതിക്കിട്ടുന്ന കാശ് ദീപാളി കുളിച്ചു കളയാന്‍ പറ്റുമോ? അതുകൊണ്ടു ഞാന്‍ കൈ മുറുകെ പിടിച്ചു. കള്ളുകുടിക്കാന്‍ ഞാന്‍ കാശു മുടക്കാറില്ല. വീട്ടില്‍ വരുന്ന അതിഥികള്‍ക്ക് ഭക്ഷണം കൊടുത്തേ കാത്ത അയയ്ക്കാറുള്ളൂ. പിന്നെ ചായ, ബീഡി, ബസ് ടിക്കറ്റ് അതെല്ലാം ചിലര്‍ ഇഷ്ടത്തോടെ സമ്മാനിക്കും. അത് നിരസിക്കാറില്ല.' തകഴി കാശ് കീശയില്‍ കൊണ്ടുനടക്കാറില്ല എന്നു കേട്ടിട്ടുണ്ട്. ഇടുപ്പില്‍ തിരുകി വെക്കുകയാണ് പതിവ്. സ്വന്തം കാര്യത്തില്‍ പിശുക്കു കാണിക്കുമ്പോഴും മക്കളുടെ കാര്യത്തില്‍ ചെലവഴിക്കുന്നതില്‍ പിശുക്കു കാട്ടിയിരുന്നില്ല.

placeholder
തകഴിയും ഭാര്യ കാത്തയും (ഫോട്ടോ: മാതൃഭൂമി)

പ്രസിദ്ധ സാഹിത്യകാരനും ഐ.എ.എസ്സുകാരനുമായിരുന്ന മലയാറ്റൂര്‍ രാമകൃഷ്ണന്‍ തകഴിയുടെ പിശുക്കു സ്വഭാവത്തെക്കുറിച്ച് ഒരു ലേഖനം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (18 ഓഗസ്റ്റ് 1985) പ്രസിദ്ധീകരിക്കുകയുണ്ടായി.
മലയാറ്റൂര്‍ അന്നു സിവില്‍ സപ്ലൈസ് ഡയറക്ടറായിരുന്നു. കാറില്‍ എറണാകുളത്തേക്കു പോവുകയായിരുന്നു. അമ്പലപ്പുഴ താലൂക്കാഫീസിനു മുമ്പിലുള്ള റോഡില്‍ മുണ്ടു മടക്കിക്കുത്തി നില്‍ക്കുകയായിരുന്ന തകഴിയെ കണ്ടു. കാര്‍ നിര്‍ത്തി.

'ചേട്ടാ, ഇവിടെയിങ്ങനെ...'
'ഓ, ചുമ്മാ. നീയെങ്ങോട്ടാ?'
'എറണാകുളത്തേക്ക്.'
'എന്നാല്‍ ഞാനും വരുന്നു. വെറുതെയൊരു രസത്തിന്.'
'കേറിക്കോ ചേട്ടാ.'
തകഴി കാറില്‍ കയറി. ആലപ്പുഴ കഴിഞ്ഞപ്പോള്‍ തകഴി പറഞ്ഞു: 'എടാ ഞാനങ്ങനെ വെറുതെ രസത്തിനു കയറിയതല്ല. ഒരു ഫൈവ് ഹണ്‍ഡ്രഡ് മണീസിന്റെ കോളുണ്ട്.'
തകഴിയുടെ 'അച്ഛനും മകനും' എന്ന ചെറുകഥ സിനിമയാക്കാന്‍ പോകുന്നു. തിരുമേനി പിക്‌ചേഴ്‌സ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. അതിന്റെ ഉടമ ഒരു കൈമളാണ്. കഥയ്ക്ക് പ്രതിഫലം വാങ്ങാനാണ് തകഴി എറണാകുളത്തേക്ക് യാത്ര പുറപ്പെട്ടത്. അഞ്ഞൂറു രൂപയില്‍ കുറഞ്ഞാല്‍ താന്‍ അനുവാദം നല്‍കില്ലെന്നു തകഴി പറഞ്ഞു. മലയാറ്റൂര്‍ ചോദിച്ചു:
'നാണമില്ലേ ചേട്ടാ? 1000 രൂപയെങ്കിലും മേടിക്കണം.'
'കിട്ടുമോടാ?' തകഴിയുടെ കണ്ണുകളില്‍ പ്രകാശം.
'ഞാന്‍ മേടിച്ചു തരാം.'

placeholder
മലയാറ്റൂര്‍ രാമകൃഷ്ണന്‍ (ഫോട്ടോ: മാതൃഭൂമി)

'ആ കൈമളിന് റേഷന്‍കടയോ മറ്റോ ഉണ്ടോടാ? എങ്കില്‍ നടക്കും. നീ സിവില്‍ സപ്ലൈസ് ഡയറക്ടറല്യോ?'
'ആ കൈമളിനു റേഷന്‍ കടയില്ല. ഞാനയാളെ ഇതിനുമുമ്പു കണ്ടിട്ടുപോലുമില്ല. ചേട്ടന്‍ വായും പൂട്ടിയിരുന്നോണം. ആയിരത്തൊന്നു ഞാന്‍ മേടിച്ചുതരാം.'
തകഴി തലയാട്ടി.
എറണാകുളത്തുവെച്ച് നര്‍മ്മദ പത്രാധിപര്‍ ആര്‍ട്ടിസ്റ്റ് രാഘവന്‍ നായരും അവര്‍ക്കൊപ്പം കൂടി. മലയാറ്റൂര്‍ പറഞ്ഞു: 'ചേട്ടാ ഞാന്‍ 1001 രൂപ വാങ്ങിത്തരാം. ചെലവു ചെയ്യണം ഏറ്റോ?'
'ചെലവോ? അതെന്തൊന്നാടാ ചെലവ്?'
'ചേട്ടന്റെ കണക്കില്‍ എനിക്കും രാഘവന്‍ നായര്‍ക്കും ബീയര്‍.'
'ഇത്രേയുള്ളോ' എന്ന മട്ടില്‍ തകഴി ചിരിച്ചു.

കൈമളിനെ കണ്ടു. ഒരു നിലവിളക്കു കത്തിച്ചു. അതിന്റെ മുമ്പില്‍ വെച്ചു കൈമള്‍ തകഴിക്ക് 1001 രൂപ നല്‍കി. അല്‍പ്പമൊന്നു കുനിഞ്ഞു രണ്ടു കൈയും നീട്ടി തകഴി തുക വാങ്ങി. പുറത്തിറങ്ങിയ തകഴിയോട് മലയാറ്റൂര്‍ പറഞ്ഞു: 'ഇനി ബീയര്‍.'
തകഴി: 'അതില്‍ ഗ്ലിസറിനുണ്ടോ, ഗ്ലിസറിന്‍. എനിക്കാണേല് വയറിനു സുഖവുമില്ല.'
മലയാറ്റൂര്‍: 'എനിക്ക് യാതൊരസുഖവുമില്ല. രാഘവന്‍ നായരേ, പിടിക്ക് ചേട്ടനെ.'
ശകലം ബലം പ്രയോഗിച്ച് അവര്‍ തകഴിയെ കാറില്‍ കയറ്റി ഹോട്ടലില്‍ കൊണ്ടുപോയി. മലയാറ്റൂരും രാഘവന്‍ നായരും ബീയര്‍ കുടിക്കുകയും എന്തൊക്കെയോ വാങ്ങിത്തിന്നുകയും ചെയ്തു. തകഴിയാവട്ടെ ഒന്നും തിന്നില്ല, കുടിച്ചതുമില്ല. 'വയറിന് അസുഖം' എന്ന് കളവുപറഞ്ഞതാണ്. അത്രയും ചെലവു കുറഞ്ഞുകിട്ടുകയും ചെയ്യുമല്ലൊ. ബില്ല് വന്നു. തകഴി തുക നല്‍കി.

തകഴിയുടെ പിശുക്കിനെ പരിഹസിച്ചുകൊണ്ടുള്ള വൈക്കം മുഹമ്മദ് ബഷീറിന്റെ വാക്കുകള്‍:'ഈയിടെ ഒരു വാര്‍ത്ത കണ്ടു. സ്‌റ്റൈലന്‍ വാര്‍ത്ത. വാര്‍ത്ത മാത്രമല്ല, പടവും. നമ്മുടെ തകഴി ശിവശങ്കരപ്പിള്ളയാണ് മുഖ്യ കഥാപാത്രം. കുട്ടനാട്ടിനടുത്തെവിടെയോ പ്രകൃതി കോപം. കാറ്റു വീഴ്ച എന്ന ഭയങ്കര രോഗം.

placeholder
വൈക്കം മുഹമ്മദ് ബഷീര്‍
 (ഫോട്ടോ: മാതൃഭൂമി)

കാറ്റുവീഴ്ചയില്‍ ഒട്ടേറെ തെങ്ങുകള്‍ നശിച്ചു. ഗവണ്‍മെന്റിന് പുതിയ ഐഡിയ കിട്ടി. തല തെറിച്ച തെങ്ങുകള്‍ വെട്ടിമാറ്റി പുതിയ തെങ്ങുകള്‍ നടുക. എല്ലാം ഭദ്രം. ഈ പുനരാവര്‍ത്തനകൃഷിക്കു ഏറ്റവും പറ്റിയ ആളെ കിട്ടി. തകഴി ശിവശങ്കരപ്പിള്ള. കുട്ടനാട്ടിലെ പാവപ്പെട്ട കര്‍ഷകന്‍. മഹാപാവം. എന്നാല്‍ ഒരു വിശേഷം. തകഴിയുടെയും കാത്തയുടെയും പേരില്‍ പല ബാങ്കുകളിലായി ഏഴുലക്ഷം രൂപയുണ്ടെന്നാണ് ബേപ്പൂരില്‍ കിട്ടിയ രഹസ്യവിവരം.
പുനരാവര്‍ത്തനകൃഷിക്കുള്ള ധനസഹായം തകഴിക്കു നല്‍കുന്നു. സഹായം ഏറ്റുവാങ്ങി പതിവു കള്ളച്ചിരിയുമായി തകഴി നില്‍ക്കുന്നു. അതാണ് ചിത്രം.
തകഴിക്ക് ഉടനെ ഒരു കത്തയച്ചു. പുനരാവര്‍ത്തനം സിന്ദാബാദ്, കാറ്റുവീഴ്ച മൂര്‍ദ്ധാബാദ്. പക്ഷേ, കത്തെഴുതിയാല്‍ തകഴി മറുപടി അയയ്ക്കില്ല. മറുപടി വേണമെങ്കില്‍ സ്റ്റാമ്പൊട്ടിച്ചു കവര്‍കൂടി അയയ്ക്കണം. എപ്പോഴെങ്കിലും ഈ വഴിക്കു വരുമ്പോള്‍ എന്നെ വന്നു കാണും. കെട്ടിപ്പിടിച്ചു, പൊട്ടിച്ചിരിച്ചു പറയും: 'ബഷീറേ കത്തുകിട്ടി. കവറു വാങ്ങാന്‍ കാല്‍കാശു കൈയിലില്ലാത്തതു കൊണ്ടാണ് മറുപടി അയയ്ക്കാതിരുന്നത്. ക്ഷമിച്ചുകള.'

പ്രസിദ്ധ നിരൂപകനും പത്രപ്രവര്‍ത്തകനുമായിരുന്ന കേസരി എ. ബാലകൃഷ്ണപിള്ള മലയാള സാഹിത്യത്തിന്റെ നവോത്ഥാനകാലഘട്ടത്തിന്റെ വക്താവായിരുന്നു. നവീനകൃതികളെ പുകഴ്ത്തുകയും യാഥാസ്ഥിതിക സാഹിത്യങ്ങളെ നിന്ദിക്കുകയും ചെയ്തിരുന്ന അദ്ദേഹം സാഹിത്യത്തിലെ യുവതലമുറയ്ക്ക് പ്രോത്സാഹനം നല്‍കിയിരുന്നു. തകഴി, ബഷീര്‍, ദേവ്, പൊന്‍കുന്നം വര്‍ക്കി തുടങ്ങിയ കഥാസാഹിത്യത്തില്‍ പില്‍ക്കാലത്തു പ്രഗല്‍ഭന്മാരായിത്തീര്‍ന്ന പലരും കേസരിയുടെ സൗഹൃദം ഏറ്റുവാങ്ങിയവരാണ്. ഇംഗ്ലീഷ്, ഫ്രഞ്ച് തുടങ്ങിയ ഭാഷകളില്‍ വിജ്ഞാനമുണ്ടായിരുന്ന അദ്ദേഹം പാശ്ചാത്യസാഹിത്യത്തെ മലയാളികള്‍ക്കു പരിചയപ്പെടുത്തി. സ്വതന്ത്രവും നിശിതവും യാഥാര്‍ത്ഥ്യാധിഷ്ഠിതവുമായ വീക്ഷണത്തോടെ സാഹിത്യനിരൂപണം നടത്തി.

തകഴി 1947-ല്‍ തലയോട്, തോട്ടിയുടെ മകന്‍, 1948-ല്‍ രണ്ടിടങ്ങഴിഎന്നീ നോവലുകള്‍ എഴുതി. ആ നോവലുകളെപ്പറ്റി കേസരി എഴുതിയ ലേഖനം വായിച്ചാല്‍ അന്നത്തെ നിരൂപണരീതിയും ഭാഷാശൈലിയും മനസ്സിലാക്കാവുന്നതാണ്. ആ നിരൂപണത്തിന്റെ ചില ഭാഗങ്ങള്‍:
'തകഴിയുടെ തോട്ടിയുടെ മകനാണ് മലയാളത്തിലെ ആദ്യത്തെ ലക്ഷണം തികഞ്ഞ എക്‌സ്പ്രഷണിസ്റ്റ് നോവല്‍. ആലപ്പുഴ പട്ടണത്തിലെ തൊഴിലാളികളില്‍ ഒരു വിഭാഗത്തിന്റെ സംഘടനാശ്രമം തോട്ടിയുടെ മകനില്‍ പ്രതിപാദിച്ചിരിക്കുന്നു. രണ്ടിടങ്ങഴിയിലാകട്ടെ കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളുടെ സംഘടനാശ്രമമാണ് വിഷയം. കലാപാടവത്തില്‍ രണ്ടും തുല്യമാണെങ്കിലും അധികം ജനപ്രിയം തോട്ടിയുടെ മകന്‍ എന്ന കൃതിക്കായിരിക്കും. മനസ്സില്‍ നിന്നു മായാതെ നില്‍ക്കുന്ന രംഗങ്ങള്‍ അധികം തോട്ടിയുടെ മകനിലാണുള്ളത്.
ഈ രണ്ടു കൃതികളും ഒന്നുപോലെ ഇവിടത്തെ വലതുപക്ഷക്കാരെയും ഇടതുപക്ഷത്തിലുള്ള ഒരു ശാഖക്കാരെയും തൃപ്തിപ്പെടുത്തുന്നതല്ല. ഇവിടത്തെ റൊമാന്റിക് പ്രസ്ഥാനക്കാര്‍ ശക്തികൂടിയ റൊമാന്റിക് പാത്രാരാധന ഹേതുവായി കേരളീയര്‍ക്ക് പൊതുവെ റിയലിസ്റ്റ് പ്രസ്ഥാനപാതങ്ങളോട് ഒരു പ്രാതികൂല്യം ആദ്യമേതന്നെ തോന്നുന്നതാണ്.

രണ്ടിടങ്ങഴിയെ സംബന്ധിച്ച് പഴയ ജന്മിമാരും കര്‍ഷകത്തൊഴിലാളികളും തമ്മിലുള്ള സൗഹൃദബന്ധം ഒരു ബൂര്‍ഷ്വായുടെ വീക്ഷണകോടിയില്‍ നിന്നു ചിത്രീകരിച്ചിരിക്കുന്നു എന്ന് ഇടതുപക്ഷത്തിലെ പ്രസ്തുത കൂട്ടരും, ഈ സൗഹാര്‍ദ്ദബന്ധത്തോട് അധരാനുകമ്പ മാത്രം പ്രകടിപ്പിച്ചു കര്‍ഷകത്തൊഴിലാളി നായകനെ ആത്മാര്‍ത്ഥമായ അനുഭാവപൂര്‍വ്വം ആകര്‍ഷകമായ രീതിയില്‍ ചിത്രീകരീച്ചിരിക്കുന്നു എന്ന് വലതുപക്ഷക്കാരും ആക്ഷേപിക്കുവാന്‍ ഇടയുണ്ട്.
ഒരു നോവലിന് അധികം ജനപ്രീതി നേടിക്കൊടുക്കുന്നതിന് അതിന്റെ ആദ്യരംഗങ്ങള്‍ ആകര്‍ഷകമാക്കണമെന്ന് ബഷീര്‍ ബാല്യകാലസഖിയില്‍ അറിഞ്ഞിരുന്നതുപോലെ തകഴിയും അറിഞ്ഞിട്ടുണ്ടെന്ന് രണ്ടിടങ്ങഴിയിലെ ആദ്യത്തെ നാല് അദ്ധ്യായങ്ങള്‍ കാണിക്കുന്നുണ്ട്. കഥയുടെ രസികന്‍ ഭാഗങ്ങള്‍ ഒടുക്കമെങ്കിലും കണ്ടുപിടിക്കാമെന്നു വിചാരിച്ചു. അത് മുഴുവനും വായിച്ചുതീര്‍ക്കുന്ന ഒരു നിരൂപകന്റെ ക്ഷമ സാധാരണവായനക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതല്ല. പ്രഥമരംഗങ്ങള്‍ നന്നായിരുന്നാല്‍ അതു ജനിപ്പിക്കുന്ന അനുകൂല മനസ്ഥിതി അവസാനംവരെ ഏറെക്കുറെ നിലനില്‍ക്കുകയും ചെയ്യും.

അതിയായ വികാരം ജനിപ്പിക്കാത്തതും വിചാരംകൂടി ഉദ്ദീപിപ്പിക്കുന്നതുമായ തന്റെ പഴയ കഥപറച്ചില്‍ രീതിയാണ് തകഴി ഈ നോവലിലും സ്വീകരിച്ചിട്ടുള്ളത്. ഒരു നോവലെഴുത്തുകാരന് സ്വീകരിക്കാവുന്നതായി ഞാന്‍ രൂപമഞ്ജരി'യില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്ന രണ്ടു സാങ്കേതികമാര്‍ഗ്ഗങ്ങളായ ചിത്രമാര്‍ഗ്ഗം, നാടകമാര്‍ഗ്ഗം എന്നിവയില്‍ നാടകമാര്‍ഗ്ഗമാണ് ഗ്രന്ഥകാരന്‍ ഇതില്‍ അധികമായി സ്വീകരിച്ചിട്ടുള്ളത്. ഭാഷാരീതി പഴയ പ്രസന്നരീതി തന്നെ. സാഹിത്യഭാഷയെ ധന്യയാക്കുന്ന പല നാടോടികര്‍ഷകപദങ്ങളും ഈ കൃതിയില്‍ കൊണ്ടുവന്നിട്ടുണ്ട്.

ഈ നോവലിലെ പ്രധാന പാത്രങ്ങളാണ് കര്‍മ്മവീരന്‍ കോരനും ത്യാഗവീരന്‍ ചാത്തനും മാതൃകാഭാര്യ ചിരുതയും. ഉപപാത്രങ്ങളില്‍ ചിരുതയുടെ തന്ത കാളിപ്പറയനും സജീവ പാത്രമാണ്. 'തോട്ടിയുടെ മകനിലെ നായകന്‍ ചുടലമുത്തു, രണ്ടിടങ്ങഴിയിലെ നായകന്‍ കോരന്‍ എന്നിവരെപ്പോലെ സാമൂഹ്യ പരിതസ്ഥിതിയുടെ പിടി മനുഷ്യനില്‍ വരുത്തിവെക്കുന്ന സബോധവും ഉപബോധവുമായ പരിവര്‍ത്തനങ്ങളെ ഇത്രയധികം സമ്പൂര്‍ണ്ണമായും സുവ്യക്തമായും കലാവാസനാപൂര്‍വ്വം ചിത്രീകരിച്ചിട്ടുള്ള പാത്രങ്ങള്‍ ഭാഷാനോവല്‍ ലോകത്തു മറ്റൊന്നും ഇന്നുവരെ ഉണ്ടായിട്ടില്ല.

ക്ഷമാപൂര്‍വ്വം സകലതും സഹിക്കുക എന്ന കര്‍ഷകത്തൊഴിലാളി പാരമ്പര്യത്തെ മാറിമാറി വരുന്ന പരിതസ്ഥിതിക്ക് അധികം ദുര്‍ബലപ്പെടുത്തുവാന്‍ സാധിക്കാതെ വരുന്ന ഒരു മനസ്ഥിതി പ്രദര്‍ശിപ്പിക്കുന്ന പാത്രമാണ് ഉപനായകന്‍ ചാത്തന്‍. കല്യാണം കഴിക്കുന്നതിനുമുമ്പ് പെണ്ണിന്റെ ഇംഗിതം ആലോചിച്ചു കണ്ടുപിടിക്കാന്‍ ശ്രമിക്കുന്ന കോരനും, ഇതിനെപ്പറ്റി ചിന്തിക്കാതെ പെണ്ണിന്റെ മാതാപിതാക്കന്മാരുടെ ഇഷ്ടം മാത്രം നോക്കി പ്രവര്‍ത്തിക്കുവാന്‍ സന്നദ്ധനാകുന്ന ചാത്തനും തമ്മിലുള്ള സ്വഭാവ വ്യത്യാസം ഇത് ഉദാഹരിക്കുന്നു. കോരനെപ്പോലെ കര്‍ഷകത്തൊഴിലാളിസംഘടന കെട്ടിപ്പടുക്കുന്ന ചാത്തന്‍ നേരിട്ടു പങ്കെടുക്കാതെയിരിക്കുന്നതും നോക്കുക. എന്നാലും ഒരു സാധാരണ കര്‍ഷകത്തൊഴിലാളി, തന്നെ ഉപേക്ഷിച്ചു മറ്റൊരുത്തനെ കെട്ടിയ പെണ്ണിനോടും അവളുടെ കെട്ടിയവനോടും ചാത്തന്‍ പെരുമാറുന്നതുപോലെ അത്രയധികം ആത്മാര്‍ഥമായി പെരുമാറുന്നതല്ല. ഒരു റിയലിസ്റ്റ് പാത്രമായ കോരന്റെ സൃഷ്ടിക്ക് പരിഹാരമായി ഒരു റൊമാന്റിക് പാത്രത്തെയും കൂടി സൃഷ്ടിക്കണമെന്നു വിചാരിച്ചല്ല ഗ്രന്ഥകാരന്‍ ചാത്തനെ സൃഷ്ടിച്ചത്. യഥാര്‍ഥ മനുഷ്യരുടെ പലതരങ്ങള്‍ കാണിക്കുന്ന റിയലിസ്റ്റ് പാത്രങ്ങളെ സൃഷ്ടിക്കണമെന്നു മാത്രമേ ഗ്രന്ഥകാരന് ഉദ്ദേശമുള്ളൂ. പതിവിനെതിരായ ചാത്തന്റെ പ്രസ്തുത പെരുമാറ്റം നിമിത്തം ചാത്തനും ഒരു സ്മരണീയമായ വ്യക്തിമുദ്ര നല്‍കി പരിമിതസ്ഥലത്ത് അവനും ഏറിയ സജീവത്വം കൊടുക്കുവാന്‍ തകഴിക്കു സാധിച്ചിരിക്കുന്നു.'

'കണ്‍സെപ്ഷന്‍ (ആശയം), കലാപരമായ പ്ലാനിങ്, സത്യാത്മകത്വം, ഇമോഷനല്‍ കണ്ടന്റ് മുതലായവയില്‍ തോട്ടിയുടെ മകനും, രണ്ടിടങ്ങഴിയും വിശ്വസാഹിത്യത്തിലെ ഉത്തമ സമുദായനോവലുകളോടു കിടനില്‍ക്കുന്നതാണ്. പ്രകൃതകൃതിപോലെ കേരളത്തിലെ ഗ്രാമീണ കര്‍ഷകജീവിതം ഇത്രയേറെ ഹൃദയസ്പൃക്കായും ഇത്രയേറെ സൂക്ഷ്മജ്ഞാനപൂര്‍വ്വവും ചിത്രീകരിച്ചിട്ടുള്ള മറ്റൊരു നോവലും ഭാഷാസാഹിത്യത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല.
'സംഭവിച്ചിട്ടുള്ള ഒരു നോവലാണ് ചരിത്രം. സംഭവിക്കാവുന്ന ഒരു ചരിത്രമാണ് നോവല്‍' എന്നുള്ള ദ ഗോംഗൂര്‍ സഹോദരന്മാരുടെ നിര്‍വ്വചനം ഈ രണ്ടു കൃതികള്‍ക്കും സമ്പൂര്‍ണ്ണമായി യോജിക്കുന്നുണ്ട്. ഇവ രണ്ടും രചിച്ച തകഴി ഒരു മഹാനോവലെഴുത്തുകാരനാണ്. എന്നാല്‍ ഈ രണ്ടു കൃതികളും നോവലുകളാണെന്നു പറയാവുന്നതല്ല. കാരണം ഇവ മഹാനോവലെറ്റുകള്‍ മാത്രമാകുന്നതാണ്. ബഷീറിന്റെ ബാല്യകാലസഖി, തകഴിയുടെ തോട്ടിയുടെ മകന്‍, രണ്ടിടങ്ങഴി, കേശവദേവിന്റെ ഓടയില്‍നിന്ന് എന്നിവ നോവലെറ്റിന് നല്ല ഉദാഹരണങ്ങളാണ്.

നോവലെറ്റില്‍ ഏറ്റവും കുറഞ്ഞ സംഖ്യ പാത്രങ്ങള്‍ക്ക് ഏറ്റവുമധികം സജീവത്വം നല്‍കുവാനും ജീവിതത്തിന്റെ ഒരു ഭാഗം മാത്രം ചിത്രീകരിക്കുവാനുമുള്ള ഉദ്യമം കാണാം. നേരെമറിച്ച് ഒരു യഥാര്‍ഥ നോവലിലാകട്ടെ കഴിയുന്നിടത്തോളം അധികം പാത്രങ്ങള്‍ക്കു സജീവത്വം നല്‍കണമെന്നും ഒരു കാലത്തെ ജീവിതത്തിന്റെ നാനാവശങ്ങളെയും ചിത്രീകരിക്കണമെന്നുമുള്ള ഉദ്ദേശ്യമുണ്ടായിരിക്കും. തകഴി അചിരേണ ഒരു നല്ല യഥാര്‍ഥ എക്‌സ്പ്രഷണിസ്റ്റ് നോവലും, ഒരു നല്ല ഫ്യൂച്ചറിസ്റ്റ് നോവലും നമുക്കു സമ്മാനിക്കുമെന്ന് ആശിക്കാം.'

(കേസരി ബാലകൃഷ്ണപിള്ളയുടെ കൃതികള്‍ എന്ന ഗ്രന്ഥത്തില്‍നിന്ന്)
പില്‍ക്കാലത്ത് ചെമ്മീന്‍, ഏണിപ്പടികള്‍, ഔസേപ്പിന്റെ മക്കള്‍, അനുഭവങ്ങള്‍ പാളിച്ചകള്‍, നുരയും പതയും, കയര്‍ തുടങ്ങിയ വലിയ നോവലുകളെഴുതി തകഴി മലയാളത്തിലെ ആഖ്യായികാകാരന്മാരില്‍ പ്രഥമഗണനീയനായിത്തീര്‍ന്നു.